മാതൃഭാഷയെ സ്നേഹിച്ചവർ; വിദേശഭാഷയിൽ നമുക്കായ് വിശ്വസാഹിത്യം രചിച്ചവർ

HIGHLIGHTS
  • ഫെബ്രുവരി 21ന് ലോക മാതൃഭാഷാദിനം
  • വിദേശ ഭാഷയിൽ തങ്ങളുടെ മാസ്റ്റർ പീസുകൾ സൃഷ്ടിച്ച ചിലരുടെ എഴുത്തുവിശേഷങ്ങൾ
world-mother-language-day-special-story
SHARE

രാഷ്ട്രീയവും സംസ്കാരവും സഞ്ചാരവുമൊക്കെ കൂട്ടിക്കെട്ടി നിർമിച്ച സ്വന്തന്ത്ര റിപ്പബ്ലിക്കുകളാണ് ഭാഷകൾ. ആശയങ്ങളുടെയും സംസ്കൃതിയുടെയും ഒരു വൻകരയിൽ നിന്ന് മറ്റൊന്നിലേക്കും തിരിച്ചുമുള്ള ഷട്ടിലടി പോലെ സൗന്ദര്യമുള്ള ഒന്ന്. അതുകൊണ്ടാണ്, ഏതൊരാൾക്കും തങ്ങളുടെ മാതൃഭാഷ പ്രിയപ്പെട്ടതാകുമ്പോൾ, മറ്റൊരു ആകാശവും ഭൂമിയും സ്വന്തമായുള്ള അപരിചിതന് അത് രാവണൻകോട്ടയാകുന്നത്. എന്നാൽ സാഹിത്യത്തിൽ, മാതൃഭാഷ വിട്ട് മറ്റൊരു ഭാഷയുടെ ജീവശ്വാസമെടുത്ത് എഴുതിയ കുറച്ചധികം പേരുണ്ട്. വിദേശ ഭാഷ തിരഞ്ഞെടുത്ത് വിശ്വസാഹിത്യം രചിച്ചവർ. രാഷ്ട്രീയവും മതപരവുമായ കാരണങ്ങളാൽ രാജ്യം വിട്ടുപോകേണ്ടിവന്നവർ മുതൽ വിദ്യാഭ്യാസത്തിനും മെച്ചപ്പെട്ട ജീവിതത്തിനുമായി മറ്റൊരു ദേശത്തെ, മറ്റൊരു ഭാഷയെ സ്വീകരിച്ചവർ വരെയുണ്ട് ഇക്കൂട്ടത്തിൽ.  

പ്രിയ വായനക്കാരാ, 

മാതൃഭാഷയിൽ അല്ലാതെ, വിദേശ ഭാഷയിൽ സാഹിത്യം രചിച്ച അവരിൽ ചിലരുടെ എഴുത്ത് വിശേഷങ്ങൾ അറിയാം...

∙ മിലൻ കുന്ദേര

മലയാളികൾക്ക് സുപരിചിതനായ, ചെക്ക് വംശജനായ ലോകപ്രശസ്ത എഴുത്തുകാരൻ. സ്വയം ഫ്രഞ്ച് സാഹിത്യകാരനായാണ് കുന്ദേര വിശേഷിപ്പിക്കുന്നത്. അതിനു കാരണവുമുണ്ട്. ചെക്കോസ്ലോവാക്യയിലെ കമ്യൂണിസ്റ്റ് ഭരണകൂടം കുന്ദേരയുടെ സൃഷ്ടികൾ നിരോധിക്കുകയും പൗരത്വം റദ്ദാക്കുകയും ചെയ്തതിനെ തുടർന്ന് 1981ൽ അദ്ദേഹം ഫ്രഞ്ച് പൗരത്വം സ്വീകരിച്ചു. അതുകൊണ്ടാകണം, ചെക്ക് ഭാഷയെക്കാൾ പ്രിയപ്പെട്ടത് ഫ്രഞ്ച് ആണെന്ന് കുന്ദേര തന്നെ പറഞ്ഞത്. രണ്ടു ഭാഷയിലും രചനകൾ നടത്തിയിട്ടുണ്ടെങ്കിലും തന്റെ കൃതികൾ ഫ്രഞ്ച് സാഹിത്യമായി കണക്കാക്കിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. രണ്ടാംലോക മഹായുദ്ധത്തിനു ശേഷം ചെക്കോസ്ലോവാക്യയിൽ സംഭവിച്ച രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലം പറയുന്ന ദി അൺബെയറബിൾ ലൈറ്റ്‌നെസ് ഓഫ് ബീങ് എന്ന കൃതി ഉയിരടയാളങ്ങൾ എന്ന പേരിൽ മലയാളത്തിലും ഇറങ്ങിയിട്ടുണ്ട്. ദ് ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ്, ദ് ജോക്ക് തുടങ്ങിയവയാണ് മറ്റു പ്രശസ്ത കൃതികൾ.

