ബീഫ് ഫെസ്റ്റിവലുകളുടെ കാലത്തെ വെജിറ്റേറിയൻ

HIGHLIGHTS
  • രവിവർമ തമ്പുരാൻ എഴുതുന്ന പംക്തി –പുസ്തകക്കാഴ്ച
  • ഒരേ സമയം പുസ്തകവും എഴുത്തുകാരനും സംസാരിക്കുന്ന ഇടം
C V Balakrishnan
സി.വി. ബാലകൃഷ്ണൻ
SHARE

ഭക്ഷണ സ്വാതന്ത്ര്യം നഷ്ടപ്പെട്ടിരിക്കുന്നു എന്നു പരിതപിച്ച് ഇടതുസംഘടനകളും ചില മതാനുബന്ധ സംഘടനകളും  കേരളമൊട്ടാകെ ബീഫ് ഫെസ്റ്റിവലുകൾ നടത്തിവരുന്ന സമയത്താണ് ദ് വെജിറ്റേറിയൻ എന്ന നോവലിനെക്കുറിച്ചു കേൾക്കുന്നത്. ബീഫ് ഫെസ്റ്റിവലുമായി ബന്ധിപ്പിച്ചുകൊണ്ടൊന്നുമല്ല, മറിച്ച് വായിക്കാൻ കൊള്ളാവുന്ന നല്ലൊരു നോവൽ എന്ന നിലയ്ക്കായിരുന്നു ആ കേൾവി. അടുത്ത ദിവസം തന്നെ പുസ്തകശാലയിൽ പോയി വെജിറ്റേറിയന്റെ ഇംഗ്ലിഷ് പരിഭാഷ തിരഞ്ഞെങ്കിലും കിട്ടിയില്ല. കോട്ടയത്തെ പുസ്തകശാലകളിൽ വെജിറ്റേറിയൻ വന്നു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. പുസ്തകം കിട്ടാത്ത സങ്കടത്തിലങ്ങനെ നടക്കുമ്പോഴാണ് സുഹൃത്ത് ജി. പ്രമോദ് ഓൺലൈനായി വരുത്തിയ പുസ്തകം, അദ്ദേഹത്തിന്റെ വായനയ്ക്കുശേഷം എനിക്കു തരുന്നത്.

2007 ൽ കൊറിയൻ ഭാഷയിൽ എഴുതപ്പെട്ട നോവൽ,  2016 ലെ  മാൻ ബുക്കർ രാജ്യാന്തര പുരസ്‌കാരം ലഭിച്ചതോടെയാണ് രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതും വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റമുണ്ടാവുന്നതും. 1970 നവംബറിൽ ദക്ഷിണ കൊറിയയിലെ ഗ്വാങ്ജുവിൽ ജനിച്ച ഹാൻ കാങ് എന്ന അധ്യാപിക എഴുതിയ വെജിറ്റേറിയൻ, മാൻ ബുക്കർ പുരസ്‌കാരത്തിലെ സഹജേത്രിയായ ഡെബോറ സ്മിത്ത് ആണ് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തിയത്. 183 പേജുള്ള ഇംഗ്ലിഷ് പരിഭാഷ ആഴ്ചകളോളം, വിചാരങ്ങളുടെ മുഖ്യധാരയായി വർത്തിച്ച് എന്നെ  വട്ടം കറക്കിക്കൊണ്ടിരുന്നു. ഇഷ്ടക്കൂടുതൽ കൊണ്ടുള്ള മതിഭ്രമമായിരുന്നു അത്. നോവലിന്റെ പ്രമേയത്തോടിഷ്ടം, അതിലെ ഭാഷയോടിഷ്ടം, ആഖ്യാനശൈലിയോടിഷ്ടം, എഴുത്തുകാരിയോട് ഇഷ്ടം, പരിഭാഷകയോട് ഇഷ്ടം,  നോവൽ വായിക്കാൻ പറഞ്ഞ കൂട്ടുകാരനോടിഷ്ടം,  വായിക്കാൻ തന്ന കൂട്ടുകാരനോട് ഇരട്ടിയിഷ്ടം....  ആ പുസ്തകവും അതുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടവരുമൊക്കെ പിന്നീടും എന്റെ ഇഷ്ടങ്ങളിൽ കയറിക്കൂടി ആനന്ദിപ്പിച്ചുകൊണ്ടിരുന്നു. ഇംഗ്ലിഷ് പതിപ്പ് വായിച്ച് മൂന്നര വർഷം കഴിഞ്ഞ് അതിന്റെ മലയാളപരിഭാഷ ഇറങ്ങിയതായും അതു തയാറാക്കിയത് ജ്യേഷ്ഠ സുഹൃത്തും പ്രിയ നോവലിസ്റ്റുമായ സി.വി ബാലകൃഷ്ണനാണെന്നറിയുകയും ചെയ്തതോടെ വെജിറ്റേറിയൻ വീണ്ടും എന്റെ ഉറക്കം കെടുത്തി. കോട്ടയത്തും തിരുവല്ലയിലുമൊക്കെ തിരഞ്ഞിട്ടും മലയാള പരിഭാഷ വാങ്ങാൻ കിട്ടാതെ വന്നതോടെ പരിഭാഷകനെത്തന്നെ വിളിച്ചു. അങ്ങനെയാണ് പ്രസാധകരായ കൈരളി ബുക്‌സിൽനിന്ന് ഒരു പ്രതി അയച്ചു കിട്ടിയത്. മലയാള പരിഭാഷ വായിച്ചു കഴിഞ്ഞപ്പോൾ സന്തോഷം ഇരട്ടിച്ചു.

