ADVERTISEMENT

ഒറിജിനാലിറ്റിയെ സംബന്ധിച്ചു കണിശമായ നിഷ്ഠകളുള്ള നാടാണു നമ്മുടേത്. അതാകട്ടെ നമ്മുടെ ശുദ്ധിബോധവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കലർപ്പില്ലാത്തതാണു ഗംഭീരമെന്നും ഉദാത്തമെന്നും നാം വിശ്വസിക്കുന്നു. അതിനാൽ കലയുടെയും സാഹിത്യത്തിന്റെയും കാര്യം വരുമ്പോൾ പലതരം സ്വാധീനങ്ങൾ നാം നിഷേധാർഥത്തിലാണു പരിഗണിക്കുന്നത്. ഇതിന്റെ ഒരു പശ്ചാത്തലം ആധുനികതയെ സംബന്ധിച്ച നമ്മുടെ സങ്കൽപങ്ങൾ, ജാതിനിഷ്ഠമായ ക്ലാസിക്കൽ ബോധത്തിൽനിന്ന് മുക്തി നേടിയില്ല എന്നതാണ്. കഥകളിയെപ്പോലെ, ഏതുകാലത്തും അതേപടി തുടരണമെന്ന വാസന. 

 

ഭാഷയ്ക്കു തനിച്ചു നിൽക്കാനാവില്ല. തനിച്ചുനിൽക്കുന്ന ഏതു ഭാഷയും ക്രമേണ ഇല്ലാതാകും. ഭാഷയെപ്പോലെ അതിലൂടെയുളള ആവിഷ്കാരങ്ങൾക്കും തനിച്ചുനിൽപ് ഗുണം ചെയ്യില്ല. എങ്കിലും നാം ഒരു നല്ല രചനയെപ്പറ്റി വിചാരിക്കുമ്പോൾ, തനിമയുള്ള കൃതി എന്നു വിശേഷിപ്പിക്കുമ്പോഴാണു പ്രശംസിച്ചു എന്നു തോന്നുക. തനിമ എന്നാൽ തനിച്ചുനിൽക്കുക എന്നാണല്ലോ. ശുദ്ധിയിൽനിന്നാണ് തനിമ എന്ന സങ്കൽപം കലയിലേക്കു വരുന്നത്. അതാകട്ടെ കലർപ്പിനെ ഭീതിയോടെ കാണുന്നു. കലർപ്പ് എല്ലാ മൂല്യങ്ങളെയും ഇല്ലായ്മ ചെയ്യുമെന്നും ഭയക്കുന്നു.

 

ഒറിജിനാലിറ്റിയെക്കുറിച്ചുള്ള നിഷ്ഠകളുടെ മറുവശത്താകട്ടെ സാഹിത്യമോഷണം സംബന്ധിച്ച നമ്മുടെ ആധികൾ ഉയരുന്നു. സാഹിത്യ രംഗത്തു പലതലത്തിലാണു മോഷണം സംബന്ധിച്ച ആരോപണങ്ങൾ ഉയരുക. അയാൾ എന്റെ ഇമേജ് മോഷ്ടിച്ചു, ആശയം മോഷ്ടിച്ചു, അന്തരീക്ഷം മോഷ്ടിച്ചു എന്നു തുടങ്ങി താനെഴുതിയത് അതേപടി പകർത്തി എന്നു വരെ അതു പരന്നുകിടക്കുന്നു. സ്വകാര്യ സംവാദങ്ങളിൽ പറയുന്ന കാര്യങ്ങൾ അടിച്ചുമാറ്റി ലേഖനമാക്കാറുള്ള ഒരാളെപ്പറ്റി മുൻപ് സുഹൃത്ത്‌ പറഞ്ഞത് ഓർമ വരുന്നു. ഇത്തരം ഉള്ളടക്കങ്ങളുടെ ഒറിജിനാലിറ്റി എങ്ങനെയാണു നിശ്ചയിക്കുക? ഒരു പുസ്തകത്തിന്റെ ഉള്ളടക്കം സംബന്ധിച്ചു താൻ നടത്തിയ തനിമയുള്ള നിരീക്ഷണങ്ങളാണ് അടിച്ചുമാറ്റപ്പെട്ടത് എന്ന് ആ സ്നേഹിതൻ പറയുന്നു. ഇതു ധാർമികതയുടെ പ്രശ്നമല്ലേ എന്നാണു ചോദ്യം.

