ADVERTISEMENT

പുസ്തകക്കാഴ്ച  പതിവിൽ നിന്നൊരൽപം മാറി സഞ്ചരിക്കുകയാണ്. ബൈബിളാണ് ഇത്തവണത്തെ ഇഷ്ടപുസ്തകം.  ഈ വിശുദ്ധവാരത്തിൽ ബൈബിളിനെ കുറിച്ചല്ലാതെ മറ്റേതു പുസ്തകത്തെക്കുറിച്ചാണ് എനിക്കു പറയാനാവുക?  കാരണം, അത്രയേറെ പ്രിയപ്പെട്ട പുസ്തകമാണെനിക്ക് ബൈബിൾ. അതിലെ വിശ്വാസമൂല്യമല്ല, മറിച്ച് സാഹിത്യമൂല്യവും പരിസ്ഥിതി മൂല്യവുമാണ് എന്നെ ആകർഷിക്കുന്നത്. അധ്യാത്മരാമായണം പോലെ, അഭിജ്ഞാനശാകുന്തളം, മഹാഭാരതം, മേഘസന്ദേശം എന്നിവയുടെ പരിഭാഷ പോലെ, മലയാളലിപികളിൽ വായിച്ചിട്ടുള്ള ഏറ്റവും നല്ല സാഹിത്യകൃതിയായി ബൈബിളിനെ ഞാൻ നെഞ്ചോടു ചേർക്കുന്നു. 

pusthakakkazhcha-column-by-ravivarma-thampuran-on-bible-benyamin
ബെന്യാമിൻ

മത്തായി, മർക്കോസ്, ലൂക്കാ, യോഹന്നാൻ എന്നിങ്ങനെ നാലു പേരെഴുതിയ സുവിശേഷങ്ങളിലൂടെയാണല്ലോ ക്രിസ്തുവിന്റെ ജീവിതം പുതിയ നിയമത്തിലൂടെ നമ്മിലേക്കെത്തുന്നത്. പുതിയ കാലത്തെ നാല് പ്രമുഖ എഴുത്തുകാരിലൂടെ ബൈബിളിനെ അറിയാനൊരു ശ്രമമാണ് ഇന്നത്തെ പുസ്തകക്കാഴ്ചയുടെ ആദ്യഭാഗം– ബെന്യാമിൻ, വി.ജെ. ജയിംസ്, പി.ജെ.ജെ. ആന്റണി, ഫ്രാൻസിസ് നൊറോണ. നാലു ചോദ്യങ്ങൾ നാലുപേരോടും ചോദിച്ചു. ഒരേ ചോദ്യത്തിന് നാലുത്തരം.  

1. ബൈബിളിന്റെ വിശ്വാസമൂല്യമോ സാഹിത്യ മൂല്യമോ, ഏതാണ് ഏറെ ആകർഷിച്ചിട്ടുള്ളത്? എന്തുകൊണ്ട് ?

ബെന്യാമിൻ: വിശ്വാസത്തിലേക്ക് അടുപ്പിക്കുന്ന ഗ്രന്ഥം എന്ന നിലയിലാണ് ബൈബിൾ വായിച്ചു തുടങ്ങിയതെങ്കിലും പിൽക്കാലത്ത് അതിന്റെ സാഹിത്യമൂല്യം എന്നെ വല്ലാതെ ആകർഷിച്ചിട്ടുണ്ട്. അതിലെ പല രചനകളും ഉത്തമമായ സാഹിത്യരചനയ്ക്കുള്ള ബാലപാഠങ്ങൾ ഉൾക്കൊള്ളുന്നതാണ്. വളരെ കുറുകിയ വാചകങ്ങൾ കൊണ്ട് ആശയങ്ങൾ എങ്ങനെ മനോഹരമായും ആഴത്തിലും അവതരിപ്പിക്കാം എന്ന് ബൈബിൾ നമുക്കു പറഞ്ഞു തരും. അതിൽ അദ്ഭുതപ്പെടുത്തുന്ന കാവ്യ ഭാവനകൾ ഉണ്ട്. ചരിത്രമുണ്ട്. മനുഷ്യസ്വഭാവത്തെക്കുറിച്ച് നല്ല നിരീക്ഷണങ്ങൾ ഉണ്ട്. ഉദാത്തമായ ആശയങ്ങൾ ഉണ്ട്. വിശ്വാസത്തിന്റെ പുറത്തുനിന്നും ഇതൊക്കെ വായിച്ച് ആസ്വദിക്കാൻ നമുക്ക് കഴിയും.