Pusthakakazhcha01

അതിലെ മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും ഭംഗി കൊണ്ടാണോ മുമ്പു വായിച്ച ഇംഗ്ലിഷ് പരിഭാഷയുടെ ഹൃദയസൗന്ദര്യം  ചോർന്നിട്ടില്ലെന്ന തിരിച്ചറിവിനാലാണോ ആ സന്തോഷവർധന ഉണ്ടായതെന്നു പറയാനാവില്ല. എന്തായാലും ഒരു കാര്യം പറയാം, ഏതാനും വർഷങ്ങളായി മലയാളത്തിലേക്കു പരിഭാഷ ചെയ്യപ്പെട്ട് ഇറങ്ങുന്ന ലോകസാഹിത്യത്തിലെ മികച്ച പല കൃതികളും മലയാളം കൊണ്ട് മാനഭംഗം ചെയ്യപ്പെട്ട അവസ്ഥയിലാണ് നമ്മുടെ മുമ്പിലെത്താറ്. പലതരം  വികൃതപ്രയോഗങ്ങൾ, വാക്കുകൾ. അത്തരം പരിഭാഷകൾക്കിടയിലേക്കാണ് സി.വി. ബാലകൃഷ്ണന്റെ വെജിറ്റേറിയൻ പരിഭാഷ വന്നെത്തിയിരിക്കുന്നത്. സ്വയം മലയാളത്തിലെ മുൻനിരക്കാരനായ എഴുത്തുകാരൻ കൊറിയൻ ഭാഷയിലിറങ്ങിയ  നോവൽ മലയാളത്തിലേക്കു മൊഴിമാറ്റം നടത്താൻ എടുത്ത തീരുമാനം നല്ലതാണ്. മികച്ച പരിഭാഷകളിലൂടെയാണ് മുമ്പൊക്കെ നമ്മൾ ലോകസാഹിത്യവും ഭാരതത്തിലെ ഇതരഭാഷകളിലെ  സാഹിത്യവും മനസ്സിലാക്കി വന്നതെങ്കിൽ ഇക്കാലത്ത് ഇറങ്ങുന്ന മറ്റു പല പരിഭാഷകളും നമ്മുടെ ഭാഷയെയോർത്തു കരയാനുള്ള സംഗതികളായിത്തീരുമ്പോൾ പ്രത്യേകിച്ചും.

