ഭാവിയുടെ ക്ലാര: ചിരിക്കാനും ചിന്തിക്കാനും പ്രണയിക്കാനും കഴിയും; പ്രണയിച്ചിട്ടു വഞ്ചിക്കാനോ

HIGHLIGHTS
  • നൊബേല്‍ സമ്മാനം നേടിയകസുഗോ ഇഷിഗുറോയുടെ പുതിയ നോവൽ
  • നിര്‍മിത ബുദ്ധി സൃഷ്ടിച്ച യന്ത്രപ്പാവയിലൂടെ പറയുന്ന കഥ
Kazuo Ishiguro
കസുഗോ ഇഷിഗുറോ
SHARE

പ്രശസ്തമായ നഗരത്തിലെ ഒരു കടയുടെ ഡിസ്പ്ലേ ബോര്‍ഡിലാണ് ക്ലാരയുടെ നില്‍പ്. പുറത്തെ നിരത്തിലേക്കാണു നോട്ടം. ഓരോ ദിവസവും എണ്ണമറ്റ സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ചുകൊണ്ട്. ഇടയ്ക്കിടെ ചില പ്രതികരണങ്ങള്‍ ക്ലാരയില്‍ നിന്നുണ്ടാകും. കാണുന്നതും കേള്‍ക്കുന്നതുമായ സംഭവങ്ങളോടുള്ള പ്രതികരണങ്ങള്‍. പതുക്കെ, 

മൃദുവായി, മന്ത്രിക്കുന്നതുപോലെയാണു ക്ലാരയുടെ പ്രതികരണങ്ങള്‍. തൊട്ടടുത്ത നില്‍ക്കുന്ന സുഹൃത്തിനുമാത്രം കേള്‍ക്കാവുന്ന മര്‍മരങ്ങള്‍. യഥാര്‍ഥത്തില്‍ ക്ലാര സുഹൃത്താണ്. നിര്‍മിത സുഹൃത്തെന്നും വിളിക്കാം. 

നിര്‍മിത ബുദ്ധിയാല്‍ നിര്‍മിക്കപ്പെട്ട റോബട്ട്. ഇപ്പോള്‍ ക്ലാര ഒറ്റയ്ക്കാണ്. എന്നാല്‍, ആരാണോ ക്ലാരയെ വാങ്ങിക്കുന്നത് അവരുടെ ആവശ്യപ്രകാരം ആരുടെ സുഹൃത്താണോ ആവേണ്ടത് ആ അവസ്ഥയിലേക്ക് ക്ലാര വേഗം മാറും. അതിനുള്ള കാത്തുനില്‍പാണ് ഇപ്പോള്‍ കടയില്‍. 

സുഹൃത്തിനുവേണ്ടി കാത്തുനില്‍ക്കുന്ന യന്ത്രപ്പാവ എന്നു വിളിക്കാവുന്ന ക്ലാര നായികയാണ്. നെവര്‍ ലെറ്റ് മീ ഗോ, റിമെയ്ന്‍സ് ഓഫ് ദ് ഡേ ഉള്‍പ്പെടെയുള്ള നോവലുകളിലൂടെ പ്രശസ്തനായ, നൊബേല്‍ സമ്മാനം നേടിയ ബ്രിട്ടിഷ് എഴുത്തുകാരന്‍ കസുഗോ ഇഷിഗുറോയുടെ ഏറ്റവും പുതിയ നോവലിലെ നായിക. ക്ലാര ആന്‍ഡ് ദ് സണ്‍ എന്നാണു നോവലിന്റെ പേര്, സൗരോര്‍ജം കൊണ്ടു ക്ലാര 

പ്രവര്‍ത്തിക്കുന്നതിനാലാണ് സൂര്യന്‍ കൂടി നോവലിന്റെ പേരില്‍ കടന്നുകൂടിയത്. 

ക്ലാര വെറുമൊരു യന്ത്രപ്പാവ മാത്രമല്ല. വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും. വികാരങ്ങളിലെ വൈരുദ്ധ്യങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിയും. അത്തരമൊരു രംഗത്തോടുകൂടിയാണു നോവല്‍ തുടങ്ങുന്നതും. കടയില്‍നിന്ന് ജനാലയിലൂടെ ക്ലാര നോക്കുമ്പോള്‍ കാണുന്നത് രണ്ടു പേര്‍ തെരുവില്‍ കണ്ടുമുട്ടുന്നതാണ്. ഒരു സ്ത്രീയും പുരുഷനും. അവര്‍ നേരത്തേ പരിചിതരായിരുന്നു. സുഹൃത്തുക്കളോ അല്ലെങ്കില്‍ 

അതിനപ്പുറമോ കടന്ന അടുത്ത ബന്ധം. വര്‍ഷങ്ങളുടെ ഇടവേവയ്ക്കു ശേഷം വീണ്ടും അവര്‍ നേരിട്ടുകാണുകയാണ്. എന്നാല്‍ തെരുവില്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടിയപ്പോള്‍ സന്തോഷത്തേക്കാള്‍ ഞെട്ടലാണ് അവര്‍ക്കുണ്ടായതെന്നാണ് ക്ലാരയ്ക്കു തോന്നുന്നത്. 

