മതം എന്നതിന് അഭിപ്രായം എന്ന് അര്‍ഥമുള്ളതുപോലെ അഭയം എന്നൊരു വ്യാഖ്യാനം കൂടിയായാല്‍ വിശ്വാസികളല്ലാത്തവരും മതാനുയായികളാകും. മതവിശ്വാസികളാകും. ഓരോരുത്തര്‍ക്കുമുണ്ട് ഓരോ മതം. ആദ്യത്തെയും അവസാനത്തെയും അഭയം. ഇംഗ്ലിഷ് കവി കീറ്റ്സിനുമുണ്ടായിരുന്നു മതം. പ്രണയം എന്ന മതം.
മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് 1819 ഒക്ടോബര്‍ 13 ന് കാമുകി ഫാനി ബ്രാണിന് അയച്ച കത്തില്‍ തന്റെ മതവിശ്വാസത്തെക്കുറിച്ച് കീറ്റ്സ് പറയുന്നു.
മതത്തിനുവേണ്ടി രക്തസാക്ഷികളാകാന്‍ മനുഷ്യര്‍ക്കെങ്ങനെ കഴിയുന്നു എന്നു ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. അതോര്‍ത്തു ഞാന്‍ നടുങ്ങിപ്പോയിട്ടുണ്ട്. ആ നടുക്കം ഇപ്പോള്‍ എനിക്കില്ല. എന്റെ മതത്തിനുവേണ്ടി രക്തസാക്ഷിയാവാന്‍ ഞാനൊരുക്കമാണ്. പ്രണയമാണ് എന്റെ മതം. അതിനുവേണ്ടി ഞാന്‍ ജീവന്‍ കളയാം. നിനക്കുവേണ്ടി ഞാന്‍ മരിക്കാം. പ്രണയമാണെന്റെ വിശ്വാസ സംഹിത, അതിന്റെ ഒരേയൊരു പ്രമാണം നീയും.
അകാലത്തില്‍ അസ്തമിച്ച ജീവിതത്തില്‍ രണ്ടു വര്‍ഷം മാത്രമാണ് കീറ്റ്സ് കാമുകനായിരുന്നത്. 1818 സെപ്റ്റംബറിനു ശേഷമാണ് അദ്ദേഹം ഫാനി ബ്രാണ്‍ എന്ന പെണ്‍കുട്ടിയെ കാണുന്നത്. ഫാനിക്കന്ന് 18 വയസ്സ്. അതേവര്‍ഷം രഹസ്യമായി അവരുടെ വിവാഹനിശ്ചയവും കഴിഞ്ഞു. എന്നാല്‍ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ ഈ വിവരം അറിയാമായിരുന്നുള്ളൂ. പ്രണയത്തെക്കുറിച്ച് പുറംലോകം അറിയുന്നത്. പിന്നീടു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടാണ്. മരണാനന്തരം കവിയുടെ പ്രണയലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ മാത്രം.
വിവാഹനിശ്ചയം രഹസ്യമാക്കാന്‍ ഒരു കാരണം കവിയുടെ രോഗം തന്നെയായിരുന്നു. 19-ാം നൂറ്റാണ്ടിലെ മഹാവ്യാധിയായ ക്ഷയം. രോഗം തനിക്ക് അവശേഷിപ്പിച്ച അപൂര്‍വം ദിവസങ്ങളെക്കുറിച്ച് മറ്റാരേക്കാളും കവിക്ക് നന്നായി അറിയാമായിരുന്നിരിക്കണം. കണ്ടുമുട്ടാന്‍ അധികം അവസരമില്ലാതിരുന്ന ആ നാളുകളില്‍ അദ്ദേഹം നിരന്തരം ഫാനിക്ക് കത്തുകളെഴുതിക്കൊണ്ടിരുന്നു. പ്രണയത്തെക്കുറിച്ചും മരണത്തെക്കുറിച്ചും. മരണം ഒട്ടേറെത്തവണ കടന്നുവരുന്ന പ്രണയലേഖനങ്ങള്‍ കീറ്റ്സിനെപ്പോലെ ഒരുപക്ഷേ മറ്റാരും എഴുതിക്കാണുകയുമില്ല. മരണം അടുത്തെത്തി എന്ന തോന്നലായിരിക്കാം അത്രമേല്‍ വിശുദ്ധനായ്, അത്രമേല്‍ അഗാധമായ്, അത്രമേല്‍ സ്വയം സമര്‍പ്പിതനായി പ്രണയിക്കാന്‍ കീറ്റ്സിനെ പ്രേരിപ്പിച്ചതും.
