‘അഗാധനീലിമയുടെ തന്ത്രങ്ങൾ’ തൊട്ടറിഞ്ഞ് ഡോ. ജേക്കബ് തോമസിന്റെ പുതിയ പുസ്തകങ്ങൾ

HIGHLIGHTS
  • ഡോ. ജേക്കബ് തോമസിന്റെ പുസ്തകങ്ങളുടെ പ്രകാശനം കേന്ദ്രമന്ത്രി രാജ്നാഥ് സിങ് നിർവഹിച്ചു.
jacob-thomas-books
SHARE

നീലത്തിമിംഗലങ്ങൾക്കും കൊമ്പൻ സ്രാവുകൾക്കും നീന്തിയെത്താനാവാത്ത ഇടങ്ങളുണ്ട്, അനന്തസാഗരത്തിന്റെ അഗാധനീലിമയിൽ.  ശക്തി കൊണ്ടല്ല, ബുദ്ധികൊണ്ടു മാത്രമേ അവിടെ യുദ്ധങ്ങൾ ജയിക്കാനാവൂ. ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന ആത്മകഥയിലൂടെ, എഴുത്തിന്റെ ലോകത്തും അഴിമതിക്കെതിരായ തന്റെ പോരാട്ടങ്ങൾക്ക് വേരുപാകിയ ഡോ.ജേക്കബ് തോമസ് എന്ന മുൻ ഐപിഎസ് ഉദ്യാഗസ്ഥൻ തന്റെ സന്ധിയില്ലാ സമരങ്ങൾക്ക് പുതിയ മാനങ്ങൾ തേടുകയാണ്. അദ്ദേഹം എഴുതിയ ‘അവസാനത്തെ സാക്ഷി’, ‘എനിക്കു വേണ്ട കേരളം’ എന്നീ രണ്ടു പുസ്തകങ്ങൾ ഇത് സാക്ഷ്യപ്പെടുത്തുന്നു.

മുൻ വിജിലൻസ് ഡയറക്ടറും ഇരിങ്ങാലക്കുട നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥിയുമായ ഡോ. ജേക്കബ് തോമസിന്റെ പുതിയ പുസ്തകങ്ങളുടെ പ്രകാശനം ഇരിങ്ങാലക്കുടയിൽ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് നിർവഹിച്ചു. ചാഞ്ചല്യമില്ലാതെ എന്തും തുറന്നെഴുതുന്ന  ശൈലിയിലൂടെ ഭരണാധികാരികളുടെ അപ്രീതിയും അതിന്റെ പതിന്മടങ്ങ് ജനപിന്തുണയും നേടിയ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന ആത്മകഥയുടെ ഏഴാം പതിപ്പും ഈ അവസരത്തിൽ വായനക്കാർക്കായി സമർപ്പിച്ചു. 

കടന്നു പോയ സസ്പെൻഷൻ കാലഘട്ടത്തിന് ശേഷം സർവീസിൽ തിരികെ പ്രവേശിച്ച ജേക്കബ് തോമസ് സർവീസിലെ അവസാന മാസത്തെ ചിന്തകളും മനോവ്യാപാരങ്ങളും തുറന്നെഴുതിയിരിക്കുന്ന ‘അവസാനത്തെ സാക്ഷി’യാണ് പുതിയ പുസ്തകങ്ങളിൽ ആദ്യത്തേത്. 2020 മേയ് ഒന്നു മുതൽ 31 വരെയുള്ള  തന്റെ ചിന്തകളെ മുപ്പത്തിയൊന്ന് അദ്ധ്യായങ്ങളായി അദ്ദേഹം വായനക്കാർക്ക് സമർപ്പിച്ചിരിക്കുന്നു. സംസ്ഥാനത്തെ ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന് ലഭിക്കേണ്ട യാതൊരു പരിഗണനയുമില്ലാതെ ഒരു സാധാരണ മുറിയിൽ തന്റെ ഔദ്യോഗിക ജീവിതത്തിന്റെ അവസാന ദിനം തള്ളി നീക്കേണ്ടി വന്ന ജേക്കബ് തോമസിന്റെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

jacob-thomas-book-release
ഡോ. ജേക്കബ് തോമസിന്റെ പുതിയ പുസ്തകങ്ങളുടെ പ്രകാശനം ഇരിങ്ങാലക്കുടയിൽ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് നിർവഹിച്ചു.

‘എനിക്കു വേണ്ട കേരളം’ എന്നതാണ് രണ്ടാമത്തെ പുസ്തകം. ഓട്ടോ ഡ്രൈവർമാർ, മേസ്തിരിമാർ, കൂലിപ്പണിക്കാർ കൃഷിക്കാർ, വീട്ടമ്മമാർ മീൻപിടുത്തക്കാർ പലചരക്ക് വ്യാപാരികൾ തുടങ്ങി കേരളത്തിലെ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്നവരുമായി സംവദിച്ച് അവർക്ക് വേണ്ട കേരളം എത്തരത്തിലായിരിക്കണമെന്ന അഭിപ്രായങ്ങളും ആശയങ്ങളുമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാധാരണ മലയാളിയുടെ ഉള്ളിൽ നിന്നുള്ള അഭിപ്രായങ്ങൾ വായനക്കാരന് തൊട്ടറിയാം. 