 

കവിതയുടെയും കഥയുടെയും സിനിമയുടെയും കാര്യത്തിൽ മാത്രമല്ല അനുശോചന ലേഖനങ്ങളുടെ കാര്യത്തിലും മോഷണാരോപണം ഉയർന്നു അടുത്തിടെ. ഒരു കഥാകൃത്ത് അന്തരിച്ച മറ്റൊരു എഴുത്തുകാരനെപ്പറ്റി എഴുതിയ ലേഖനത്തിൽ ഉപയോഗിച്ച വാക്യങ്ങൾ മറ്റൊരാൾ അതേപടി പകർത്തി സ്വന്തമാക്കി അവതരിപ്പിച്ചുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ ആരോപിക്കുകയുണ്ടായി. പ്രശംസാവാക്യങ്ങളുടെ കാര്യത്തിൽ അവകാശവാദമുയരുന്നത് ഇതാദ്യമായിരിക്കും. 

 

ezhuthumesha-column-by-ajay-p-mangattu-what-is-an-original-work-copyright-report-to-greco-book-cover

സാം ലെവിൻസണിന്റെ മാൽകം ആൻഡ് മാരീ എന്ന സിനിമ, സ്ത്രീപുരുഷ ബന്ധങ്ങളിലെ ഉൾ വൈരുധ്യങ്ങളെപ്പറ്റിയാണ് എന്നു പറയാം. അതേസമയം അത് ഇക്കാലത്തെ സർഗാവിഷ്കാരങ്ങളുടെ ഓഥർഷിപ് സംബന്ധിച്ചും ചില തർക്കങ്ങൾ ഉന്നയിക്കുന്നുണ്ട്. ഒരാൾ തന്റേതെന്നു പറയുന്ന കഥയോ തിരക്കഥയോ കവിതയോ നോവലോ അയാളുടേതു മാത്രമാണോ എന്ന ചോദ്യം. 

 

തന്റെ ആദ്യ സിനിമയുടെ ഉദ്ഘാടന പ്രദർശനത്തിനുശേഷം രാത്രി വൈകി മടങ്ങിയെത്തുന്ന ഹോളിവുഡ് സംവിധായകനും കൂട്ടുകാരിയും തമ്മിലുള്ള വാക്പോരിൽ രണ്ടു പ്രശ്നങ്ങളാണ് കാതലായുള്ളത്. മാൽക്കത്തിന്റെ ആദ്യ സിനിമയ്ക്കുതന്നെ വലിയ പ്രശംസ കിട്ടി. താൻ സ്പൈക് ലീയെപ്പോലെ, ബാരി ജെൻകിൻസിനെപ്പോലെ ഒറിജിനൽ ചലച്ചിത്രകാരന്മാരുടെ നിരയിലേക്ക് ഉയർന്നതായി മാൽകം സ്വയം കരുതുന്നു. അതേസമയം വെള്ളക്കാരായ സിനിമാനിരൂപകർ കറുത്തവനായ തന്റെ പ്രതിഭയെ അംഗീകരിക്കുന്നില്ലെന്ന പരാതി കൂടി മാൽകം ഉച്ചത്തിൽ ഉയർത്തുന്നു. പക്ഷേ കൂട്ടുകാരി മാരിക്ക് മാൽകത്തിന്റെ അത്യാഹ്ലാദം ഒരു ഉത്സാഹവും കൊടുക്കുന്നില്ല. എന്താണ് അവൾക്കു സന്തോഷമില്ലാത്തതെന്ന് മാൽകം ചോദിക്കുമ്പോൾ (അയാൾ തുടരെത്തുടരെ കുടിക്കുന്നു, നൃത്തം ചെയ്യുന്നു) അവൾ ഒഴിഞ്ഞുമാറുന്നു. മാൽകം പിന്മാറാതെ വന്നപ്പോൾ അവൾ പറഞ്ഞു:‘മാൽകം, നീയെനിക്കു നന്ദി പറഞ്ഞില്ല.’

ezhuthumesha-column-by-ajay-p-mangattu-what-is-an-original-work-copyright-greek-writer-kazantzakis-nikos
Greek Writer Nikos Kazantzakis. Photo Credit: Wikipedia

 

