തീയാണെനിക്കു ഭുവനസ്മരണാവശിഷ്ടം

ezhuthumesha-father
Representative Image. Photo Credit : KieferPix / Shutterstock.com
SHARE

വിജയകുമാർ തിവാരിയെ ഓർത്തു. അയാൾ ഒന്നാം നിലയിലെ ജനാലപ്പടിയിൽ ഗിറ്റാറുമായി ഇരിക്കാറുണ്ട്. സ്വരമൊന്നും കേൾക്കില്ല. അവിടെയിരുന്നു സിഗരറ്റ് വലിക്കും. മരത്തിന്റെ ശിഖരങ്ങൾ അയാൾ ഇരിക്കുന്നിടത്തേക്കു ചാഞ്ഞുകിടന്നിരുന്നു. ഇളംകാറ്റിൽ ഇലകൾ അനങ്ങുന്നതു ശ്രദ്ധിച്ചിരിക്കയാവാം അയാൾ. ഞാൻ ചിലപ്പോൾ അയാളുെട അടുക്കൽ പോകാറുണ്ട്. അച്ഛൻ പ്രമേയമായി വരുന്ന കവിതകൾ ശേഖരിക്കുന്ന ശീലം തിവാരിക്കുണ്ടായിരുന്നു. ജിയുടെ പെരുന്തച്ചൻ എന്ന കവിത അയാൾക്കു വിശദീകരിച്ചുകൊടുക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അയാൾ ഹിന്ദിയിലും ഉറുദുവിലുമുള്ള ചില കവിതകൾ എന്നെ ചൊല്ലിക്കേൾപ്പിച്ചു. ഉറക്കം ഞെട്ടിയുണരും പോലെ ഇടയ്ക്കിടെ ഗിറ്റാറിൽ ഒന്നു വിരൽ പായിക്കും. 

കോളജ് കാലത്തിനുശേഷം വർഷങ്ങളോളം അയാൾ കൊച്ചിയിൽ ഉണ്ടായിരുന്നു. അയാളുടെ അച്ഛൻകവിതകൾക്ക് എന്തുസംഭവിച്ചുവെന്ന് ഞാൻ ഇടയ്ക്കിടെ ഓർക്കാറുണ്ട്. അക്കാലത്തു ഞാൻ റെയ്മണ്ട് കാർവറെ കാര്യമായി വായിച്ചിരുന്നില്ല. ഇളംകാറ്റുള്ള സായാഹ്നത്തിലെ ആകാശം പോലെ അച്ഛൻ കാർവറുടെ കവിതകളിൽ ആഴം തൊട്ടു കിടക്കുന്നതു പിന്നീടു ഞാൻ കണ്ടു. ക്ലീവ് റെയ്മണ്ട് കാർവർ എന്നായിരുന്നു അച്ഛന്റെ പേര്. അച്ഛൻ മരിച്ചപ്പോൾ അമ്മ ഫോണിൽ വിളിച്ചത് എഴുത്തുകാരന്റെ ഭാര്യയെയാണ്. റെയ്മണ്ട് പോയി എന്ന് അവർ പറഞ്ഞപ്പോൾ, കാർവർ മരിച്ചുപോയി എന്നാണ് എഴുത്തുകാരന്റെ ഭാര്യ ആദ്യം വിചാരിച്ചത്. 

carver
റെയ്മണ്ട് കാർവർ, ചിത്രത്തിന് കടപ്പാട്: വിക്കിപീഡിയ

ഒരു ഫോഡ് കാറിനു മുന്നിൽ നിന്ന് എടുത്ത അച്ഛന്റെ ചെറുപ്പത്തിലെ ഒരു ഫോട്ടോ കാർവറുടെ കയ്യിലുണ്ടായിരുന്നു. പിന്നീട് അതെങ്ങോ നഷ്ടമായി. വർഷങ്ങൾക്കുശേഷം അച്ഛനെപ്പോലെ മദ്യപാനപ്രശ്നം മൂലം കാർവർ ചികിത്സ തേടിയ സമയത്തായിരുന്നു ആ ഫോട്ടോയെപ്പറ്റി വീണ്ടും ഓർത്തത്. ആ ഫോട്ടോയിലെ അച്ഛന്റെ മുഖം ഓർത്തെടുക്കാൻ ശ്രമിക്കുന്നത് ഒരു കവിതയായി കാർവർ എഴുതിയിട്ടുണ്ട്. 