‘എനിക്കു വേണ്ട കേരളം’ എന്ന തലക്കെട്ട് ഗ്രന്ഥകാരന്റെ കാഴ്ചപ്പാടാണ് എന്ന് തോന്നാം. എന്നാൽ ഓരോ പൗരനും തനിക്ക് വേണ്ട കേരളത്തെ തന്റെ വീക്ഷണത്തിൽ പ്രകടിപ്പിക്കുന്നതാണ് പുസ്തകത്തിന്റെ പേരായി മാറിയത്. തിരുവനന്തപുരത്തെ പൂവാറുള്ള മത്സ്യത്തൊഴിലാളിയും നെയ്യാറ്റിൻകരയിലെ പലചരക്ക് വ്യാപാരിയും പാലക്കാടുള്ള കർഷകനും അവരുടെ പച്ചയായ അനുഭവങ്ങളും അവർ ആഗ്രഹിക്കുന്ന കേരളവും എപ്രകാരമെന്ന് ജനങ്ങളുമായി ചർച്ച ചെയ്യാനെത്തുന്നുണ്ട്. ഒരു ആസൂത്രണ ബോർഡിന് കീഴിൽ ജനങ്ങൾക്ക് വേണ്ട വികസനമെന്തെന്ന് ചർച്ച ചെയ്യുന്നതിലെവിടെയും ഇത്തരം മനുഷ്യരുടെ അഭിപ്രായങ്ങൾ കടന്നു വരാറില്ല. പൊള്ളയായി മാറിയേക്കാവുന്ന അത്തരം രീതികൾ അവലംബിക്കുന്നതിനെക്കാൾ കാര്യക്ഷമവും കാലികവുമായാണ് പുസ്തകം സംസാരിക്കുന്നത്.

യൂറോപ്പിലെ ഒന്നാം നമ്പർ എംബിഎ ഇൻസ്റ്റിറ്റ്യൂട്ട് ആയ ഇൻസീഡിലെ രണ്ട് പ്രഫസർമാർ തയാറാക്കിയ ‘ബ്ലൂ ഓഷ്യൻ സ്ട്രാറ്റജി’യുടെ ചട്ടക്കൂടിൽ നിന്നു കൊണ്ടാണ് പുസ്തക രചന നിർവഹിച്ചിരിക്കുന്നത്. ഒരു പുതിയ വിപണി തുറക്കുന്നതിനും അവശ്യങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള വ്യത്യസ്ത തലങ്ങൾക്കൊപ്പം ഒരേ സമയം കുറഞ്ഞ ചെലവും പിന്തുടരുന്നതാണ് ബ്ലൂ ഓഷ്യൻ സ്ട്രാറ്റജി. അതുവഴി കിടമത്സരം അപ്രസക്തമാവുന്നു. ആവശ്യമുള്ളവയെ കൊള്ളാനും അല്ലാത്തവയെ തള്ളാനും ഇതിലൂടെ സാധിക്കുന്നതിനാൽ അനാവശ്യ ചെലവുകൾ ഉണ്ടാവുന്നുമില്ല. കേരളത്തിന്റെ കാര്യമെടുത്താൽ ചില കാര്യങ്ങൾ കുറയ്ക്കണം, ചിലത് വർദ്ധിപ്പിക്കണം, ചില കാര്യങ്ങൾ വേണ്ടെന്ന് വെയ്ക്കണം, മറ്റു ചില കാര്യങ്ങൾ പുതുതായി ആരംഭിക്കണം. ഉദാഹരണത്തിന്, പിഎസ്‌സി അംഗങ്ങളുടെ എണ്ണം കുറയ്ക്കേണ്ടതാണ്. എന്നാൽ ഒരു ഭരണപരിഷ്കാര കമ്മിഷൻ കേരളത്തിൽ വേണ്ടെന്നു വയ്ക്കുന്നതു തന്നെയായിരിക്കും നല്ലത്.

രാഷ്ട്രീയക്കാർക്ക് വേണ്ട കേരളമല്ല സാധാരണ ജനത്തിനാവശ്യം. ഈ രണ്ട് കൂട്ടർക്കും വേണ്ട കേരളമായിരിക്കില്ല ബാർ മുതലാളിമാർക്കും ബിൽഡർമാർക്കും മണൽ മാഫിയയ്ക്കും വേണ്ടത്. സമൂഹത്തിനനുകൂലവും പ്രതികൂലവുമായി പ്രവർത്തിക്കുന്ന വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങൾ ഇവിടെ ലളിതമായി തിരിച്ചറിയാം. അതിന് സഹായകമായ ഉൾക്കാഴ്ചകൾ ‘എനിക്ക് വേണ്ട കേരളം’ വായനക്കാരന് സമ്മാനിക്കുന്നുമുണ്ട്. മൂന്ന് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത് കറന്റ് ബുക്സ് ആണ്.

English Summary: New books of Dr.Jacob Thomas released

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;