വിവാഹിതയും ഭർതൃമതിയുമായ യിയോംഗ് ഹൈ എന്ന യുവതി ഒരു ദിവസം രാവിലെ ഉറക്കമുണർന്നത് ഒരു സ്വപ്നം കണ്ടുകൊണ്ടാണ്. ആ സ്വപ്നത്തിന്റെ പ്രേരണയിൽ അവർ മാംസഭക്ഷണവും മൽസ്യവും തീർത്തും ഉപേക്ഷിക്കുന്നു. തികഞ്ഞ സസ്യാഹാരിയായി മാറുന്ന യിയോംഗ് ഹൈ, മാംസഭക്ഷണം പുനരാരംഭിക്കാനുള്ള അച്ഛന്റെ നിർബന്ധവും അതിനുവേണ്ടിയുള്ള ബലപ്രയോഗവും ചെറുക്കാൻ പഴക്കത്തിയെടുത്ത് തന്റെ മണിബന്ധം മുറിക്കുന്നു. സസ്യാഹാരത്തിൽ ഉറച്ചു നിൽക്കുന്നതിനുവേണ്ടി ജീവൻ വെടിയാൻ തുനിഞ്ഞ യിയോംഗ് ഹൈയെ ഭർത്താവ് ഉപേക്ഷിക്കുന്നു.

cv-balarishnan-3

ഒറ്റയ്ക്കു ജീവിക്കുന്ന യിയോംഗ് ഹൈ ചെടികളോടും പൂക്കളോടുമുള്ള ഇഷ്ടക്കൂടുതൽ മൂലം ചേച്ചിയുടെ ഭർത്താവിന്റെ വിഡിയോയിൽ പൂർണ നഗ്നയായി അഭിനയിക്കുന്നു. ആകമാനം പൂക്കൾ പെയിന്റ് ചെയ്ത ഉടലുകൊണ്ട് അവൾ,  പൂക്കളാൽ അലംകൃതനായ സഹോദരീഭർത്താവുമായി ഇണചേരുന്നു. അതു കാണാനിടയായ ചേച്ചി ഭർത്താവിനെ ഉപേക്ഷിക്കുന്നു. അനുജത്തിയെ മാനസികദൗർബല്യത്തിന് ചികിൽസിക്കാനേൽപിക്കുന്നു.

ആശുപത്രിയിൽ ഓരോ ദിവസം ചെലവിടുംതോറും  താനൊരു ചെടിയായിക്കൊണ്ടിരിക്കുകയാണെന്ന തോന്നലിലേക്കാണ് അവൾ വലിച്ചടുപ്പിക്കപ്പെടുന്നത്. ഒരു തരത്തിലുള്ള ആഹാരവും  കഴിക്കാതെ അവളുടെ ശരീരം മെലിയുന്നു. ആശുപത്രിക്കിടക്കയിൽ കൈകൾ അന്തരീക്ഷത്തിലേക്കു വിരിച്ചുപിടിച്ച് തലകുത്തി നിൽക്കുന്ന അവൾ വിചാരിക്കുന്നത് താനൊരു ചെടിയായിക്കഴിഞ്ഞുവെന്നാണ്. അവൾ പറയുന്നു: ഞാനിപ്പോൾ ഒരു ചെടിയാണ്. എനിക്ക് ആഹാരം ആവശ്യമില്ല. വേണ്ടത് വെള്ളവും സൂര്യപ്രകാശവും മാത്രം. മരങ്ങൾ നിറഞ്ഞ തുറസായ കുന്നുകളിലേക്കു പോകാൻ എന്നെ അനുവദിക്കൂ. ഞാനവിടെ പോയി മറ്റൊരു ചെടിയായി ജീവിച്ചുകൊള്ളാം. 

മനുഷ്യന്റെ പ്രകൃതിയിലേക്കുള്ള മടക്കം എന്നോ സ്ത്രീയുടെ സ്വത്വത്തിലേക്കുള്ള തിരിച്ചുപോക്ക് എന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന, അനേകം അടരുകൾ ഒളിപ്പിച്ചുവച്ചിരിക്കുന്ന മനോഹരമായ നോവൽ. പരിഭാഷയുടെ ഭംഗിയെ കുറിച്ചു പറയാനാണ് ഈ കുറിപ്പിൽ ശ്രമിക്കുന്നത്. ഉദാഹരണം പുസ്തകത്തിൽനിന്നു തന്നെയാവട്ടെ:

ഒടുവിൽ ഉറങ്ങുന്നതിൽ വിജയിച്ചപ്പോൾ ഞാനൊരു സ്വപ്നം കണ്ടു. സ്വപ്നത്തിൽ ഞാൻ ആരെയോ കൊല്ലുകയായിരുന്നു. സർവശക്തിയുമെടുത്ത് കത്തി കുടലിലേക്കു കുത്തിയിറക്കി, മുറിവിലൂടെ കൈനീട്ടി നീണ്ടതും ചുരുളുകളായതുമായ കുടലുകൾ വലിച്ച് പുറത്തിട്ടു. മീൻ തിന്നുന്നതുപോലെ, പതുക്കമുള്ള മാംസവും പേശിയുമാകെ ഉരിഞ്ഞ്, എല്ലുകൾ മാത്രം ബാക്കിയാക്കി.  ഉണർന്ന മാത്രയിൽ പക്ഷേ, കൊന്നതാരെയെന്ന് എനിക്ക് ഓർമയില്ലാതെയായി. 

നന്നേ രാവിലെയായിരുന്നു. ഇരുട്ടുണ്ട്. അപൂർവമായൊരു പ്രേരണയിൽ, ഞാൻ ഭാര്യയെ മൂടിയിരുന്ന പുതപ്പ് താഴോട്ടുനീക്കി. കറുകറേ കൂരിരുട്ടിൽ ഞാൻ തപ്പി. ജലമിശ്രമായ രക്തമോ, പിളർത്തിയ കുടലുകളോ അവിടെയുണ്ടായിരുന്നില്ല. മറ്റേ രോഗിണിയുടെ ഉറക്കത്തിലുള്ള ശ്വാസോച്ഛ്വാസം നേർത്ത കിതപ്പുകളായി എനിക്കു കേൾക്കാമായിരുന്നു. എന്നാൽ എന്റെ ഭാര്യ അസാധാരണമാം വിധം നിശ്ശബ്ദയായിരുന്നു. ഞാൻ ഉള്ളിലൊരു വിചിത്രമായ വിറയലറിഞ്ഞുകൊണ്ട് അവളുടെ മൂക്കിനു താഴെ ചൂണ്ടുവിരൽ  ചേർത്തു. അവൾ മരിച്ചിട്ടില്ലായിരുന്നു.

വെജിറ്റേറിയൻ മലയാള പരിഭാഷയുടെ വായന ഒരു കാര്യത്തിൽ ഉറപ്പു തരുന്നുണ്ട്. സി.വി.യെ പോലെ മുൻനിരക്കാരായ നോവലിസ്റ്റുകൾ വിശ്വനോവലുകൾ പരിഭാഷ ചെയ്യാൻ തീരുമാനിച്ചാൽ മലയാളത്തിൽ വായനയുടെ വിശ്വവസന്തം വിടരും.  സി.വി. തന്നെ പറയട്ടെ, കേൾക്കാം.

cv-balakrishnan-1

മുൻനിര കവികൾ മറ്റു ഭാഷകളിലെ മികച്ച കവിതകൾ മലയാളത്തിലേക്കു പരിഭാഷ ചെയ്യുന്ന രീതി വളരെ മുമ്പേ തന്നെയുണ്ട്. പക്ഷേ, മുൻനിര നോവലിസ്റ്റുകൾ നോവൽ പരിഭാഷ ചെയ്യുന്ന രീതി അങ്ങനെയില്ല. എന്നാൽ, മലയാളത്തിൽ നോവലെഴുതുന്നവരിലെ മുൻനിരക്കാരനായ സി.വി. വെജിറ്റേറിയൻ പരിഭാഷ ചെയ്തിരിക്കുന്നു. എന്താണ് പ്രേരണ?

ദ് വെജിറ്റേറിയന് മാൻ ബുക്കർ പുരസ്‌കാരം  ലഭിച്ചത് 2016 ലാണ്. ആയിടെത്തന്നെ  ഞാൻ നോവൽ വായിച്ചിരുന്നു. എനിക്കത് ഇഷ്ടമായി. തികച്ചും വ്യത്യസ്തവും പുതുമയുറ്റതുമായ പ്രമേയം. സവിശേഷതയാർന്ന ആഖ്യാനഘടന. ഗാഢവും തീക്ഷ്ണവുമായ വായനാനുഭവം തരുന്ന ഒരു കൃതി. പിന്നീട് വളരെ കഴിഞ്ഞാണ് കൈരളി ബുക്‌സ് അത് പരിഭാഷപ്പെടുത്താൻ അഭ്യർഥിക്കുന്നത്. എളുപ്പത്തിൽ ചെയ്യാവുന്ന പണിയല്ല. എന്നിട്ടും ഞാൻ അത് ഏറ്റെടുത്തു. നോവലിനോടു തോന്നിയ താല്പര്യം തന്നെയായിരുന്നു മുഖ്യ പ്രേരണ. 

