പുറമ്പോക്കിലെ വാക്കുകളുടെ ഉടയോൻ; ആട്ടിയിറക്കപ്പെട്ട ചിന്തകളുടെ വീണ്ടെടുപ്പ്

HIGHLIGHTS
  • മലയാള സാഹിത്യത്തിലെ പുതുതലമുറയെ പരിചയപ്പെടുത്തുന്ന പംക്തി.
  • ചങ്കിൽ കൊള്ളുന്ന കഥകളുടെ എഴുത്തുകാരൻ– പ്രമോദ് കൂവേരി
Pramod Kooveri
പ്രമോദ് കൂവേരി
SHARE

ചങ്കിൽ കൊള്ളുന്ന കഥകളാണു പ്രമോദ് കൂവേരിയുടേത്. അതുണ്ടാക്കുന്ന മുറിവുകൾ ഉണങ്ങാൻ സമയമേറെയെടുക്കും. ഗ്രാമീണ ജീവിത പശ്ചാത്തലത്തിൽനിന്നു കണ്ടെടുക്കുന്ന കഥാമുഹൂർത്തങ്ങളെ ഏതു കാലത്തും പ്രസക്തിയേറെയുള്ള നിശിത സാമൂഹിക നിരീക്ഷണങ്ങളിലേക്കാണു പ്രമോദ് വളർത്തിയെടുക്കുന്നത്. നാം അകറ്റി നിർത്തുന്ന ചില വാക്കുകൾ പ്രതിഷേധത്തിന്റെ പടപ്പാട്ടുകളായാണ് ആ കഥകളിൽ ഉരുവമെടുക്കുന്നത്. കണ്ണൂരിലെ കൂവേരിയെന്ന ഉൾനാടൻ ഗ്രാമത്തിലെ പനച്ചിമരത്തിന്റെ തണലിൽ, പച്ചമണ്ണിൽ ചവിട്ടി നിന്നുകൊണ്ട് കേരളത്തോടു കഥാകൃത്ത് ചില ചോദ്യങ്ങൾ ചോദിക്കുകയാണ്, തന്റെ മൂന്നു കഥാസമാഹാരങ്ങളിലൂടെയും തിരക്കഥയെഴുതിയ മൂന്നു സിനിമകളിലൂടെയും. 

ഏറ്റവും നല്ല കള്ളനാണ് ഏറ്റവും നല്ല കഥാകൃത്തായി മാറുന്നതെന്ന് മുൻപൊരു അഭിമുഖത്തിൽ പ്രമോദ് പറയുന്നുണ്ട്. ഏറ്റവും കുറഞ്ഞ അളവിൽ അനുഭവസമ്പത്തുള്ളവരാണു കഥാകൃത്തുക്കളെന്നും ചുറ്റുമുള്ള സാധാരണക്കാരുടെയുള്ളിലെ അനുഭവങ്ങൾ മോഷ്ടിച്ച് ഏറ്റവും ഭംഗിയായി അവതരിപ്പിക്കുന്നതിലാണു കഥാകൃത്തിന്റെ മിടുക്ക് എന്നും പറയുന്നു. പ്രമോദിന്റെ തന്നെ ഭാഷയിൽ ‘അനുഭവങ്ങളുടെ ബോംബും’ ഉള്ളിൽപ്പേറി നടക്കുന്ന ഈ സാധാരണക്കാരെ കണ്ടെത്തുന്നതെങ്ങനെയാണ്? അവരുടെയുള്ളിലെ ബോംബ് പൊട്ടാതെ അനുഭവങ്ങളെ ചോർത്തിയെടുക്കുന്നതെങ്ങനെയാണ്? പ്രമോദിന്റെ അങ്ങനെയുള്ള എഴുത്തനുഭവങ്ങൾ വിശദീകരിക്കാമോ? 

