കോവിഡ് കാലത്ത് ഉമ്മൻചാണ്ടി എന്ത് ചെയ്യുകയായിരുന്നു? ഉത്തരം ഈ പുസ്തകം പറയും

Oommen Chandy
ഉമ്മൻ ചാണ്ടി
SHARE

കോവിഡ് കാലത്ത് വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ അടച്ചു പൂട്ടപ്പെട്ട നാലുമാസം ഉമ്മൻചാണ്ടി എന്ത് ചെയ്യുകയായിരുന്നു? അതു വിശദീകരിക്കുന്ന പി.ടി. ചാക്കോയുടെ കൊറോണക്കാലത്തെ കുഞ്ഞു കഥകൾ സമാഹാരം ശശിതരൂർ എംപി പ്രകാശനം ചെയ്തു. മുൻ അംബാസഡർ ഡോ. വേണു രാജാമണി ആദ്യപ്രതി ഏറ്റുവാങ്ങി.

ലോക് ഡൗൺ കാലത്ത് ആദ്യ രണ്ടാഴ്ച ഉമ്മൻചാണ്ടി പത്രം വായിച്ചും ടിവി കണ്ടും കടിച്ചുപിടിച്ചു വീട്ടിലിരുന്നു. ലോക് ഡൗൺ അനന്തമായി നീണ്ടപ്പോൾ വീടിനുള്ളിൽ എങ്ങനെ ജനസേവനം തുടരാം എന്നായി ഉമ്മൻചാണ്ടിയുടെ ആലോചന. താൻ വീട്ടിൽ ഉണ്ടെന്നും ആർക്കെങ്കിലും എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ഫോണിൽ  വിളിക്കാം എന്നും കാണിച്ച് ഉമ്മൻചാണ്ടി ഫോൺ നമ്പർ സഹിതം ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു. അന്നുമുതൽ ഇതുവരെ ഉമ്മൻചാണ്ടിയുടെ വീട്ടിലെ 3 ഫോണുകളും വിശ്രമിച്ചിട്ടില്ല. 

കോവിഡിൽ വിദേശത്തും അന്യസംസ്ഥാനങ്ങളിലും കുടുങ്ങിയവർ നാട്ടിലെത്താൻ വഴി തേടി ഉമ്മൻ ചാണ്ടിയെ വിളിച്ചു കൊണ്ടിരുന്നു. തന്റെ ബന്ധങ്ങൾ ഉപയോഗിച്ച് ഉമ്മൻചാണ്ടി അവരെ സഹായിച്ചു കൊണ്ടുമിരുന്നു. രോഗം മൂർച്ഛിച്ച കൊച്ചു കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ അടിയന്തരമായി ആശുപത്രിയിൽ എത്തിക്കാൻ ഉമ്മൻചാണ്ടിയുടെ സഹായം തേടി. അർദ്ധരാത്രിയിലും വെളുപ്പാൻകാലത്തും വരുന്ന ഫോൺ കോളുകൾ എടുക്കാൻ ഫോൺ ഉമ്മൻചാണ്ടി കിടക്കയിൽ തന്നെവച്ചു.

