തീവണ്ടിയോർമകളുടെ ചൂളംവിളി, പാളംതെറ്റാത്ത അനുഭവങ്ങൾ

HIGHLIGHTS
  • മലയാള സാഹിത്യത്തിലെ പുതുതലമുറയെ പരിചയപ്പെടുത്തുന്ന പംക്തി
  • റയിൽവേ ജീവിതത്തെക്കുറിച്ചും എഴുത്തിനെക്കുറിച്ചും സിയാഫ്
Siyaf Abdhulkhadir
സിയാഫ് അബ്ദുൽഖാദിർ.
SHARE

മരിച്ചവർ മാത്രം യാത്ര ചെയ്തൊരു തീവണ്ടിയോടിക്കുക. മൊബൈലിലെ ഉറക്കെയുള്ള സംസാരങ്ങളില്ലാതെ, ചായ, കാപ്പി വിളികളില്ലാതെ, പത്രം കടം വാങ്ങിച്ചു വായനയില്ലാതെ, മരവിച്ച നിശ്ശബ്ദത തീർത്ത പാളങ്ങളിലൂടെ മറക്കാനാകാത്ത ഒരു യാത്ര. ഇലച്ചാർത്തുകളിൽ കാറ്റു വായിച്ച ഈണത്തിനൊപ്പം പാളങ്ങളിൽ പ്രണയനൃത്തമാടിയ മയിലിന്റെ കാഴ്ചയിൽ ഭ്രമിച്ചൊരാളായിരുന്നു ആ സാരഥി. ബാഗൽപെട്ട് ദേശത്തിന്റെ നവാബായ കാസിം ഷെയ്ഖിനെയും സ്റ്റേഷനുകളുടെ അതിരുകളിലേക്കു പഴന്തുണി പോലെ ജീവിതം വലിച്ചെറിച്ചു കളഞ്ഞ മല്ലിയെയും അന്നയെയും കണ്ടെടുത്തതും അയാൾ തന്നെ. തീവണ്ടി മുരുടേശ്വർ സ്റ്റേഷൻ വിട്ടയുടനെയുള്ള വളവിലെ കല്ലുവെട്ടാംകുഴിയിലെ ജലത്തിൽ ഇന്ദ്രനീലിമയാർന്നൊരു ആകാശക്കഷണം വീണുകിടക്കുന്നതു കാണുകയും അപ്പോൾ ‘നീലജലാശയത്തിൽ...’ എന്നൊരു മൂളിപ്പാട്ടു പാടുകയും ചെയ്യുന്ന ഒരേയൊരാളും അയാൾ തന്നെയായിരിക്കണം. എഴുത്തുപലകയിലുറപ്പിച്ച കടലാസിൽ പേന ഉരയുന്നതിന്റെ ശബ്ദം തീവണ്ടിച്ചക്രങ്ങൾ പാളങ്ങളിലുരയുന്നതിനൊപ്പം സ്നേഹിക്കുന്നൊരു ലോക്കോ പൈലറ്റ്. ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി സ്വദേശിയായ സിയാഫ് അബ്ദുൽ ഖാദിർ. ‘തീവണ്ടി യാത്രകൾ’ എന്ന എൻജിൻ ഡ്രൈവറുടെ ഓർമക്കുറിപ്പുകളിലൂടെ വായനക്കാരുടെ ഹൃദയത്തിലേക്കൊരു പാളമിട്ട എഴുത്തുകാരൻ. റയിൽവേ ജീവിതത്തെക്കുറിച്ചും എഴുത്തിനെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും സിയാഫ് സംസാരിക്കുന്നു. 