നിന്നൊടൊപ്പം സന്തോഷമായി ജീവിക്കുക എന്നത് എത്ര വലിയൊരു അസാധ്യതയായിട്ടാണു തോന്നുന്നത്. അതിന് എന്റേതിലും ഭാഗ്യമുള്ളൊരു നക്ഷത്രത്തില്‍ ജനിക്കേണ്ടിയിരുന്നു. അതു നടക്കാന്‍ പോകുന്നില്ല.
ഫാനിയെ കണ്ടുമുട്ടി രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴേക്കും കീറ്റ്സിന് ലണ്ടന്‍ വിട്ടുപോകേണ്ടിവന്നു. ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ഇറ്റിലിയിലേക്ക്. തണുപ്പു കാലാവസ്ഥയില്‍ രോഗം അധികരിച്ചേക്കാം എന്ന മുന്നറിയിപ്പിനെത്തുടര്‍ന്നായിരുന്നു നിര്‍ബന്ധിത പലായനം. ഫാനിയില്ലാത്ത നാട്ടിലേക്ക് പോകുന്നത് തനിക്കു ചിന്തിക്കാന്‍ പോലുമാകുന്നില്ലെന്ന് കീറ്റ്സ് പല കത്തുകളിലും എഴുതുന്നുണ്ട്. എന്നാല്‍ അനിവാര്യമായ യാത്ര അദ്ദേഹത്തിന് തടയാനായില്ല. 1820 സെപ്റ്റംബറില്‍ സ്നേഹിതനുമൊത്ത് ഇറ്റലിയിലേക്ക്. യാത്രകൊണ്ട് അദ്ദേഹത്തിന് നീട്ടിക്കിട്ടയത് ആറുമാസത്തെ ആയുസ്സ് മാത്രം. 25-ാം വയസ്സില്‍ ഫാനിയോടും എഴുതാന്‍ ആഗ്രഹിച്ച കവിതകളോടും വിട പറഞ്ഞ് കീറ്റ്സ് പൂര്‍ത്തിയാകാത്ത കവിതയായി.
12 വര്‍ഷത്തിനുശേഷം ഫാനി വിവാഹിതയായി. മൂന്നു കുട്ടികളുടെ അമ്മയായി. 65-ാം വയസ്സില്‍ മരിക്കുമ്പോള്‍ ഫാനിയുടെ മനസ്സില്‍ എന്തായിരുന്നിരിക്കും എന്നത് ഇനിയും ചുരുളഴിയാത്ത രഹസ്യം.
കീറ്റ്സില്ലാത്ത ജീവിതത്തിലും അവര്‍ അദ്ദേഹത്തെ ഓര്‍മിച്ചിരിക്കുമോ. ആ കവിതകളെ. കവിത കിനിയുന്ന പ്രണയാഭ്യര്‍ഥനകളെ. ഉത്തരം ആര്‍ക്കുമറിയില്ലെങ്കിലും ഒരു സാധ്യത അവശേഷിക്കുന്നു. മാനസം കല്ലു കൊണ്ടാല്ലാത്തതായുള്ള ആര്‍ക്കും മറക്കാനാവുമെന്ന് തോന്നുന്നില്ല കവിത കിനിയുന്ന കീറ്റ്സിന്റെ പ്രണയലേഖനങ്ങള്‍. കവിതകള്‍ പോലെ ആ ലേഖനങ്ങളും ഇന്നും കൊളുത്തിവലിക്കുന്ന ഏറ്റവും പുതിയ തലമുറയെപ്പോലും.
എന്നും പുതുമയാണു നീ. നിന്റെ ഏറ്റവുമൊടുവിലത്തെ ചുംബനങ്ങളായിരുന്നു ഏറ്റവും മാധുര്യമുള്ളവ. ഏറ്റവും ഒടുവിലത്തെ പുഞ്ചിരിയായിരുന്നു ഏറ്റവും ദീപ്തം. ഒടുവിലത്തെ ചലനങ്ങളായിരുന്നു ഏറ്റവും അഴകാര്‍ന്നവയും.
വിശ്വാസം നിറഞ്ഞ നിന്റെ കൈകള്‍ക്കുള്ളിലായിരുന്നു ഞാനെങ്കില്‍ എന്നാണെന്റെ ആഗ്രഹം; അതു നടക്കില്ലെങ്കില്‍ ഒരിടിമിന്നല്‍ എനിക്കുമേല്‍ വീഴട്ടെ !
(കീറ്റ്സിന്റെ പ്രണയലേഖനങ്ങളിലെ വരികള്‍ വി. രവികുമാറിന്റെ വിവര്‍ത്തനത്തില്‍ നിന്ന്. പുസ്തകം തൃശൂര്‍ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച ആത്മനിവേദനങ്ങള്‍.)
English Summary: Romantic Life and Poems Of John Keats