യഥാർഥത്തിൽ, നന്നായി കഥ പറയാൻ അറിയുന്നവർക്ക് അതുപോലെ കഥയെഴുതാൻ പറ്റണമെന്നില്ല. നന്നായി കഥയെഴുതാൻ കഴിയുന്നവർക്കു കഥ പറയാനും പറ്റാറില്ല. എഴുത്തുകാരനു മറ്റുള്ളവരേക്കാൾ അനുഭവങ്ങൾ കുറവാണ് എന്നു പറഞ്ഞത് ആധികാരികമായിട്ടല്ല. കാരണം അവന്റെ തീവ്രാനുഭവങ്ങൾ പകർത്താൻ ശമനമായ ഒരു സമയം വളരെ അനിവാര്യമാണ്. കണ്ടതോ കേട്ടതോ ആയ ജീവിതാനുഭവങ്ങളെ തങ്ങളിലേക്ക് സന്നിവേശിപ്പിക്കുമ്പോൾ സ്വന്തം ജീവിതാനുഭവങ്ങളുടെ അതിസങ്കീർണ്ണമായ വൈകാരികതയോട് അത്രയൊന്നും കഥയിൽ സമരം ചെയ്യേണ്ടിവരാറില്ല എന്നാണു തോന്നിയിട്ടുള്ളത്. മറ്റുള്ളവരുടെ ജീവിത സംഘർഷങ്ങൾ കാണുമ്പോൾ അത് എന്റേതു കൂടിയാണെന്നു പരിതപിക്കുന്ന സമാനസഹൃദയരായ മനുഷ്യരിൽനിന്ന് എഴുത്തുകാരൻ വളരെ താഴെയാണ്. കാരണം എഴുത്തുകാരന്റെയുള്ളിൽ കൃത്യമായ സ്വാർഥതകളുണ്ട്. പക്ഷേ, അത് അപകടകരമായതല്ല. 

Pramod-Kooveri-2

മനുഷ്യൻ കഥകളുടെ ഒരു ബോംബ് തന്നെയാണ്. പ്രണയവും പരിദേവനങ്ങളും പകയും അപമാനവും കിതപ്പും അശാന്തിയും അതിജീവനവുമൊക്കെ കുത്തിനിറച്ച ഒരു ജൈവബോംബ്. സാധാരണയായി പുരുഷന്മാർ അവരുടെ ജീവിതാനുഭവങ്ങൾ പലതരത്തിൽ വഴിതിരിച്ചുവിട്ട് അലങ്കാരമായി കൊണ്ടുനടക്കുന്നവരാണ്. സ്ത്രീകളാകട്ടെ, നേരിടേണ്ടിവരുന്ന ദുരനുഭവങ്ങൾ അപമാനത്തിന്റെ ചുനയിൽ ഒട്ടിപ്പിടിച്ച് ജീവിതാവസാനം വരെ നിശ്ശബ്ദമായി നിലവിളിക്കേണ്ടി വരുന്നവരും. 

വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം സ്ത്രീസൗഹൃദങ്ങളിൽ നിന്നാണ് ഏറ്റവും ആഴമുള്ള കനലുകളുടെ പെൺചൂരടിച്ചിട്ടുള്ളത്. പെണ്ണിനെ തൊട്ടല്ലാത്ത ആണനുഭവങ്ങൾക്ക് പൂർണ്ണതയുണ്ടാവാറില്ല. ഭർത്താവ് മരിച്ച സ്വന്തം അമ്മ മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതു കണ്ട് മകൻ ഒരിക്കൽ എന്നോടു സങ്കടം പറയുന്ന കൂട്ടത്തിൽ പറഞ്ഞു. ‘അമ്മയ്ക്കും കാണില്ലേ വികാരങ്ങൾ’. ഇതു കേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ഇത്രയും സാത്വികമായ ഒരു സദാചാര മൗലികത സാധാരണ മനുഷ്യർക്കുള്ളിൽ കണ്ടെത്തുമ്പോഴാണു കഥകളുണ്ടാകുന്നത്. അതു കണ്ടെത്തുകയാണ് എഴുത്തുകാരന്റെ വിരുത്. 

വീട്ടിൽനിന്നു നാലു കിലോമീറ്റർ നടന്നു സ്കൂളിലേക്കു പോയിരുന്ന യാത്രകൾക്കിടയിൽ കാണുന്ന സിനിമാ പോസ്റ്ററുകളിൽനിന്നു സിനിമാക്കഥയുണ്ടാക്കി കൂട്ടുകാരെ രസിപ്പിച്ചിരുന്ന ബാലൻ കവിതയെഴുത്തിലേക്കു പ്രവേശിച്ച് അവിടെനിന്നു കഥയിലേക്കും തുടർന്നു സിനിമയെഴുത്തിലേക്കും എത്തുന്നു. പ്രമോദ് രചിച്ച ‘കാന്തൻ ദ് ലവർ ഓഫ് കളർ’ എന്ന ചലച്ചിത്രം ഏറെ നിരൂപകശ്രദ്ധ നേടുകയും മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടുകയും ചെയ്തു. ഇപ്പോഴിതാ ‘ആണ്ടാൾ’ എന്ന രണ്ടാമത്തെ സിനിമയും പ്രമോദിന്റെ രചനയിൽ പുറത്തുവരാനിരിക്കുന്നു. കൂട്ടുകാർക്കായി സിനിമാക്കഥ സൃഷ്ടിച്ചിരുന്ന ആ പഴയ കുട്ടിയിൽനിന്നു യഥാർഥ സിനിമാ എഴുത്തുകാരനിലേക്കുള്ള മാറ്റം എങ്ങനെയായിരുന്നു? സിനിമ പ്രമോദിന് എന്താണ്? 