‘മഴ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതറിയാതെ, മരണം പാഞ്ഞെത്തുന്നതറിയാതെ, ലാസ്യവും ശൃംഗാരവും ആടിത്തീർത്തുകൊണ്ടിരുന്ന, പ്രണയം തലയ്ക്കു പിടിച്ച ആ ആൺമയിലിനു നേർക്ക്, മഴ സാക്ഷി നിൽക്കേ, ചുറ്റും അരുതരുത് എന്നു കാറ്റു കരഞ്ഞുപറഞ്ഞതും കേൾക്കാതെ, യാതൊരു കാരുണ്യവും കാട്ടാതെ ഞങ്ങളുടെ തീവണ്ടി കൂവിപ്പാഞ്ഞു കടന്നുപോയി. തന്റെ പീലിക്കസവുകളെല്ലാമുലഞ്ഞ്, ആലഭാരങ്ങളെല്ലാമൊഴിഞ്ഞ് എൻജിനു മുന്നിൽ അവൻ മരവിച്ചു കിടന്നു’. ഇതുപോലെ സ്പർശിച്ച, മനസ്സിലൊരു വിങ്ങലുണ്ടാക്കിയ, ഇനിയും വിട്ടുപോകാത്ത ഓർമകളെപ്പറ്റി പറയാമോ?

എന്റെ മനസ്സിൽ തീരാത്ത വിങ്ങലുകൾ അവശേഷിപ്പിച്ചവയാണു തീവണ്ടി യാത്രകളിലെ ഓരോ അനുഭവവും. അമൂർത്തമായെങ്കിലും ആ അനുഭവത്തെ പുനഃസൃഷ്ടിക്കുമ്പോഴുള്ള നോവ് ചെറുതല്ല. വിഷാദരോഗത്തിലേക്കു പോലും നയിച്ചേക്കാവുന്ന അനുഭവങ്ങളെ എഴുതാതെ വിട്ടുകളയലാണു പതിവ്. സ്കൈ ബസ് പരീക്ഷണത്തിനിടെ ആരുടെയോ കൈത്തെറ്റു മൂലം പത്തൻപതു മീറ്റർ ഉയരത്തിൽനിന്നു താഴെയുള്ള കോൺക്രീറ്റ് ബേസിലേക്ക് വീണു മരിച്ച ബാബു, ഡ്യൂട്ടി കഴിഞ്ഞു പോവും വഴി, താൻ ഓടിച്ച ട്രെയിനിന്റെ ഇടയിൽപ്പെട്ടു മരിച്ച പ്രദീപ് കെരാഡേ, കോവിഡ് ഭീതി മൂലം ആശുപത്രിയിൽ പോകാൻ മടിച്ച് അസുഖം മൂർച്ഛിച്ചു മരിച്ച പ്രിയ സുഹൃത്ത് വിനായക് നായിക് അങ്ങനെ പലരും എനിക്ക് എഴുതാൻ കഴിയാത്ത വിങ്ങുന്ന ഓർമകളാണ്.

theevandi-yathrakal

‘പാറ്റേഴ്സൻ’ എന്ന, സമീപകാലത്ത് ഏറെ ചർച്ചയായ ഇംഗ്ലിഷ് സിനിമയിലെ നായകനായ പാറ്റേഴ്സൻ ഒരു ബസ് ഡ്രൈവറാണ്. കവി കൂടിയായ അദ്ദേഹം തന്റെ ബസിൽ യാത്ര ചെയ്യുന്ന വിവിധ സ്വഭാവക്കാരായ ആളുകളുടെ പെരുമാറ്റങ്ങളും സംസാരവും നിരീക്ഷിക്കുകയും അതിൽനിന്നു ചിലതൊക്കെ തന്റെ കവിതയ്ക്കാവശ്യമായ ആശയങ്ങൾ സൃഷ്ടിക്കാനുപയോഗിക്കുകയും ചെയ്യുന്നയാളാണ്. ‘തീവണ്ടി യാത്രകൾ’ മുഴുവൻ വായിച്ചു കഴിഞ്ഞപ്പോൾ മംഗളൂരുവിലെ സൂരത്‌കലിൽ താമസിക്കുന്ന ലോക്കോ പൈലറ്റ് ആയ സിയാഫും അമേരിക്കയിലെ ന്യൂജഴ്സിയിലെ പാറ്റേഴ്സൻ നഗരത്തിൽ താമസിക്കുന്ന ബസ് ഡ്രൈവറായ പാറ്റേഴ്സനും തമ്മിൽ അദ്ഭുതകരമായ ചില സാമ്യങ്ങൾ അനുഭവപ്പെട്ടു. തീവണ്ടിയനുഭവങ്ങൾ പുസ്തകമായി മാറിയത് എങ്ങനെയാണ്? ആരായിരുന്നു പ്രചോദനം? 