∙ സാമുവേൽ ബെക്കറ്റ്

നാടകകൃത്ത്, നോവലിസ്‌റ്റ്, കവി, നിരൂപകൻ എന്നീ നിലകളിൽ വിഖ്യാതിയാർജിച്ച ഐറിഷ് സാഹിത്യകാരൻ സാമുവേൽ ബെക്കറ്റ് കൂടുതലും എഴുതിയത് ഫ്രഞ്ചിലാണ്. 1969ലെ നൊബേൽ സമ്മാനത്തിന് അർഹനായ സാമുവേൽ ബെക്കറ്റ് 1906 ഏപ്രിൽ 13ന് ഐർലൻഡിലെ ഡബ്ലിനിലാണ് ജനിച്ചത്. ‘ദ് തിയറ്റർ ഓഫ് ദി അബ്‌സേർഡി’ന്റെ സ്രഷ്‌ടാക്കളിൽ പ്രമുഖനാണ്. 1952ൽ പ്രകാശനം ചെയ്‌ത ‘വെയ്‌റ്റിങ് ഫോർ ഗോദോ’ എന്ന നാടകമാണ് ഇദ്ദേഹത്തെ ലോകപ്രസിദ്ധനാക്കിയത്. വെയ്റ്റിങ് ഫോർ ഗോദോ ആദ്യം എഴുതിയത് ഫ്രഞ്ചിലാണ്. പിന്നീട് ഇംഗ്ലിഷിലാക്കി.

നാടകസങ്കൽപങ്ങളെ സംബന്ധിച്ചിടത്തോളം ബെക്കറ്റിന്റെ രചനകൾ സമഗ്രസ്‌പർശിയായ വിപ്ലവമായിരുന്നു. എൻഡ് ഗെയിം, ഹാപ്പി ഡേയ്‌സ്, ക്രാപ്സ് ലാസ്റ്റ് ടേപ്പ് എന്നിവയാണ് പ്രധാന നാടകങ്ങൾ. പാരീസിലും ബെൽഫാസ്‌റ്റിലും ഡബ്ലിനിലും ഫ്രഞ്ച്, ഇംഗ്ലിഷ്, ഇറ്റാലിയൻ ഭാഷകൾ പഠിപ്പിച്ചു. ദ്വിഭാഷിയായും ഐറിഷ് റെഡ്‌ക്രോസ് ഹോസ്‌പിറ്റൽ സ്‌റ്റോർകീപ്പറായും കർഷകത്തൊഴിലാളിയായും ജോലിചെയ്‌തു. 1989 ഡിസംബർ 22ന് പാരീസിൽ അന്തരിച്ചു.