ഉള്ളിലുള്ള വികാരങ്ങളെ എങ്ങനെ കഥാർസിസുകൾക്ക് വിധേയമാക്കാം എന്നുള്ള അറിവില്ലായ്മയായിരുന്നു ചെറുപ്പത്തിൽ. കഥ, കവിത, സിനിമ, പാട്ടുകൾ ഇവയൊക്കെ നിഷിദ്ധമായ കുടുംബാന്തരീക്ഷത്തിൽ നിന്നാണു ഞാൻ പുറപ്പെടുന്നത്. അതുകൊണ്ടാകണം സ്വയം നടക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നതിനുള്ള സമരമായിരുന്നു ആദ്യകാലങ്ങളിൽ എനിക്കു സാഹിത്യം. 

പതിനഞ്ചാമത്തെ വയസ്സിലാണു ഞാൻ ആദ്യമായി തിയറ്ററിൽ പോയിരുന്ന് ‘ജാലകം’ എന്ന അന്നത്തെ പുതിയ സിനിമ കാണുന്നത്. അതിനു മുന്നേ കണ്ടതൊക്കെ നാട്ടിലെ ക്ലബുകൾ കവുങ്ങിന്റെ തൂണു കുഴിച്ചിട്ടു ചുറ്റും തുണിയുടെ മറയിട്ടു കണ്ട പഴയ അഞ്ചോ ആറോ സിനിമകളാണ്. അന്നു തിയറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയും കാണാതെ അതിന്റെ കഥകൾ പറഞ്ഞു ഞാൻ സുഹൃത്തുക്കളെ പറ്റിച്ചിരുന്നു. ഒരുപക്ഷേ, അതിന്റെയൊക്കെ തുടർച്ച തന്നെയാകണം എന്റെ ജീവിതം. 2018 ൽ ഷെറീഫ് ഈസ ‘കാന്തൻ’ ചെയ്യുന്നതിനു മുമ്പേ ഞാൻ തിരക്കഥകൾ എഴുതിവച്ചിരുന്നു. കാന്തന് സംസ്ഥാന പുരസ്‌കാരം ലഭിച്ചശേഷം ഇർഷാദ് അലി നായകനും നിർമാതാവുമായ ‘ആണ്ടാൾ’ ചിത്രീകരണം പൂർത്തിയാക്കി. ഈ വർഷം ചന്ദ്രൻ നരിക്കോടിന്റെ സംവിധാനത്തിൽ ‘സ്റ്റേറ്റ് ബസ്സ്’ എന്ന സിനിമയുടെ ചിത്രീകരണവും പൂർത്തിയായി. കഥാരംഗത്ത് എനിക്ക് വലിയ ബ്രേക്ക് തന്ന ‘അഗ്രേപശ്യാമി’യുടെ ചലച്ചിത്രഭാഷ്യമാണ് സ്റ്റേറ്റ് ബസ്സ്. നേരത്തേ കള്ളക്കഥകൾ പറഞ്ഞുപറഞ്ഞു ലഭിച്ച പരിചയസമ്പന്നത തിരക്കഥാരചനയെ ഏറെ സഹായിച്ചിട്ടുണ്ടാകാം.

Pramod-Kooveri-film

കാന്തൻ വയനാട്ടിലെ ആദിവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങളാണ് അവതരിപ്പിച്ചതെങ്കിൽ ആണ്ടാൾ കേരളത്തിലെയും തമിഴ്നാട്ടിലെയും ശ്രീലങ്കൻ തമിഴ് അഭയാർഥികളുടെ ജീവിതമാണ് ചിത്രീകരിച്ചിരിക്കുന്നത്. കഥകളിലെന്ന പോലെ തന്റെ സിനിമകളിലും പ്രമോദ് പ്രാന്തവൽക്കരിക്കപ്പെട്ടവരുടെയും പീഡിതരുടെയും ജീവിതങ്ങളുടെ നിറങ്ങളും നിറമില്ലായ്മകളുമാണ് ഏറ്റവുമധികം വിഷയമാക്കിയിരിക്കുന്നത്. ഇതേപ്പറ്റി പറയാമോ? 