തീവണ്ടി അനുഭവങ്ങൾ എഴുതാൻ പ്രേരിപ്പിച്ചത് എഴുത്തുകാരൻ ബഷീർ മേച്ചേരി ആണ്. സോഷ്യൽ മീഡിയയിലെ പ്രിയ സുഹൃത്തുക്കൾ എഴുത്ത് തുടരുന്നതിനും പുസ്തകമാക്കുന്നതിനുമായി പുറകെ കൂടി. രമേശ് അരൂർ, യശഃശരീനായ ഐ.വി.ബാബു എന്നിവർ അവ അച്ചടിമഷി പുരളാൻ സഹായിച്ചു. മംഗളം ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘മംഗളൂർ സേ മഡ്ഗാവ് ജാനേവാലി പുഴു’ ആണു തീവണ്ടി യാത്രകൾക്ക് കാരണമായത്.

മയൂര നടനം, രാത്രിയിൽ പറക്കുന്ന പക്ഷികൾ, ശലഭ ചുംബനത്തിനു ശേഷം, ഇലകളില്ലാത്ത മരം, മറവിയിലേക്ക് ഒരു ടിക്കറ്റ്, ഉറക്കച്ചൂണ്ട, വിശപ്പു നിറച്ചൊരു തീവണ്ടി – അതിമനോഹരവും പലവിധ ഓർമകളിലേക്കു വളരെപ്പെട്ടെന്നു വായനക്കാരനെ നയിക്കുന്നതുമായ തലക്കെട്ടുകളാണു ‘തീവണ്ടി യാത്ര’കളുടെ പ്രത്യേകതകളിലൊന്ന്. ‘പന്തലാസ’യിലും ‘കുരുവികളുടെ റിപ്പബ്ലിക്കി’ലും ഇത്തരം തലക്കെട്ടുകളുണ്ട്. തലക്കെട്ടുകൾക്കായി പ്രത്യേക ധ്യാനം ഓരോ അധ്യായമെഴുതുമ്പോഴും ഉണ്ടാകാറുണ്ടോ?

എഴുത്ത് തന്നെ വളരെയേറെ ധ്യാനം ആവശ്യപ്പെടുന്ന പ്രവൃത്തി ആണല്ലോ. എന്നാൽ എനിക്കതിനുള്ള സാവകാശം പലപ്പോഴും ലഭിക്കാറില്ല. ജീവിത സാഹചര്യങ്ങളും ജോലിത്തിരക്കുകളും അത്തരമൊരു ധ്യാനത്തിന് ഒട്ടും സഹായകമല്ല. തലക്കെട്ടുകൾ മിക്കവാറും കഥയ്ക്കു മുന്നേ തന്നെ സംഭവിച്ചു പോവുകയാണ്. പുൽച്ചാടികളുടെ പ്രാർഥനാ ഗീതങ്ങൾ പോലെ, ആപ്പിൾ പോലെ, വിശപ്പ് നിറച്ചൊരു തീവണ്ടി പോലെ, കുരുവികളുടെ റിപ്പബ്ലിക്ക് പോലെ. ചില കഥകൾക്കാവട്ടെ തപസ്സിരുന്നിട്ടു പോലും തലക്കെട്ടുകൾ കിട്ടാതെ പോയിട്ടുമുണ്ട്. പന്തലാസ പോലെ, തീവണ്ടിയാത്ര പോലെ, തൃക്കാൽ സുവിശേഷം പോലെ സുഹൃത്തുക്കൾ നിർദ്ദേശിച്ച തലക്കെട്ടുകളുമുണ്ട്.

panthalasa

സിയാഫ് എന്ന എഴുത്തുകാരനെ രൂപപ്പെടുത്തിയതിൽ മണ്ണഞ്ചേരി എന്ന നാടിന് എത്രമാത്രം പങ്കുണ്ട്? എഴുത്തും വായനയുമായി ബന്ധപ്പെട്ട ചെറുപ്പകാല ഓർമകളെന്തെല്ലാമാണ്?

