ADVERTISEMENT

വിവാദങ്ങളിൽനിന്നൊഴിഞ്ഞു വിശുദ്ധ ജീവിതം നയിച്ചിട്ടും കേരളത്തിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നിലെ നായകനാകേണ്ടിവന്ന കവിയാണു വിഷ്ണു നാരായണൻ നമ്പൂതിരി. അതും വിശ്വാസവുമായി ബന്ധപ്പെട്ടു വർഷങ്ങളായി നിലനിന്ന ആചാരാനുഷ്ഠാനങ്ങളുടെ പേരിൽ. ‌

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വകുപ്പ് അധ്യക്ഷനായിരിക്കെ ഔദ്യോഗിക ജീവിതത്തിൽനിന്നു വിരമിച്ച കവി 1994 ജൂൺ 30 ന് തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ മേൽശാന്തിയായി ചുമതലയേറ്റു. സാംസ്കാരിക കേരളം അതിശയത്തോടെ കേട്ട വാർത്ത. ക്ഷേത്രത്തോടു ചേർന്നുള്ള പുരയിൽ താമസിച്ച് ദിവസവും അഞ്ചുനേരം 14 മണിക്കൂറോളം പൂജ ചെയ്യേണ്ട ചുമതലയാണ് കവി ഏറ്റെടുത്തത്. അമ്മ ശ്രീവല്ലഭനു നൽകിയ വാക്ക് പാലിക്കാൻ വേണ്ടിയായിരുന്നു കവിയുടെ മേൽശാന്തി ജീവിതം. ശ്രീവല്ലഭ ക്ഷേത്രത്തിലെ കാരാഴ്മ അവകാശം വിഷ്ണുവിന്റെ കുടുംബക്കാരുടേതുകൂടിയായിരുന്നു. ആദ്യമുണ്ടായ അഞ്ചു മക്കളും പ്രസവത്തിൽതന്നെ മരിച്ചതിനാൽ ആറാമനെയെങ്കിലും ജീവനോടെ തരണമെന്നും അല്ലെങ്കിൽ കാരാഴ്മ മുടങ്ങുമെന്നും അമ്മ ശ്രീവല്ലഭനോടു പ്രാർഥിച്ചു. അങ്ങനെ അമ്മയുടെ വാക്കുപാലിക്കാൻ, ജീവനോടെയുണ്ടായ ആദ്യ സന്താനം– വിഷ്ണുനാരായണൻ നമ്പൂതിരി ഒരു മുറക്കാലം (മൂന്നു വർഷം) ക്ഷേത്രത്തിൽ പൂജ ചെയ്യാനുള്ള നിയോഗം ഏറ്റെടുത്തു.

പൂജാരിയുടെ ചുമതലയിലിരിക്കെ കവി ലണ്ടനിലേക്കു യാത്ര നടത്തിയതായിരുന്നു വിവാദം. ശാന്തിക്കാരനായിരിക്കെ കടൽകടന്നു പോകാൻ പാടില്ലെന്ന വിശ്വാസം ചൂണ്ടിക്കാട്ടിയായിരുന്നു ആക്രമണം. വേദങ്ങളെക്കുറിച്ചുള്ള രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുക്കാനാണ് ലണ്ടനിൽ പോയതെന്നു വാദിച്ചുവെങ്കിലും തിരിച്ചെത്തിയ വിഷ്ണു നാരായണൻ നമ്പൂതിരിയെ പൂജ നടത്തുന്നതിൽനിന്നു തന്ത്രി വിലക്കി. സംഭവം ദേശീയ തലത്തിലും ശ്രദ്ധയാകർഷിച്ചു. വിശ്വാസവും ആചാരാനാഷ്ഠാനങ്ങളുമെല്ലാം തലനാരിഴ കീറി പരിശോധിച്ച ചർച്ചകൾ തകർത്തു. ഒടുവിൽ ഒത്തുതീർപ്പു ശ്രമങ്ങൾക്കൊടുവിൽ 14 ദിവസത്തിനുശേഷം അദ്ദേഹത്തെ തിരിച്ചെടുത്തു. 

English Summary : Life Sketch Poet Vishnu Narayanan Namboothiri 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com