കൊറിയൻ ഭാഷയിൽനിന്ന് ഇംഗ്ലിഷിലെത്തി, അവിടെനിന്ന് താങ്കൾ മലയാളത്തിലെത്തിച്ചു. കൊറിയൻ സംസ്‌കാരവും ജീവിതരീതിയുമൊന്നും മലയാളികൾക്ക് അത്ര പരിചിതവുമല്ല. സ്വാഭാവികമായും പരിഭാഷാ ജോലി അനായാസമായിരുന്നു എന്നു കരുതാൻ ന്യായമില്ല. പരിഭാഷാനുഭവം ഒന്നു വിവരിക്കാമോ?

നാലഞ്ചുമാസം വേണ്ടിവന്നു ചെയ്തുതീർക്കാൻ. തുടർച്ചയായി അതിൽത്തന്നെ കേന്ദ്രീകരിക്കാൻ പറ്റുമായിരുന്നില്ല. വേറേ പല തിരക്കുകളും ഉണ്ടായിരുന്നു. അവയ്ക്കിടയിൽ നേരം കിട്ടിയപ്പോഴൊക്കെ പണി തുടർന്നു. കൊറിയൻ സംസ്‌കൃതിയുമായും ചരിത്രവുമായും ജീവിതസാഹചര്യങ്ങളുമായും ബന്ധപ്പെട്ടുള്ള ചില അന്വേഷണങ്ങൾ സ്വാഭാവികമായും അതിനിടയിൽ നടത്തിയിരുന്നു. സന്ദിഗ്ധതകളൊന്നും അലട്ടുകയുണ്ടായില്ല. ഹാൻ കാങ്  അറിഞ്ഞതിനു സമാനമല്ലെങ്കിലും രചനയെന്ന പ്രക്രിയയുടെ ആഹ്ലാദം വലിയൊരളവോളം എനിക്കുമുണ്ടായി. എഴുത്തുകാരിയുടെ മനസ്സുമായി സാത്മ്യപ്പെടാൻ എനിക്കു കഴിഞ്ഞുവെന്നത് നിർണായകമായ ഒരു കാര്യമായിരുന്നു. വെറും ജോലി എന്ന നിലയ്ക്ക് പരിഭാഷ നിർവഹിക്കുന്നവർക്ക് അതു സാധിച്ചേക്കില്ല. അവരെ സംബന്ധിച്ച് അതിന്റെ  ആവശ്യമില്ല താനും. 

ബംഗാളി, റഷ്യൻ സാഹിത്യങ്ങൾ മലയാളിയുടെ അഭിരുചിയെ നിർണയിച്ച കാലമുണ്ട്. പല വിദേശ ഭാഷകളിൽനിന്നും ലോകോത്തര കൃതികൾ മനോഹരമായി മലയാളത്തിലെത്തിയ കാലം. എന്നാൽ ഇപ്പോൾ വിവർത്തന സാഹിത്യ ശാഖ അത്ര പുഷ്‌കലമെന്നു പറയാനാവില്ല. എന്തായിരിക്കാം കാരണം?