കൗമാരത്തിന്റെ ആദ്യപാദം വരെയേ മണ്ണഞ്ചേരിയിൽ ഞാൻ സ്ഥിരതാമസക്കാരനായിരുന്നിട്ടുള്ളൂ. പിന്നെ കേരളത്തിന്റെ പല ഭാഗങ്ങളിലും ഗോവയിലും കർണാടകയിലുമൊക്കെയാണു ഞാൻ ജീവിതത്തിന്റെ സിംഹഭാഗവും കഴിച്ചു കൂട്ടിയത്. എങ്കിലും എന്റെ കഥകളിൽ, കഥാപരിസരങ്ങളിൽ, കഥാപാത്രങ്ങളിൽ എല്ലാം എന്റെ മണ്ണഞ്ചേരി നിറഞ്ഞു നിൽക്കുന്നുണ്ട്. ശക്തിസ്രോതസ്സ് എന്നതു പോലെ ചിലപ്പോഴെല്ലാം അതെന്നെ ചുറ്റിക്കാറുമുണ്ട്. എത്ര തേച്ചുരച്ചു മിനുക്കിയാലും ആ മണ്ണഞ്ചേരിത്തം കഥകളിൽനിന്നു വിട്ടുപോവില്ല. ഉദാഹരണം ആട് മാതാവിന്റെ മകൻ അബു. എങ്കിലും ആ പരിമിതി പോലും എനിക്കിഷ്ടമാണ്. അത്രയേറെ എന്നിലിഴുകിച്ചേർന്നിട്ടുണ്ട് മണ്ണഞ്ചേരി. എന്റെ ബാല്യ, കൗമാരങ്ങൾ എഴുത്തിലും വായനയിലും, കൂടുതൽ കൃത്യമായി പറഞ്ഞാൽ വായനയിൽ മുങ്ങിക്കിടക്കുന്നു. വൈഎംഎ, ഗ്രാമീണ, എംവൈഎസ്എസ്, യുവപ്രഭ എന്നീ വായനശാലകളിലും നടേശൻ വൈദ്യരുടെ മരുന്നുകടയിലും മാത്രമാണ് എന്റെ ചെറുപ്പം കടന്നുപോയത്. ആ പേരുകൾ ഒഴിച്ചു നിർത്തിയാൽ പിന്നെ എന്റെ ചെറുപ്പകാലം ഒന്നോ രണ്ടോ വരിക്കപ്പുറത്തേക്ക് എഴുതാനാവില്ല.

siyaf-abdhulkhadir-1

1999 മുതൽ ഇന്ത്യൻ റെയിൽവേയിൽ ലോക്കോ പൈലറ്റാണ് സിയാഫ്. ആ അനുഭവങ്ങൾ തന്നെയാണല്ലോ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ‘തീവണ്ടിയാത്രകൾ’ എന്ന പുസ്തകത്തിനാധാരം. ഒരു എൻജിൻ ഡ്രൈവറുടെ തിരക്കുള്ള ജോലിക്കിടയിൽ വായനയ്ക്കും എഴുത്തിനും സമയം കണ്ടെത്തുന്നതെങ്ങനെയാണ്? എൻജിൻ റൂമിൽ എപ്പോഴും ഒരു പുസ്തകം കയ്യിലുണ്ടാകുമോ? തിരക്കില്ലാത്ത ഒരു ദിനം പ്ലാറ്റ്ഫോമിലെ ഒരു ചാരുകസേരയിലിരുന്ന് വായിക്കാനോ എഴുതാനോ ഇഷ്ടമാണോ?