 

വി.ജെ. ജയിംസ്: ക്രിസ്തീയ പശ്ചാത്തലമുള്ള കുടുംബത്തിൽ ജനിച്ച ഒരാളിൽ സ്വാഭാവികമായും വിശ്വാസമൂല്യമാണ് ആദ്യം ബൈബിളിലൂടെ ഉറയ്ക്കുക. സാഹിത്യ മൂല്യത്തെക്കുറിച്ചുള്ള ധാരണ വേരോടും മുൻപു തന്നെ വിശ്വാസം പരിശീലനത്തിലൂടെ ഉറപ്പിക്കപ്പെടുന്നു. പിന്നീടാണ് ബൈബിളിന്റെ സാഹിത്യ മൂല്യം, പ്രത്യേകിച്ചും പഴയ നിയമ ഭാഗങ്ങളുടേത്, അമ്പരപ്പിക്കുവാൻ തുടങ്ങുന്നത്. അതിനും ശേഷമാണ് വിശ്വാസത്തിനും സാഹിത്യത്തിനും അപ്പുറമുള്ള ഉപാധിരഹിതമായ ആത്മീയ മൂല്യത്തെക്കുറിച്ചുള്ള ധാരണ ഉറയ്ക്കുന്നത്. അതുവരെ പിന്തുടർന്നതിനപ്പുറമുള്ള ഒരു മൂന്നാം വായന ബൈബിളിന് സാധ്യമാണെന്ന തിരിച്ചറിവാണ് ഒരാളെ ശരിക്കും ബൈബിളിന്റെ ആഴപ്പൊരുളുകൾ അറിയാൻ പ്രാപ്തനാക്കുന്നത്. വിശ്വാസം അനുഭവത്തിൽ നിന്നുള്ള ദൂരമാണെന്ന് മനസ്സിലാക്കുന്ന ഒരാൾക്കേ അനുഭവതലങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ദിശാസൂചികൾ ബൈബിൾ സംഭരിച്ചു വച്ചിരിക്കുന്നത് തെളിഞ്ഞു കിട്ടിയെന്നു വരൂ. ആനന്ദം ആനന്ദം എന്ന് വെറുതെ  ഉരുവിട്ടു കൊണ്ടിരിക്കുന്നതും ഒന്നുമുരുവിടാതെയിരുന്ന് ആനന്ദമനുഭവിക്കുന്നതും  തമ്മിലുള്ള വ്യത്യാസമാണത്. 

 

pusthakakkazhcha-column-by-ravivarma-thampuran-on-bible-v-j-james
വി.ജെ. ജയിംസ്

പി.ജെ. ജെ. ആന്റണി: ബൈബിൾ അനേക മാനങ്ങളുള്ള ഒന്നാകയാൽ കൃത്യമായി പറയുക പ്രയാസമാണ്. ജീവിതാവബോധത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നത് എനിക്ക് വ്യക്തമാണ്. പ്രത്യേകിച്ച് തുല്യത, നീതി, സഹനം തുടങ്ങിയവയെ സംബന്ധിക്കുന്ന കാഴ്ചപ്പാടുകൾ

 