പരിഭാഷ ഒരർഥത്തിൽ ശ്രേഷ്ഠമായ ദൈവനിന്ദയാണെന്ന് കെ.പി. അപ്പൻ എഴുതിയത് ഓർക്കുന്നു. ഒരൊറ്റ ഭാഷ സംസാരിച്ചിരുന്ന ജനതയെ പല ഭാഷകൾ സംസാരിക്കുന്നവരായി  മാറ്റിയ ദൈവനിശ്ചയത്തിനു നേരേയുള്ള വെല്ലുവിളിയാണ് പരിഭാഷ. മനുഷ്യർ പരിഭാഷകളിലൂടെ ഒന്നാകാൻ ശ്രമിക്കുന്നു. അങ്ങനെ വരുമ്പോൾ മനുഷ്യവർഗ്ഗത്തെ ഒന്നായി കാണാനുള്ള ആവേശത്തിൽ എഴുത്തുകാരൻ ചെയ്യുന്ന ശ്രേഷ്ഠമായ ദൈവനിന്ദയായിത്തീരുന്നു പരിഭാഷ. ഇത് തീർച്ചയായും ഏറെ കൗതുകകരമായ ഒരു നിരീക്ഷണമാണ്. ഉന്നതനായ ഒരു പരിഭാഷകന്റെ സ്വഭാവനിർവചനം അപ്പൻസാർ നടത്തിയിട്ടുണ്ട്. ക്ലാസിക് റഷ്യൻ നോവലുകൾ പരിഭാഷപ്പെടുത്തിയ ഇടപ്പള്ളി കരുണാകരമേനോനും എൻ. കെ ദാമോദരനുമൊക്കെ ഉന്നത സംസ്‌കാരമുള്ള പരിഭാഷകരായിരുന്നു. ഗണദേവത വിവർത്തനം ചെയ്ത രവിവർമയും ആരോഗ്യനികേതനം  മൊഴിമാറ്റിയ നിലീന ഏബ്രഹാമും ആരണ്യക് ചെയ്ത വാസുദേവക്കുറുപ്പും യയാതി ചെയ്ത പി.മാധവൻ പിള്ളയും ബിമൽ മിത്രയുടെ പല നോവലുകളുടെയും  പരിഭാഷകനായ എം.എൻ. സത്യാർഥിയും നമ്മുടെ അഗാധമായ ആദരവ് അർഹിക്കുന്നു. ഭാഷാവരം സിദ്ധിച്ചവരും സമർപ്പിത മനസ്‌കരുമായിരുന്നു അവരെല്ലാം. അവരുടെ പിന്തുടർച്ച എന്നു പറയാൻ, നിർഭാഗ്യവശാൽ അധികം പേരുണ്ടായില്ല. ചിലരുടെ വിവർത്തനക്രിയ വളരെ യാന്ത്രികമാണ് .

കുറേ നാളായി മലയാളത്തിലിറങ്ങുന്ന നോവൽ പരിഭാഷകളിൽ പലതിന്റെയും സ്ഥിതി പരിതാപകരമാണ്. ഡെവിൾ എന്നതിനു രാക്ഷസൻ എന്നു പ്രയോഗിക്കുന്നതു പോലെയുള്ള കുഴപ്പങ്ങൾ. എന്താണ് സി.വി.യുടെ അഭിപ്രായം?

ഈ വിലയിരുത്തലിനിടയാക്കിയത് മോശം വിവർത്തകരാണ്. ഭാഷ അറിയാവുന്നവർക്കു കേവലം യാന്ത്രികമായി നിർവഹിക്കാവുന്ന ഒരു പണിയായി പലരുമിതിനെ കാണുന്നു. വിവർത്തനം മൂലകൃതി എഴുതുന്നതിനെക്കാൾ വിഷമം പിടിച്ചതാണ്. ഗ്രിഗറി റബാസ്സയും എഡിത്ത് ഗ്രോസ്മാനും മറ്റും എത്ര അവധാനതയോടെയും ആത്മാർഥതയോടെയുമാണ് ഓരോ കൃതിയും പരിഭാഷപ്പെടുത്തിയതെന്ന് നാം കാണണം. ലോകസാഹിത്യമുണ്ടാക്കിയത് ഈ ഗണത്തിൽ പെട്ട വിവർത്തകരാണ്. വിവർത്തകർ ഇല്ലായിരുന്നെങ്കിൽ നാം വിവക്ഷിക്കുന്ന ലോകസാഹിത്യമെന്ന ഒന്ന് ഉണ്ടാകില്ലായിരുന്നു. വിവർത്തകധർമമെന്നത് മഹത്വമുറ്റതാണ്. അതിനെ നിസ്സാരവൽക്കരിക്കുന്നത്  വലിയ അപരാധമാവും. 

മറ്റു നോവലുകൾ പരിഭാഷ ചെയ്യുമ്പോൾ ക്രിയേറ്റീവ് റൈറ്റർ എന്ന നിലയിൽ സ്വന്തം എഴുത്തിനെ അത് എങ്ങനെ ബാധിക്കും?  

