തീപിടിച്ച ജീവിതങ്ങളുടെ കവിത; മനുഷ്യത്വത്തിന്റെ പ്രാർഥന

HIGHLIGHTS
  • മനുഷ്യസാഹോദര്യം കവിയുടെ എന്നത്തെയും പ്രിയപ്പെട്ട വിഷയമാണ്.
  • കവിതയെന്ന കലയെ ഉദാത്തമായ സാഹിത്യരൂപമാക്കിയ കവി.
literature-manorama-life-channel-poet-vishnu-narayanan-namboothiri-life-sketch
വിഷ്ണു നാരായണൻ നമ്പൂതിരി
SHARE

നീ പിച്ചവെക്കെ നിലത്തു ചെന്താമര– 

പ്പൂ വിടര്‍ന്നെന്നു നിനച്ചിതെന്‍ ഭാവന 

നീയാറ്റുവക്കത്തു നിന്‍ കളിപ്പാവയെ 

നീരാട്ടിടുമ്പോള്‍ കുളിര്‍ത്തിതെന്‍ ഭാവന 

വിശുദ്ധ ശൈശവത്തിനു മുന്നില്‍ നൃത്തം ചെയ്യുന്ന ഈ കാവ്യഭാവനയാണ്  വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ കവിതയെ മലയാളികള്‍ക്കു പ്രിയപ്പെട്ടതാക്കിയത്. പുരാണ കഥാ സന്ദര്‍ഭങ്ങളും ആര്‍ഷ മൂല്യങ്ങളും സമ്പന്നമായ സംസ്കാരിക പൈതൃകവും കവിതയ്ക്കു വിഷയമാക്കിയപ്പോഴും ലോക ജീവിതവും സാധാരണ മനുഷ്യരുടെ സന്തോഷങ്ങളും കൊച്ചു കൊച്ചു ദുഃഖങ്ങളും അദ്ദേഹത്തിന്റെ കവിതയെ തഴുകി കടന്നുപോയിട്ടുണ്ട്. 

എരിയും ചെറ്റയില്‍പ്പാതി വെന്തകുഞ്ഞിന്റെ രോദനം 

നഗ്നയാം തള്ളയെ ബൂട്ട്സാല്‍ തോണ്ടിനീക്കുന്ന ഗര്‍ജനം 

എന്ന് കുറ്റവാളി എന്ന കവിതയില്‍ എഴുതുമ്പോള്‍ ആവര്‍ത്തിക്കപ്പെടുന്ന ഭരണകൂട ഭീകരതയിലേക്കാണ് കവി വിരല്‍ ചൂണ്ടിയത്; നിസ്സഹായമായ, നിരാധാരമായ അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതയാതനകളെക്കുറിച്ചും. 

തീ പിടിച്ച വീട് എന്ന ഇമേജാണ് തീവ്രദുരന്തങ്ങളുടെ ദൈനംദിന ജീവിതത്തിന് അദ്ദേഹം നല്‍കുന്നത്. ദാരിദ്ര്യം, അടിച്ചമര്‍ത്തപ്പെടുന്ന സ്വാതന്ത്ര്യമോഹം, നശിപ്പിക്കപ്പെടുന്ന പ്രകൃതി, ആരും കേള്‍ക്കാത്ത നിലവിളികള്‍ എന്നിവയ്ക്ക് കവി തന്റെ കവിതകളിലൂടെ നിരന്തരമായി ശബ്ദം നല്‍കി. വ്യവസ്ഥയോടു കലഹിക്കാനും നാളത്തെ ആസന്നമായ വിപ്ലവത്തെക്കുറിച്ചു മുന്നറിയിപ്പ് നല്‍കാനും അദ്ദേഹം മറന്നിട്ടുമില്ല. സഹജാതരേ എന്ന കവിതയില്‍, ഇന്നു ചുള്ളിക്കയ്യുകള്‍ നീട്ടി ഇരക്കുന്ന ബാല്യം നാളെ ചുരുട്ടിയ മുഷ്ടിയായി മാറുമെന്ന് കവി ദീര്‍ഘദര്‍ശനം ചെയ്യുന്നു. ഇന്ന് അവന്‍ മോന്തുന്ന വിഷം നാളെ ലോകത്തിന്റെ മുഖത്തേക്ക് ഒഴിക്കും. അവന്‍ ശത്രുവിന്റെ തല വെട്ടാന്‍ വാളോങ്ങുമ്പോള്‍ അരുതെന്നു വിലക്കുകയില്ല എന്ന് ‘അനുജന്‍’ എന്ന കവിതയില്‍ കവി വ്യക്തമാക്കുന്നു. 

മനുഷ്യസാഹോദര്യം കവിയുടെ എന്നത്തെയും പ്രിയപ്പെട്ട വിഷയമാണ്. ഏതു നാട്ടിലെയും മനുഷ്യരെ സഹജാതരായി കാണുന്ന കവിഹൃദയം ലോക ജീവിത ദുരന്തങ്ങളില്‍ തേങ്ങുന്നു. പ്രതീക്ഷയുടെ ശുഭകാമനകള്‍ക്കായി കാക്കുന്നു. 

ഏതു തോണികളുമെന്റേ, തേതു പുഴകളുമെന്റെ 

ലോകമെന്നനുഭവപ്പെട്ടതുപോലെ കവി ലോകത്തെ ചേര്‍ത്തുനിര്‍ത്തുന്നു. 

തീ പിടിച്ച പുരയാണ് ലോകമെങ്കിലും പ്രതീക്ഷയുടെ തിങ്കള്‍ക്കല കവി കാണുന്നു. വിളറുന്നുണ്ടെങ്കിലും കതിരുകള്‍ നേര്‍ക്കുന്നുണ്ടെങ്കിലും അസ്തമിക്കുമെങ്കിലും വീണ്ടും ഉദിക്കുമെന്ന ആത്മവിശ്വാസം പകരുന്നു.  ഇരുട്ടിന്റെ കട്ടിയേറിയ ആവരണം വീണ് ആശകളെ മൂടുമ്പോള്‍ പതുക്കെപ്പതുക്കെ നാട്ടുവെട്ടം പരക്കുമെന്ന പ്രതീക്ഷയാണ് കവിത വളര്‍ത്തുന്നത്. 

എന്റെ മുന്നില്‍ നടുമുറ്റത്തിളകുന്നു നിലാവോളം 

അഴിയുന്നു പാറിടുന്നു വെള്ള മുകിലിന്‍ ജടാഭാരം 

കൂരച്ചാല്‍ എന്ന കവിതയ്ക്കൊപ്പം വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ കവിതകള്‍ ആകെത്തന്നെയും പുതിയൊരു ലോകത്തിന്റെ ശുഭപ്രതീക്ഷയുടെ മന്ത്രഗീതിയായി അനുഗ്രഹിച്ചു മലയാളത്തെ. 

ശമനൗഷധമാണ് അദ്ദേഹത്തിന്റെ കവിത മലയാളികള്‍ക്ക്. കവിതയെന്ന കലയെ ഉദാത്തമായ സാഹിത്യരൂപമാക്കിയ കവി. കവിതയ്ക്കൊപ്പം വിജയിച്ചു കവി. വിസ്മയം വിടര്‍ത്തിയ കാവ്യഭംഗിയായി കൈരളിക്ക് വിഷ്ണു കവിത. 

English Summary : Literary works of Poet Vishnu Narayanan Namboothiri

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;