ADVERTISEMENT

മലയാളത്തിന്റെ നിത്യഹരിത നായകൻ എംടിയുടെ പ്രശസ്തമായ ഒരു കഥയുടെ പേര് സ്നേഹത്തിന്റെ മുഖങ്ങൾ എന്നാണ്. മുറപ്പെണ്ണ് എന്ന സിനിമയ്ക്ക് ആധാരമായതും ഇതേ കഥ തന്നെ. ഇപ്പോഴിതാ ബ്രിട്ടനിൽ ‘സ്നേഹത്തിന്റെ ഒട്ടേറെ വ്യത്യസ്ത രീതികൾ’ (many different kinds of love) എന്ന പേരിൽ ഒരു പുസ്തകം ഇറങ്ങിയിരിക്കുന്നു. കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ തന്നെ ഇരയാകുകയും മരണത്തെ മുഖാമുഖം കണ്ടു തിരിച്ചെത്തുകയും ചെയ്ത കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ മൈക്കൽ റോസന്റെ ആത്മകഥ. കോവിഡുമായി നടത്തിയ മുഖാമുഖത്തിന്റെ അനന്തരം.

 

ബെസ്റ്റ് സെല്ലറുകളായി കീർത്തി നേടിയ റോസന്റെ ഇതുവരെയുള്ള പുസ്തകങ്ങളിലെല്ലാം അദ്ദേഹത്തിന്റെ പ്രതിഭയുടെ അടയാളമുണ്ട്. വാക്കുകളിലെ നിയന്ത്രണവും ശൈലിയുടെ മാധുര്യവും പ്രമേയത്തിലെ വ്യത്യസ്തയും നിലനിര്‍ത്തുന്നവയാണ് അദ്ദേഹത്തിന്റെ രചനകള്‍. ഓരോ രചനകളും മൗലിക സൃഷ്ടികള്‍. എന്നാൽ, ഇതാദ്യമായി റോസന്റെ പുതിയ പുസ്തകത്തിന്റെ വലിയൊരു ഭാഗം അദ്ദേഹം എഴുതിയതേ അല്ല. ഇതിനുമുൻപ് ഒന്നും എഴുതിയിട്ടില്ലാത്ത, രചയിതാക്കളേ അല്ലാത്തവര്‍ എഴുതിയിട്ടുമുണ്ട്. എഴുത്തുകാരല്ലെങ്കിലും അവരാണു റോസന്റെ ജീവന്‍ രക്ഷിച്ചവര്‍. നന്ദിയും കടപ്പാടും രേഖപ്പെടുത്താനാണ് റോസന്‍ അവര്‍ക്ക് അവസരം കൊടുത്തത്. 

 

കോവഡ് ബാധിച്ച് അബോധാവസ്ഥയില്‍ ആശുപത്രിയിലായിരുന്നപ്പോള്‍ പരിചരിച്ച നഴ്സുമാര്‍. അവരുടെ വിവരണം ഇല്ലാതെ തന്റെ ആത്മകഥ പൂര്‍ണമാകില്ലെന്ന് റോസന്‍ പറയുന്നു. തന്റെ അസാന്നിധ്യത്തിന്റെ നാളുകളില്‍ തന്നെക്കുറിച്ച് പറയാന്‍ യോഗ്യതയുള്ളവര്‍ അവരാണെന്നും അദ്ദേഹം പറയുന്നു. അങ്ങനെ നഴ്സുമാരുടെ 

പങ്കാളിത്തത്തില്‍ ജീവിത രചന പൂര്‍ത്തിയാക്കിയിരിക്കുകയാണു റോസന്‍. 

 

ആശങ്കയുടെയും ഉത്കണ്ഠയുടെയും ദിവസങ്ങളിൽ എന്തായിരുന്നു റോസന്റെ അവസ്ഥയെന്നും പ്രിയപ്പെട്ട എഴുത്തുകാരന്റെ ജീവൻ രക്ഷിക്കാൻ തങ്ങൾ എങ്ങനെയാണു പോരാടിയതെന്നും അവർ എഴുതുന്നു. റോസന്റെ പ്രിയ പുസ്തകത്തിലെ പാട്ടുകൾ പാടി. കഥാ സന്ദര്‍ഭങ്ങള്‍ ഓര്‍മിപ്പിച്ചു. ഇനി എഴുതാന്‍ മനസ്സില്‍ സൂക്ഷിക്കുന്ന കഥകള്‍ പറയാന്‍ 

നിര്‍ബന്ധിച്ചു. ഞങ്ങള്‍ക്കു വേണ്ടി ഇനിയുമിനിയും പോരാടൂ എന്നവര്‍ മന്ത്രിച്ചുകൊണ്ടിരുന്നു. മരുന്നിനും പരിചരണത്തിനുമൊപ്പം അവരുടെ നിരന്തരമായ ശുശ്രൂഷയും മാനസിക പിന്തുണയും കൂടിയാണ് റോസനെ കോവിഡില്‍ നിന്നു രക്ഷിച്ചത്. വീണ്ടുമൊരു പുസ്തകം എഴുതാന്‍ പ്രാപ്തനാക്കിയത്. 

 

എനിക്കു രണ്ടു കുട്ടികളാണ്. നാലും രണ്ടും വയസ്സ് പ്രായമുള്ളവർ. അവരുടെ പ്രിയപ്പെട്ട എഴുത്തുകാരനാണ് റോസന്‍. ഞങ്ങൾ എവിടെപ്പോകുമ്പോഴും റോസന്റെ പുസ്തകങ്ങളിലെ പാട്ട് പാടിക്കൊണ്ടേയിരുന്നു. പോരാട്ടം തുടരുക എന്ന് അദ്ദേഹത്തോട് മന്ത്രിച്ചു: ഒരു നഴ്സ് എഴുതുന്നു. 

 

ആശുപത്രി ജീവനക്കാരുടെ റോസനെക്കുറിച്ചുള്ള വിവരണങ്ങള്‍ ഉള്ളില്‍ തട്ടുന്നവയാണ്. മനസ്സില്‍ വിഷാദവും ആകുതലയും ഒപ്പം ശുഭപ്രതീക്ഷയും നിറയ്ക്കുന്നവ. ചരിത്രത്തിലെ ഏറ്റവും വലിയ മഹാമാരി സൃഷ്ടിച്ച ആശങ്കകളെക്കുറിച്ച് ഞെട്ടലോടെ ഓര്‍മിപ്പിക്കുന്നവയും. 

 

സ്നേഹത്തില്‍നിന്നാണു റോസന്റെ പുസ്തകം തുടങ്ങുന്നത്. ഏകാന്തതയിലൂടെയും വിരഹത്തിലൂടെയും ഒടുവില്‍ സ്നേഹപൂര്‍ണിമയുടെ സമൃദ്ധിയില്‍ ആശ്വാസം കണ്ടെത്തുന്ന 

ജീവിതപുസ്തകം. എംടിയുടെ സ്നേഹത്തിന്റെ മുഖങ്ങള്‍ പോലെ സ്നേഹത്തിന്റെ ഒട്ടേറെ വ്യത്യസ്ത രീതികളെ പരിചയപ്പെടുത്തുകയാണ് റോസന്‍. അവയാണല്ലോ നമ്മുടെയൊക്കെ ജീവിതത്തിന്റെ ആധാരം; അടിസ്ഥാനവും. 

 

English Summary: Many Different Kinds of Love by Michael Rosen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com