∙ ഖലീൽ ജിബ്രാൻ

ലോകപ്രശസ്തനായ കവിയും ചിത്രകാരനും തത്വജ്ഞാനിയുമായ ഖലീൽ ജിബ്രാൻ ലെബനനിലാണ് ജനിച്ചതെങ്കിലും ജീവിതത്തിന്റെ സിംഹഭാഗവും അമേരിക്കയിലാണ് ചെലവഴിച്ചത്. ജിബ്രാന്റെ ചെറിയപ്രായത്തിൽ അദ്ദേഹത്തിന്റെ കുടുംബം അമേരിക്കയിലേക്ക് ചേക്കേറി. അദ്ദേഹത്തിന്റെ സാഹിത്യ ജീവിതം തുടങ്ങുന്നതും അമേരിക്കയിൽവച്ചുതന്നെ. 1923ൽ എഴുതിയ ദ് പ്രോഫറ്റ് (പ്രവാചകൻ) എന്ന കാവ്യോപന്യാസ സമാഹാരമാണ് അദ്ദേഹത്തെ പ്രശസ്തിയിലെത്തിച്ചത്. ഇംഗ്ലിഷിലും അറബിയിലും അദ്ദേഹത്തിന്റെ രചനകളുണ്ട്. ബ്രോക്കൺ വിങ്സ്, ദ് മാഡ്മാൻ തുടങ്ങിയവയാണ് മറ്റു പ്രധാനകൃതികൾ. 1931ൽ അമേരിക്കയിലായിരുന്നു മരണം.

∙ ജോസഫ് കോൺറാഡ്

ഇംഗ്ലിഷുകാരനല്ലാതിരുന്നിട്ടും ഇംഗ്ലിഷ് സാഹിത്യത്തിൽ സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരൻ. 20ാം വയസ്സുവരെ നന്നായി ഇംഗ്ലിഷ് സംസാരിക്കാൻ പോലും അറിയാതിരുന്നയാളാണ് പിന്നീട് ഇംഗ്ലിഷ് ഭാഷയിൽ മികച്ച കവിതകളും ചെറുകഥകളും നോവലുകളും ഉപന്യാസങ്ങളുമൊക്കെ എഴുതിയത്. അദ്ദേഹത്തിന്റെ കൃതികളെയും കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കി ഒരുപിടി സിനിമകളും പിന്നീട് പിറന്നു. 1857ൽ പോളണ്ടിലാണ് ജനനം. ചെറുപ്പത്തിൽത്തന്നെ അനാഥനായ കോൺറാഡ് ഏകാകിയും അന്തർമുഖനുമായിരുന്നു. പതിനേഴാം വയസ്സിൽ കപ്പലുകളിൽ ജോലിനോക്കിത്തുടങ്ങിയ കോൺറാഡിന്റെ ഏറ്റവും വലിയ അനുഭവസമ്പത്തായിരുന്നു, ദീർഘകാലത്തെ സമുദ്രജീവിതം. അൽമയേഴ്സ് ഫോളി ഇംഗ്ലിഷ്, ഔട്കാസ്റ്റ് ഓഫ് ദി ഐലൻഡ്സ്, ടൈഫൂൺ, വിക്ടറി, ദ് റോവർ തുടങ്ങിയവയാണ് പ്രധാന കൃതികളിൽ ചിലത്. 1924ൽ അന്തരിച്ചു.

∙ ചിനുവാ അചേബെ

ആഫ്രിക്കൻ ഭൂഖണ്ഡത്തെ, പ്രത്യേകിച്ച് നൈജീരിയയെ ലോകത്തിനു മുൻപിൽ കൊണ്ടുവന്ന എഴുത്തുകാരനാണ് ചിനുവാ അചേബെ. ഇംഗ്ലിഷിലായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. ലോകത്ത് ഏറ്റവുമധികം ആളുകൾ വായിച്ച ആഫ്രിക്കൻ സാഹിത്യം അചേബെയുടെ പുസ്തകങ്ങൾ തന്നെ. ദിങ്സ് ഫോൾ എപ്പാർട്ട് എന്ന പുസ്തകമാണ് അവയിൽ ഏറ്റവും പ്രശസ്തം. 1958ൽ രചിച്ച ഈ നോവലാണ് അചേബെയുടെ ആദ്യ കൃതിയും അദ്ദേഹത്തിന്റെ മാസ്റ്റർപീസും. നോ ലോങ്ങർ അറ്റ് ഈസ്, ആരോ ഓഫ് ഗോഡ്, എ മാൻ ഓഫ് ദ് പീപിൾ തുടങ്ങിയവയാണ് മറ്റു പ്രധാന രചനകൾ. 2013ൽ മരിച്ചു. 