കണ്ടുമുട്ടിയ ഉടന്‍ തന്നെ അവര്‍ പരസ്പരം പുണര്‍ന്നു.ഏറ്റവുമടുത്ത രണ്ടുപേരെപ്പോലെ. അത്യഗാധമായും ആത്മസമര്‍പ്പണത്തോടെയും. ആ കാഴ്ച കണ്ടപ്പോഴാണ് അവരുടെ മനസ്സില്‍ സന്തോഷത്തേക്കാളധികം ഞെട്ടലാണുണ്ടായതെന്നു ക്ലാര ശരിയായി മനസ്സിലാക്കുന്നതും. ക്ലാര തന്റെ തോന്നല്‍ പറഞ്ഞു; 

കടയുടമ അതു കേട്ടു. അദ്ദഹം ഉടന്‍ മറുപടിയും പറഞ്ഞു. ചിലപ്പോള്‍ ചില പ്രത്യേക നിമിഷങ്ങളില്‍ ചിലര്‍ക്ക് സന്തോഷത്തിനൊപ്പം തീവ്രമായ വേദനയുമുണ്ടാകാം. 

ജീവിതത്തെക്കുറിച്ചുള്ള ഒരു പുതിയ കാഴ്ചപ്പാട് കൂടി ക്ലാര പഠിക്കുകയായിരുന്നു. തന്റെ യാത്രയില്‍ പഠിക്കാനിരിക്കുന്ന ഒട്ടേറെ പാഠങ്ങളില്‍ വിലപ്പെട്ട ഒന്ന്. 

അധികനാളുകള്‍ ക്ലാരയ്ക്ക് കടയില്‍ ഏകാന്തയായി നില്‍ക്കേണ്ടിവന്നില്ല. ക്ലാരയെ ഒരാള്‍ വാങ്ങി. ജോസി എന്ന കൗമാരക്കാരിയായ പെണ്‍കുട്ടിക്ക് സുഹൃത്തായി. ജോസി ഒറ്റയ്ക്കൊരു കുട്ടിയാണ്. അവര്‍ പലപ്പോഴും ഒറ്റയ്ക്കാണ്. കഠിനമായ ഏകാന്തതയില്‍ കഴിയുന്ന ജോസിക്ക് ക്ലാര കൂട്ടാകണം. അത്രമാത്രം. അങ്ങനെ ജോസിയുടെ സുഹൃത്തായി ക്ലാര വരുന്നതോടെ ഇഷിഗുറോയുടെ നോവല്‍ ഭാവിയിലേക്കു കടക്കുകയാണ്. അധിക വര്‍ഷങ്ങളൊന്നും കാത്തിരിക്കേണ്ടതില്ലാത്ത ഒരു ഭാവിയിലേക്ക്. യന്ത്രപ്പാവകള്‍ മനുഷ്യരുടെ സുഹൃത്തുക്കളാകുന്ന കാലത്തേക്ക്. 

വികാരങ്ങളും അവയുടെ വൈരുദ്ധ്യങ്ങളും തിരിച്ചറിയാമെങ്കിലും മനുഷ്യരെപ്പോലെ വഞ്ചിക്കാന്‍ ക്ലാരയ്ക്കു കഴിയുമോ. ചതിക്കാന്‍. ഒറ്റപ്പെടുത്താന്‍. വിരഹത്തിന്റെ വിഷാദത്തിലേക്ക് തള്ളിയിട്ട്, പിന്നീട് എന്നെങ്കിലുമൊരിക്കല്‍ അപ്രതീക്ഷിതമായി തിരിച്ചുവരാന്‍. അങ്ങനെ ജീവിതത്തിലുള്ള വിശ്വാസം തിരിച്ചുപിടിക്കാന്‍ ? 

ഒന്നൊന്നായി ഉയരുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഇഷിഗുറോയുടെ നോവല്‍. ക്ലാര ആന്‍ഡ് ദ് സണ്‍. ഭാവികാലത്തിന്റെ പശ്ചാത്തലതത്തില്‍ നിര്‍മിത ബുദ്ധി സൃഷ്ടിച്ച യന്ത്രപ്പാവയിലൂടെ പറയുന്ന കഥ. 

English Summary: Nobel winner Kazuo Ishiguro’s new novel ‘Klara and the Sun’ out in March 2021

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;