ADVERTISEMENT

കുടിയേറ്റ കർഷക കുടുംബങ്ങളുടെ വേദനയിലേക്കും ആഹ്ലാദത്തിത്തിലേക്കും തൂലികകൊണ്ട് കടന്നുചെന്നിട്ടുള്ള നാടക രചയിതാവാണ് എൻ.എൻ.പിള്ള. കുടുംബയോഗം എന്ന ഏകാങ്കത്തിന്റെയും പശ്ചാത്തലം കുടിയേറ്റ മേഖല തന്നെ. ഒരു സ്ത്രീയും പുരുഷനും ആണ് ഇതിലെ കഥാപാത്രങ്ങൾ. പ്രായാധിക്യത്തിന്റെ എല്ലാ ബുദ്ധിമുട്ടുകളും സഹിക്കുന്ന ദമ്പതികൾ. മനസിന്റെ സമനില കൈമോശം വന്നുവോ എന്നാർക്കും സംശയം തോന്നാവുന്ന രീതിയിലാണ് അവരുടെ സംസാരമെല്ലാം. മാത്തച്ചനും മറിയാമ്മയും ജോണിയും എല്ലാം അവരുടെ കുടുംബയോഗത്തിലേക്ക് എത്തിയതായി അവർ പലപ്പോഴായി പറയുന്നുണ്ട്. പ്രേക്ഷകർക്ക് കാണാത്ത അല്ലെങ്കിൽ മനസിലാക്കാത്ത ഇൗ ബന്ധുജനങ്ങളുടെ സാന്നിധ്യം ഇൗ ദമ്പതികൾ ശരിക്കും ആസ്വദിക്കുന്നുണ്ട്. 

അവർ ഒാരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങളും സ്വഭാവത്തിലെ വൈചിത്ര്യങ്ങളും എല്ലാം ദമ്പതികൾ പരസ്പരം നടത്തുന്ന സംഭാഷണങ്ങളിലൂടെ വായനക്കാരൻ തിരിച്ചറിയുന്നു. 

NN Pillai
എൻ.എൻ. പിള്ള

ഇതോടെ വായനക്കാർക്ക് ഉദ്വേഗം വളരുകയായി. അത് ഒാരോ സംഭാഷണത്തിലൂടെയും അനുനിമിഷം വർധിപ്പിക്കുകയും ചെയ്യുന്നു നാടകരചയിതാവ്. എന്നാൽ നാടകാന്ത്യത്തിൽ അഞ്ച് കൊച്ചു ശവപ്പെട്ടികളുമായി അവർ ഇരുവരും എത്തുന്നു. എന്നിട്ടവർ പറയുന്നു ‘തൊണ്ണൂറ്റിഒൻപതിലെ വെള്ളപ്പൊക്കത്തിൽ ഞാൻ പള്ളിയുടെ കുടുന്തയ്ക്ക് കുരിശൊറപ്പിക്കുകയായിരുന്നു. മണിമലയാറ്റിനക്കരെ... 

സ്ത്രീ: ഞാനും പിള്ളാരും ഇക്കരെ. ചോരനെറത്തി കലങ്ങി മറിഞ്ഞ് അലറിയൊഴുകുന്ന മലവെള്ളം. പിള്ളേരെല്ലാം കൂടെ ഒരു കൊതുമ്പു വള്ളത്തെ പെടച്ചു കേറി അക്കരയ്ക്ക് തൊഴഞ്ഞു, അപ്പച്ചൻ കുരിശൊറപ്പിക്കുന്ന കാണാൻ. അപ്പച്ചനേം കർത്താവിനേം ഒരേ ഇരുപ്പിൽ കാണാൻ.

പുരുഷൻ: ആ വള്ളം ഇക്കരെ എത്തീല്ല. 45 കൊല്ലം കഴിഞ്ഞു. മണിമലയാറ് ഇപ്പോഴും ഒഴുകുകാ. കുരിശുപള്ളിടെ താഴെക്കൂടെ... വരുന്ന കൊല്ലം വരും അല്ലേ?

 

സ്ത്രീ: വരും

 

പുരുഷൻ: വരും.

ഒരിക്കലും വരാനാകാത്ത വിധം അകന്നു പോയ വള്ളത്തിൽ അവർ കുടുംബയോഗത്തിൽ പങ്കെടുക്കാൻ വരുമെന്ന് കരുതിയ മക്കളുണ്ടായിരുന്നു. പക്ഷേ നാലരപതിറ്റാണ്ടിനു ശേഷവും അവർ പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത കൊല്ലത്തെ കുടുംബയോഗത്തിന് അവർ വരുമെന്ന്. ഈ ക്ലൈമാക്സിലാണ് നാടകത്തിന്റെ മുഴുവൻ നൊമ്പരവും രചയിതാവ് ഒളിപ്പിച്ചു വച്ചിരുന്നത്.  എൻ.എൻ.പിള്ളയ്ക്ക് മാത്രം സാധ്യമാകുന്ന ഒരുതരം ഭീതിയൊളിപ്പിച്ച ക്ലൈമാക്സ്. 

English Summary : N.N. Pillai's one act play - Kudumbayogam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com