ഒഴിഞ്ഞ താളിൽ ഒറ്റവാക്കുകൊണ്ട് ട്രപ്പീസുകളിയൊരുക്കുന്ന മാന്ത്രികൻ

HIGHLIGHTS
  • ഇന്ന് ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ 94ാം ജന്മവാർഷികം
GARCIAMARQUEZ/
Colombian Nobel Prize laureate Gabriel Garcia Marquez stands outside his house on his 87th birthday in Mexico City on March 6, 2014.(File Photo).Photo Credit : Edgard Garrido / Reuters
SHARE

ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ അവസാനം. ലാറ്റിനമേരിക്കയിലെ ഒരു പോസ്റ്റ് ഓഫിസിൽ, 490 പേജുകളുള്ള നോവലിന്റെ കൈയെഴുത്തുപ്രതിയുമായി ഒരു എഴുത്തുകാരൻ നിന്ന് വിയർക്കുന്നു. പ്രസാധകന് ഇത്രയും പേജുകൾ തപാലിൽ അയച്ചുകൊടുക്കാനുള്ള പണം അദ്ദേഹത്തിന്റെ കൈയിലില്ല. ഭാര്യയും ഒപ്പമുണ്ട്. ഉള്ള കാശിന് പകുതിയോളം പേജുകൾ അയച്ചുകൊടുത്തിട്ട് അവർ വീട്ടിൽ തിരിച്ചെത്തി ഹീറ്ററും ഹെയർ ഡ്രൈയറും ഉൾപ്പെടെയുള്ള ചില സാധനങ്ങൾ പണയംവച്ചു. ആ പണം കൊണ്ട് ബാക്കി പേജുകളും അയച്ചു. എഴുത്തുകാരനോ ഭാര്യയ്ക്കോ, എന്തിനേറെ ആ നോവലിന്റെ പ്രസാധകനു പോലും അറിയില്ലായിരുന്നു, ലോകസാഹിത്യത്തിൽ കൊടുങ്കാറ്റാകാൻ പോകുന്ന കൃതിയാണതെന്ന്. ഗബ്രിയേൽ ഗാർസിയ മാർക്കേസ് ആയിരുന്നു ആ എഴുത്തുകാരൻ. പണമില്ലാത്തതിന്റെ പേരിൽ തപാലിൽ രണ്ടുവട്ടമായി അയയ്ക്കേണ്ടി വന്ന ആ നോവലിന്റെ പേര് ‘ഏകാന്തതയുടെ നൂറുവർഷങ്ങൾ’ (One hundred years of solitude).

മലയാള സാഹിത്യകാരന്മാരെക്കാൾ മലയാളികൾക്ക് വളരെ പരിചിതനായ ലാറ്റിനമേരിക്കൻ എഴുത്തുകാരൻ ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ 94ാം ജന്മവാർഷികമാണ് മാർച്ച് ആറിന്. ഒഴിഞ്ഞ താളിൽ ഒറ്റവാക്കുകൊണ്ട് ട്രപ്പീസുകളിയൊരുക്കുന്ന, മാന്ത്രികത നിറഞ്ഞ കഥപറച്ചിലിലൂടെ കോടിക്കണക്കിന് വായനക്കാരുടെ ഹൃദയംതൊട്ട, നൂറുവർഷത്തെ ഏകാന്തതയുടെയും കോളറയെക്കാൾ തീവ്രമായ പ്രണയത്തിന്റെയും വരികൾ സമ്മാനിച്ച ലോകത്തിലെ ഏറ്റവും മികച്ച കഥപറച്ചിലുകാരൻ. ഒരുപക്ഷേ, കഥപറയാനായി മാത്രം ലോകത്ത് ജീവിച്ചിരുന്നൊരാൾ.

