ഭൂമിയെ സ്നേഹിച്ച കവി; ആത്മവിശുദ്ധിയുടെ കവിത

HIGHLIGHTS
  • യുദ്ധത്തിനും ഹിംസയ്ക്കും എതിരായി മനുഷ്യത്വത്തിന്റെ മുദ്രാവാക്യം ഉദ്ഘോഷിച്ച കവി.
1200-Vishnu-Narayanan-Namboothiri
വിഷ്ണു നാരായണൻ നമ്പൂതിരി
SHARE

ജനാവലിയുടെ ആരവങ്ങളും ആഘോഷങ്ങളും തിമിര്‍ക്കുന്ന ഉത്സവസ്ഥലമാണ് ചില കവികളുടെയെങ്കിലും കാവ്യലോകമെങ്കില്‍ ശാന്തഗംഭീരവും സ്വച്ഛസുന്ദരവുമായി, പ്രശാന്തമായ അന്തരീക്ഷത്തില്‍ കുടികൊള്ളുന്ന, ചെറുതെങ്കിലും തേജോമയമായ ഗ്രാമക്ഷേത്രം പോലെയാണ് വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ കാവ്യപ്രപഞ്ചം. 

ജനപ്രിയതയ്ക്കുവേണ്ടിയുള്ള വാദ്യഘോഷങ്ങളെക്കാള്‍, അടിയുറച്ച ഉത്തമ വിശ്വാസങ്ങള്‍ പ്രഘോഷിക്കുന്ന ആത്മീയപാഠങ്ങള്‍ ഉരുക്കഴിക്കുന്ന കവിതകളാണ് അദ്ദേഹത്തിന്റേത്. വിശുദ്ധമായ വാക്കുകള്‍. ഉദാത്തമായ വികാരങ്ങളും വിചാരങ്ങളും. ജീവിതത്തിന്റെ ശാന്തിക്കും ലോകത്തിന്റെ സുഖത്തിനും മനുഷ്യന്റെ സമാധാനത്തിനും വേണ്ടി നിലകൊള്ളുന്ന വാക്കുകളും വരികളും. അനാവശ്യ അസ്വസ്ഥതകളുടെ അന്തഃവിക്ഷോഭങ്ങളേക്കാള്‍ സാധാരണ മനുഷ്യന്റെ വികാരങ്ങളും ചിന്തിക്കുന്ന വ്യക്തിയുടെ വിചാരങ്ങളും അലതല്ലുന്ന അദ്ദേഹത്തിന്റെ കവിതകളിലൂടെ സഞ്ചരിക്കുന്ന വായനക്കാരനു ലഭിക്കുന്നത് പുണ്യനദിയില്‍ മുങ്ങിനിവരുന്ന തീര്‍ഥാടകനു വാഗ്ദാനം ചെയ്യപ്പെടുന്ന മോക്ഷം. അപൂര്‍വമായ ആത്മവിശുദ്ധിയുടെ കവിതാലോകമാണ് അദ്ദേഹം മലയാളികള്‍ക്കു നല്‍കിയത്. അതത്രവേഗം നശിക്കുന്നതല്ല. കാലമേറുംതോറും വീര്യം സിദ്ധിക്കുന്ന ചിരന്തന ചിന്തയുടെ സദ്ഫലങ്ങള്‍. 

അറിവിന്റെ അഗ്നി സഹജാതര്‍ക്കു നല്‍കിയതിന്റെ പേരില്‍ കഠിന യാതന അനുഭവിക്കേണ്ടിവന്നു പ്രോമിത്യൂസിനെങ്കില്‍ ഒട്ടും വ്യത്യസ്തമായിരുന്നില്ല ജെ.ബി.എസ്. ഹാള്‍ഡേയ്ന്‍ എന്ന ശാസ്ത്രജ്ഞന്റെയും വിധി. ബ്രിട്ടനില്‍ ജനിച്ച് വിശ്വപ്രസിദ്ധനായെങ്കിലും ആ രാജ്യത്തിന്റെ നയങ്ങളുമായി വിയോജിച്ച് ഇന്ത്യയിലെത്തി, ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച്, ഇന്ത്യക്കാരനായി ജീവിച്ചു മരിച്ച വിശ്വപൗരന്‍. ഭാരതത്തിന്റെ മണ്ണില്‍ വിലയം പ്രാപിച്ച ഹാള്‍ഡേയ്ന്‍ എന്ന ശാസ്ത്രജ്ഞന്‍ വിഷ്ണു നാരായണന്‍ നമ്പൂതിരി എന്ന കവിക്ക് ഭാരതപുത്രനാണ്.

അപരന്നായ് തലപുകച്ചതിലശ്രു 

കണമാം പുണ്യത്തെക്കറകളഞ്ഞെടു- 

ത്തണിഞ്ഞ പുത്രന്‍. 

ഗവേഷണത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച ഹാള്‍ഡേയ്ന്‍ ജീവിച്ചതു മാനവരാശിക്കുവേണ്ടിയാണ്. സഹജാതര്‍ക്കുവേണ്ടി തലപുകച്ച വ്യക്തി. ആ ശ്രമത്തില്‍ ഇല്ലാതായെങ്കിലും അദ്ദേഹത്തിന്റെ കര്‍മഫലങ്ങള്‍ ശാസ്ത്രഗവേഷണത്തിനു മുതല്‍ക്കൂട്ടായി. താപസജന്മമായിരുന്നു ഹാള്‍ഡെയ്ന്റേത്. കവികര്‍മവും മാനവരാശിക്കുവേണ്ടിത്തന്നെ. കവി ഉച്ചരിക്കുന്ന വാക്ക് അഗ്നിയാവുന്നു. ഓരോ കവിതയും ഓരോ വിറകായി ഉന്നതചിന്തയുടെ ഹോമകുണ്ഡത്തിനു സമര്‍പ്പിക്കുകയായിരുന്നു വിഷ്ണു നാരായണന്‍ നമ്പൂതിരി. ‘സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം’ എന്ന ആദ്യ കാവ്യസമാഹാരത്തിലാണ് ഭാരതപുത്രന്‍ എന്ന കവിതയുള്ളത്. ഹാള്‍ഡേയ്ന്‍ എന്ന ശാസ്ത്രജ്ഞനെ അഭിസംബോധന ചെയ്ത് ഭാരതം പാടുന്ന പാട്ട്. 