അച്ഛനു മാനസികാരോഗ്യപ്രശ്നം കലശലായപ്പോൾ അദ്ദേഹത്തെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ഛനെ അടച്ചിട്ട ആശുപത്രിയിലെ താഴത്തെ നിലയിലാണു കാർവറുടെ ഭാര്യയുടെ ആദ്യ പ്രസവം നടന്നത്. കുഞ്ഞു പിറന്നുകഴിഞ്ഞപ്പോൾ കാർവർ മുകളിലെ നിലയിലെ വാർഡിൽ പോയി അച്ഛനെ കണ്ടു. അദ്ദേഹം മടിയിൽ ഒരു കമ്പിളി വച്ചു വെറുതെ ഇരിക്കുകയായിരുന്നു. “അച്ഛൻ മുത്തച്ഛനായി” എന്നു കാർവർ പറഞ്ഞു. അദ്ദേഹത്തിന്റെ മുഖത്തു ഭാവവ്യത്യാസം ഒന്നും ഉണ്ടായില്ല. ഞാൻ മുത്തച്ഛനായപോലെ തോന്നുന്നു എന്ന് അദ്ദേഹം മെല്ലെ പറഞ്ഞു. കാർവർ അച്ഛനെ കെട്ടിപ്പിടിച്ചപ്പോൾ അദ്ദേഹം കരയാൻ തുടങ്ങി.

അവസാന കാലത്തു സോ മില്ലിലെ ജോലിക്കാരനായിരുന്നു കാർവറുടെ അച്ഛൻ. ഒരിക്കൽ അച്ഛനോടു മകൻ പറഞ്ഞു, എനിക്ക് എഴുത്തുകാരനാകാനാണ് ആഗ്രഹം. അച്ഛൻ പറഞ്ഞു, നിനക്കറിയാവുന്ന കാര്യങ്ങളെപ്പറ്റി എഴുതൂ. നമ്മൾ മീൻ പിടിക്കാൻ പോയ കാലത്തെപ്പറ്റി എഴുതണം. നീ എഴുതുന്നത് എന്നെ കാണിക്കണം. 

basheer-vijayan.jpg.image.845.440
ബഷീർ, ഒ.വി. വിജയൻ

ഖസാക്കിലെ രവി പാപിയായ നായകനായത് അച്ഛനോടു ചെയ്ത തെറ്റിന്റെ ഭാരം കൊണ്ടാണല്ലോ. ഖസാക്കിലെ ദിവസങ്ങളിൽ രവി അച്ഛനെക്കുറിച്ചു മാത്രമേ ഓർമിക്കുന്നുള്ളു. അച്ഛനെക്കുറിച്ചുള്ള മകന്റെ ഓർമകളാണു ഖസാക്കിന്റെ ഇതിഹാസം എന്നും പറയാവുന്നതാണ്. പിതാവിന്റെ ശകാരം തന്നെ അകലേക്ക്, ലോകത്തിന്റെ അറ്റത്തേക്കു വരെ ഓടിക്കുന്നതായിരുന്നുവെന്ന് ബഷീർ എഴുതിയതു നാം വായിച്ചിട്ടുണ്ട്. വാപ്പ മകനെ ഓടിച്ചുവിട്ട് എഴുത്തുകാരനാക്കി. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതയിലും ക്ഷുഭിതനായ പിതാവാണു നിഴലായി പിന്തുടരുന്നത്. മരിച്ചുപോയ പിതാവ് നരകത്തിന്റെ വാതിൽ തുറന്നു സ്വപ്നത്തിൽ വന്നു പറയുന്നത് കഠിനമായ വാക്യങ്ങളാണ്-

Balachandran Chullikkadu
ബാലചന്ദ്രൻ ചുള്ളിക്കാട്

‘‘ആയുസ്സു തീർന്ന സമയത്തൊരു തുള്ളിവെള്ളം

വായിൽപ്പകർന്നു തരുവാനുതകാതെ പോയ

നീയാണു മൂത്തമകനെന്നതുകൊണ്ടു മാത്രം

തീയാണെനിക്കു ഭുവനസ്മരണാവശിഷ്ടം.’’