1967ൽ പ്രസിദ്ധീകരിച്ച ‘ഏകാന്തതയുടെ നൂറു വർഷങ്ങൾ’ എന്ന നോവലാണ് മാർക്കേസിനെ പ്രശസ്‌തിയിലേക്ക് ഉയർത്തിയത്. കോടിക്കണക്കിനു കോപ്പികൾ വിറ്റഴിഞ്ഞ ഈ പുസ്‌തകത്തിനായിരുന്നു 1982ലെ നൊബേൽ സാഹിത്യ പുരസ്‌കാരം. സ്‌പാനിഷ് ഭാഷയിൽ ബൈബിൾ കഴിഞ്ഞാൽ ഏറ്റവുമധികം വിറ്റഴിഞ്ഞതു മാർക്കേസിന്റെ നോവലുകളാണ്. ‘ഏകാന്തതയുടെ നൂറുവർഷങ്ങൾ’ എന്ന പുസ്തകത്തിനു മുൻപും ശേഷവും എന്ന് മാർക്കേസിന്റെ ജീവിതത്തെ രണ്ടായി തിരിക്കാം. ഈ നോവലിന് മുൻപുവരെ അത്രയൊന്നും അറിയപ്പെടുകയും വായിക്കപ്പെടുകയും ചെയ്യാതിരുന്ന എഴുത്തുകാരനായിരുന്നു മാർക്കേസ്. 

GARCIAMARQUEZ/
Colombian Nobel Prize laureate Gabriel Garcia Marquez speaks with his wife Mercedes upon their arrival in Aracataca, May 30, 2007. (File Photo) Photo: Daniel Munoz / Reuters

ഏകാന്തതയുടെ നൂറ് വർഷങ്ങൾ എന്ന നോവൽ വായിച്ചിട്ട് മാർക്കേസിന്റെ സുഹൃത്തുക്കളിൽ പലരും ഇത് സാഹിത്യത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷേ, പ്രസിദ്ധീകരിക്കാനായി അയയ്ക്കുമ്പോഴും മാർക്കേസിന്റെ ഭാര്യ മെഴ്സിഡസിന് അത് വേണ്ടവിധത്തിൽ ശ്രദ്ധിക്കപ്പെടുമോ എന്നു സംശയമുണ്ടായിരുന്നു. അതിനൊരു കാരണവുമുണ്ട്. അദ്ദേഹത്തിന്റെ ആദ്യകാല രചനകളിലൊന്നായ ‘ലീഫ്സ്റ്റോം’ പ്രസിദ്ധീകരിക്കാനായി മുൻപ് ഒരു പ്രസാധനാലയത്തിന് അയച്ചുകൊടുത്തു. പക്ഷേ, മാർക്കേസിനെ കാത്തിരുന്നത് വലിയ ഒരു പ്രഹരമായിരുന്നു. അവർ ആ കൃതി നിരാകരിച്ചതിനു പുറമേ, എഴുത്തുകാരൻ എന്ന നിലയിൽ മാർക്കേസിന് ഭാവിയില്ലെന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് ചെറിയ ഒരു പ്രസിദ്ധീകരണശാല ലീഫ്സ്റ്റോം പുറത്തിറക്കിയെങ്കിലും നാലായിരം കോപ്പിയിൽ താഴെ മാത്രമാണ് വിറ്റുപോയത്. അതിനാൽ പുതിയ നോവലും ഒരു മോശപ്പെട്ട കൃതിയായി മുദ്രകുത്തപ്പെടുമോ എന്ന് മാർക്കേസിനും മെഴ്സിഡസിനും ആശങ്കയുണ്ടായിരുന്നു. എന്നാൽ സാഹിത്യലോകത്ത് നാൽപതാമത്തെ വയസ്സിൽ സ്വന്തമായൊരു സിംഹാസനമിട്ടിരിക്കാൻ ഈ നോവൽ മാർക്കേസിനു മുൻപിൽ വഴി തുറന്നു.