കണ്ണൂർ ജില്ലയിലെ കൂവേരി എന്ന ഉൾനാടൻ ഗ്രാമത്തിൽ ഒരിക്കലും ജാതി-മത-രാഷ്ട്രീയ വിവേചനങ്ങൾ ഞാൻ കണ്ടിട്ടില്ല. മനുഷ്യൻ അപരിഷ്‌കൃതനാകുന്നത് അവൻ പരിഷ്‌കാരിയാണെന്നു മേനി നടിക്കുമ്പോൾ മാത്രമാണ്. നാനാജാതിമതസ്ഥരായ മനുഷ്യരുടെ കൂടെ അവരിലൊരാളായി ഇടപഴുകിയാണു ജീവിച്ചത്. സമൂഹത്തിലെ ദ്രുതഗതിയിലുള്ള സാങ്കേതിക-രാഷ്ട്രീയ വഴുക്കുകളിലൊന്നും എളുപ്പം വീണുപോകാത്ത പരിശുദ്ധരാണ് അവർ. വയനാട്ടിലെ അടിയ വിഭാഗത്തിൽപ്പെട്ട ആദിവാസികളുടെ കഥകൾ ഇവിടെയിരുന്ന് എളുപ്പം എഴുതാൻ സാധിക്കുന്നത് അതുകൊണ്ടാകാം. അതുപോലെതന്നെയാണു വിനോദസഞ്ചാരത്തിനു വേണ്ടി മാത്രം കയറിയിറങ്ങുന്ന ഗവിയിലെ തമിഴ് ശ്രീലങ്കൻ അഭയാർഥികളുടെ ജീവിതം എഴുതാനും കഴിയുന്നത്. അവരെ അധികം പഠിക്കേണ്ടി വരാത്തത്, എനിക്കു ചുറ്റുമുള്ള മനുഷ്യരുടെ ജീവിതത്തിന്റെ പരിച്ഛേദം അവരിലുമുണ്ട് എന്നിലുമുണ്ട് എന്നുള്ളതു കൊണ്ടാണ്. അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ ആന്തരികസ്വത്വം ലോകത്തിൽ എല്ലായിടത്തും ഒന്നു തന്നെയാണ്. 

2013 ലാണ് പ്രമോദിന്റെ ആദ്യ കഥാസമാഹാരം ‘മൃഗഗവേഷക’ ഇറങ്ങുന്നത്. തുടർന്നു ‘ദണ്ഡകാരണ്യം’ ഇറങ്ങുന്നു. ഇവയിലെ ചില കഥകൾ ശ്രദ്ധിക്കപ്പെടുകയും പുരസ്കാരങ്ങൾ ലഭിക്കുകയും ചെയ്യുന്നുണ്ട്. തുടർന്ന് ഇക്കഴിഞ്ഞ വർഷങ്ങളിൽ ആനുകാലികങ്ങളിൽ തുടർച്ചയായി മികച്ച കഥകൾ വരുന്നു. ഒടുവിൽ 2021 ൽ മൂന്നാമത്തെ കഥാസമാഹാരമായ ‘പത്തൊമ്പത് മൊട്ടകൾ’ പുറത്തുവരുന്നു. ആദ്യ പുസ്തകത്തിൽനിന്നു മൂന്നാമത്തെ പുസ്തകത്തിൽ എത്തി നിൽക്കുമ്പോൾ പ്രമോദിലെ കഥാകാരൻ എത്രമാത്രം മാറിയിട്ടുണ്ട്? കഥപറച്ചിൽ മാറിയിട്ടുണ്ട്? 

ഞാനെഴുതിയ ആദ്യകഥ ഏതാണെന്ന് ഓർമയില്ല. വളരെ വ്യത്യസ്തമായ കഥകളെഴുതാൻ ഞാൻ ശ്രമിക്കാറില്ല. വന്നുകയറുന്ന അനുഭവങ്ങളുടെ തീക്ഷ്ണതയെ മുൻനിർത്തി മാത്രമേ എന്റെ കഥകളിൽ വ്യത്യസ്തതയുള്ളൂ എന്നു സമ്മതിക്കാൻ പറ്റൂ. ‘മൃഗഗവേഷക’ എഴുതുന്ന കാലത്ത് പ്രിന്റ് മീഡിയ എന്ന വ്യവസ്ഥിതിയോട് എനിക്കത്ര താൽപര്യമുണ്ടായിരുന്നില്ല. കാരണം ഞാൻ ഒരു പ്രിന്റ് മീഡിയ ജീവനക്കാരനായതു കൊണ്ടായിരിക്കും. അതുകൊണ്ടുതന്നെ ആദ്യകാലത്ത് എഴുതുന്ന കഥകൾക്ക് അനുവാചകരുമായി സംവദിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നൽകിയിരുന്നില്ല. വർഷങ്ങൾക്കു ശേഷം ‘ദണ്ഡകാരണ്യ’ത്തിലേക്കെത്തുമ്പോഴേക്കും നവമാധ്യമങ്ങൾ ലോകം കീഴടക്കാൻ തുടങ്ങിയിരുന്നു. എഴുതിക്കഴിഞ്ഞ കഥകളിൽത്തന്നെ ജീവിച്ചുകൊണ്ടിരിക്കുക എന്നതു കഥയുടെ ഒരു ഗർഭഭാണ്ഡമാണെന്നു തിരിച്ചറിയുകയും കഥ ഒരു അനാഥക്കുഞ്ഞിനെപ്പോലെ പെഴച്ചുവളരാൻ അനുവദിക്കുകയെന്നതും ‘എന്റെ കഥ’ എന്നതിൽ നിന്ന് ‘എന്റെ’ എന്ന പദം റദ്ദ് ചെയ്യേണ്ടതുമാണെന്നുള്ള ഒരു നിലപാടിൽ നിന്നാണു പുതിയ കഥകളുടെ ഭാരം തേടിയിറങ്ങുന്നത്. അങ്ങനെയാണു 2021ൽ ‘പത്തൊമ്പത് മൊട്ടകൾ’ എന്ന കഥസമാഹാരത്തിൽ എത്തിനിൽക്കുന്നത്.