എന്നാണു ബാലചന്ദ്രന്റെ താതവാക്യം. പിതൃസ്മരണയ്ക്കു തീവയ്ക്കുക എന്ന് ആജ്ഞാപിച്ചശേഷമാണ് പിതാവിന്റെ പ്രേതരൂപം സ്വപ്നതലത്തിൽനിന്നു വിരമിക്കുന്നത്. ഒരുപക്ഷേ മലയാളത്തിൽ ഇത്രയും ശോകകലുഷിതമായ മറ്റൊരു കവിത അച്ഛനെക്കുറിച്ച് ഇല്ല എന്നു പറയേണ്ടിവരും. അതേസമയം കരുണാകരന്റെ കവിതകളിൽ അച്ഛന്റെ അദൃശ്യസാന്നിധ്യം ആത്മവിശ്വാസമേറ്റുന്ന ഉറപ്പുകൾ പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ഫുട്ബോൾ ഗ്രൗണ്ടിലും ബസിലും സൈക്കിളിലും രാത്രിനടത്തത്തിലും അച്ഛൻ പൊടുന്നനെ പ്രത്യക്ഷമാകുന്നു, മകനോടു സംസാരിക്കുന്നു, ഉറക്കെ ചിരിക്കുന്നു. മഴത്തുള്ളികൾ പറ്റിപ്പിടിച്ച പുല്ലുകൾക്കുമീതെ ചെരിപ്പിടാതെ നടക്കുന്നതുപോലെ തോന്നും കരുണാകരന്റെ കവിതകളിലെ അച്ഛൻവരവുകൾ.

ഫ്രഞ്ച് എഴുത്തുകാരിയായ അനി എർനോ (Annie Ernaux) ശക്തയായ ഫെമിനിസ്റ്റ് കൂടിയാണ്. ഓർമകളുടെ എഴുത്താണ് അവരെ സമകാലിക പ്രഞ്ച് സാഹിത്യത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരിയാക്കിയത്. കുടുംബ ആൽബത്തിലെ ഫോട്ടോകൾ ഓരോന്നായി എടുത്തുവച്ച് ആ ചിത്രങ്ങളിലൂടെ തെളിഞ്ഞുവരുന്ന വർഷങ്ങളുടെ സ്മരണകളിലൂടെ, വ്യക്തിചരിത്രം മാത്രമല്ല ഇരുപതാം നൂറ്റാണ്ടിന്റെ ഫ്രഞ്ച് സാമൂഹിക ജീവിതംതന്നെ എഴുതുകയാണ് ദി ഇയേഴ്സ് എന്ന കൃതിയിൽ അനി എർനോ ചെയ്തത്. മെമ്മോയർ ആയിട്ടും മാൻ ബുക്കർ ഇന്റർനാഷനൽ അവാർഡിന് ദി ഇയേഴ്സ് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടു. ചുരുക്കപ്പട്ടിക തയാറാക്കിയ സമിതിയിൽ ഇതു നോവലല്ല എന്നു വാദിച്ച് വലിയ ചർച്ചകൾ നടന്നിരുന്നു. ആനി എർനോ തന്റെ പിതാവിനെക്കുറിച്ച് എഴുതിയ A Man’s Place  എന്ന പുസ്തകം ഒരു ക്ലാസിക് ആയാണു പരിഗണിക്കപ്പെടുന്നത്. 76 പേജുകൾ മാത്രമുള്ള ഈ പുസ്തകം എർനോയുടെ ഏറ്റവും മനോഹരമായ കൃതിയായും വിശേഷിപ്പിക്കപ്പെടുന്നു. 