ഫ്രാൻസിസ് നൊറോണ: വിവിധ കാലങ്ങളിലായി ചിതറിക്കിടക്കുന്ന സംഭവങ്ങളും വസ്തുതകളും പരസ്പരം കോർത്തിണക്കാവുന്ന വിധത്തിൽ സൂക്ഷ്മമായ ശിൽപഭദ്രതയുള്ള പുസ്തകമാണ് ബൈബിൾ. അതിന്റെ ഭാഷയേക്കാൾ എന്നെ ആകർഷിച്ചിട്ടുള്ളത് വായനയുടെ വൈവിധ്യമാണ്. വായനക്കാരന്റെ സർഗാത്മകതയ്ക്കും മനോവ്യാപാരങ്ങൾക്കുമനുസരിച്ച് ബൈബിൾ വ്യഖ്യാനിക്കാൻ കഴിയുമെന്നതാണ് പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത. ബൈബിൾരചനകളുടെ ഇഴയടുപ്പങ്ങളും മൗനങ്ങളും ധ്വനിസമൃദ്ധങ്ങളായ വാക്കുകളും അനേകം വായനകളുടെ സാധ്യത നൽകുന്നു. വായനക്കാരന്റെ അനുഭൂതികളെ പെരുപ്പിക്കുകയും അവന്റെ സ്വതന്ത്രചിന്തകൾക്ക് ചിറകു നൽകുകയും ചെയ്യുമ്പോഴാണ് ഏതൊരു രചനയുടെയും സാഹിത്യമൂല്യം ഉയരുന്നത്.. അപ്രകാരം കാലാതീതമായ വായനയുടെ പുതുലോകം എന്നും സൃഷ്ടിക്കുന്ന ബൈബിളിലെ സാഹിത്യമൂല്യങ്ങളാണ് കൃത്യമായ ഇടങ്ങളിലേക്ക് എത്തുന്ന വിശ്വാസമൂല്യത്തേക്കാൾ എനിക്കേറെ പ്രിയം...

 

2. ബൈബിൾ സ്വന്തം സാഹിത്യാഭിരുചിയെ എപ്രകാരം സ്വാധീനിച്ചു?

pusthakakkazhcha-column-by-ravivarma-thampuran-on-bible-francis-noronha
ഫ്രാൻസിസ് നൊറോണ

 

വി.ജെ. ജയിംസ്: ലോക ക്ലാസിക്കുകളെ ഏറ്റവുമധികം സ്വാധീനിച്ച പുസ്തകം ബൈബിളാണെന്ന് നിസ്സംശയം പറയാം. സ്വാഭാവികമായും എന്റെ കൃതികളിലും ബൈബിളിന്റെ സ്വാധീനം ധാരാളമായി ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും ആന്റിക്ലോക്ക് എന്ന നോവലിലെ ഭാഷയിൽ പഴയ നിയമ പുസ്തകത്തിലെ ഭാഷാസൗന്ദര്യം കടന്നു വരുന്നുവെന്ന് ബെന്യാമിൻ ഉൾപ്പെടെയുള്ളവർ പരാമർശിച്ചു കേട്ടിട്ടുണ്ട്. അന്വേഷിച്ചു ചെല്ലുന്നവർക്കു മാത്രം കണ്ടെത്താൻ പാകത്തിൽ ബൈബിൾ ഒളിപ്പിച്ചു വയ്ക്കുന്ന മുത്തുകളും പവിഴങ്ങളുമുണ്ട്. ഒരു കാലത്ത് ബൈബിളിലെയും ഉപനിഷത്തുകളിലെയും ശാങ്കരദർശനത്തിലെയും അന്തർധാരകളെ വിശകലന ബുദ്ധിയോടെ അന്വേഷിച്ചു ചെല്ലുന്നതിലായിരുന്നു കമ്പം. വിശ്വാസത്തിന്റെ കാര്യത്തിലെന്ന പോലെ ഇത്തരം കമ്പങ്ങൾക്കും അനുഭവത്തെക്കുറിച്ചുള്ള അറിവു ലഭിക്കുന്നതു വരെയേ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം പ്രസക്തിയുള്ളു. സ്വർഗത്തോടൊപ്പം നരകത്തെയും ഉൾക്കൊള്ളുന്ന ഒരടിസ്ഥാനത്തിലേക്ക് എത്തിച്ചേരുന്നതാണ് ആത്മീയതയെന്ന തിരിച്ചറിവ് നിരീശ്വരൻ ഉൾപ്പെടെയുള്ള കൃതികളിൽ സ്ഫുരിക്കുന്നതിന് ബൈബിളും നിമിത്തമായിട്ടുണ്ട്.