എന്റെ ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും പുസ്തകങ്ങൾ ഉണ്ടായിരുന്നു. മണിയറയിൽ പോലും പുസ്തകം കൊണ്ടുപോയിട്ടുണ്ട് ഞാൻ. ജോലിസംബന്ധമായ യാത്രകൾക്കിടയിൽ ദിനസരികൾ നിർവഹിക്കാനുള്ള സാധനങ്ങൾ അടങ്ങിയ ബാഗ് കൊണ്ടുനടക്കാറുണ്ട് ഞങ്ങൾ. എന്റെ ബാഗിന്റെ ഒരു അറയിൽ എപ്പോഴും പുസ്തകങ്ങൾ ഉണ്ടാവും. എസ്.ആർ. ലാലിന്റെ ‘ജയന്റെ അജ്ഞാത ജീവിത’വും  രവിവർമ തമ്പുരാന്റെ ‘മുടിപ്പേച്ചും’ ആണിപ്പോഴതിനുള്ളിൽ. ഒഴിവു കിട്ടുമ്പോൾ, ക്രോസിങ്ങുകൾക്കായി വണ്ടി പിടിച്ചിടുമ്പോൾ ഞാനവ കയ്യിലെടുക്കും. തിരക്കില്ലാത്ത ദിവസങ്ങളിൽ ചാരുകസേര ജീവിതം എനിക്ക് ഇഷ്ടമാണെങ്കിലും അതു വീട്ടിൽത്തന്നെ ആവുന്നതാണു തടസ്സങ്ങളില്ലാത്ത വായനയ്ക്കും എഴുത്തിനും സൗകര്യം എന്നു ഞാൻ കരുതുന്നു.

കാസിം ഷെയ്ഖ് എന്ന രാജ്യം നഷ്ടപ്പെട്ട നവാബിനെപ്പറ്റി എഴുതിയതു വായിക്കുമ്പോൾ വേദന കലർന്ന രോഷം അനുഭവിക്കാനാകുന്നുമുണ്ട്. എഴുത്തുകാരൻ എത്രമാത്രം രോഷാകുലനാണ്?

രോഷം എന്റെ ഡിഫാൾട്ട് വികാരം ആണെന്നു തോന്നുന്നു. തീർച്ചയായും എന്നിലെ എഴുത്തുകാരൻ രോഷാകുലനാണ്, അസ്വസ്ഥനും.

kuruvikalude-ripublic

കാറ്റു മോഷ്ടിച്ചു കൊണ്ടു വന്ന നനഞ്ഞ ഒരില പോലെ ഒരു പെൺകുട്ടിയെന്നും ജീവനക്കാരിൽനിന്നു പോലും പുരാതന ഗന്ധമുയർന്നിരുന്ന ഹൊസബെട്ടു സ്റ്റേഷനെന്നുമെഴുതി വായനക്കാരെ തന്റെ ചാരുതയാർന്ന വാക്കുകളുടെ തടവുകാരനാക്കി സിയാഫ്. പുലർകാലെ എൻജിൻ റൂമിൽ പറന്നെത്തിയ പാപ്പാത്തി ഇനി കിലോമീറ്ററുകൾ അകലെ മറ്റൊരു ദേശത്തായിരിക്കുമല്ലോ തന്റെ തുറസ്സ് കണ്ടെത്തുക എന്ന ചിന്ത തന്നെ വിഷാദവാനാക്കിയെന്നു തീവണ്ടിയുടെ ലോക്കോ പൈലറ്റ് എഴുതുമ്പോൾ വായനക്കാരനും കൂടെ സങ്കടപ്പെടുന്നു. ഒരു ചെറു പുഴുവായിക്കൂടി താനോടിക്കുന്ന തീവണ്ടിയെ കാണാൻ പറ്റുന്ന ആ സംവേദനത്വം എങ്ങനെയാണ് എഴുത്തിലേക്കു കൊണ്ടുവരുന്നത്? ദുരന്തകാഴ്ചകൾ മാത്രം കണ്ടുശീലിച്ചു മനസ്സു കല്ലായിപ്പോയവരാണെന്നാണല്ലോ ലോക്കോ പൈലറ്റുമാരെക്കുറിച്ചുള്ള പൊതുധാരണ?