annie-ernaux
അനി എർനോ, ചിത്രത്തിന് കടപ്പാട്: വിക്കിപീഡിയ

അറുപത്തിയേഴാം വയസ്സിലാണ് അച്ഛന്റെ മരണം. റെയിൽവേ സ്റ്റേഷനു സമീപം ഒരു ചെറിയ ഫ്രഞ്ച് പട്ടണത്തിൽ പലചരക്കു കട നടത്തുകയായിരുന്നു അദ്ദേഹവും ഭാര്യയും. കടയോടു ചേർന്നുതന്നെ വീടും. ആ വീട്ടിൽ കിടന്ന് ഒരു ഞായറാഴ്ച പകൽ അദ്ദേഹം മരിച്ചു. മൃതദേഹം കുളിപ്പിക്കാൻ അമ്മയ്ക്കൊപ്പം മകളും ചേരുന്നുണ്ട്. അന്ത്യയാത്രയ്ക്കായി ഒരുക്കിക്കിടത്തിയപ്പോൾ ഒരു വലിയ പക്ഷി മലർന്നുകിടക്കുന്നതുപോലെയാണു തോന്നിയത്. മനസ്സിൽ എന്നുമുള്ള അച്ഛന്റെ രൂപം ഇതായിരുന്നില്ല. ഈ രൂപത്തിൽ അച്ഛനെ ഇനി കാണാനും പോകുന്നില്ല.

പള്ളിയിൽ അയൽപക്കത്തെ കുറച്ചുപേർ എത്തി. തന്റെ കടയിൽനിന്നു പതിവായി സാധനങ്ങൾ വാങ്ങുന്നവരെ മാത്രമേ അച്ഛൻ സുഹൃത്തുക്കളായി പരിഗണിച്ചിരുന്നുള്ളു. തൊട്ടടുത്ത ബേക്കറിക്കാരൻ കടയിൽ വരാത്തതുകൊണ്ട് ഒരു കിലോമീറ്റർ നടന്നുപോയി മറ്റൊരു കടയിൽനിന്നാണു വീട്ടിലേക്കു റൊട്ടി വാങ്ങിയിരുന്നത്. 

പിതാവിനെ മുഖ്യകഥാപാത്രമായി ഒരു നോവൽ എഴുതാൻ അനി എർനോ ആഗ്രഹിച്ചിരുന്നു. എന്നാൽ ആ എഴുത്ത് കുറച്ചുകഴിഞ്ഞതോടെ അവർക്കു മടുത്തു. നോവലിൽ ഒരു കാര്യവും ഇല്ല. അച്ഛനെക്കുറിച്ചുള്ള എഴുത്ത് ഏറ്റവും വലിയ അനിവാര്യതയാണ്. അതിനു നോവലിലെ കലയോ നാട്യമോ പൊങ്ങച്ചമോ ആവശ്യമില്ല. വൈകാരികതയോ സൈദ്ധാന്തികതയോ ഉണ്ടാകേണ്ടതില്ല. 

മുത്തച്ഛൻ ഒരു കൂലിവേലക്കാരനായിരുന്നു. അദ്ദേഹത്തെ കാണാൻ കുട്ടിക്കാലത്ത് ആനി അച്ഛനൊപ്പം പോയി. ഒരു സർക്കാർ ആശുപത്രിയിലെ തിരക്കേറിയ വാർഡിൽ മുത്തച്ഛൻ മരണം കാത്തു കിടക്കുകയായിരുന്നു. പുഞ്ചിരി തിളങ്ങുന്ന കണ്ണുകളോടെ അദ്ദേഹം കൊച്ചുമകളെ ആ കൂടിക്കാഴ്ചയിലുടനീളം ഉറ്റുനോക്കിയിരുന്നു. പിരിയാൻ നേരം അച്ഛൻ, ആ കിടക്കവിരിയുടെ അടിയിലേക്ക് ഒരു ബ്രാണ്ടിക്കുപ്പി തിരുകിവയ്ക്കുന്നത് അവൾ കണ്ടു.