 

ബെന്യാമിൻ : വളരെയേറെ എന്നു പറയേണ്ടി വരും. ബൈബിൾ കഥകൾ, ഉപമകൾ, അലങ്കാരങ്ങൾ, എന്നിവ ഏതൊരു സാഹിത്യസ്നേഹിയെയും വല്ലാതെ വലിച്ചടുപ്പിക്കുന്നതാണ്. എഴുത്തിന്റെ തുടക്കത്തിൽ ബൈബിളിലെ ഭാഷയുടെയും ആശയങ്ങളുടെയും സ്വാധീനം എന്നിൽ ധാരാളമായി ഉണ്ടായിരുന്നു. അതിലെ അപൂർണ്ണമായ കഥകൾ പൂരിപ്പിക്കാനുള്ള ഒരു ത്വര എന്നിൽ വീണു കിടന്നിരുന്നു. അങ്ങനെയാണ് അബീശഗിനും പ്രവാചകന്മാരുടെ രണ്ടാം പുസ്തകവും ഉണ്ടാവുന്നത്. 

 

pusthakakkazhcha-column-by-ravivarma-thampuran-on-bible-pjj-antony
പി.ജെ.ജെ. ആന്റണി

പി.ജെ.ജെ. ആൻറണി: സാഹിത്യാഭിരുചിയെ സ്വാധീനിച്ചതായി തോന്നുന്നില്ല .

 

ഫ്രാൻസിസ് നൊറോണ: ബൈബിളിന്റെ ഭാഷയോ അതിന്റെ രചനാ സവിശേഷതകളോ എന്റെ എഴുത്തിനെ സ്വാധീനിച്ചിട്ടില്ല. ബൈബിളിൽ നിന്ന് ലഭിച്ചിട്ടുള്ള പ്രചോദനം യേശുവിന്റെ സവിശേഷമായ വ്യക്തിത്വമാണ്. എന്റെ ഒട്ടുമിക്ക കഥാപാത്രങ്ങളുടെയും രൂപപ്പെടലിൽ അവന്റെ കരുണയും കരുത്തും പോരാട്ടവീര്യവും കീഴടങ്ങലും ഉയിർപ്പുമൊക്കെ അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. യേശു തന്റെ ജീവിതത്തോട് ചേർത്തുനിർത്തിയ അരികുവൽക്കരിക്കപ്പെട്ടവരുടെ തുടർച്ചകൾ എന്റെ കഥകളിലും നോവലിലും കണ്ടെത്താൻ കഴിയുന്നതും ഏറെ സന്തോഷം നൽകുന്നു.

3. ബൈബിളിലെ ഏറ്റവും ഇഷ്ടമുള്ള ഭാഗം?

 

പി.ജെ.ജെ. ആൻണി: നീതിയെ സംബന്ധിക്കുന്ന ആഖ്യാനങ്ങൾ

 

ഫ്രാൻസിസ് നൊറോണ: മനുഷ്യനെ മരങ്ങളെപ്പോലെ കാണുന്ന ഒരാളുടെ കാഴ്ചയെ യേശു സുഖപ്പെടുത്തുന്ന സംഭവമാണ് എനിക്കിഷ്ടപ്പെട്ട ബൈബിളിലെ ഭാഗം. മരങ്ങളെപ്പോലെ മനുഷ്യരെ കണ്ടാൽ എന്താണു കുഴപ്പമെന്ന് അതിൽ എഴുതിയിട്ടില്ല. വായനക്കാരന് വ്യാഖ്യാനിക്കാൻ ആ ഭാഗം ഒഴിച്ചിട്ടിരിക്കുന്നു. തൊടിയിലും പറമ്പിലും നിൽക്കുമ്പോഴൊക്കെ മരം നല്ലതാണ്, പക്ഷേ അത് നമ്മുടെ വഴിമധ്യേ നിന്നാലോ?