ജീവിതത്തിലും എഴുത്തിലും പൂക്കളെയും പുഴുക്കളെയും കൂടെക്കൂട്ടാനുള്ള ആ സംവേദനത്വം എന്റെ സാഹചര്യങ്ങൾ തന്നെ സമ്മാനിക്കുന്നതാണെന്നു തോന്നുന്നു. തല പൊട്ടിത്തെറിക്കുന്ന വേനലിലും പുതപ്പിനുള്ളിൽ ചുരുണ്ടുകൂടാൻ കൊതിക്കുന്നത്ര ആർദ്രമായ ശിശിരകാല രാത്രികളിലും ആകാശം പോലും ചോർന്നൊലിക്കുന്ന മഴയിലും ഉഷ്ണവാതങ്ങൾ ചുറ്റുന്ന ഊഷര ഭൂമികളിലുമെല്ലാം ഒരേ നിസ്സംഗതയോടെ ജോലി ചെയ്യേണ്ടി വരാറുണ്ട് ഞങ്ങൾക്ക്. പൊതുധാരണയ്ക്കു വിരുദ്ധമാവാൻ എത്ര ശ്രമിച്ചാലും എനിക്കും കഴിയാറില്ല. എന്നാൽ കല്ലിച്ച മനസ്സിന്റെ ഉള്ളിലെ നനുത്ത നീരുറവകൾ ഞങ്ങളിലോരോരുത്തരും പല രീതികളിലാണു തുറന്നു വിടാറ‌ുള്ളത്. അത്തരം ഒരു തുറന്നുവിടൽ തന്നെയാണ് എന്റെ എഴുത്തും. എൻജിനിൽ രണ്ടു പേർ ഉണ്ടായിരിക്കുമ്പോഴും കനത്ത ഏകാന്തത അനുഭവിക്കേണ്ടി വരും. അതിനെ മറികടക്കാൻ, പോകുന്ന വഴിയിലെ ഓരോ പൂവിനോടും പുൽച്ചാടിയോടും വരെ സംവദിക്കുകയല്ലാതെ വേറെ വഴിയില്ല.

രണ്ടു പതിറ്റാണ്ടിലേറെ നീണ്ട റയിൽവേ ജീവിതം സിയാഫിനു നൽകിയിട്ടുള്ള അനുഭവസമ്പത്ത് ഒരുപക്ഷേ, മറ്റൊരു ജോലിയിൽനിന്നും ലഭിക്കാത്തത്ര വലുതായിരിക്കും. ഇന്ത്യയുടെ ഒരു ബയോപ്സി പീസ് ആണു തീവണ്ടിയെന്ന് എഴുത്തുകാരനായ വി. ഷിനിലാൽ. ഇന്ത്യയുടെ യഥാർഥ മുഖമാണ് വിവിധ അനുഭവങ്ങളിലൂടെ സിയാഫിനു മുന്നിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സിയാഫിന്റെ അഭിപ്രായത്തിൽ ഏതാണ് യഥാർഥ ഇന്ത്യ? അതിന്റെ സ്വഭാവമെന്താണ്? രണ്ടു പതിറ്റാണ്ടു കൊണ്ട് വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടോ?

ഷിനിലാലിന്റെ ഏതാണ്ട് അതേ അഭിപ്രായം തന്നെയാണെനിക്കുമുള്ളത്. ലോക്കോയുടെ ഉള്ളിൽ ആയതിനാൽ ഞങ്ങൾക്കാ ജീവിതങ്ങളുടെ ഗരിമയും വൈവിധ്യവും അത്രയൊന്നും അനുഭവവേദ്യമാകാറില്ല എന്നു മാത്രം. രണ്ടു പതിറ്റാണ്ടുകൾക്കിടെ ഇന്ത്യ എന്ന തീവണ്ടി ഒരുപാടു ദൂരം സഞ്ചരിച്ചു കഴിഞ്ഞിട്ടുണ്ട്. അപരിചിതമായ ഭൂമികകളിലൂടെ, ചോരയും നിലവിളിയും മണക്കുന്ന വേവുനിലങ്ങളിലൂടെ, ഇരുൾ മൂടിയ തുരങ്കങ്ങളിലൂടെ ആ തീവണ്ടി പായുന്നു. എങ്കിലും ജനാധിപത്യ ബോധത്തിന്റെയും മറ്റു മാനവികമൂല്യങ്ങളുടെയും നെറ്റിക്കൺ വെളിച്ചം നമ്മെ നയിക്കുന്നിടത്തോളം കാലം ഞാൻ ശുഭാപ്തിവിശ്വാസിയാണ്; എല്ലാ തമോഗർത്തങ്ങളും പിന്നിട്ട്, ഏത് ഇരുൾ ഗുഹകളും കടന്ന് നമ്മുടെ തീവണ്ടി പ്രകാശമാനമായ ഒരു നാളെയിലേക്കു കുതിച്ചെത്തുമെന്ന്.

