കാക്കിയിൽ പൊതിഞ്ഞ പ്രണയകാവ്യങ്ങൾ

SHARE

വിതുര പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിനുമുണ്ട് പ്രണയം. പുഷ്പങ്ങളോടും മണ്ണിനോടും പ്രകൃതിയിലെ മണത്തോടും ആകാശത്തോടും പാടത്തോടും പറമ്പിനോടുമാണ് ആ പ്രണയം. അവയോടൊക്കെയുള്ള ഇഷ്ടങ്ങളാണ് അദ്ദേഹത്തിന്റെ രണ്ടു കവിതാ സമാഹരങ്ങളിലൂടെ ആസ്വാദകരോട് സംവദിക്കുന്നത്. 

40 പ്രണയകാവ്യങ്ങളുമായി ആദ്യം പുറത്തിറക്കിയത് പൂമരം പെയ്യുമ്പോൾ. പത്തനംതിട്ട ജില്ലയിലെ വള്ളിക്കോടെന്ന ജന്മഗ്രാമത്തിന്റെ നിറവും ഗന്ധവും നിഷ്‌കളങ്കതയും ആ വരികളിലുണ്ട്. ശലഭദൂരങ്ങളെന്ന രണ്ടാം പുസ്തകത്തിലും പ്രമേയം വ്യത്യസ്തമല്ല. ആ വരികളിലുമുണ്ട് മണ്ണിനോടും പ്രകൃതിയോടുമുള്ള ഒരിക്കലും മരിക്കാത്ത പ്രണയം. ശലഭദൂരത്തിൽ 42 കവിതകളുണ്ട്. 

കവിതാ രചന തുടങ്ങിയത് വിദ്യാഭ്യാസ കാലത്ത്. ആദ്യം കുറിച്ച കവിതകൾ ഡയറിയിൽ സൂക്ഷിച്ചു, കൂട്ടുകാരെപ്പോലും കാണിക്കാതെ. ചില വരികൾ സുഹൃത്തുക്കൾക്കായി ഓട്ടോഗ്രാഫിൽ കുറിച്ചു. 2007 ലാണ് കേരള പൊലീസിന്റെ ഭാഗമായത്. അങ്ങനെയാണ് ജോലിയുടെ ഭാഗമായ തിരക്കിനേയും പ്രണയിച്ചു തുടങ്ങിയത്. 

തിരക്കിനിടയിൽ മനസ്സിൽ നിറഞ്ഞ വരികൾ ബുക്കിൽ കുറിച്ചുകൂട്ടി. വെച്ചൂച്ചിറ സ്റ്റേഷനിലിരിക്കുമ്പോഴാണ് കവിതകൾ പുസ്തക രൂപത്തിലാക്കണമെന്ന ആശയം ലിറ്റിൽ ഫ്ലവർ പ്രസ് നടത്തുന്ന ഡൊമിനിക്, ഗ്രാഫിക് ഡിസൈനർ വിജയൻ കളത്തിൽ എന്നിവരാണ് പങ്കുവച്ചത്. അന്നതു നടന്നില്ല. അടൂർ ട്രാഫിക് ചുമതലയിൽ ഇരിക്കുമ്പോൾ പരിചയപ്പെട്ട എസ്ബി പബ്ലിക്കേഷൻ ഉടമയും നടനും ഗായകനുമായ സുരേഷ് ബാബുവാണ് കവിതകളെ വിലയിരുത്തിയതും പുസ്തക രൂപത്തിൽ പ്രകാശനം ചെയ്യണമെന്ന് നിർബന്ധിച്ചതും. അവിടെ നിന്നാണ് ഉണ്മ പബ്ലിക്കേഷനിലെ മോഹനെ പരിചയപ്പെടുന്നത്. അങ്ങനെയാണ് വരികളിൽ അച്ചടിമഷി പുരണ്ടത് - വിപിൻ പറയുന്നു.

പൊലീസുകാരനായ എന്റെ കവിതയെ മറ്റുള്ളവർ സ്വീകരിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. ആദ്യ പുസ്തകത്തിനു അവതാരിക എഴുതിയത് ഡോ. ബി. സന്ധ്യ ഐപിഎസാണ്. കുറിപ്പെഴുതിയത് എഴുത്തുകാരിയായ കണിമോളും. രണ്ടാം പുസ്തകത്തിനു അവതാരിക എഴുതിയത് കവി കുരീപ്പുഴ ശ്രീകുമാറും. 

കാൽപ്പനികതയുടെ മാധുര്യം പങ്കുവയ്ക്കുന്ന ജലാലുദ്ദീൻ റൂമി, പാബ്ലോ നെരുദ എന്നിവരുടെ കവിതകളെയാണ് വിപിൻ ഗോപിനാഥിന് ഏറെ ഇഷ്ടം. ലോകഭാഷകളിൽ ഏറ്റവും എഴുതപ്പെട്ടിട്ടുള്ളത് പ്രണയമാണെന്ന് അദ്ദേഹം പറയുന്നു. കാൽപ്പനികതയുടെ കവിതകളെന്ന നിലയിലാണ് ആദ്യ പുസ്തകത്തിനു പൂമരം പെയ്യുമ്പോൾ എന്നു പേരിട്ടത്. റൊമാന്റിസിസം ഇഷ്ടപ്പെടുന്ന കവികളെ, തങ്ങളുടെ ഭൂപ്രകൃതിയിലെ പൂഷ്പങ്ങൾ സ്വാധീനിക്കുന്നതായി വായിച്ചിട്ടുണ്ട്. പ്രകൃതിയിലേക്ക് പെയ്യുന്ന പ്രണയമായി, വാകമരച്ചോട്ടിലിരിക്കുമ്പോൾ ചെറുകാറ്റിൽ പറനിറങ്ങുന്ന പൂക്കളായി കവിതകൾ അവതരിപ്പിച്ചിരിക്കുന്നത്. 