കൂട്ടുകാരിയെ ഒഴികെ ബാക്കിയെല്ലാവരെയും അയാൾ നന്ദിപ്രസംഗത്തിൽ പരാമർശിച്ചു. ലഹരിമരുന്നിന് അടിമയായി കഷ്ടപ്പെട്ട അവളുടെ ഭൂതകാലമാണ് അയാളുടെ സിനിമയിലെ മുഖ്യകഥാപാത്രത്തെ സൃഷ്ടിച്ചത്. അതിൽ ആവിഷ്കരിച്ചിട്ടുള്ളത് മാരിയുടെ ജീവിതം തന്നെയാണ്. എന്നിട്ടും അയാൾ അവളെ പരാമർശിച്ചില്ല. മാൽകം പറയുന്നത്, തന്റെ സിനിമ മാരിയെക്കുറിച്ചല്ല. നായികാ കഥാപാത്രത്തെ രൂപപ്പെടുത്തിയത് മാരിയെപ്പോലെ ലഹരിമരുന്നിന് അടിമയായിരുന്ന മറ്റു ചിലരുടെയും അനുഭവങ്ങൾ ആധാരമാക്കിയാണ്. സത്യത്തിൽ മാരിയുടെ ജീവിതമല്ല താൻ ആശ്രയിച്ചത്, മറ്റൊരു പെൺകുട്ടിയുടെ ജീവിതമാണ്.

 

മാൽക്കത്തിനു സ്വന്തമായി ഒരു പ്രതിഭയുമില്ല, തന്റെ ജീവിതമാണ് അയാൾ സിനിമ പകർത്തിവച്ചത്. അതിനാൽ ആ സിനിമയുടെ വിജയത്തിന്റെ ഒരു ഓഹരി തനിക്കും കിട്ടണമെന്നാണു മാരിയുടെ വാദം. ജീവിതത്തിൽനിന്ന് നിങ്ങൾ പകർത്തുന്ന ഓരോന്നിനും ഇങ്ങനെ അവകാശം വരുമെന്ന് നിങ്ങളോർക്കണം. യഥാർഥത്തിൽ ഒരാളുടെ സർഗജീവിതത്തിൽ അയാളുടെ പങ്കാളിയുടെ അല്ലെങ്കിൽ സ്നേഹത്തിന്റെ പങ്ക് എന്താണ്, നമ്മുടെ സ്നേഹബന്ധങ്ങളുടെ ആഴത്തിൽനിന്നാണോ നാം നമ്മുടെ കലാസൃഷ്ടിയെ കണ്ടെടുക്കുന്നത്?

 

മാൽകം ആൻഡ് മാരീ സ്ത്രീപുരുഷ ബന്ധത്തിലെ നമ്മുക്കു പരിചിതമായ ചുഴികളിലേക്കാണ് നമ്മെ കൊണ്ടുപോകുന്നത്. ഒരു വീടിനുള്ളിൽ രണ്ടുപേർ തർക്കം തുടങ്ങിയാൽ അത് സൗമ്യമായി അവസാനിക്കില്ല. ഓരോ വാക്കും കൂടുതൽ കാലുഷ്യത്തിലേക്കു പോകുകയേയുള്ളു.

 

എന്റെ രചനയ്ക്കുമേൽ ഞാൻ സ്ഥാപിക്കുന്ന കർത്തൃത്വം വളരെ നേർത്ത ഒരു പ്രതലത്തിലാണു നിലകൊള്ളുന്നത്. എത്രയോ പേരുടെ വിചാരവികാരങ്ങളുടെയും നാം വർഷങ്ങളാിയ നടത്തുന്ന എണ്ണമില്ലാത്ത ആശയവിനിമയങ്ങളുടെയും ആഴത്തിൽനിന്നാണ് യഥാർഥ കലാസൃഷ്ടി ഉയർന്നുവരുന്നത്. ഒരിക്കൽ അതു വിത്തായിരുന്നു. ഇന്നതു മരമാണ്. മണ്ണും വെള്ളവും വായുവും വെളിച്ചവും ചേർന്ന് ഉയിരെടുക്കുന്നതിന്റെ അവകാശം ആർക്കാണ്..

 

എന്റെ പത്തൊൻപതാം വയസ്സിലാണു ഞാൻ നിക്കോസ് കസൻസക്കീസിന്റെ ‘Report to Greco’ വായിച്ചത്. അത് അദ്ദേഹത്തിന്റെ അവസാനത്തെ പുസ്തകമായിരുന്നു; ഞാൻ വായിച്ച സക്കീസിന്റെ ആദ്യ പുസ്തകവും. ആത്മകഥാപരമായ നോവൽ എന്നു വിശേഷിപ്പിക്കാവുന്ന ഈ കൃതിയിൽ ലെനിൻ, സ്റ്റാലിൻ എന്നിവരെക്കുറിച്ചുള്ള അധ്യായങ്ങൾ അതിപ്രശസ്തമായിരുന്നു. സ്റ്റാലിന്റെ ധീരത വിവരിക്കുന്ന ഒരു കഥ, അതിൽ വിവരിച്ചത് എം. കൃഷ്ണൻനായർ ഒരിക്കൽ സാഹിത്യവാരഫലത്തിൽ എടുത്തെഴുതുകയും ചെയ്തു.