∙ ഖാലിദ് ഹൊസൈനി

ദ് കൈറ്റ് റണ്ണർ, എ തൗസണ്ട് സ്പ്ലെണ്ടിഡ് സൺസ്, ആൻഡ് ദ് മൗണ്ടെയ്ൻസ് എക്കോഡ് എന്നീ ബെസ്റ്റ് സെല്ലർ നോവലുകളെഴുതിയ അഫ്ഘാൻ സാഹിത്യകാരനും ഫിസിഷ്യനുമാണ് ഖാലിദ് ഹൊസൈനി. കാബൂളിൽ ജനിച്ച ഖാലിദ് ഹൊസൈനി 1980ൽ ആണ് അമേരിക്കയിലേക്ക് കുടിയേറുന്നത്. കൃതികളെല്ലാം ഇംഗ്ലിഷിലാണ് എഴുതിയിരിക്കുന്നത്. ഒട്ടേറെ ഭാഷകളിലേക്ക് തർജമ ചെയ്യപ്പെട്ടവയാണ് ഈ പുസ്തകങ്ങളെല്ലാം. കൈറ്റ് റണ്ണർ ലോകമെമ്പാടും ചൂടപ്പം പോലെ വിറ്റഴിഞ്ഞതോടെ അദ്ദേഹം മെഡിക്കൽ ഉദ്യോഗം അവസാനിപ്പിച്ച് മുഴുവൻ സമയവും എഴുത്തുകാരനായി. കൈറ്റ് റണ്ണർ എന്ന പേരിൽത്തന്നെ ഹൊസൈനിയുടെ ആദ്യ നോവൽ സിനിമയുമായിട്ടുണ്ട്. അദ്ദേഹത്തിന്റെ എല്ലാ നോവലുകളുംതന്നെ ഏകദേശം എഴുപതോളം രാജ്യങ്ങളിൽ വിറ്റഴിക്കപ്പെട്ടവയാണ്.

∙ അയൻ റാൻഡ് 

അമേരിക്കൻ സാഹിത്യത്തിലെ ഏറ്റവുമധികം ചർച്ചയായതും വിറ്റഴിഞ്ഞുപോയതുമായ 2 നോവലുകളാണ് ദി ഫൗണ്ടൻ ഹെഡും അറ്റ്‌ലസ് ഷ്രഗ്ഡും. അത് എഴുതിയത് ഒരു റഷ്യക്കാരിയും. ജനിച്ചതും വളർന്നതും വിദ്യാഭ്യാസം നേടിയതുമെല്ലാം റഷ്യയിലാണെങ്കിലും 1926ൽ അയൻ റാൻഡ് അമേരിക്കയിലേക്ക് കുടിയേറി. ആദ്യ കൃതികൾ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും 1943ൽ ദി ഫൗണ്ടൻ ഹെഡ് ഇറങ്ങിയതോടെ അയൻ റാൻഡിന്റെ കീർത്തി വർധിച്ചു. പിന്നാലെ അറ്റ്‌ലസ് ഷ്രഗ്ഡ് എന്ന നോവലും വായനക്കാർ ഏറ്റെടുത്തു. രാഷ്ട്രീയ പ്രചാരണങ്ങളിലും സജീവമായിരുന്ന അയൻ റാൻഡ് 1982ൽ മരണമടഞ്ഞു.

∙ ജൂലിയൻ ഗ്രീൻ

ഫ്രഞ്ചിലെഴുതിയ അമേരിക്കൻ നോവലിസ്റ്റ് ജൂലിയൻ ഗ്രീൻ. ഫ്രാൻസിലെ വലിയ സാഹിത്യ പുരസ്കാരങ്ങളിലൊന്നു നേടിയ ഫ്രഞ്ചുകാരനല്ലാത്തയാൾ. മതവും വിശ്വാസവുമായി ബന്ധപ്പെട്ട ആശയങ്ങളെ അടിസ്ഥാനമാക്കിയതാണ് അദ്ദേഹത്തിന്റെ പ്രധാന രചനകളെല്ലാം. ദ് ഡാർക്ക് ജേണി, ദ് ക്ലോസ്ഡ് ഗാർഡൻ, ഈച്ച് മാൻ ഇൻ ഹിസ് ഡാർക്നെസ് തുടങ്ങിയവ പ്രധാന കൃതികൾ. 1998ൽ അന്തരിച്ചു.