ദണ്ഡകാരണ്യം, പത്തൊൻപത് മൊട്ടകൾ, എലിയേട്ടൻ തുടങ്ങിയ കഥകളിൽ ഒരു നൂലിഴ പോലെ മാവോയിസ്റ്റുകളും നക്സലൈറ്റ് പ്രസ്ഥാനവും ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. ചിലപ്പോൾ ഗൗരവതരമായും ചിലപ്പോൾ ആക്ഷേപഹാസ്യരൂപത്തിലും ആണു പഴയ വിപ്ലവ പ്രസ്ഥാനത്തെയും പുതിയ മാവോയിസ്റ്റ് പ്രസ്ഥാനത്തെയും പ്രമോദ് സമീപിക്കുന്നത്. ഇവയുടെ ആവിഷ്കാരത്തിൽ പ്രമോദിനെ സ്വാധീനിച്ച ചിന്തകളെന്തൊക്കെയാണ്? പ്രമോദിന്റെ ചുറ്റുപാടുകളിൽ ഈ ആശയങ്ങളുടെ നിലവിലെ നിലനിൽപ് എങ്ങനെയാണ്? 

Pramod-Kooveri-book

ദണ്ഡകാരണ്യം, പത്തൊമ്പത് മൊട്ടകൾ എന്നീ രണ്ടു കഥകളിൽ പൂർണമായും എലിയേട്ടനിൽ ഭാഗികമായും നക്‌സ്‌ലൈറ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം പ്രകടമായുണ്ട്. ദണ്ഡകാരണ്യത്തിൽ ഈ രാഷ്ട്രീയബോധ്യത്തെ അനുകൂലമായും പത്തൊമ്പത് മൊട്ടകളിൽ ആക്ഷേപമായുമായാണു സമീപിക്കാൻ ശ്രമിച്ചത്. നമ്മൾ വായിച്ചു കേട്ടറിഞ്ഞ നക്‌സ്‌ലൈറ്റ് പ്രസ്ഥാനത്തിന്റെ ഒരു കഥയിലും ആശയത്തിലും ഞാൻ ആകൃഷ്ടനല്ല. മറിച്ചു വ്യത്യസ്തമായൊരു ജനാധിപത്യസംഘടനയുടെ അതിശക്തവും അദൃശ്യവുമായ ഒരു സാന്നിധ്യം അധികാരകേന്ദ്രങ്ങളെ നിരന്തരം ഭയപ്പെടുത്തിക്കൊണ്ടിരിക്കണമെന്ന ഒരു ദുർബലന്റെ വ്യാമോഹത്തിൽ ഞാൻ ആകൃഷ്ടനാണുതാനും. അതാണു ദണ്ഡകാരണ്യത്തിൽ പറയാൻ ശ്രമിച്ചിട്ടുള്ളത്. നേരെ പത്തൊമ്പത് മൊട്ടകളിലേക്ക് എത്തിയപ്പോൾ ഇത്തരത്തിലുള്ള സംഘടനകളിൽ സംഭവിച്ച മണ്ടത്തരങ്ങളും ചാപല്യങ്ങളും അറിയാനിടയായി. പല ആക്‌ഷനിലും പങ്കെടുത്തിട്ടുള്ള റിട്ടയേഡ് നക്‌സ്‌ലൈറ്റുകാർ ഇപ്പോൾ കേരളത്തിൽ ഉണ്ട്. ഹർത്താൽ അനുകൂലികളുടെ സംഘടന പോലെ അടിയന്തരാവസ്ഥക്കാലത്ത് അടി വാങ്ങിയവരുടെ സംഘടന പോലുമുണ്ട് ഇന്നു കേരളത്തിൽ. ഇവർ മുന്നോട്ടുവയ്ക്കുന്ന ആശയസമത്വവും രാഷ്ട്രീയവും എന്താണ്? സത്യത്തിൽ ഇവരാണ് ഇപ്പോഴത്തെ ജനാധിപത്യവിരുദ്ധമായ ശ്രേണിയുടെ പുതിയ ആപൽക്കരങ്ങൾ. അടിയന്തരാവസ്ഥക്കാലത്ത് തളിപ്പറമ്പ് സർസയ്യിദ് കോളജിൽ ഇന്ദിരാഗാന്ധിക്കെതിരെ സമരം ചെയ്തതിനു പൊലീസ് പിടിച്ചു മൊട്ടയടിച്ച പത്തൊമ്പതുപേർ 40 വർഷങ്ങൾക്കു ശേഷം സംഘടിച്ചപ്പോൾ കാണാൻ സാധിച്ചത്, എന്തിനെതിരെയായിരുന്നോ അന്നത്തെ അവരുടെ രാഷ്ട്രീയ നിലപാട് അവരിൽ പലരും അതായി മാറിയിരിക്കുന്നു എന്നതാണ്. 