ഞാൻ പലപ്പോഴായി ഇരുപതോളം കഥകൾ വിവർത്തനം ചെയ്തിട്ടുണ്ട്. കഥകളുടെ വിവർത്തനത്തിന് താരതമ്യേന അധികം സമയമെടുക്കില്ല. ഒറ്റയടിക്കു പോലും ചെയ്തു തീർക്കാം. എന്നാൽ നോവലിന്റെ  കാര്യത്തിൽ അങ്ങനെയല്ല.  ഞാൻ മുമ്പു   മൊഴിമാറ്റിയിട്ടുള്ളത് ഡി. എച്ച്. ലോറൻസിന്റെ ദ് മാൻ ഹു ഡൈഡ് ആണ്. പരേതൻ എന്ന പേരിൽ. സ്വന്തം എഴുത്തിനെക്കാൾ പദധ്യാനം വിവർത്തനത്തിൽ വേണമെന്നതാണ് എന്റെ അനുഭവം. അങ്ങനെ ധ്യാനാത്മകമായാണ് ഞാൻ ചെയ്യാറുള്ളത്. ഒറ്റയെഴുത്താണ്. പിന്നീട് തിരുത്തലൊന്നും പതിവില്ല. സ്വന്തം എഴുത്തിലും അപ്രകാരം തന്നെയാണ്. നോവൽ വിവർത്തനത്തിന് ആവശ്യമായ സമയദൈർഘ്യം സ്വന്തമായുള്ള എഴുത്തിനെ ബാധിക്കുന്നതുതന്നെ. എന്നാൽ വിവർത്തനവും എന്നെ സംബന്ധിച്ച് സർഗാത്മക രചനയുടെ ആനന്ദം തരുന്നതാണ്.

സ്വന്തം എഴുത്തിനുള്ള സമയമല്ലേ പാഴായി പോകുന്നത്?

വിവർത്തനം മൂല്യവത്തായ ഒരു കർമമായി കാണുമ്പോൾ സമയത്തെ ചൊല്ലി ഖേദം തോന്നാറില്ല. എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ജീവിതത്തിൽ. വെജിറ്റേറിയൻ പോലൊരു കൃതി മലയാളത്തിൽ അവതരിപ്പിക്കുകയെന്നതും അർഥപൂർണമായ കാര്യം തന്നെയായി ഞാൻ കരുതുന്നു. അതിനു വേണ്ടി സ്വന്തം എഴുത്തിന്റെ സമയത്തിൽനിന്ന് കുറെ നീക്കിവച്ചാലും കുഴപ്പമൊന്നുമില്ല.

വെജിറ്റേറിയൻ എന്ന നോവലിനെ ഒറ്റ വാചകത്തിൽ  നിർവചിക്കാമോ?

മനുഷ്യമനസ്സുകളുടെ നിഗൂഢതകൾ അപഗ്രഥിച്ചുകാട്ടുന്ന ഒരു മൗലിക രചന. 

കേരളത്തിൽ പരമ്പരാഗത വെജിറ്റേറിയൻ കുടുംബങ്ങളിലും സമുദായങ്ങളിലും പെട്ട പലരും നോൺ വെജ് ആഹാരം ആർത്തി പിടിച്ചു കഴിക്കുന്ന കാലത്ത് കൊറിയയിൽ ഒരു യുവതി വെജിറ്റേറിയനിസത്തിലേക്ക് മാറുകയും ആ ഇഷ്ടം നടപ്പാക്കിക്കിട്ടാൻ ആത്മഹത്യയ്ക്കു തുനിയുകയും ചെയ്യുന്നു. ഈ രണ്ട് യാഥാർഥ്യങ്ങളെ എങ്ങനെ വിശകലനം ചെയ്യും?

കേരളം ആസക്തികളുടെ നാടാണ്. അധികാരത്തിനായും സമ്പത്തിനായും ലൈംഗിക സുഖത്തിനായും ഇത്രയേറെ ആർത്തി കാട്ടുന്ന മറ്റൊരു ജനസമൂഹമില്ല. തീറ്റ വസ്തുക്കളോടും മദ്യത്തോടുമുള്ള ആസക്തിയിലും  മലയാളികൾ എല്ലാവർക്കും മുന്നിലാണ്. വെജിറ്റേറിയനിലെ  നായിക കാട്ടിത്തരുന്നത് ത്യാഗത്തിന്റെയും പ്രതിരോധത്തിന്റെയും സഹനത്തിന്റെയും ഉയർന്ന ഒരു മാതൃകയാണ്. 

