അവഗണനയിലും അണയാത്ത ‘ജ്വാല’, കെ. സുരേന്ദ്രൻ എന്ന എഴുത്തുകാരൻ

HIGHLIGHTS
  • 1960–ൽ ആദ്യ നോവലായ 'താളം' പ്രസിദ്ധപ്പെടുത്തി
  • നോവലുകൾ സിനിമകളും സീരിയലുകളുമായി
K Surendran
കെ. സുരേന്ദ്രൻ
SHARE

24 വർഷം മുൻപ് കെ സുരേന്ദ്രൻ എന്ന സാഹിത്യകാരന്റെ  ഭൗതിക ശരീരം ശാന്തികവാടത്തിലൊരുക്കിയ ചിതയിലേക്ക് എടുക്കുമ്പോൾ അടുത്തുണ്ടായിരുന്ന ചെറിയ ജനക്കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. എന്റെ സമീപം നിറകണ്ണുകളോടെ ആത്മ സുഹൃത്ത്  നോവലിസ്റ്റ് പെരുമ്പടവം ശ്രീധരൻ. ഇന്നലെ കെ സുരേന്ദ്രന്റെ ജൻമ ശതാബ്ദി ആരും അറിയാതെ കടന്നുപോയി.

നോവലായും  ജീവചരിത്രമായും പാഠപുസ്തകമായും ഞാൻ ഏറെ വായിച്ച കെ സുരേന്ദ്രൻ എന്ന വലിയ എഴുത്തുകാരന്റെ മൃതദേഹം ചിതയിലെരിയുമ്പോൾ അതിൽ നിന്നുയരുന്ന ജ്വാലയിലേക്ക് ഞാൻ നോക്കി നിന്നു. അദ്ദേഹത്തിന്റെ ‘ജ്വാല’ എന്ന നോവൽ വായിക്കുമ്പോൾ ഈ രംഗത്തിന് സാക്ഷിയാകാൻ രണ്ടു പതിറ്റാണ്ടിനു ശേഷം ഞാൻ ഉണ്ടാവുമെന്നു കരുതിയില്ല. ബാഹ്യ ജീവിതത്തിനപ്പുറം മനുഷ്യ ബന്ധങ്ങളുടെ അന്തരംഗങ്ങളിലേക്ക് ഇറങ്ങിച്ചെന്ന ഈ എഴുത്തുകാരന്റെ ഇഷ്ട വിഷയം തന്നെ മനസ് എന്ന കാട്ടു കുരങ്ങായിരുന്നു.  തലസ്ഥാനത്ത് പത്ര ലേഖകനായി എൺപതുകളിൽ എത്തിയത് മുതൽ  പ്രായത്തിന്റെ അകൽച്ചയില്ലാതെ സുരേന്ദ്രൻ സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ ഫോറസ്റ്റ് ലെയ്നിലെ ‘നവരംഗം’ വസതിയിലിരുന്ന് മനുഷ്യ മനസിന്റെ സങ്കീർണതകളെക്കുറിച്ച് ഒട്ടേറെ ചർച്ചകൾ നടത്തിയിട്ടുണ്ട്. എന്നിലെ എഴുത്തുകാരനെക്കൊണ്ട് വീണ്ടും എഴുതിക്കാൻ സുരേന്ദ്രൻ കുറച്ചൊക്കെ ശ്രമിച്ചിരുന്നു.

ഒരു വലിയ എഴുത്തുകാരന്റെ ജന്മശതാബ്ദി ആരോരുമറിയാതെ കടന്നുപോയതിന്റെ വേദന പെരുമ്പടവം ശ്രീധരൻ പങ്കുവച്ചപ്പോൾ അതെല്ലാം ഓർത്തുപോയി. മകൾ ശ്രീലതയുടെ വാക്കുകളാണ് മനസ്സിൽ കൊണ്ടത്. ‘‘കോപ്പി റൈറ്റ് വാങ്ങി വച്ചവർ പതിറ്റാണ്ടുകളായി അച്ഛന്റെ നോവലുകളുടെ പുതിയ പതിപ്പ് ഇറക്കുന്നില്ല. പുസ്തകമേളയിലൊന്നും കെ. സുരേന്ദ്രൻ എന്ന എഴുത്തുകാരൻ ഇല്ല. അച്ഛനെ തമസ്കരിക്കാൻ മനപ്പൂർവ്വം ആരോ ശ്രമിക്കുന്നതുപോലെ ...’’

റഷ്യൻ സാഹിത്യകാരൻമാരായ ടോൾസ്റ്റോയ്, ദസ്തയോവിസ്കി  എന്നിവരെക്കുറിച്ച് സുരേന്ദ്രൻ എഴുതിയ ജീവചരിത്രഗ്രന്ഥങ്ങൾക്ക്  ഇന്നും വായനക്കാരുണ്ട്. പക്ഷേ അവയും അച്ചടിക്കുന്നില്ല. ‘‘ഇന്ന് കെ. സുരേന്ദ്രൻ എന്നാൽ ബിജെപി സംസ്ഥാന പ്രസിഡന്റാണ്. സത്യം പറഞ്ഞാൽ ആ പേര്  പത്രത്തിൽ അച്ചടിച്ചു കാണുമ്പോൾ അച്ഛന്റെ പേരാണല്ലോ എന്നോർത്ത് മനസ്സിൽ സന്തോഷം തോന്നാറുണ്ട്’’ – ശ്രീലത പറയുന്നു.