സക്കീസിന് ഒരു റഷ്യൻ കാമുകിയുണ്ടായിരുന്നു. അവരുടെ പിന്നാലെ അദ്ദേഹം മോസ്കോയിലേക്കു പത്രപ്രവർത്തകനായി പോയി. 

 

റിപ്പോർട്ട് ടു ഗ്രിക്കോ വായിച്ചിട്ട് ഒരുതരം ഉന്മാദമായിരുന്നു. അതുകഴിഞ്ഞ് എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ദിവസങ്ങളോളം അതു കയ്യിൽ കൊണ്ടു നടന്നു. ആരോടെങ്കിലും അതേപ്പറ്റി പറയണമെന്നു മോഹിച്ചു. ആഷാ മേനോൻ സക്കീസിനെക്കുറിച്ച് എഴുതിയ ഒരു പുസ്തകം അക്കാലത്തു ലൈബ്രറിയിൽനിന്നു കിട്ടി. ‘പരിവ്രാജകന്റെ മൊഴി’ എന്നോ മറ്റോ ആയിരുന്നു പേർ. 

കടുത്ത ക്രൈസ്തവ വിശ്വാസിയായിരുന്ന സക്കീസ് ആത്മീയാന്വേഷണത്തിന്റെ ഭാഗമായി യൂറോപ്പിലെ പുരാതനമായ ആശ്രമങ്ങൾ സന്ദർശിക്കുന്നുണ്ട്. മൗണ്ട് അതോസിലെ മൊണാസ്ട്രിയിലെ സന്ദർശനം സക്കീസിനു അസാധാരണമായ ആത്മീയാനന്ദം പകർന്നു. അദ്ദേഹം അവിടെ നിന്നിറങ്ങുമ്പോൾ മഞ്ഞുകാലമായിരുന്നു. പർവതം മുഴുവനും മഞ്ഞുമൂടിക്കിടന്നു. വെള്ള പുതച്ച ആ താഴ്‌വാരത്തിൽ പക്ഷേ ഒരു ആൽമണ്ട് മരം മാത്രം പൂവിട്ടുനിന്നത് സക്കീസിനെ അദ്ഭുതപ്പെടുത്തി. ആത്മീയാനന്ദലഹരിയിൽ സക്കീസിനു കണ്ണുനിറഞ്ഞു. I said to the Almond tree, Sister, speak to me of God, and the Almond tree blossomed എന്ന പ്രസിദ്ധമായ വാക്യം അവിടെയാണു നാം വായിക്കുന്നത്. 

ഈ വാക്യം എങ്ങനെ പിറന്നുവെന്നു റിപ്പോർട്ട് ടു ഗ്രിക്കോയിൽ മറ്റൊരിടത്ത് അദ്ദേഹം വിവരിക്കുന്നുണ്ട്. പാരിസിലായിരിക്കെ ഒരിക്കൽ കടുത്ത പനി മൂലം റെയിൽവേ സ്റ്റേഷനിൽ അദ്ദേഹം കുഴഞ്ഞുവീണു. മുഖം കോടിപ്പോകുകയും ചെയ്തു. കണ്ണുതുറക്കുമ്പോൾ അദ്ദേഹം ഒരു ആശുപത്രിയിലാണ്. പകുതി ബോധത്തിൽ സക്കീസ് ദിവസങ്ങളോളം കിടക്കയിൽ ചെലവഴിച്ചു. ജ്വരമൂർച്ഛയിൽ ഒരു ദിവസം അദ്ദേഹം നഴ്സിനോട് കടലാസും പേനയുമെടുത്ത് എഴുതാൻ ആവശ്യപ്പെടുകയാണ്. ‘സിസ്റ്റർ, സ്പീക്ക് ടു മീ ഓഫ് ഗോഡ്’ എന്ന, ആൽമണ്ട് മരവുമായുള്ള സംഭാഷണം ആ പനിക്കിടക്കയിലെ മയക്കത്തിൽ സക്കീസ് പറഞ്ഞത് നഴ്സ് എഴുതിയെടുക്കുകയായിരുന്നു. 

