പാർട്ടികൾക്കു സിനിമക്കാരെ മതിയോ? എഴുത്തുകാരെ വേണ്ടേ?

HIGHLIGHTS
  • രാഷ്ട്രീയത്തിലിറങ്ങിയ മലയാളം എഴുത്തുകാർ
Joseph Mundassery
ജോസഫ് മുണ്ടശ്ശേരി
SHARE

ചലച്ചിത്ര താരങ്ങളും സംവിധായകരും ഇപ്പോൾ സിനിമ വിട്ട് രാഷ്ട്രീയത്തിലേക്കു ചേക്കേറുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കഴിഞ്ഞപ്പോഴേക്കും ഒട്ടേറെ താരങ്ങൾ കോൺഗ്രസിലെത്തി. 

എൽഡിഎഫിന്റെയും എൻഡിഎയുടെയും യാത്ര പുരോഗമിക്കുകയാണ്. അവയും തീരുമ്പോഴേക്കും പല താരങ്ങളും ചേരിതിരിഞ്ഞ് കൊടിപിടിക്കാനെത്തിയേക്കാം. 

രാഷ്ട്രീയപ്പാർട്ടികൾ ചലച്ചിത്രതാരങ്ങളെ ആവേശത്തോടെ സ്വീകരിക്കുമ്പോൾ ഉയരുന്നൊരു ചോദ്യമുണ്ട്. എന്തുകൊണ്ട് സാഹിത്യ–സാംസ്കാരിക നായകന്മാരെ കൂടെക്കൂട്ടാൻ ഇവർ താൽപര്യം കാണിക്കുന്നില്ല. സിനിമക്കാർ ചെല്ലുന്നതുപോലെ സ്വന്തം ഇഷ്ടപ്രകാരം ഒരു സാഹിത്യകാരനും രാഷ്ട്രീയത്തിൽ ചേക്കേറുന്ന കാഴ്ച നാം കാണുന്നില്ല. സാഹിത്യകാരന്മാരെ പരസ്യമായി രാഷ്ട്രീയക്കാർ ക്ഷണിക്കുന്നതിനും നാം സാക്ഷിയാകുന്നില്ല. സാഹിത്യകാരന്മാരെ ഗോദയിൽ ഇറക്കിയാൽ വോട്ടുകിട്ടില്ല എന്നുള്ള മുൻധാരണയാണോ ഇതിനു കാരണം? അതോ സാഹിത്യകാരന്മാർ രാഷ്ട്രീയത്തോട് അകലം പാലിച്ചു നിൽക്കുന്നതാണോ?

ഒരു കാലത്ത് സാഹിത്യകാരന്മാർക്ക് രാഷ്ട്രീയത്തിൽ വലിയ സ്വീകാര്യതയായിരുന്നു. കേരളത്തിന്റെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി ഒരു സാഹിത്യകാരനായിരുന്നു. ജോസഫ് മുണ്ടശ്ശേരിയെ പോലെയുള്ള ഉറച്ചൊരു കമ്യൂണിസ്റ്റുകാരനെ വിദ്യാഭ്യാസ മന്ത്രിയാക്കാൻ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് കാണിച്ച ധൈര്യം എടുത്തുപറയേണ്ടതാണ്. വിദ്യാഭ്യാസ മന്ത്രിയുടെ സ്ഥാനം അർഹിക്കുന്ന കൈകളിൽ തന്നെയായിരുന്നു അദ്ദേഹം ഏൽപിച്ചത്. 

SK Pottekkatt, Sukumar Azhikode
എസ്.കെ.പൊറ്റെക്കാട്ട്, സുകുമാർ അഴീക്കോട്

ജ്ഞാനപീഠ ജേതാവ് എസ്.കെ.പൊറ്റെക്കാട്ട് ആണ് മൂന്നു തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ച സാഹിത്യകാരൻ. സാഹിത്യകാരനും സാഹിത്യകാരനും തമ്മിലുള്ള ഏറ്റുമുട്ടലിനും തലശ്ശേരി മണ്ഡലം സാക്ഷിയായി. മൂന്നാംതവണ എസ്കെയ്ക്കെതിരെ മത്സരിച്ചത് സുകുമാർ അഴീക്കോട് ആയിരുന്നു. 66,000 വോട്ടിനാണ് എസ്കെ അഴീക്കോടിനെ തോൽപിച്ച് പാർലമെന്റിലെത്തിയത്. രണ്ടുസാഹിത്യകാരന്മാർക്കു വേണ്ടിയും വോട്ടുപിടിക്കാൻ സാഹിത്യകാരന്മാർ ചേരിതിരിഞ്ഞ് തലശ്ശേരിയിലെത്തിയിരുന്നു. എം.ടി. വാസുദേവൻനായരൊക്കെ അന്ന് വോട്ടുപിടിക്കാനിറങ്ങിയതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്.

കെ. ദാമോദരൻ നിയമസഭയിലേക്കും പാർലമെന്റിലേക്കും മത്സരിച്ച സാഹിത്യകാരനായിരുന്നു. 1964 ൽ അദ്ദേഹം രാജ്യസഭാ എംപിയായി. 

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച രണ്ട് സാഹിത്യകാരന്മാരുണ്ട്– എം.കെ. സാനുവും കടമ്മനിട്ട രാമകൃഷ്ണനും. 1987 ൽ ആണ് എം.കെ.സാനു എറണാകുളത്തുനിന്ന് അസംബ്ലിയിലെത്തിയത്. 1996 ൽ കടമ്മനിട്ട ആറന്മുളയിൽനിന്നു ജയിച്ച് അസംബ്ലിയിലെത്തി.