‌അംബികാസുതൻ മാങ്ങാട് കഥയെഴുത്തിൽ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് പ്രമോദ് ഒരിടത്തു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ‘ആർത്തു പെയ്യുന്ന മഴയിൽ ഒരു ജുമൈല’ എന്ന കഥയുണ്ടാക്കിയ സ്വാധീനത്തെപ്പറ്റി എടുത്തു പറയുന്നുമുണ്ട്. അതേപ്പറ്റി വിശദമാക്കാമോ? അതുപോലെ പ്രമോദിനെ സ്വാധീനിച്ച മറ്റ് എഴുത്തുകാരും പുസ്തകങ്ങളും ഏതൊക്കെയാണ്? 

ആധുനിക കാലത്തെ എഴുത്തുകൾ ഏറെ ദുർഗ്രഹമായിരുന്നു. എഴുത്തിലെ തുടക്കക്കാരൻ എന്നനിലയിൽ ഞാനും അത്തരത്തിലുള്ള ഭാഷയിലും വിഷയത്തിലും പെട്ടുപോയിരുന്നു. ഒരു കഥ കൊണ്ടു വായനക്കാരനു തലവേദനിക്കും എന്നതിനപ്പുറം കരയിപ്പിക്കും എന്നു വെല്ലുവിളിച്ച് ഒരു കഥാകൃത്ത് തന്റെ കഥ മുന്നോട്ടുവച്ചപ്പോൾ ഞാനും ആ വെല്ലുവിളി ഏറ്റെടുത്തു. ആ കഥവായിച്ചു തീരുമ്പോൾ ഉള്ളിൽ നിന്ന് ആരോ ഒരാൾ കരയുന്നതായി തോന്നി. ഇത് എന്നെ സംബന്ധിച്ചെടുത്തോളം ഒരു പുതിയ വഴിയായിരുന്നു. മനുഷ്യന്റെ സൂക്ഷ്മ വൈകാരികതലങ്ങളിലേക്ക് എന്നെ കൈപിടിച്ചുകൊണ്ടുപോയതിൽ അംബികാസുതൻ മാഷിന്റെ ആ കഥ ചെലുത്തിയ സ്വാധീനം വലുതാണെന്നു പറയാൻ വലിയ സന്തോഷമുണ്ട്. പുതിയ തലമുറയിലെ സന്തോഷ് ഏച്ചിക്കാനം, ഇ. സന്തോഷ്‌കുമാർ, വി.എം. ദേവദാസ്, എസ്.ഹരീഷ്, വിനോയ് തോമസ്, ഷബിത തുടങ്ങി പലരും പലരീതിയിലും എന്നെ സ്വാധീനിക്കുന്നുണ്ട്.  

എത്ര സാധാരണക്കാരനായാലും, എത്ര അടിച്ചമർത്തപ്പെട്ടവനായാലും മനുഷ്യരുടെയുള്ളിൽ ആളിക്കത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയബോധത്തെക്കുറിച്ചും അതിന്റെ പുറത്തോട്ടുള്ള വെളിപ്പെടലിനെക്കുറിച്ചുമുള്ള കഥകളാണ് തീട്ടപ്പൊന്നരയും വെള്ളച്ചിയുടെ മാനിഫെസ്റ്റോയും. പല വായനകൾ ആവശ്യപ്പെടുന്ന, ഓരോ വായനയിലും പുതിയ അർഥതലങ്ങൾ തുറന്നുതരുന്ന ഈ കഥകളിലെത്തുമ്പോഴേക്കും ആഖ്യാനത്തിലും ക്രാഫ്റ്റിലും ഏറെ ഉയർന്നതലത്തിലെത്തി നിൽക്കുന്ന പ്രമോദിനെയാണു കാണുന്നത്. അതിനിശിതമായ സാമൂഹിക വിമർശനത്തിലേക്കും നിരീക്ഷണത്തിലേക്കും പ്രമോദ് മാറിയിരിക്കുന്നു, കഥയുടെ ജൈവികമായ ഭംഗി ഒട്ടും കളയാതെ തന്നെ. ഈയൊരു മാറ്റത്തെ എങ്ങനെ കാണുന്നു? 