 

ചിത്രകലയെക്കുറിച്ചും ഫൊട്ടോഗ്രഫിയെക്കുറിച്ചും പറയുമ്പോൾ, അത് ആസ്വാദകനിൽനിന്ന് അധ്വാനവും കാത്തിരിപ്പും ആവശ്യപ്പെടുന്നുവെന്ന് കാൾ ഓവ് ക്നോസ്‌ഗാഡ് എഴുതുന്നുണ്ട്. കാഴ്ചക്കാരനോട് എപ്പോഴും ചെറുത്തുനിൽക്കുന്നതാണ്, പൂർണമായും തുറന്നുകൊടുക്കാൻ വിസ്സമ്മതിക്കുന്നതാണു യഥാർഥ കല എന്നെഴുതുന്ന ക്നോസ്‌ഗാഡ്, ജനപ്രിയ കലാരൂപങ്ങൾ പൗരാണികകാലം മുതൽ മനുഷ്യഭാവനയിൽ വരുത്തിയ സ്വാധീനങ്ങളെ ഇപ്പോഴത്തെ ജനപ്രിയ വിനോദോപാധികളായ ടിവിപരമ്പരകളിലേക്കും ഒടിടി സിനിമകളിലേക്കും ബന്ധിപ്പിക്കുന്നുണ്ട്. 

 

കല പ്രൊട്ടസ്റ്റന്റ് ആണ് എന്നാണു ക്നോസ്ഗാഡിന്റെ വാദം. കഠിനാധ്വാനത്തിലൂടെ ലഭിക്കുന്നതു മാത്രമേ ആസ്വാദ്യമാകൂ, അതിനേ മൂല്യമുള്ളു എന്നതാണു കലയിലെ പ്രൊട്ടസ്റ്റന്റിസം വാദിക്കുന്നത്. ഈ വാദത്തിനിടെ ലോറൻസ് ഡ്യൂറൽ ഒരു കലാസൃഷ്ടിയുടെ പിറവിയെപ്പറ്റി പറഞ്ഞ ഒരു വാക്യം ക്നോസ്ഗാഡ് എടുത്തെഴുതുന്നു, കലാസൃഷ്ടിയെന്നാൽ തനിക്കായി ഒരു ലക്ഷ്യം മുന്നിൽക്കണ്ടശേഷം അവിടേക്ക് ഉറക്കത്തിൽ നടന്നുപോകുന്നതാണ്. നോവലിന്റെ കാര്യത്തിൽ തനിക്ക് ഇതു ബാധകമാണ്. ഉറക്കം എത്ര ആഴത്തിലാകുമോ അത്രയും നന്നാവും നോവൽ. ചിന്തകളും വിമർശനങ്ങളും സർഗക്രിയയിൽ തടസ്സം തന്നെയാണ്. നോവൽരചനയെ അതു തടസ്സപ്പെടുത്തുകയാണു ചെയ്യുന്നത്. തന്റെ വിമർശന ബോധം ഒരിക്കൽ തനിക്ക് കഥയെഴുതാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കിയെന്നും എഴുതാനുള്ള സ്വതന്ത്ര അവസ്ഥയിലേക്കു തന്നെ ആരെങ്കിലും മയക്കിക്കിടത്തിയിരുന്നെങ്കിൽ എന്നു വരെ അന്നു താൻ ആലോചിച്ചെന്നും ക്നോസ്ഗാഡ് പറഞ്ഞു. ക്രിയേറ്റിവിറ്റി എന്നു നാം വിളിക്കുന്ന സംഗതി, സത്യസന്ധവും തടസ്സമില്ലാത്തതുമായ അബോധപ്രവാഹമായി മാറുകയാണു വേണ്ടത്. നിഗൂഢമായ ഉറവുകൾ എന്നു ബോർഹെസ് ഒരിക്കൽ വിശേഷിപ്പിച്ചതും അതു തന്നെ. നാമെഴുതുന്ന വാക്യങ്ങളിൽ എത്ര ഞാൻ, എത്ര നീ, എത്ര നമ്മൾ എന്നതെല്ലാം പിന്നീടാണു കണ്ടെത്തുന്നത്. ഒരു രചനയ്ക്കായി‌ നമ്മുടെ സ്വന്തമായ എന്തെല്ലാം ഉപേക്ഷിച്ചു എന്നതാണ്‌ വലിയ ചോദ്യം.

English Summary : Ezhuthumesha Column by Ajay P Mangattu - What is an original work copyright?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com