ADVERTISEMENT

ഒരുനിമിഷം ഇരുളിൽ നിന്നാലറിയാം, ആരൊക്കെ കൂടെയുണ്ടാകുമെന്ന്. പ്രതിസന്ധികളിലല്ല പലരും തളർന്നുവീഴുന്നത്, പ്രതിസന്ധി ഉണ്ടായപ്പോൾ തനിച്ചാക്കി ഒളിച്ചോടിയവരെ കണ്ടിട്ടാണ്. കണ്ണിൽ ഇരുട്ടു കയറിയാൽ പിന്നെ ഒരടി നീങ്ങാനാകാതെ നിശ്ചലനാകേണ്ടിവരും. ഒപ്പം നിന്നവരുടെ ഒറ്റപ്പെടുത്തലാണ് ആ കൂരിരുട്ടിൽ തെളിയുന്ന ഏക കാഴ്ച. സ്വീകരിച്ച നന്മകളും നേടിയ ആവശ്യങ്ങളും എല്ലാവരും മറക്കും. വെള്ളിവെളിച്ചത്തിൽ സഹവസിച്ചപ്പോൾ കിട്ടിയ പേരും പ്രശസ്തിയും സ്വന്തം മികവെന്ന് അവർ വ്യാഖ്യാനിക്കും. പൗർണമികൾ എല്ലാവരുടേതുമാണ്, അമാവാസികൾ അവനവന്റേതും.

മേൽക്കൂരകൾക്കു ചന്തം ചാർത്തുമ്പോൾ നെടുംതൂണുകളെ മറന്നുപോകരുത്. ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളില്ലാതെ മാറ്റിനിർത്തപ്പെടുന്ന ചില ആൾരൂപങ്ങൾ എല്ലായിടങ്ങളിലും ഉണ്ടാകും. കയ്യൂക്കുള്ളവരും കാര്യശേഷിയുള്ളവരും നിറഞ്ഞാടുമ്പോൾ ആരുമറിയാതെ ഒരു മൂലയ്ക്കു നിൽക്കാനാകും അവരുടെ നിയോഗം. അധിക്ഷേപങ്ങൾ ഒന്നൊഴിയാതെ അവരിൽ ചാർത്തപ്പെടുകയും ചെയ്യും.

ആരവങ്ങൾ ഉണ്ടാക്കുന്നവരല്ല, അവശ്യനേരത്ത് ഇടപെടുന്നവരാണ് അടിത്തറയിളകാതെ സൂക്ഷിക്കുന്നത്. അവരെ ചേർത്തുപിടിച്ചില്ലെങ്കിലും ഇളക്കി മാറ്റരുത്. ആവശ്യമില്ലാത്തപ്പോൾ അവഗണിക്കുകയും ആവശ്യം വരുമ്പോൾ അന്വേഷിച്ചു കണ്ടെത്തി കൂടെ നിർത്തുകയും ചെയ്യുന്ന അവസരവാദികളാണ് ആളുകളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നത്. പ്രദർശനസാധ്യതകൾ ഇല്ലാത്തപ്പോഴും പ്രേരകശക്തികളായി നിലകൊള്ളുന്നവരെ ഒറ്റവെട്ടിനു മുറിച്ചുമാറ്റരുത്. നാളെ തണലാകാൻ മറ്റൊരാളെ കിട്ടിയെന്നു വരില്ല.

English Summary : Subhadinam - How does it feel when someone leaves you?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com