ഈ രണ്ടു കഥകളും ഞാൻ വളരെ അനായാസമായി എഴുതിയതാണ്. കാരണം, ഞാൻ നേരത്തേ പറഞ്ഞതുപോലെ രണ്ടിന്റെയും ജീവിതപരിസരം എനിക്കേറെ പരിചയമാണ്. എന്റെ കഥാജീവിതത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട (വിമർശിക്കപ്പെട്ട) കഥകളാണു ‘തീട്ടപ്പൊന്നര’യും ‘വെള്ളച്ചിയുടെ മാനിഫെസ്റ്റോ’യും. രണ്ടിനും വ്യത്യസ്തമായ രാഷ്ട്രീയ, പ്രതിരോധ മാനങ്ങളുണ്ട്. തീട്ടപ്പൊന്നരയിൽ ഒരു കുഴിയിൽ പലരും കാര്യം സാധിക്കുന്നുണ്ട്. എന്റെ ചെറുപ്പത്തിൽ അത്തരം കുഴിയിൽ കാര്യം സാധിച്ചയാളാണു ഞാൻ. കഥയിലുള്ള മറ്റ് അനുഭവങ്ങൾക്കും ഞാൻ സാക്ഷിയായിട്ടുണ്ട്. ഇപ്പോഴും തുറസ്സായ ഒരു പറമ്പുകണ്ടാൽ അടിവയറ്റിൽ ഒരു ശങ്ക വന്നു മുട്ടുന്നതു ഞാൻ അനുഭവിക്കാറുണ്ട്. 

pramod-kooveri
പ്രമോദ് കൂവേരി

എന്റെ നാട്ടിലെ പഴയ ഒരനുഭവം പറയാം. കൂവേരി ഒരു റബർ കർഷക ഗ്രാമമാണ്. അവിടെ ഒരു കടയുടെ സമീപത്ത് റബർ മെഷീൻ ഷെഡ്ഡുണ്ട്. ഷീറ്റടിക്കുമ്പോഴുള്ള മലിനജലം ഒരു കുഴിയിൽ നിക്ഷേപിക്കാതെ ഒഴുക്കിവിടുകയായിരുന്നു അതിന്റെ ഉടമസ്ഥൻ. അവരോട് എതിർത്തുപറയാനുള്ള ശേഷിയില്ലാതെ കാലങ്ങളോളം അതിന്റെ ദുർഗന്ധം പേറിയാണു കടയിൽ വരുന്നവരും സമീപവാസികളും ജീവിച്ചത്. ഒരുദിവസം രാവിലെ റബർ മെഷീൻ ഷെഡ്ഡിൽ ആരൊക്കെയോ തൂറിയിട്ടു. അവിടെയൊരു ബോർഡും സ്ഥാപിച്ചു. ബോർഡിൽ കരിക്കട്ടകൊണ്ട് എഴുതിയത് ഇതാണ്. ‘തമ്മിൽ ഭേദം തീട്ടം’. ഇതൊരു പ്രതിരോധമാണ്. ദുർബലന്റെ കൈയിലെ പ്രതിരോധ ആയുധം ചിലപ്പോൾ തീട്ടവുമാകാം. പിറ്റേന്ന് അവിടെ കുഴികുത്തി. വെള്ളച്ചിയുടെ മാനിഫെസ്റ്റോയും മരണത്തിലൂടെ മനുഷ്യനെ മഹത്‌വൽക്കരിക്കുന്ന ഇടതുപക്ഷവിരുദ്ധനിലപാടിനെതിരെയുള്ള നിസ്സഹായയായ വെള്ളച്ചിയുടെ പ്രതിരോധമാണ്. കെ.സി. ഉമേഷ് ബാബു എഴുതിയ കവിത നായനാരുടെ മരണസമയത്ത് ഏറെ കോളിളക്കമുണ്ടാക്കിയതാണ്. കവിതയുടെ ഒരുകഥാരൂപമായിട്ടാണു വെള്ളച്ചി ചിത്രീകരിക്കാൻ ശ്രമിച്ചത്. കൂടെ ഒരു കാലഘട്ടത്തിന്റെ അതിജീവനവും.

