ADVERTISEMENT

രാജാവിനെയും രാജ്ഞിയെയും ശത്രുസൈന്യം യുദ്ധത്തിനിടെ വധിച്ചു. അടുത്ത കിരീടാവകാശിയായ രാജകുമാരനെ തടവിലാക്കി. ഏറെ ദ്രോഹിച്ച ശേഷം അവനെ വധിക്കാനായിരുന്നു തീരുമാനം. അവർ അവനെ ദുഷ്പ്രവൃത്തികൾക്കു നിർബന്ധിച്ചു. പക്ഷേ, അവൻ വഴങ്ങിയില്ല. എല്ലാ വേദനകളും സഹിച്ച് കൗമാരത്തിൽത്തന്നെ വിടപറഞ്ഞപ്പോൾ കുമാരന്റെ കബറിടത്തിൽ ശത്രുരാജ്യക്കാർ ഒരു വാചകം എഴുതിച്ചേർത്തു – ഒരു പ്രലോഭനത്തിനും കീഴടങ്ങാത്തവൻ.

വളരാൻ തയാറല്ലെങ്കിൽ വളർത്താനോ തളരാൻ തയാറല്ലെങ്കിൽ തളർത്താനോ സാധ്യമല്ല. എല്ലാവരും സാഹചര്യങ്ങൾക്ക് അടിയറവു പറയുന്നവരല്ല. ഒരാളുടെ അനുവാദം കൂടാതെ വേറൊരാൾക്കും അയാളെ തകർക്കാനാകില്ല. പ്രലോഭനങ്ങളും പ്രതിസന്ധികളും സ്വയം കണ്ടെത്തുന്ന ചില ന്യായീകരണങ്ങൾ മാത്രം. എല്ലാ സാഹചര്യങ്ങളും സംവിധാനങ്ങളും തനിക്കു പിന്തുണ നൽകണമെന്ന് ഒരാൾക്ക് എങ്ങനെയാണു വാശിപിടിക്കാൻ കഴിയുക? എല്ലാം അനുകൂലമായാൽ മാത്രമേ വളരാനാകൂ എന്നത് സ്വയം നശിക്കാൻ തീരുമാനിച്ചവരുടെ വിശ്വാസപ്രമാണമാണ്. 

എന്തിനും വശംവദരാകുന്നവർക്ക് ഒന്നിനോടും അഭിനിവേശമുണ്ടാകില്ല. പ്രലോഭിതരാകാൻ ഒരു കാരണം തേടുന്നവരാകും അവർ. ദീർഘകാല ലക്ഷ്യങ്ങളെ മറയ്ക്കുന്ന താൽക്കാലിക സംതൃപ്തികളാണ് പ്രലോഭനങ്ങൾ. എത്തിച്ചേരേണ്ട തീരങ്ങളെക്കുറിച്ചും പുലർത്തേണ്ട രീതികളെക്കുറിച്ചും തികഞ്ഞ ബോധ്യമില്ലാത്തവർ അവയ്ക്കു പിന്നാലെ പോകും. 

സ്വന്തം കർമത്തിലും കാഴ്ചപ്പാടിലും വിശ്വാസമുള്ളവർക്കു മാത്രമേ, പരീക്ഷണങ്ങൾക്കു മുന്നിൽ പിടിച്ചുനിൽക്കാനാകൂ. പ്രലോഭനങ്ങൾക്കു കീഴ്പ്പെടുന്നത് എതിരാളിയുടെ മിടുക്കുകൊണ്ടല്ല, സ്വന്തം ബലഹീനതകൊണ്ടാണ്. വിജയത്തിന് അവസാനംവരെ പിടിച്ചുനിൽക്കുക എന്നൊരു മാനദണ്ഡം മാത്രമേയുള്ളൂ. തൊട്ടുമുന്നിലെ പടിയിൽനിന്നു താഴെ വീണാലും അതു ജീവിതപരാജയമാണ്. ഒരാൾ മറികടന്ന പ്രലോഭനങ്ങൾ പരിശോധിച്ചാലറിയാം, അയാളുടെ ആത്മബലം.

English Summary : Subhadinam - How to overcome temptation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com