∙ വ്ലാദിമിർ നബക്കോവ്

റഷ്യൻ നോവലിസ്റ്റും കവിയും പരിഭാഷകനുമൊക്കെയായിരുന്ന വ്ലാദിമിർ നബക്കോവ് സാഹിത്യത്തിൽ പച്ച പിടിക്കുന്നത് ഇംഗ്ലിഷിൽ എഴുതിത്തുടങ്ങിയ ശേഷമാണ്. റഷ്യൻ ഭാഷയിലാണ് അദ്ദേഹത്തിന്റെ ആദ്യ നോവലുകൾ. അമേരിക്കയിലേക്ക് ചേക്കേറി, ഇംഗ്ലിഷിൽ എഴുതിത്തുടങ്ങിയ ശേഷമാണ് നബക്കോവിന്റെ രചനകൾ പ്രസിദ്ധിയാർജിച്ചത്. 1945ൽ അമേരിക്കൻ പൗരത്വം സ്വീകരിച്ചു. 1958ൽ പുറത്തിറങ്ങിയ ലോലിത (Lolita) അമേരിക്കൻ സാഹിത്യത്തിലെ ക്ലാസിക്കായാണ് കരുതപ്പെടുന്നത്.

∙ ഇംഗ്ലിഷ്; മെയ്ഡ് ഇൻ ഇന്ത്യ

ഇംഗ്ലിഷിൽ എഴുതി ഇന്ത്യൻ സാഹിത്യ ലോകത്ത് സ്വന്തം കയ്യൊപ്പ് ചാർത്തിയ ഒട്ടേറെപ്പേരുണ്ട്. ഒരു സാഹിത്യ സൃഷ്ടികൊണ്ടുതന്നെ ഇന്ത്യൻ–ഇംഗ്ലിഷ് സാഹിത്യത്തിന് തനതായ വഴിവെട്ടിയ അവരിൽ ചിലരെ പരിചയപ്പെടാം. മാൽഗുഡി എന്ന സാങ്കൽപിക സ്ഥലം സൃഷ്ടിച്ച് അതിലൂടെ കഥകളും നോവലുകളും എഴുതിയ ആർ.കെ.നാരായൺ, ആംഗ്ലോ–ഇന്ത്യൻ സാഹിത്യത്തിന് തുടക്കമിട്ടവരിൽ ഒരാളായ മുൽക് രാജ് ആനന്ദ്, ട്രെയിൻ ടു പാക്കിസ്ഥാൻ എന്ന കൃതിയിലൂടെ പ്രശസ്തനായ എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഖുശ്വന്ത് സിങ്, ബാലസാഹിത്യത്തിൽ വിലപ്പെട്ട സംഭാവന നൽകിയ റസ്കിൻ ബോണ്ട്, സാഹിത്യലോകത്ത് വലിയ ചർച്ചകൾക്കു വഴി തുറന്ന മിഡ്നൈറ്റ്സ് ചിൽഡ്രൺ എന്ന നോവൽ എഴുതിയ ഇന്ത്യൻ വംശജനായ സൽമാൻ റഷ്ദി, ദ് ഗോഡ് ഓഫ് സ്മോൾ തിങ്സ് എന്ന നോവലിലൂടെ കേരളത്തിലേക്ക് ബുക്കർ പ്രൈസ് കൊണ്ടുവന്ന മലയാളി എഴുത്തുകാരിയായ അരുന്ധതി റോയ്, ബൈസ്റ്റ് സെല്ലർ നോവലുകളുടെ രചയിതാവായ ബംഗാളി എഴുത്തുകാരൻ അമിതാവ് ഘോഷ്, നോവലിസ്റ്റും കവിയുമായ വിക്രം സേത് തുടങ്ങി ഇംഗ്ലിഷ് ആകാശത്ത് ഇന്ത്യയിൽ വേരുകളൂന്നി പറന്നവരുടെ നിര നീളും.

English Summary : Polyglots Authors who wrote in their second language

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;