പകലത്തെ കൂട്ടുകാര്‍ പുസ്തകങ്ങള്‍; രാത്രികളില്‍ സ്ത്രീകളും. കോളജില്‍ പഠിക്കുമ്പോഴുള്ള സ്വന്തം ജീവിതചര്യയെക്കുറിച്ച് 5 വാക്കുകളില്‍ ഉപന്യസിച്ചത് ജീവിച്ചിരുന്ന കാലത്ത് അമേരിക്കയിലെ ഏറ്റവും വലിയ എഴുത്തുകാരനായി വാഴ്ത്തപ്പെട്ട വ്യക്തിയാണ്. നൊബേല്‍ സമ്മാനം ലഭിക്കാന്‍ ഏറ്റവും യോഗ്യനെന്നു സ്വയം വിശ്വസിക്കുകയും ഇംഗ്ലിഷ് ഭാഷ വായിക്കുന്നവരെല്ലാം അംഗീകരിക്കുകയും ചെയ്ത ഫിലിപ് റോത്ത്. മൂന്നുവര്‍ഷം മുന്‍പ് 85-ാം വയസ്സില്‍ അന്തരിച്ച ഇതിഹാസം.
സ്വയംഭോഗത്തെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും ധാരാളിത്തത്തോടെ എഴുതി ഒരു കാലഘട്ടത്തെ സ്വന്തം മാസ്മരിക വലയത്തിലാക്കിയ അമേരിക്കന്‍ എഴുത്തുകാരന്‍. മരിച്ചു മൂന്നു വര്‍ഷത്തിനുശേഷം റോത്ത് ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്; ഇന്നോളമുള്ള ചരിത്രത്തില്‍ സ്ത്രീകളോട് ഏറ്റവും മോശമായി പെരുമാറിയ എഴുത്തുകാരന്‍ എന്ന ലേബലില്‍. ഒരാളും ഒരിക്കലും ഇഷ്ടത്തോടെ ഏറ്റെടുക്കാത്തതും എന്നാല്‍ റോത്ത് എന്ന എഴുത്തുകാന്‍ വിയോജിക്കാന്‍ സാധ്യതയില്ലാത്തതുമായ വിശേഷണം.
23 -ാം വയസ്സിലാണ് റോത്ത് ആദ്യമായി വിവാഹിതനാകുന്നത്. നാലു വയസ്സു കൂടുതലുള്ള മാഗി മാര്‍ട്ടിന്‍സണ്‍ എന്ന യുവതിയുമായി; മാഗിയുടെ രണ്ടു മക്കള്‍ മുന്‍ ഭര്‍ത്താവിനൊപ്പം ജീവിക്കുമ്പോള്‍. റോത്തിന്റെ അതുവരെയുള്ള കാമുകിമാരില്‍വച്ച് ഏറ്റവും ബുദ്ധിമതിയായിരുന്നു മാഗി. എന്നാല്‍ അദ്ദേഹം മറ്റു സ്ത്രീകളുമായി ഉറങ്ങാറുണ്ട് എന്നവര്‍ കണ്ടുപിടിക്കുമ്പേഴേക്കും റോത്ത് പ്രശസ്തനായിരുന്നു; ഗുഡ്ബൈ കൊളംബസ് എന്ന ആദ്യ നോവലിലൂടെ. എളുപ്പം വിട്ടുകൊടുക്കാന്‍ തയാറാകാതെ, ഗര്‍ഭിണിയായ ഒരു യുവതിയെ ഉപയോഗിച്ച് റോത്തിനെ കുടുക്കാന്‍ മാഗി ശ്രമിച്ചു. തന്റെ ഗര്‍ഭത്തിലെ ശിശു റോത്തിന്റെ കുട്ടിയാണെന്ന് അവകാശപ്പെട്ട് അവര്‍ രംഗത്തുവരികയും ചെയ്തു. അതോടെ മാഗിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നതിനെക്കുറിച്ചായി അദ്ദേഹത്തിന്റെ ചിന്തകള്‍. എന്നാല്‍ അതിനകം തന്നെ സമ്പന്നനായിക്കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ സ്വത്ത് അവരുമായി പങ്കുവയ്ക്കേണ്ടതുണ്ടായിരുന്നു. മനസ്സില്ലാമനസ്സോടെ നിയമത്തിന്റെ വഴി തേടാന്‍ അദ്ദേഹം തുടങ്ങിയപ്പോള്‍ മാഗി അപ്രതീക്ഷിതമായി മരിച്ചു; ഒരു കാറപകടത്തില്‍. പിന്നീടെഴുതിയ നോവലിലെ നായികയെ കുരങ്ങിനോടാണ് റോത്ത് ഉപമിച്ചത്; മാഗിയോടുള്ള പ്രതികാരം.

