ADVERTISEMENT

കാൽപ്പനികതയുടെ ലോകത്തു നിന്നു കാലം ധൃതിയിൽ പറിച്ചെടുത്ത രണ്ടു പദ്യ പുഷ്പങ്ങൾ. ഉൾക്കാഴ്ചകളിലെ വ്യത്യസ്തതകൾക്കിടയിലും വിധിയുടെ കാണാച്ചരടിൽ കൂട്ടിമുട്ടിയ രണ്ടു കാവ്യജീവിതങ്ങൾ. രണ്ടു ‘കവിത’കൾ. ജോൺ കീറ്റ്സും പേഴ്സി ബിഷ് ഷെല്ലിയും.

 

ഇരുപത്തിയഞ്ചാം വയസ്സിലൊടുങ്ങിയ കുഞ്ഞു ജീവിതമായിരുന്നു കീറ്റ്സിന്റേത്. കവിതാലോകത്തു വെറും പത്തു വർഷത്തെ ആയുസ്സ്. ക്ഷയരോഗബാധിതനായി രണ്ടു നൂറ്റാണ്ടു മുമ്പ് കീറ്റ്സ് മരിക്കുമ്പോൾ സമ്പാദ്യമായുണ്ടായിരുന്നത് എണ്ണം പറഞ്ഞ കവിതകൾ മാത്രം; വിമർശകരുടെ പരിഹാസങ്ങളും. തന്റെ പ്രതിഭയുടെ വിധി നിർണയം കാലത്തിനു വിട്ടുകൊടുത്തു കവി യാത്രയായപ്പോൾ വിറങ്ങലിച്ചു നിന്നവരിലുണ്ടായിരുന്നു, സുഹൃത്തും ആരാധകനുമായ ഷെല്ലി. കീറ്റ്സിന്റെ കഴിവുകളെ തിരിച്ചറിയുകയും കവിതകളെ കൃത്യമായി നിരീക്ഷിക്കുകയും ചെയ്ത വായനക്കാരനായി; അഭിപ്രായങ്ങളെഴുതിയറിയിക്കുകയും നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുകയും ചെയ്ത നിരൂപകനായി; സുഖവിവരങ്ങളന്വേഷിക്കുകയും സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്ത കൂട്ടുകാരനായി.

 

1816 ന്റെ രണ്ടാം പകുതിയിലാണ് ഇരുവരും പരിചയപ്പെടുന്നത്, പൊതു സുഹൃത്തും എഴുത്തുകാരനുമായ ലെയ് ഹണ്ട് വഴി. കീറ്റ്സിന്റെ ‘എൻഡിമിയോൺ’ എന്ന കവിതയിലെ ന്യൂനതകൾ ചൂണ്ടിക്കാണിച്ചു തുടങ്ങിയ ബന്ധം. സമകാലിക കവിതകളുടെ ഉത്തമ ഉദാഹരണമായി 'ഹൈപീരിയൺ' കാവ്യലോകത്തിനു പരിചയപ്പെടുത്തിയതും ഷെല്ലി തന്നെ. ചില ആദ്യ കാല രചനകളുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലെ സുഹൃത്തിന്റെ ഇടപെടൽ കീറ്റ്സിനു പരിഭവങ്ങളുണ്ടാക്കിയെങ്കിലും ആ ബന്ധം തുടർന്നു.

 

ഷെല്ലിയും ഭാര്യ മേരി ഷെല്ലിയും ഇറ്റലിയിലേക്കു താമസം മാറിയതിനു ശേഷം കത്തുകൾ വഴിയായി സംസാരം. രോഗം കലശലായപ്പോൾ ഇറ്റലിയിൽ ചെന്നു കൂടെ താമസിക്കാൻ കീറ്റ്സിനു ക്ഷണമുണ്ടായി. ലെയ്‌ ഹണ്ടിന്റെ ഭാര്യയായ മരിയൻ ഹണ്ടിന് എഴുതിയ കത്തിലുണ്ടായിരുന്നു കവിയോടുള്ള ഷെല്ലിയുടെ നിസ്വാർത്ഥമായ മനോഭാവം.

 

“എന്നെ കടത്തിവെട്ടാൻ പോന്ന കഴിവുകളുള്ള ഒരുവനെയാണു ഞാൻ പരിപോഷിപ്പിക്കുന്നതെന്നറിയാം. അധികം സന്തോഷമാണത്.