ഭ്രമാത്മകതയുടെയും യാഥാർഥ്യത്തിന്റെയും അതിരുകൾ മായ്ക്കുന്ന മാജിക്കൽ റിയലിസം എന്ന രചനാസങ്കേതത്തിന്റെ തമ്പുരാനായാണ് മാർക്കേസിനെ സാഹിത്യലോകം കാണുന്നത്. മാജിക്കൽ റിയലിസത്തിലൂടെ സാഹിത്യത്തിൽ സ്വന്തമായൊരു സാമ്രാജ്യം സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം. സാമ്രാജ്യത്വ വിരുദ്ധതയും സ്വേച്‌ഛാധിപത്യ വിരുദ്ധതയുമാണ് മാർക്കേസിന്റെ രാഷ്‌ട്രീയത്തെ രൂപപ്പെടുത്തിയത്. എഴുത്തിലുടനീളം അതു പ്രതിഫലിച്ചു.

കൊളംബിയയിൽ ആയിരുന്നു ജനനമെങ്കിലും മാർക്കേസ് കൂടുതലും ജീവിച്ചത് മെക്സിക്കോയിലും യൂറോപ്പിലുമായിരുന്നു. പത്രപ്രവർത്തകനായാണ് മാർക്കേസ് എഴുത്തിന്റെ ലോകത്തേക്ക് കടക്കുന്നത്. കപ്പൽച്ചേതത്തിലകപ്പെട്ട നാവികന്റെ കഥ (The Story of a Shipwrecked Sailor) എന്ന കൃതിയിലൂടെ സാഹിത്യലോകത്തേക്കുള്ള വരവറിയിച്ചു. യഥാർഥത്തിൽ നടന്ന ഒരു സംഭവം നാടകീയത കലർത്തി സാഹിത്യ സൃഷ്ടിയായി അവതരിപ്പിക്കുകയായിരുന്നു ഈ പുസ്തകത്തിലൂടെ. ഇടതുപക്ഷ അനുഭാവിയായിരുന്ന മാർക്കേസിന് ഫിദൽ കാസ്ട്രോയുമായി ഏറെ ആത്മബന്ധമുണ്ടായിരുന്നു.

gabriel-garcia-marquez-book-one-hundred-years-of-solitude

‘മെമ്മറീസ് ഓഫ് മൈ മെലങ്കളി ഹോർസ്’ ആയിരുന്നു ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ നോവൽ. ആത്മകഥയായ ‘ലിവിങ് ടു ടെൽ ദ് ടെയ്‌ലി’ന്റെ രണ്ടാം ഭാഗം എഴുതുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വ്യക്‌തിബന്ധങ്ങൾക്കു മുറിവേൽക്കുമെന്ന ആശങ്കമൂലം അദ്ദേഹം പിൻവാങ്ങി. കൊളംബിയൻ സർക്കാരും ഗറില്ലകളും തമ്മിലുള്ള ചർച്ചകളിൽ മധ്യസ്‌ഥനായിരുന്നു അദ്ദേഹം. ഒട്ടേറെ ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ഇൻ ഇവിൾ അവർ, നോ വൺ റൈറ്റ്‌സ് ടു കേണൽ, ഓട്ടം ഓഫ് ദ് പേട്രിയാർക്ക്, ക്രോണിക്കിൾ ഓഫ് എ ഡെത്ത് ഫോർടോൾഡ്, ലവ് ഇൻ ദ് ടൈം ഓഫ് കോളറ, ദ് ജനറൽ ഇൻ ഹിസ് ലാബിരിന്ത്, ഓഫ് ലവ് ആൻഡ് അദർ ഡെമൻസ്, ക്ലാൻഡെസ്‌റ്റിൻ ഇൻ ചിലി, ന്യൂസ് ഓഫ് എ കിഡ്‌നാപ്പിങ് എന്നിവയാണ് മറ്റു പ്രധാന കൃതികൾ.

English Summary : 91st birthday of novelist Gabriel Garcia Marquez

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;