റോത്തിന്റെ രണ്ടാം വിവാഹം ദീര്‍ഘകാലത്തെ സുഹൃത്തുമായായിരുന്നു; ക്ലെയര്‍ ബ്ലൂം. എന്നാല്‍ റോത്ത് എഴുതുന്നതിനും മുന്‍പേ അവര്‍ അദ്ദേഹത്തെക്കുറിച്ചും അവരുടെ ദാമ്പത്യം തകര്‍ന്നതിനെെക്കുറിച്ചും എഴുതി പ്രസിദ്ധീകരിച്ചു. ‘ പാവ വീടിനോട് വിടപറയുമ്പോള്‍’ എന്ന ഓര്‍മക്കുറിപ്പിലൂടെ. ഒരു സ്ത്രീയുടെ പ്രതികാരത്തിന്റെ അക്ഷരാവിഷ്കാരം.
കണക്ടിക്കട്ടില്‍ 40 ഏക്കറിലെ വീട്ടിലായിരുന്നു അക്കാലത്തെ അദ്ദേഹത്തിന്റെ ജീവിതം. ബ്ലൂമിന്റെ മകള്‍ തങ്ങളോടൊപ്പം ജീവിച്ചതും റോത്ത് വെറുത്തിരുന്നു. അക്കാലത്തെക്കുറിച്ചുള്ള ചിന്താഗതി ഒരൊറ്റ വാചകത്തിലൂടെ അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്: ‘ വീട്ടില്‍ സുന്ദരിയായ ഒരു യുവതിയുണ്ടായിരിക്കുകയും അവരുമായി ശാരീരിക ബന്ധമില്ലാതെ ജീവിക്കുകയും ചെയ്യേണ്ടിവരുന്നതിന്റെ ദുരന്തം’.
റോത്തിനു ബന്ധമുണ്ടായിരുന്നതെല്ലാം അദ്ദേഹത്തേക്കാള്‍ ഇളയ സ്ത്രീകളുമായായിരുന്നു. 40-ാം വയസ്സില്‍ കൂട്ടുകാരിയായി കൂടെക്കൂട്ടിയത് 19 വയസ്സുകാരിയെ. അതിനെയാണ് അദ്ദേഹം ആദര്‍ശ ജീവിതമായി ആഘോഷിച്ചത്. ജീവിതം മുഴുവന്‍ നിരീശ്വരവാദിയുമായിരുന്നു റോത്ത്.
എഴുത്തുകാരന്റെ യൗവനകാലത്ത് അദ്ദേഹത്തിന്റെ കൂട്ടുകാരികള്‍ എന്നു സ്വയം വിശേഷിപ്പിക്കാന്‍ സ്ത്രീകള്‍ മത്സരിച്ചിരുന്നു. റോത്ത് ആ ബന്ധങ്ങളെയെല്ലാം പ്രോത്സാഹിപ്പിച്ചു. അവരില്‍ ഒരാള്‍ പോലും റോത്ത് മോശമായി പെരുമാറിയതായി ഒരിടത്തും പറഞ്ഞിട്ടില്ല. എന്നുമാത്രമല്ല, അദ്ദേഹത്തിന്റെ മരണക്കിടക്കയില്‍ സാന്ത്വനമായി അവര്‍ എത്തുകയും ചെയ്തു. റോത്ത് കൃതികളില്‍ സ്ത്രീകളെ ചിത്രീകരിക്കുന്നത് അവരാരും ഇഷ്ടപ്പെട്ടിരുന്നില്ല; എന്നാല്‍ ഒരെഴുത്തുകാരന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്തു.
എഴുത്തില്‍നിന്ന് റോത്ത് വിരമിച്ച ശേഷവും സ്ത്രീസൗഹൃദങ്ങള്‍ അദ്ദേഹം തുടര്‍ന്നു; കിടക്കകളിലെ അന്തമില്ലാത്ത ലാളനകളിലൂടെ. ഇപ്പോഴിതാ ‘ഫിലിപ് റോത്ത് - ഒരു ജീവചരിത്രം ’ എന്ന ബ്ലേക്ക് ബെയ്‍ലി എഴുതിയ പുസ്തകത്തിലൂടെ റോത്തിന്റെ സ്ത്രീചൂഷണം പൂര്‍ണമായി പുറത്തുവന്നിരിക്കുന്നു. ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം പോലും ഈ പുസ്തകത്തെ അംഗീകരിക്കുമായിരുന്നു എന്ന വിശേഷണം തന്നെ ഈ ജീവചരിത്രത്തിനു ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം.
English Summary: Philip Roth: The Biography Book by Blake Bailey