മാറ്റിനിര്‍ത്തപ്പെടുന്നവര്‍ക്കുവേണ്ടി പോരാടാൻ എത്തുന്നു, സ്വവര്‍ഗ്ഗ സ്നേഹിയായ ക്യാപ്റ്റൻ

HIGHLIGHTS
  • ആരോണ്‍ ഫിഷര്‍, സ്വവര്‍ഗ്ഗ സ്നേഹിയായ കൗമാരക്കാരൻ ക്യാപ്റ്റന്‍
marvel-announces-first-gay-captain-america
Representative Image. Photo Credit : phol_66 / Shutterstock.com
SHARE

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ആരുമറിയാത്തവര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തുന്ന വീരനായകന്‍. പെട്ടെന്നൊന്നും തോറ്റുകൊടുക്കാത്ത,  അപകടങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള, പോരാട്ടത്തിന്റെ പ്രതീകമായ യുവാവ്. അങ്ങനെയൊരു കഥാപാത്രം അമേരിക്കക്കാരുടെ മനസ്സിലുണ്ട് കഴിഞ്ഞ 8 പതിറ്റാണ്ടുകളായി. ക്യാപ്റ്റന്‍ അമേരിക്ക എന്ന പേരില്‍. മാര്‍വല്‍ കോമിക്സ് ആണ് ഈ വീരനായകനെ ഒരു രാജ്യത്തെ ജനതയുടെ മനസ്സില്‍ പ്രതിഷ്ഠിച്ചത്. പിന്നീട് ക്യാപ്റ്റന്‍ അമേരിക്ക തലമുറകള്‍ക്കൊപ്പം വളര്‍ന്നു. കാലത്തിനൊപ്പം വികാസം പ്രാപിച്ചു.

ആധുനിക ശാസ്ത്ര സാങ്കേതിക യുഗത്തിലും വലിയ മാറ്റമൊന്നും കൂടാതെ പിടിച്ചുനിന്നു. എന്നാല്‍, 80 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായി ക്യാപ്റ്റന്‍ നിര്‍ണായകമായ  മാറ്റത്തിനു വിധേയനാകുന്നു. 80-ാം വാര്‍ഷികത്തോട് അനുബന്ധിച്ചു മാര്‍വല്‍ പുറത്തിറക്കുന്ന ചിത്രകഥാ പരമ്പരയില്‍ ഒരു കൗമാരക്കാരനായിരിക്കും ക്യാപ്റ്റന്‍. അതിലും പ്രധാനമായി അവന്‍ സ്വവര്‍ഗ്ഗ സ്നേഹിയായിരിക്കും ! 

അടുത്ത ജൂണില്‍ പ്രസിദ്ധീകരിക്കുന്ന ലിമിറ്റഡ് എഡിഷന്‍ പരമ്പരയിലായിരിക്കും ആരോണ്‍ ഫിഷര്‍ എന്ന പേരില്‍ സമൂഹത്തില്‍ ഇതുവരെ മാറ്റിനിര്‍ത്തപ്പെട്ട വിഭാഗത്തില്‍ നിന്നൊരാള്‍ നായകനായി വരാന്‍ പോകുന്നത്. രാജ്യത്തുടനീളം സഞ്ചരിച്ച്, എല്ലാ വിഭാഗം ജനങ്ങളുമായും സംസാരിച്ച് നഷ്ടപ്പെട്ട വീര്യവും പാരമ്പര്യവും ഉടവാളും വീണ്ടെടുക്കുന്ന അതേ വീരനായകനായി. 

ആരെയും പേടിക്കാത്ത ധീരന്‍ തന്നെയായിരിക്കും ആരോണ്‍ ഫിഷര്‍ എന്നു വെളിപ്പെടുത്തുന്നത് മാര്‍വല്‍ അധികൃതര്‍ തന്നെയാണ്. മാറ്റിനിര്‍ത്തപ്പെടുന്നവര്‍ക്കുവേണ്ടി അവന്‍ പോരാടും. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മുന്‍നിരയില്‍ തന്നെയുണ്ടാകും. ആരുമില്ലാത്തവരുടെ എല്ലാം. സംരക്ഷണം വേണ്ടവര്‍ക്കും വേട്ടയാടപ്പെട്ടവര്‍ക്കും അനാഥര്‍ക്കും സ്നേഹം കൊതിക്കുന്നവര്‍ക്കുമെല്ലാം ആശ്രയം. അഭയം. സാന്ത്വനം. 

രാജ്യത്തിന്റെ ചരിത്രത്തിലെ വീരനായകനായി ഒരു സ്വവര്‍ഗ്ഗ സ്നേഹി അല്ലെങ്കില്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്നതു ചിന്തിക്കാന്‍ കൂടി കഴിയില്ലായിരുന്നു ഇതുവരെ. എന്നാല്‍ അടുത്തകാലത്തായി സമൂഹത്തിന്റെ ചിന്താഗതിയില്‍ സംഭവിച്ച മാറ്റം പ്രതിഫലിപ്പിക്കാനാണ് മാര്‍വല്‍ ഇത്തവണ വിപ്ലവകരമായ മാറ്റത്തിനു തയാറാകുന്നത്. സമൂഹത്തിന്റെ മുഖ്യധാരയില്‍ ഇടം കണ്ടെത്തിയ വിഭാഗം ഇനി ചിത്രകഥയുടെയും ഭാഗമാകട്ടെ. വീരനായക പരിവേഷം അവര്‍ക്കും കൂടി അവകാശപ്പെട്ടതാണ്. സൗമ്യതയുടെയും ലാസ്യത്തിന്റെയും ശൃംഗാരത്തിന്റെയും പ്രതീകമായിരുന്ന വിഭാഗത്തെ ഇനി ധീരതയുടെ കണ്ണട വച്ചു കാണട്ടെ പുതിയ കാലവും സമൂഹവും. മനസ്സുകളില്‍ മാറ്റത്തിന്റെ അരങ്ങൊരുക്കാന്‍ മുന്നിട്ടിറങ്ങുകയാണു മാര്‍വല്‍. ആരോണ്‍ ഫിഷര്‍ എന്ന പുതിയ അമേരിക്കയുടെ ക്യാപ്റ്റനും. 

English Summary: Marvel announces first gay captain America

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;