ഇങ്ങനെ കൊവിഡ് കാലത്ത് നടത്തിയ ഇടപെടലുകളുടെ സംഗ്രഹമാണ്  ‘കൊറോണക്കാലത്തെ കുഞ്ഞു കുഞ്ഞു കഥകൾ’. എന്നാൽ പുസ്തകത്തിൽ ഇല്ലാത്ത ഏറ്റവും രസകരമായ കഥ പറഞ്ഞ്  പ്രകാശനച്ചടങ്ങിൽ ഉമ്മൻ ചാണ്ടി എല്ലാവരെയും ചിരിപ്പിച്ചു. കൊവിഡ് കാലത്ത്  ഉമ്മൻചാണ്ടിയുടെ സഹായത്തോടെ യാത്ര ശരിയാക്കി  ബാംഗ്ലൂരിൽനിന്ന് നാട്ടിലേക്ക് പുറപ്പെട്ട നാല് പെൺകുട്ടികൾ കർണാടകയിൽ  വനത്തിൽ കുടുങ്ങിയതാണു കഥ. തങ്ങൾക്ക് വഴിതെറ്റി എന്നും കാട്ടിനുള്ളിൽ എവിടെയോ ആണെന്നും പറഞ്ഞു പരിഭ്രാന്തരായി പെൺകുട്ടികൾ അർദ്ധരാത്രിയിൽ ഉമ്മൻചാണ്ടിയെ വിളിക്കുന്നു. ഗൂഗിൾ നോക്കി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തി അവിടുത്തെ നമ്പർ വാങ്ങി തന്നെ തിരിച്ചുവിളിക്കാൻ ആയിരുന്നു ഉമ്മൻചാണ്ടിയുടെ ഉപദേശം.

കുറച്ചു കഴിഞ്ഞപ്പോൾ പെൺകുട്ടികൾ വീണ്ടും വിളിച്ചു സ്റ്റേഷൻ നമ്പർ കൊടുത്തു. താൻ കേരളത്തിലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്നും പെൺകുട്ടികൾക്ക് സുരക്ഷിതത്വവും രാവിലെ യാത്ര പുറപ്പെടാൻ സഹായവും ചെയ്യണം എന്നും ഉമ്മൻചാണ്ടി അഭ്യർത്ഥിച്ചു. അത് തങ്ങൾ ചെയ്യാമെന്നും തങ്ങളുടെ ഉത്തരവാദിത്വമാണെന്നും പറഞ്ഞ പോലീസുകാർ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് എന്നൊന്നും പറഞ്ഞ് വിരട്ടേണ്ട എന്നും മറുപടി നൽകി. ഞാൻ സത്യമാണ് പറയുന്നത് എന്ന് ഉമ്മൻചാണ്ടി പറഞ്ഞെങ്കിലും അവർ ചെവിക്കൊണ്ടില്ല. എങ്കിലും സുരക്ഷിതരായി പെൺകുട്ടികളെ പിറ്റേന്ന് നാട്ടിലെത്തിക്കാൻ അവർ സഹായിച്ചു എന്ന് ഉമ്മൻചാണ്ടി.

book-release
‘കൊറോണ കാലത്തെ കുഞ്ഞൂഞ്ഞുകഥകൾ’ എന്ന പുസ്തകം ശശി തരൂർ എം.പി മുൻ അംബാസിഡർ വേണു രാജാമണിക്ക് നൽകി പ്രകാശനം ചെയ്യുന്നു.

ഉമ്മൻചാണ്ടി ഒട്ടേറെ റെക്കോർഡിന് ഉടമ ആണെങ്കിലും ഉമ്മൻചാണ്ടിയുടെ കുഞ്ഞു കുഞ്ഞു കഥകൾ മൂന്ന് പതിപ്പും പ്രകാശനം ചെയ്തു താനും റെക്കോർഡ് ഇട്ടിരിക്കുകയാണെന്ന് ശശി തരൂർ പറഞ്ഞു. സൈക്കിളിൽ  യാത്രചെയ്യുകയും വഴിയിൽ കാണുന്നവരോട് കുശലം പറയുകയും ചെയ്യുന്ന നെതർലാൻഡ് പ്രധാനമന്ത്രിയാണ് ഉമ്മൻ ചാണ്ടിയുമായി താരതമ്യം ചെയ്യാവുന്ന ജനകീയ നയനായ മറ്റൊരു നേതാവെന്നു അവിടെ അംബാസഡറായിരുന്ന ഡോ. വേണു രാജാമണി പറഞ്ഞു. ജി.വി.രമേശ് കുമാർ, കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട് : വീണാ നായർ, പിടി ചാക്കോ എന്നിവർ പ്രസംഗിച്ചു.

English Summary: Book Release, Coronakalathe Kunjoonju Kathakal book by PT Chacko

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;