കൂവേരി എന്ന കണ്ണൂരിലെ ഉൾനാടൻ ഗ്രാമം ഇന്നു ചിലയാളുകളുടെ മനസ്സിലെങ്കിലും അടയാളപ്പെടുത്തിയിരിക്കുന്നത് പ്രമോദ് കൂവേരി എന്ന എഴുത്തുകാരന്റെ ദേശമായിട്ടാണ്. പുഴയും കൃഷിയും മറ്റു നാട്ടുനന്മകളും നിറഞ്ഞ കൂവേരി എന്ന ദേശം പ്രമോദിന്റെ എഴുത്തിനെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്? കൂവേരിയെപ്പറ്റി കൂടുതൽ പറയാമോ? 

കൂവേരിപ്പുഴയുടെ തീരത്ത് നിറയെ പനച്ചിമരങ്ങളുണ്ട്. അതിൽ പനച്ചിക്കായകളും. ഇതിന്റെ പ്രത്യേകത ചെണ്ട തുടങ്ങിയ വാദ്യോപകരണങ്ങൾ ഒട്ടിക്കാൻ പനച്ചിക്കായയുടെ പശയാണ് ഉപയോഗിക്കാറുള്ളത് എന്നതാണ്. മാംസത്തിൽ നിന്ന് ഊരിയെടുത്ത തോലുകൾ വലിച്ചുകെട്ടി സംഗീതം സൃഷ്ടിക്കാൻ മരങ്ങൾക്കു പോലും ശക്തിയുണ്ടാകെ, എത്രയോ കഥകൾ ഈ പനച്ചിമരം പറഞ്ഞു തന്നിട്ടുണ്ട്. എത്രയോപേർ ആത്മഹത്യചെയ്യാൻ പനച്ചിമരത്തിന്റെ ചോട്ടിൽ വന്നിട്ടുണ്ട്. മനുഷ്യബന്ധങ്ങളുടെ ഒട്ടിപ്പുകൾ തുന്നിച്ചേർത്ത് പനച്ചിമരം അവരെയൊക്കെ ജീവിതത്തിലേക്കു മടക്കി അയച്ചിട്ടുണ്ട്. ഇതു നേരനുഭവങ്ങളുടെ വാക്കുകളാണ്. 

‘പത്രക്കാരൻ വലിച്ചുചാടി മുറ്റത്തു കുടിലു കെട്ടിയ പത്രം’ (എലിയേട്ടൻ), ‘കെട്ടിയ കയറിൽ കാലു കുടുങ്ങി തെറമ്പിത്തെറമ്പി വീണുപോയ തൊണ്ടൻ കാള’ (നരമ്പൻ), ‘തുപ്പലിൽ ഒരു തുള്ളി താടിയിൽ അവശേഷിച്ച് തൂങ്ങി നിൽക്കുന്നതു ചൂണ്ടിക്കാണിക്കാത്ത മോശം സുഹൃത്ത്’ (പനച്ചി) തുടങ്ങിയ കഥകളിലെ പ്രയോഗങ്ങൾ നമ്മുടെ ഗ്രാമീണ ജീവിതപരിസരങ്ങളിൽ നിന്നുള്ള ഓർമകളുടെ സൂക്ഷ്മമായ വീണ്ടെടുപ്പുകളായി അനുഭവപ്പെട്ടു. അതിലൂടെ വായനക്കാരെ കഥാകൃത്ത് ഒരു ഉറ്റ ചങ്ങാതിയെന്ന പോലെ ചേർത്തുപിടിക്കുന്നൊരു അനുഭവം. 

എത്രയോ അനുഭവങ്ങളുണ്ട്. ഞാൻ ഒരു തുറന്നുപറച്ചിലുകാരനാണ്. വലിയ പരിചയമൊന്നുമില്ലാത്ത ആളോടു പോലും എന്റെ സ്വകാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതിന്റെ ദുരന്തഫലങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. മനുഷ്യരുടെ തീവ്രമായ പല ജീവിതകഥകളും ഇങ്ങനെ ഇട്ടുകൊടുത്തു വാങ്ങിയതാണ്. സമൂഹം അവഗണിച്ച, വിലക്കിയ മനുഷ്യരുടെ കാലടികളുടെ ഉർവരതയിൽ നിന്നാണു കഥകളുടെ മുളപൊട്ടിത്തുടങ്ങുന്നത്. ഞാൻ അവരെ നിരന്തരം പിന്തുടർന്നുകൊണ്ടിരിക്കുന്നു. 

English Summary: Puthuvakku column written by Ajish Muraleedharan - Talk with writer Pramod Kooveri

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;