ശലഭദൂരമെന്ന തലക്കെട്ടിലും ഒരു കൗതുകമുണ്ട്. പ്രകാശം സഞ്ചരിക്കുന്ന ദൂരത്തെ പ്രകാശദൂരമെന്നു പറയുന്നതു പോലെ, ഉള്ളിലെ പ്രണയം പങ്കുവയ്ക്കാൻ എടുക്കുന്ന സമയമാണ് ശലഭദൂരം കൊണ്ട് അർഥമാക്കുന്നത്. ചിറകിട്ടടിക്കുന്ന ശലഭത്തിന്റെ ഭാവമാണ് കമിതാക്കളുടെ ഹൃദയങ്ങളിലും. ശലഭദൂരം എന്ന കവിതയിൽ മനസ്സിൽ പ്രണയം തുളുമ്പുന്ന മനസ്സുകളുടെ നാല് ജന്മങ്ങളെ കുറിച്ചു വിപിൻ ഗോപിനാഥ് പറയുന്നുണ്ട്. 

ഒരു ജന്മം നമ്മൾ പുഴയുടെ ഇരുകരകളായിരുന്നു. മറ്റൊരു ജന്മം നമ്മൾ നിറയെ അർഥമുള്ള വാക്കുകളായിരുന്നു. അടുത്ത ജന്മം നമ്മൾ സുഗന്ധികളായ പനിനീർപൂക്കളായിരുന്നു. ഒരുനജന്മം സഖീ നമ്മൾ ഹൃദയപുഷ്പങ്ങളുമായിരുന്നു.... കവിത അവസാനിക്കുന്നതിങ്ങനെ: 

‘പ്രണയപുഷ്പങ്ങളായി വിടരുമ്പോഴും 

ചെറുദൂരം താണ്ടുവാനാകാതെ

നമുക്കിടയിൽ ഒരു ശലഭം മൗനമായി

പിടയുന്നുണ്ടായിരുന്നു..’

പിടി തരാതൊഴുകുന്ന പുഴയായും പെയ്യാൻ കൊതിക്കുന്ന മുകിലായും കേൾക്കാൻ കൊതിക്കുന്ന കവിതയായും പറയാതെ പിരിയുമൊരു പകലായും പ്രണയത്തെ കവി വിശേഷിപ്പിക്കുന്നു. ലോകത്തിന്റെ നെഞ്ചിൽ എന്നുമൊരു നോവായി അവശേഷിക്കുന്ന ഐലാൻ ഖുർദിയെന്ന 3 വയസ്സുകാരെനെയും കവി സ്മരിക്കുന്നുണ്ട്. കവി പറയുന്നു - ഐലാൻ കുർദീ, നീവെറും അഭയാർഥിയല്ല, നീ രക്തസാക്ഷിയാണ്. 

വാക്കിലും വരികളിലും ഏറെ സ്വാധീനിച്ചിട്ടുള്ളത് വള്ളിക്കോടെന്ന സുന്ദരഗ്രാമമെന്ന് വിപിൻ ഗോപിനാഥ് പറയുന്നു. അവിടെയുള്ള നെൽപ്പാടങ്ങളിൽ വിരിഞ്ഞു നിൽക്കുന്ന നെൽക്കതിരും, കൊയ്തും മെതിയും. പിന്നെ കപ്പ പറിച്ച്, തൊലി കളഞ്ഞ് അരിഞ്ഞു വാട്ടുന്നതും. അതിലൂടെ മനസ്സിലേക്ക് പടർന്ന കൂട്ടായ്മയുടെ സന്തോഷവും. തനി നാട്ടിൻപുറത്തുകാരനാണ്. അവിടെ കണ്ടതും കേട്ടതുമായ കാര്യങ്ങളാണ് വരികളേക്ക് ആവാഹിച്ചു കവിതയാക്കിയതെന്നും പറയാം. പഠനശേഷം പുറത്തേക്കു പോകാൻ അവസരം ലഭിച്ചെങ്കിലും നാടിനോടു ചേർന്നു ചുറ്റിപറ്റി നിൽക്കാനാണ് താൽപര്യം, അവിടെ നിന്നാണ് പ്രണയം തുളമ്പുന്ന കവിതകൾ വിരിയുന്നത്. 

വിപിൻ ഗോപിനാഥിന്റെ വരികളിലൂടെ സഞ്ചരിച്ചാലും പിന്തുടരുന്നുണ്ട് ഒരു സംഗീതം. പുത്തൻകവിതകളിൽ അന്യമായ പ്രാസവും വാക്കുകളിലെ ലാളിത്യവും ഈ കവിതകളെ സമൃദ്ധമാക്കുന്നു.

English Summary:  Vipin Gopinathan, a police inspector who pens romantic poems

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;