ആർഷ ഭാരത സംസ്കാരത്തില്‍ അധിഷ്ഠിതമായ മൂല്യങ്ങളാണ് വിഷ്ണു നാരായണന്‍ നമ്പൂതിരി എന്ന കവിയെ നയിച്ചത്. യുദ്ധത്തിനും ഹിംസയ്ക്കും എതിരായി മനുഷ്യത്വത്തിന്റെ മുദ്രാവാക്യം ഉദ്ഘോഷിച്ച കവി. 

വിയറ്റ്നാം വിപ്ലവം അടിച്ചമര്‍ത്താന്‍ നിയോഗിക്കപ്പെട്ട അമേരിക്കന്‍ ഭടനെക്കുറിച്ചുള്ള കവിതയാണ് കുറ്റവാളി. എന്നാല്‍ വിയറ്റ്നാമിലെ ജനതയില്‍ അമേരിക്കന്‍ പട്ടാളക്കാരന്‍ കാണുന്നത് സ്വന്തം നാട്ടില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ അടിമകളുടെ ആത്മാവ്. ഏബ്രഹാം ലിങ്കണും ഹോചിമിനും രണ്ടു വ്യക്തികളല്ലെന്നും ഒരേ ആദര്‍ശത്തിന്റെ രണ്ടു മുഖങ്ങളാണെന്നുമുള്ള പട്ടാളക്കാരന്റെ തിരിച്ചറിവാണ് കവിതയുടെ പ്രമേയം. അയാള്‍ ആയുധം താഴെ വയ്ക്കുന്നു. അച്ചടക്കം ലംഘിച്ചതിനു ലഭിക്കുന്ന വധശിക്ഷ നെഞ്ചു കാട്ടി സ്വീകരിക്കുന്നു. 

നിറതോക്കിങ്ങൊഴിച്ചോളൂ; പക്ഷേ ചോര തെറിക്കവേ 

ഞെട്ടൊല്ലേ, വീഴ്‍വതിന്നെന്റെയല്ല ലിങ്കന്റെ രക്തമാം.

അപരാജിത, ഇന്ത്യ എന്ന വികാരം, ആരണ്യകം, ഉജ്ജയിനിയിലെ രാപകലുകള്‍, ഭൂമിഗീതങ്ങള്‍, പരിക്രമം, അതിര്‍ത്തിയിലേക്കൊരു യാത്ര, ശ്രീവല്ലി, ഉത്തരായണം.... വിശുദ്ധമായ വാക്കുകളാല്‍ വായനക്കാരെ ആകര്‍ഷിക്കുന്ന എണ്ണം പറഞ്ഞ കാവ്യ സമാഹാരങ്ങള്‍. ഉന്നത മൂല്യങ്ങളുടെ വക്താവായിരുന്നെങ്കിലും ഭൂമിയെ സ്നേഹിച്ച, ജീവിതത്തെ വാഴ്ത്തിയ കവിയാണദ്ദേഹം. സ്വര്‍ഗ്ഗം ഉപേക്ഷിച്ച് അപൂര്‍ണതകളുടെ ലോകത്തേക്ക് ഇറങ്ങിവരുന്ന ഒന്നിലധികം കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

പുരാണ കഥകളെ ആസ്പദമാക്കി എഴുതിയ കവിതകള്‍ക്കു ശോഭ കൂടുതലാണ്. അഹല്യാമോക്ഷം, ഉര്‍വശീ നൃത്തം തുടങ്ങിയ കവിതകളില്‍ ഭാവനയുടെ സൗന്ദര്യം മഴവില്ലഴകു വിടര്‍ത്തുന്നു. എന്നാല്‍ ലോകത്തെ ത്യജിച്ച് കാടിന്റെ ഇരുട്ടില്‍ മോക്ഷം തേടുന്നവരെ അദ്ദേഹം പ്രകീര്‍ത്തിച്ചിട്ടുമില്ല. ‘ഉയിര്‍ത്തെഴുന്നേറ്റ സ്ത്രീ’ എന്ന കവിതയില്‍ 

‘കാടുകള്‍, മിഥ്യാചാരത്തിന്റെ കൂടുകള്‍ അതിന്‍ 

പോടുകള്‍ തോറും മുരണ്ടമരും വിരക്തന്‍മാര്‍’ 

എന്നെഴുതാന്‍ മടി കാട്ടിയിട്ടില്ല അദ്ദേഹം. 

പദവിന്യാസത്തിന്റെ ഭംഗി. രാഗതതാളലയങ്ങളുടെ ഏകോപനം. ‘ വസന്തസമീരനുയര്‍ത്തിയ പുഷ്പരാഗം പോലെ’ ഒരേ സമയം ചേതോഹരവും ചിന്തനീയവുമായ കവിതകള്‍. 

English Summary : Vishnu Narayanan Namboothiri passes away

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;