മനുഷ്യർ തമ്മിലും മനുഷ്യരും രാഷ്ട്രവും തമ്മിലുമുള്ള ബന്ധങ്ങളിലെ അധികാരം തീർക്കുന്ന സമസ്യകളാണ് ‘കുരുവികളുടെ റിപ്പബ്ലിക്കിലെ’ 11 കഥകളിൽ മിക്കതിലും സിയാഫ് പറയാൻ ശ്രമിച്ചിട്ടുള്ളത്. ഭ്രാന്തിന്റെ സെൽഫിയിലെ ഭ്രാന്തനായാലും ആടു മാതാവിന്റെ മകൻ അബുവിലെ അബുവായാലും ടുക്കൂ ക്ലിനിക്കിലെ ഡോ. ഡി. ബിശ്വാസ് ആയാലും ചുറ്റുമുള്ള വിവിധ അധികാരപ്രയോഗങ്ങളുടെ ഇരകളായി മാറി ഞെരിഞ്ഞമരുകയാണവർ. ജീവിത അരികുകളിലെ ഇത്തരം മനുഷ്യരെ കണ്ടെടുക്കുന്നതെങ്ങനെയാണ്? 

അധികാരപ്രയോഗങ്ങളുടെയും ആധിപത്യത്വരയുടെയും ഇരകളാണ് ഓരോ മനുഷ്യനും എന്നെനിക്കു തോന്നാറുണ്ട്. എത്ര കടുത്ത അധിനിവേശകർ പോലും മറ്റാരുടെയെങ്കിലും ആധിപത്യത്തിനു കീഴ്പ്പെടേണ്ടി വരുമെന്നതാണു പ്രകൃതിയുടെ കാവ്യനീതി. എന്റെ കഥാപാത്രങ്ങളിൽ താങ്കൾ ചൂണ്ടിക്കാട്ടിയ പലരും എന്റെ തന്നെ മിറർ ഇമേജുകളാണ്. നിസ്സഹായതയുടെയും അശരണതയുടെയും പൊള്ളലിൽ നിന്നിളവേൽക്കാൻ ആ കഥാപാത്രങ്ങളുടെ ഉടുപ്പ് അണിഞ്ഞിരിക്കുന്നു എന്നേയുള്ളൂ.

സമീപകാലത്തു വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം? കഥ? കവിത? നോവൽ?

സമീപകാലത്ത് വായിച്ചതിൽ ഏറെ ഇഷ്ടപ്പെട്ട പുസ്തകം യുവൻ ഹരാരിയുടെ സാപ്പിയൻസ് ആണ്. ഇഷ്ടപ്പെട്ട നോവൽ സൂസന്നയുടെ ഗ്രന്ഥപ്പുര. കഥ മനോജ് വെങ്ങോലയുടെ പൊറള്. കവിതയിൽ സുധീർ രാജും ഡോണ മയൂരയും. മുഖ്യധാരാ കവിതകൾ ശ്രദ്ധിക്കൽ അത്ര എളുപ്പമല്ല എനിക്ക്.

English Summary: Puthuvakku column written by Ajish Muraleedharan - Talk with writer Siyaf Abdhulkhadir

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA
;