കൂലിവേലക്കാരുടെയും ഫാക്ടറിത്തൊഴിലാളികളുടെയും സമൂഹത്തിലാണ് അനി വളർന്നത്. അച്ഛൻ തൊഴിലാളിയും കച്ചവടക്കാരനുമായിരുന്നു. അമ്മ വർഷങ്ങളോളം ഫാക്ടറിത്തൊഴിലാളിയായിരുന്നു. അച്ഛന്റെ സഹോദരിമാർ വീട്ടുജോലിക്കാരായിരുന്നു. ബാങ്ക് വായ്പയെടുത്തത് വീടിന്റെ താഴെത്തെ നിലയിൽ ഒരു കോഫിഷോപ്പും പലചരക്കുകടയും ആരംഭിച്ചത് തൊഴിലാളിജീവിതത്തിൽനിന്ന് മോചനം തേടിയാണ്. രണ്ടാം ലോകയുദ്ധകാലത്തും അതിനുശേഷവുമുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ ആ വ്യാപാരത്തെയും വേട്ടയാടി. ഒരുകാലത്തും അവർക്ക് ഉയർച്ച ഉണ്ടായില്ല. പ്രദേശത്ത് ആദ്യ സൂപ്പർമാർക്കറ്റ് വന്നപ്പോൾ കട അടച്ചുപൂട്ടേണ്ടിവരുമെന്ന സ്ഥിതിയും ഉണ്ടായി.

നല്ല ഭാഷയും ഉന്നതമായ പെരുമാറ്റവും അച്ഛൻ എപ്പോഴും നിഷ്കർഷിച്ചിരുന്നു. തനിക്കു വിദ്യാഭ്യാസം കുറവാണെന്നത് അദ്ദേഹത്തെ അലട്ടി. എന്തെങ്കിലും എഴുതുമ്പോൾ അക്ഷരത്തെറ്റു വന്നേക്കുമോ എന്നോർത്ത് ആ മനുഷ്യൻ ലജ്ജിച്ചു. മകളുടെ സ്കൂളിൽ പോകാൻ മടിച്ചു. മകളുടെ സംസാരത്തിലെ ഭാഷാപരമായ പിഴവുകൾ പതിവായി തിരുത്തി. മകൾ മുതിർന്നപ്പോൾ അച്ഛനെ തിരുത്താൻ തുടങ്ങി. അത് അദ്ദേഹത്തെ ശുണ്ഠിപിടിപ്പിച്ചു.

അച്ഛൻ ചിരിക്കുന്ന ഒരു ഫോട്ടോ എഴുത്തുകാരി കുറേ തിരഞ്ഞു. അതു കിട്ടിയില്ല. ഒരു ഫോട്ടോയിലും അച്ഛൻ ചിരിക്കുന്നുണ്ടായില്ല. അത് അദ്ദേഹം അസന്തുഷ്ടനായതുകൊണ്ടാണെന്നു പറയാനാവില്ല. 

എ മാൻസ് പ്ലേസ് എന്ന പുസ്തകം വായിക്കുമ്പോൾ, അത് ഒരുപാടു ചിന്തകളെയും വികാരങ്ങളെയും കൊണ്ടുവന്നു. നിങ്ങൾ ജീവിതത്തിൽ മുന്നോട്ടുപോകുമ്പോൾ നിങ്ങൾക്കൊപ്പം മാതാപിതാക്കൾ വരുകയില്ല. അവരുടെ ലോകം വിട്ടു നാം മറ്റൊരു കാലത്തിലേക്കു ചേക്കേറുന്നതു നാം അറിയാറില്ല. ചിലപ്പോൾ നല്ല ഫൊട്ടോഗ്രഫുകൾ പോലും കയ്യിലില്ലല്ലോ എന്ന് തിരിച്ചറിയുന്നതും വൈകിയാകും. എന്റെ വല്യാപ്പ മരിച്ചപ്പോൾ ഇലക്‌ഷൻ ഐഡിക്കു വേണ്ടി എടുത്ത ഒരു ഫോട്ടോ മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട് ആ ഫോട്ടോ എൻലാർജ് ചെയ്തപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ, തറവാടിനു മുന്നിലെ തണുത്ത കുളത്തിലെ ജലം പോലെ തിളങ്ങുന്നതു ഞാൻ ശ്രദ്ധിച്ചു. ഉടലാകെ കുളിരു പടർന്ന ഒരു നിമിഷമായിരുന്നു അത്.

English Summary: Ezhuthumesha column written by Ajai P Mangattu, When writers pen about their fathers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;