ADVERTISEMENT

‘‘എത്രയോ കാലം മുൻപേ ആഗ്രഹിച്ചതാണ് തസ്രാക്കിൽ വരണമെന്ന്. ഇപ്പോഴാണതിന് അവസരമൊത്തത്. വന്നു.. കണ്ടു... സന്തോഷമായി’’. തസ്രാക്കിലെ ഒ.വി.വിജയൻ സ്മാരകത്തിൽ എത്തിയ ടി. പദ്മനാഭൻ പറഞ്ഞു. ഒ.വി.വിജയന്റെ സുഹൃത്തായ പത്മനാഭൻ ആദ്യമായിട്ടാണ് തസ്രാക്ക് സന്ദർശിക്കുന്നത്. 

 

‘‘പാലക്കാട്ടെ ചൂട് സഹിക്കാൻ കഴിയുന്നില്ല. കണ്ണൂരിൽ ചൂട് ഉണ്ടെങ്കിലും ഇങ്ങനെ ചുട്ടുപൊള്ളില്ല. ചൂടുകാലത്തെ യാത്ര പ്രയാസമായതുകൊണ്ടാണ് കാർ ഒഴിവാക്കി ട്രെയിനിൽ വന്നത്. തസ്രാക്കിലേക്കുള്ള യാത്രയായതിനാലാണ് ചൂട് വകവയ്ക്കാതെ ഞാൻ പുറപ്പെട്ടത്’’.

 

ഒ.വി. വിജയൻ  സ്മാരക സമിതി ഏർപ്പെടുത്തിയ ഒ.വി.വിജയൻ  സാഹിത്യ പുരസ്കാരത്തിലെ മികച്ച ചെറുകഥാകൃത്തിനുള്ള പുരസ്കാരം വാങ്ങാൻ എത്തിയതായിരുന്നു പത്മനാഭൻ. സന്തത സഹചാരി രാമചന്ദ്രൻ, സുഹൃത്തുക്കളായ കഥാകൃത്ത് എം.കെ.മനോഹരൻ, പത്രപ്രവർത്തകൻ നാരായണൻ കാവുമ്പായി എന്നിവർക്കൊപ്പാണ് പത്മനാഭൻ തസ്രാക്കിലെത്തിയത്. 

പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തിൽ, ഒ.വി. വിജയൻ എന്തുകൊണ്ട് കേരളം വിട്ട് ഡൽഹിയിലേക്കു പോകേണ്ടി വന്നു എന്ന കാര്യമാണ് പത്മനാഭൻ സൂചിപ്പിച്ചത്. അപവാദങ്ങളിലൂടെ വിജയനെ ഇല്ലാതാക്കാൻ ശ്രമിച്ചത് മലയാളത്തിലെ സാഹിത്യകാരന്മാർ തന്നെയാണെന്ന് പത്മനാഭൻ വിമർശിച്ചു. വൈക്കം മുഹമ്മദ് ബഷീറും വിജയനുമാണ് ഏറ്റവുമധികം അപവാദങ്ങൾ കേൾക്കേണ്ടി വന്ന എഴുത്തുകാർ. ഇരുവരും മോഷ്ടാക്കളായ എഴുത്തുകാർ ആണെന്നുവരെ അപവാദം പ്രചരിപ്പിച്ചിരുന്നതായി പത്മനാഭൻ പറഞ്ഞു.

 

ഉറ്റ സുഹൃത്തുക്കൾ

 

സാഹിത്യകാരന്മാർ എന്നതിലുപരി ടി. പത്മനാഭനും ഒ.വി.വിജയനും ഉറ്റസുഹൃത്തുക്കളായിരുന്നു. കേരളത്തിൽനിന്നു ഡൽഹിയിലേക്കു താവളം മാറ്റിയ ശേഷം ഒരിക്കൽ പത്മനാഭൻ വിജയനെ കാണാൻ പോയിരുന്നു. ഫാക്ടിൽ ജോലി ചെയ്യുന്ന സമയത്ത് ഔദ്യോഗിക ആവശ്യത്തിനു പോയതായിരുന്നു പത്മനാഭൻ. വിജയന്റെ സമയം ചോദിച്ച് കാണാൻ ചെന്നു. അന്നേരം വിജയൻ പറഞ്ഞതുമുഴുവൻ താൻ എന്തുകൊണ്ട് കേരളത്തിൽനിന്നു ഡൽഹിയിലേക്കു പലായനം ചെയ്തു എന്നതിന്റെ കാരണമായിരുന്നു. അതിനു പ്രധാന കാരണക്കാരനായി സൂചിപ്പിച്ചത് മലയാളത്തിലെ മുൻനിര എഴുത്തുകാരനെയും. പത്രാധിപരായിരുന്ന അദ്ദേഹം തന്നോടു കാട്ടിയ ചില നീതികേടുകൾകൊണ്ട് മനംമടുത്തായിരുന്നുവത്രേ വിജയൻ കേരളം വിട്ടത്. അക്കാര്യം തുറന്നുപറയാൻ പത്മനാഭൻ വിജയനോടു പറഞ്ഞിരുന്നു.

 

വിജയനെക്കുറിച്ചുള്ള ഓർമയിൽ പത്മനാഭൻ എപ്പോഴും പറയുന്ന മറ്റൊരു സംഭവമുണ്ട്. ഒരുദിവസം രാത്രി പത്മനാഭനൊരു ഫോൺ. ഒ.വി. വിജയൻ മരിച്ചെന്നായിരുന്നു ഫോൺ സന്ദേശം. പത്രം ഓഫിസിൽ നിന്നാണെന്നു പറഞ്ഞായിരുന്നു ഫോൺ വന്നത്. രാത്രിയായതിനാൽ ക്രോസ് ചെക്ക് ചെയ്യാനും സാധിച്ചില്ല. അടുത്തദിവസം രാവിലെ കോട്ടയത്തെ സുഹൃത്തുക്കളെ വിളിച്ചുചോദിച്ചപ്പോഴാണ് ആരോ രാത്രിയിൽ വിളിച്ചു പറ്റിച്ചതാണെന്നു മനസ്സിലായത്. വിജയനെ പോലെയൊരു സാധു മനുഷ്യനെക്കുറിച്ച് ഇങ്ങനെ പറഞ്ഞതിനു പിന്നിലും മലയാളത്തിലെ സാഹിത്യകാരന്മാർ ആയിരിക്കുമെന്നാണ് പത്മനാഭൻ സൂചിപ്പിക്കാറുള്ളത്. വളരെയധികം  സന്തോഷത്തോടെയാണ് പത്മനാഭൻ തസ്രാക്കിൽ നിന്നു മടങ്ങിയത്. യാത്രയിലുടനീളം വിജയനുമായുള്ള ബന്ധം തന്നെയായിരുന്നു സംസാരം.

 

English Summary: Writer T. Padmanabhan on his first trip to Thasarak 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com