 

ബെന്യാമിൻ: നാഥാ‍ൻ പ്രവാചകൻ ദാവീദ് രാജാവിനോട്: ‘ആ മനുഷ്യൻ നീ തന്നെ’  എന്ന് വിരൽ ചൂണ്ടി പറയുന്ന ഭാഗം. ഹിത്യനായിരുന്ന ഊരിയാവിനെ പടയിൽ പിന്നിൽ നിന്ന് വെട്ടി കൊല്ലിച്ച ശേഷം അയാളുടെ ഭാര്യയായ ബത്ത്- ശേബയെ സ്വന്തമാക്കിയതിൽ കോപിച്ചാണ് അത് പറയുന്നത്.  രാജാവ് തെറ്റു ചെയ്താൽ പോലും അത് തെറ്റാണ് എന്ന് പറയാൻ ധീരനായ ഒരു പ്രവാചകനു മാത്രമേ കഴിയൂ .

pusthakakkazhcha-column-by-ravivarma-thampuran-on-bible-article-image

 

വിജെ. ജയിംസ് : കടലിൽനിന്ന് ഏറ്റവുമിഷ്ടപ്പെട്ട ഒരു കുമ്പിൾ ജലം കോരിയെടുക്കാൻ പറയുന്നതു പോലെയാണത്. സാഹിത്യഭംഗി കൊണ്ടും ആന്തരഗൗരവം കൊണ്ടും അപൂർവതകൾ കൊണ്ടും ഭ്രമിപ്പിച്ചിട്ടുള്ള പലേ ഭാഗങ്ങളുമുണ്ട്. ഉത്തമഗീതവും പ്രഭാഷകനും ജ്ഞാനത്തിന്റെ പുസ്തകവുമാക്കെ ഉദാഹരണം. ആത്മീയ നിറവിലിരുന്നു കൊണ്ട് പൗലോസ് കുറിക്കുന്ന ചില വരികൾ അസാധാരണമാം വിധം ആകർഷകമായി അനുഭവപ്പെട്ടിട്ടുമുണ്ട്.

 

4. ബൈബിളിലെ ഏറ്റവും ഇഷ്ടമുള്ള വാക്യം?

 

ഫ്രാൻസിസ് നൊറോണ: ‘ഞങ്ങളോടു തെറ്റു ചെയ്യുന്നവരോടു ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ’. ഭൂമിയിലെ ഏറ്റവും അർഥപൂർണമായ പാരസ്പര്യത്തിന് അടിവരയിടുന്നതിനാലാണ് ഈ വാക്കുകൾ എനിക്ക് പ്രിയപ്പെട്ടതാകുന്നത്.

 

പി.ജെ.ജെ. ആൻണി: അങ്ങിനെയൊന്ന് ഓർത്തെടുക്കാൻ ആവുന്നില്ല.

 

ബെന്യാമിൻ: അധികം സമ്പാദിച്ചവന് ഒന്നും മിച്ചമുണ്ടായിരുന്നില്ല. അല്പം സമ്പാദിച്ചവന് ഒട്ടും കുറവുണ്ടായതുമില്ല. (പുറപ്പാട് 16:18) 

 

വിജെ. ജയിംസ് : ശത്രുവിനെയും നിന്നെപ്പോലെ തന്നെ സ്നേഹിക്കുക എന്ന വചനത്തിനപ്പുറം ഒരു സോഷ്യലിസവും ലോകത്താരും പറഞ്ഞിട്ടില്ല. ഇതേ പൊരുൾ തന്നെയാണ്.  ‘ഈ എളിയവരിൽ ഒരുവന് ഉതവി ചെയ്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തത്’ എന്ന വചനത്തിലുള്ളതും.  ‘പിതാവേ നീയും ഞാനും ഒന്നായിരിക്കുന്നതു പോലെ ഇവരും നമ്മിൽ ഒന്നായിരിക്കണേ’ എന്ന അന്ത്യത്താഴ രാത്രിയിലെ മനുഷ്യപുത്രന്റെ പ്രാർഥന ആ ഏകാനുഭവത്തിലേക്കുള്ള ക്ഷണമാണ്. അപരനിൽ വസിക്കുന്നതും നീ തന്നെ എന്ന അദ്വൈതതഭാവത്തിന്റെ പൂർണതയാണത്. തത്വമസി.