ഇതിലെ നായിക യിയോംഗ് ഹൈ വെജിറ്റേറിയനായ ശേഷം പ്രകൃതിയുമായി കൂടുതൽ താദാത്മ്യപ്പെടുകയാണ്. വെജിറ്റേറിയനിസവും പരിസ്ഥിതി അവബോധവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു.?

രണ്ടും വേർതിരിക്കാനാവാത്ത വിധത്തിൽ ചേർന്നതാണ്. സസ്യാഹാരിയായി മാറിയ കഥാപാത്രം ഒടുവിൽ സസ്യമാകാനാഗ്രഹിക്കുകയാണ് ഈ നോവലിൽ. അവസാനഭാഗത്ത് സാന്ദ്രമായ സസ്യസാത്വികതയാണ്. ഇത് നോവലിന് അധികമാനം നൽകുന്നു.

ഫെമിനിസത്തിന്റെ പ്രയോഗങ്ങളും നോവലിൽ കാണുന്നുണ്ട്. എന്താണ് വിലയിരുത്തൽ ?

സ്‌ത്രൈണാവസ്ഥയെയും  പെൺസ്വാതന്ത്ര്യബോധത്തെയുമാണ് നോവലിലെ സഹോദരിമാർ ഒരേപോലെ പ്രതിനിധീകരിക്കുന്നത്. ഇരുവരും ഇച്ഛാശക്തി കാട്ടുന്നു. നായകയുടെ ചേച്ചി ഇൻഹൈ തന്റെ ഭർത്താവിനെ പുലയാടിമോനേന്നു വിളിക്കുന്നതും ഒടുവിൽ അപ്പാടെ തിരസ്‌കരിക്കുന്നതും അവളുടെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ്; അനിയത്തി മാംസഭക്ഷണം വർജിക്കുന്നതു പോലെ.

സ്വന്തം എഴുത്ത് സംബന്ധിച്ചു കൂടി പറയാമോ? പുതിയ നോവൽ/ കഥ?

ഏറ്റവും പുതിയ 10 കഥകൾ അടങ്ങിയ എന്റെ  ഭ്രാന്തൻ കിനാവുകൾ എന്ന സമാഹാരം ഉടനെ പുറത്തിറങ്ങും. പല മട്ടിലുള്ള സ്‌നേഹം (ഹോമോസെക്ഷ്വൽ, ലെസ്ബിയൻ തുടങ്ങിയവയും നിറവേറാത്ത പ്രണയവും സൗഹൃദവും അടുപ്പവും മറ്റും) ചിത്രീകരിച്ച കഥകളാണിതിൽ. ഇതേപോലെ കഥകളുടെ മറ്റൊരു പരമ്പര മനസ്സിലുണ്ട്. രണ്ടു നോവലുകൾ പൂർത്തിയാക്കാനിരിക്കുന്നു.  

ആയുസ്സിന്റെ പുസ്തകമാണ് ഇന്നും സി.വി. യുടെ പര്യായമായി മലയാളിയുടെ മനസ്സിൽ വരുന്നത്. ഈ തുലനം പിന്നീടുള്ള എഴുത്തിനെ എങ്ങനെ ബാധിച്ചു?

ആയുസ്സിന്റെ  പുസ്തകവുമായി പിന്നീട് എഴുതിയ കൃതികളെ താരതമ്യപ്പെടുത്തി വിലയിരുത്തുന്നത് ശരിയല്ല. എന്റെ  ഓരോ നോവലും വ്യത്യസ്തമായിരുന്നു. അവനവന്റെ  ആനന്ദം കണ്ടെത്താനുള്ള വഴികൾ, ദിശ, കാമമോഹിതം,  ലൈബ്രേറിയൻ... ഇവയൊക്കെ ഒന്നിനൊന്ന് വ്യത്യസ്തത പുലർത്തിയ രചനകളായിരുന്നു.  പ്രമേയമോ ആഖ്യാന ശൈലിയോ ആവർത്തിക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധ വയ്ക്കാറുണ്ട്. അതു തുടരും.

English Summary: Pusthakakkazhcha Column by Ravi Varma Thampuran on writer C. V. Balakrishnan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;