കഥ പറയുന്നതിനപ്പുറം ജീവിതത്തിന്റെ വ്യഥകളേയും ആത്മസംഘർഷങ്ങളേയും അവതരിപ്പിച്ച നോവലിസ്റ്റിന്റെ ‘താളം’ മുതൽ ‘മരണം ദുർബലം’ വരെയുള്ള നോവലുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒ.വി. വിജയനും ആനന്ദിനും മുൻപേ ചിന്തയുടെ ഭാരം എഴുത്തിൽ കൊണ്ടുവന്ന ഈ എഴുത്തുകാരനെ മലയാളം വേണ്ടവിധം ആദരിച്ചില്ലെന്ന ദു:ഖം നോവലിസ്റ്റ് പെരുമ്പടവം ശ്രീധരനുണ്ട്. മരണം ദുർബലം മലയാളത്തിലെ ക്ലാസിക്കുകളിൽ ഒന്നായിരുന്നു. 

ശ്രീലത പറയുന്നു. ‘‘കെ. സുരേന്ദ്രന്റെ പേരിൽ ഒരു ട്രസ്റ്റ് പോലും രൂപീകരിക്കപ്പെട്ടില്ല. സ്വദേശമായ ഓച്ചിറയിൽ ശ്രീ നാരായണ സംഘം എന്ന സംഘടന അദ്ദേഹത്തിന്റെ പേരിൽ നൽകുന്ന അവാർഡ് മാത്രമാണ് ആകെയുള്ള സ്മാരകം. പ്രമുഖ റഷ്യൻ എഴുത്തുകാരെ മലയാളികൾക്ക് പരിചയപ്പെടുത്തിതുകൊണ്ടാവാം റഷ്യൻ കൾച്ചറൽ സെന്റർ മാത്രമാണ് ഒരു ശതാബ്ദി അനുസ്മരണം നടത്തിയത്’’.

1960–ൽ ആദ്യ നോവലായ ‘താളം’ പ്രസിദ്ധപ്പെടുത്തി. ആത്മകഥാംശം ഇഴുകിലയിച്ചു നിൽക്കുന്ന താളത്തിന്റെ തുടർച്ചയായി ‘കാട്ടുകുരങ്ങ്’. തുടർന്നങ്ങോട്ട് മായ, ജ്വാല, സീമ, ദേവി, നാദം, ശക്‌തിപതാകം, മരണം ദുർബലം, ഭിക്ഷാംദേഹി തൊട്ട് ഗുരു വരെ നോവൽ സാഹിത്യത്തെ സമ്പന്നമാക്കിയ ഒരു ഡസൻ കൃതികൾ.

ജീവിതമെന്ന ‘വിശ്രമത്താവള’ത്തിൽ ഒത്തുകൂടുന്നവരുടെയും വേർപിരിഞ്ഞുപോകുന്നവരുടെയും കഥയാണ് സുരേന്ദ്രൻ പറയാൻ ശ്രമിച്ചത്.  തകഴിയും ദേവും ബഷീറും സാമൂഹിക – സാമ്പത്തിക ബന്ധങ്ങളിലൂന്നി നോവലുകൾ രചിച്ചപ്പോൾ അവർക്കു പിന്നാലെ വന്ന സുരേന്ദ്രൻ മനുഷ്യ ബന്ധങ്ങൾക്ക് ഊന്നൽ നൽകി. നാടകാന്തം നോവലിസ്റ്റായ സുരേന്ദ്രൻ സംഭാഷണങ്ങളിലൂടെയും വാദപ്രതിവാദങ്ങളിലൂടെയും മാനസിക സംഘർഷങ്ങളെ ആവിഷ്കരിച്ചു. ജീവചരിത്രപരമായ കഥാഖ്യാനം ‘ജ്വാല’യിൽ നിന്നു തുടങ്ങി, ‘മരണം ദുർബല’ത്തിലൂടെ ഗുരുദേവന്റെ ഇതിഹാസ സമാനമായ ജീവിതത്തെ വരച്ചിട്ടു. രാഷ്‌ട്രീയവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾ ‘പതാകയിലും’, ‘ദീപസ്‌തംഭ’ത്തിലും തെളിഞ്ഞു.

സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ് തൊട്ട് വയലാർ അവാർഡ് വരെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു. നോവലുകൾ സിനിമകളും സീരിയലുകളുമായി. 1997 ൽ മരിക്കുന്നതു വരെ ഫോറസ്റ്റ് ലെയ്നിലെ നവരംഗം എന്ന വീട് എഴുത്തുകാർക്കും സുഹൃത്തുക്കൾക്കുമായി തുറന്നിട്ടിരുന്നു.

3 മക്കളാണ്. ആൺ മക്കളായ ഡോ. സുധീന്ദ്രൻ എറണാകുളത്തും ഡോ. രാജേന്ദ്രൻ വർക്കലയിലും പ്രാക്ടീസ് ചെയ്യുന്നു. എകമകളായ ശ്രീലത വനം വകുപ്പിൽ ഉദ്യോഗസ്ഥയായിരുന്നു.

English Summary: Remembering writer K Surendran on his birth day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;