 

എന്നാൽ കീറ്റ്സിന്റെ “ശരീരത്തിന്റെയും ആത്മാവിന്റെയും വൈദ്യനായിരിക്കാനുള്ള” ഷെല്ലിയുടെ ആഗ്രഹം നിരസിക്കപ്പെടുകയായിരുന്നു. സുഹൃത്തും ചിത്രകാരനുമായ ജോസഫ് സെവേർണിനൊപ്പം ചികിത്സയ്ക്കായി കവി റോമിലേക്ക്. ഏതാനും മാസങ്ങൾക്കു ശേഷം ഷെല്ലിയുടെ കാതുകളിൽ ആ വാർത്തയെത്തി. കീറ്റ്സ് മരിച്ചു!.

 

സുഹൃത്തിന്റെ വേർപാടിൽ ഹൃദയമുലഞ്ഞു ഷെല്ലിയെഴുതി, അഡോണൈ എന്ന വിലാപകാവ്യം. പ്രണയത്തിന്റെ ദേവതയായ അഫ്റോഡൈറ്റിന്റെ അകാലത്തിൽ പൊലിഞ്ഞ കാമുകൻ അഡോണിസിൽ നിന്നു പേരു കടംകൊണ്ട ചരമഗീതം. മരണത്തെപ്പറ്റി അല്ലലൊടുങ്ങാതെ പാടുമ്പോഴും ആ ശകലങ്ങളിലുണ്ടായിരുന്നു, പ്രതീക്ഷയുടെ തീരത്തു തന്റെ ആരാധനാപാത്രത്തെ വീണ്ടും കാണാമെന്ന മോഹം.

 

എന്റെ സങ്കീർത്തനത്തിലൂർന്നിറങ്ങിയ

 

നിന്റെ നിശ്വാസത്തിന്റെ കരുത്തിനാൽ

 

കാറ്റുലയ്ക്കാത്ത ചെറു കപ്പലിലീ, കര

 

വിട്ടു നീങ്ങുമ്പോഴന്നു ഞാൻ കാണും

 

സ്വർഗ്ഗകവാടത്തിന്റെ മൂടുപടങ്ങൾ

 

വകഞ്ഞു മാറ്റിയെരിഞ്ഞു മിന്നുന്ന,

 

നിന്നെ,

 

ദിവ്യനക്ഷത്രമേ...

 

വരികൾ അറം പറ്റിയ പോലെ കൃത്യം പതിനഞ്ചു മാസങ്ങൾക്കുശേഷം, മുപ്പതാം വയസിൽ തോണി മറിഞ്ഞു ഷെല്ലിയുടെ മരണം. കീറ്റ്സിനെ അടക്കിയ റോമിലെ പ്രൊട്ടസ്റ്റന്റ് ചർച്ച് സെമിത്തേരിയിൽ ഷെല്ലിയ്ക്കും അന്ത്യവിശ്രമം. അന്നു മൃതദേഹം തീരത്തടിയുമ്പോൾ ഷെല്ലിയുടെ ഷർട്ടിന്റെ പോക്കറ്റിലൊരു പുസ്തകമുണ്ടായിരുന്നു, കീറ്റ്സിന്റെ കവിതകളുടെ സമാഹാരം.! ഒടുവിലത്തെ നിമിഷത്തിലും കൂടെക്കൂടിയ സൗഹൃദം!.

 

അനശ്വരതയുടെ ലോകത്തു കണ്ടുമുട്ടാൻ ആ കവി ഹൃദയങ്ങൾക്കു പുനർജനിക്കേണ്ടി വന്നില്ല. അവരുടെ ശവകുടീരങ്ങൾക്കിടയിലെ കവിതകളുറങ്ങാത്ത ഇടനാഴിയ്ക്കരികിൽ ചെന്നാൽ ഇന്നും കേൾക്കാം, വാനമ്പാടിയ്ക്കും പടിഞ്ഞാറൻ കാറ്റിനും ശരത്കാലത്തിനുമെഴുതിയ സങ്കീർത്തനങ്ങളുടെ വായ്ത്താരി.

 

English Summary: Remembering poet John Keats on his 200th death anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com