ADVERTISEMENT

കോഴിക്കോട് ∙ കലാരംഗത്ത് വേണ്ട രീതിയിൽ അംഗീകരിക്കപ്പെടാതെ പോയ നാടക ഗാനരചയിതാവാണ് പൂച്ചാക്കൽ ഷാഹുലെന്ന് മിസോറാം ഗവർണർ പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു. 400–ഓളം നാടകങ്ങൾക്കായി ആയിരത്തിലേറെ ഗാനങ്ങൾ രചിച്ച പൂച്ചാക്കൽ ഷാഹുലിനു കോഴിക്കോടിന്റെ സഹൃദയ ലോകം നൽകിയ ആദരം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. 

പൂച്ചാക്കൽ ഷാഹുലിന്റെ ജന്മദേശമായ കോട്ടയത്തോ, അദ്ദേഹത്തിന്റെ കർമ നഗരമായ ആലപ്പുഴയിലോ കേരളത്തിലെ മറ്റേതെങ്കിലും നഗരങ്ങളിലോ ലഭിക്കാത്ത ആദരവാണ് കോഴിക്കോട് ഈ കലാകാരനു നൽകിയതെന്നും അതിലൂടെ കോഴിക്കോടിന്റെ യശസ് ഉയർന്നിരിക്കയാണെന്നും  ഗവർണർ പറഞ്ഞു. ഈ ആദരിക്കൽ ചടങ്ങിലൂടെ മലയാളി ഒരു തെറ്റ് തിരുത്തുകയാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇതൊരു ഓർമയാണ്, ഓർമപ്പെടുത്തലാണ്. ജാഡയില്ലാത്ത മനുഷ്യനായതിനാലാണ് അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിക്കാതെ പോയത്. എന്നാൽ സഹൃദയ മനസുകളിൽ ഇദ്ദേഹത്തിന്റെ നാടക ഗാനങ്ങൾ എക്കാലവും നിലനിൽക്കുന്നുണ്ട്.  ഇത്തരം കലാകാരൻമാർ ആദരിക്കപ്പെടാതെ പോകുന്നത് മലയാളക്കരയുടെ വലിയൊരു പരാജയമാണെന്നും ഗവർണർ പറഞ്ഞു. കോഴിക്കോടിന്റെ ഉപഹാരവും പൊന്നാടയും ഗവർണർ പി.എസ്.ശ്രീധരൻപിള്ള, പൂച്ചാക്കൽ ഷാഹുലിനു സമ്മാനിച്ചു. 

poochakkal-shahuls-manchalettiya-geethangal-book-release-funtion-kozhikode

നിർമാതാവ് കുഞ്ചാക്കോയ്ക്ക് ഏറ്റവും പ്രിയങ്കരനായ പാട്ടെഴുത്തുകാരിൽ ഒരാളായിരുന്നു പൂച്ചാക്കൽ ഷാഹുലെന്നു ചടങ്ങിൽ ആധ്യക്ഷ്യം വഹിച്ച വി.ആർ.സുധീഷ് പറഞ്ഞു.  വയലാറിന്റെ മരണശേഷം കുഞ്ചാക്കോയുടെ സിനിമകളിൽ കൂടുതൽ പാട്ടെഴുതാൻ പൂച്ചാക്കൽ ഷാഹുലിനു അവസരം കിട്ടുമായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ അധികം വൈകാതെ കുഞ്ചാക്കോ മരിച്ചതും പൂച്ചാക്കൽ ഷാഹുലിന്റെ ചലച്ചിത്ര ഗാന രംഗത്തെ വളർച്ചയ്ക്കു തിരിച്ചടിയായി. അധ്യാപന ജോലിക്ക് പ്രാധാന്യം നൽകിയതാണ് പൂച്ചാക്കൽ ഷാഹുലിനു വിനയായത്. വീട്ടിലിരുന്നു പാട്ടെഴുതി അയക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റെത്. ഇടിച്ചു കയറി പാട്ടെഴുതാൻ ശ്രമിച്ചിരുന്നെങ്കിൽ 4 സിനിമയ്ക്കു പകരം 400 സിനിമയിൽ പാട്ടെഴുതാൻ ഇദ്ദേഹത്തിനു അവസരം ലഭിക്കുമായിരുന്നെന്നും സുധീഷ് പറഞ്ഞു. 

poochakkal-shahul-poet-drama-malayalam
പൂച്ചാക്കൽ ഷാഹുൽ

പൂച്ചാക്കൽ ഷാഹുൽ രചിച്ച നാടക ഗാന സ്മരണകൾ ‘മഞ്ചലേറ്റിയ ഗീതങ്ങൾ’ ഗവർണർ പി.എസ്.ശ്രീധരൻപിള്ള പ്രകാശനം ചെയ്തു. നാടകകൃത്തും സംവിധായകനുമായ സുന്ദരൻ കല്ലായ് പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി. ജമാൽ കൊച്ചങ്ങാടി, വിൽസൻ സാമുവൽ, കമാൽ വരദൂർ, പൂച്ചാക്കൽ ഷാഹുൽ, എം.രാജൻ എന്നിവർ പ്രസംഗിച്ചു. അഴിമുഖം എന്ന സിനിമയ്ക്കു വേണ്ടി പൂച്ചാക്കൽ ഷാഹുൽ രചിച്ച് എം.എസ്.ബാബുരാജ് സംഗീതം നൽകി ആലപിച്ച ഗാനം ബാബുരാജിന്റെ മകൻ ജബ്ബാർ ബാബുരാജ് ചടങ്ങിൽ ആലപിച്ചത് സദസിനു പഴയകാലത്തേക്കുള്ള ഒരു തിരിച്ചു പോക്കായി.

English Summary : Poochakkal Shahul's Book Manchalettiya Geethangal Release.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com