എന്നാൽ സാഹിത്യകാരന്മാരെ ജയിപ്പിക്കുന്നതിൽ മലയാളികൾ അത്ര താൽപര്യം കാണിച്ചിരുന്നില്ല എന്നാണു ചരിത്രം നമ്മോടു പറയുന്നത്. ഒ.എൻ.വി. കുറുപ്പ് ഇടതു പിന്തുണയോടെ 1989 ൽ തിരുവനന്തപുരത്തു മത്സരിച്ചപ്പോൾ തോൽവിയായിരുന്നു ഫലം. സുകുമാർ അഴീക്കോടിന്റെ തോൽവി മറ്റൊരു സാഹിത്യകാരനോടായിരുന്നെങ്കിൽ ഒഎൻവി തോറ്റത് രാഷ്ട്രീയക്കാരനോടായിരുന്നു. കോൺഗ്രസിലെ എ. ചാർലി ഒഎൻവിയെ തോൽപ്പിച്ചത് അരലക്ഷം വോട്ടിനായിരുന്നു.

MK Sanu, Kadammanitta Ramakrishnan
എം.കെ. സാനു, കടമ്മനിട്ട

തിരഞ്ഞെടുപ്പിൽ മത്സരിച്ച് എല്ലാവരെയും ഞെട്ടിച്ച സാഹിത്യകാരനായിരുന്നു പുനത്തിൽ കുഞ്ഞബ്ദുല്ല. സാഹിത്യകാരന്മാർ ഇടതിനോടോ വലതുമുന്നണിയോടോ കൂറു പ്രഖ്യാപിച്ച സമയത്ത് പുനത്തിൽ ഇഷ്ടം കൂടിയത് ബിജെപിയോടായിരുന്നു. 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുനത്തിൽ ബേപ്പൂരിൽ ബിജെപി സ്ഥാനാർഥിയായി. എൽഡിഎഫിലെ വി.കെ.സി. മമ്മത് കോയയായിരുന്നു അന്നു ജയിച്ചത്. സാഹിത്യ–സാംസ്കാരിക നായകരൊക്കെ ബിജെപിയോട് അകലം പാലിച്ചു നിൽക്കുമ്പോഴായിരുന്നു പുനത്തിൽ ബിജെപി സ്ഥാനാർഥിയായത്. അതിന് അദ്ദേഹം പറഞ്ഞ ന്യായം ഇതായിരുന്നു– ‘‘അവരാണ് ആദ്യം എന്നെ സമീപിച്ചത്. അതുകൊണ്ട് ഞാൻ മത്സരിച്ചു’’. പിന്നീട് അദ്ദേഹം രാഷ്ട്രീയം തുടർന്നില്ല.

ONV Kurup, Punathil Kunjabdulla
പുനത്തിൽ കുഞ്ഞബ്ദുള്ള, ഒ.എൻ.വി.

സ്വന്തമായി രാഷ്ട്രീയമുണ്ടാക്കിയൊരു സാഹിത്യകാരിയുണ്ടായിരുന്നു മലയാളത്തിൽ; മാധവിക്കുട്ടി. 1984 ൽ ലോക്സേവ പാർട്ടിയുണ്ടാക്കി ലോക്സഭയിലേക്കു മത്സരിച്ച അവരെ ‍ജനം ഗൗനിച്ചതേയില്ല. അതോടെ ആ പാർട്ടിയുടെ കഥയും കഴിഞ്ഞു. ആരൊക്കെയോ ചേർന്ന് അവരെ പറഞ്ഞുപറ്റിച്ച് രാഷ്ട്രീയത്തിലിറക്കുകയായിരുന്നു.

ആം ആദ്മി പാർട്ടിയുടെ കേരള ഘടകം രൂപീകരിച്ചപ്പോൾ സാറാ ജോസഫും എൻ. പ്രഭാകരനുമൊക്കെ അതിനോട് ആഭിമുഖ്യം പുലർത്തിയിരുന്നു. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സാറാ ജോസഫ് ആം ആദ്മി പാർട്ടിക്കുവേണ്ടി തൃശൂരിൽ മത്സരിച്ചിരുന്നു. 

അടുത്തിടെയായി സാഹിത്യകാരന്മാരെ രാഷ്ട്രീയത്തിലിറക്കാൻ ഒരു മുന്നണിയും താൽപര്യം കാണിക്കാറില്ല. സിനിമക്കാർക്കും മാധ്യമപ്രവർത്തകർക്കുമാണ് പാർട്ടികൾ മുൻതൂക്കം നൽകുന്നത്. 

Madhavikutty, Sarah Joseph
മാധവിക്കുട്ടി, സാറാ ജോസഫ്

മലയാളത്തിലെ മുഖ്യധാരാ സാഹിത്യകാരന്മാരൊന്നും കക്ഷിരാഷ്ട്രീയത്തോടു കാര്യമായ താൽപര്യം കാണിക്കാറില്ല. കഥാകൃത്ത് ടി. പത്മനാഭൻ മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത സൗഹൃദമുണ്ടെങ്കിലും താനൊരു കോൺഗ്രസുകാരനാണെന്ന് തുറന്നു പറയാറുണ്ട്. എം.ടി. വാസുദേവൻനായരും സി.രാധാകൃഷ്ണനും എം.മുകുന്ദനുമൊന്നും തങ്ങളുടെ രാഷ്ട്രീയമൊന്നും തുറന്നു പറയാറില്ല. എല്ലാ മുന്നണികളോടും സമദൂര അകലം പാലിച്ചാണു നിൽക്കാറുള്ളത്.

English Summary: Writers who contested in elections 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;