 

എന്റെ ബൈബിൾ വായന -  രവിവർമ തമ്പുരാൻ 

സ്‌കൂളിൽ പഠിക്കുമ്പോൾ ഗിഡിയൻസ് ഇന്റർനാഷനലിന്റെ നീലച്ചട്ടയുള്ള പുതിയ നിയമം  കയ്യിൽ കിട്ടിയെങ്കിലും അന്നു വായിച്ചിട്ട് ഒന്നും മനസ്സിലായില്ല. പരിചിതമല്ലാത്ത ഭാഷ പോലെ തോന്നി. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലാണ് പ്രീഡിഗ്രിയും ഡിഗ്രിയും പഠിച്ചത്. അവിടത്തെ അന്തരീക്ഷം ബൈബിളുമായി കൂടുതൽ അടുപ്പിച്ചെങ്കിലും അന്നു വലിയ യുക്തിവാദി ആയിരുന്നതിനാൽ വായിക്കാൻ ശ്രമിച്ചില്ല. പത്രപ്രവർത്തകനായ ശേഷം പള്ളികളും പുരോഹിതരുമൊക്കെയായി വലിയ അടുപ്പം ഉണ്ടായി.

1991- 92 ൽ ഒരു വർഷം ആലപ്പുഴയിൽ റിപ്പോർട്ടറായി ജോലി ചെയ്ത കാലത്ത് അടുത്ത കൂട്ടുകാരനായിരുന്നു ഫാ. വി.പി. ജോസഫ് വലിയവീട്ടിൽ (കൃപാസനം ഡയറക്ടർ). ആലപ്പുഴ ബ്യൂറോയിൽനിന്ന് പത്തനംതിട്ടയിലേക്കു  സ്ഥലം മാറ്റമായപ്പോൾ യാത്രയയയ്ക്കാൻ വന്ന അച്ചൻ എനിക്കൊരു ഉപഹാരം വാങ്ങിത്തരാൻ ആഗ്രഹിക്കുന്നെന്നും  ഇഷ്ടം പറയണമെന്നും പറഞ്ഞു. കാത്തിരുന്ന അവസരം വന്നെന്നു മനസ്സിലാക്കിയ ഞാൻ പറഞ്ഞു: ‘അച്ചാ, എനിക്ക് മറ്റു സമ്മാനം ഒന്നും വേണ്ട. പക്ഷേ, ഞാൻ ആഗ്രഹിക്കുന്നൊരു സമ്മാനമുണ്ട്. അതച്ചനു തരാൻ കഴിയും. വായിച്ചാൽ മനസ്സിലാവുന്നൊരു ബൈബിൾ.’ 

‘ഓ, അതിനെന്താ.’

ഒരുമാസം തികയും മുമ്പ് പത്തനംതിട്ടയിലെ എന്റെ വിലാസത്തിൽ ചുവന്ന നിറമുള്ള ചട്ടയുമായി ഒരു ബൈബിൾ എത്തിച്ചേർന്നു. ഓശാന പബ്ലിക്കേഷൻസിന്റെ ബൈബിൾ. വലിയവീട്ടിൽ അച്ചന്റെ സമ്മാനം. അതു വായിച്ചാണ് ഞാൻ ബൈബിളിനെ ഇഷ്ടപുസ്തകങ്ങളിലൊന്നായി ഗണിക്കാൻ തുടങ്ങിയത്. മനോഹരമായ മലയാളത്തിലെഴുതിയ ഒരു ഉത്തമ സാഹിത്യകൃതി. 

അതു വായിച്ചതിന്റെ രസത്തിൽ ഏതാനും വർഷം മുമ്പ് ബൈബിളിലെ പരിസ്ഥിതി ദർശനത്തെക്കുറിച്ച്  മനോരമ ഓൺലൈനിൽ, ഏഴെട്ടുഭാഗമുള്ള പരമ്പര എഴുതുകയുണ്ടായി.  കുറെയേറെ സ്ഥലങ്ങളിൽ പ്രഭാഷണം നടത്തുകയുമുണ്ടായി. ഇപ്പോൾ എഴുതുന്നത് ബൈബിളിന്റെ സാഹിത്യഭംഗിയെക്കുറിച്ചാണ്. ഉത്തമഗീതത്തിലെ നാലാം ഗീതം നോക്കൂ. അതിങ്ങനെ:

എന്റെ പ്രിയേ, നീ സുന്ദരിയാണ്,

നീ അതീവ സുന്ദരി തന്നെ.

മൂടുപടത്തിനുള്ളിൽ നിന്റെ കണ്ണുകൾ 

ഇണപ്രാവുകളെപ്പോലെയാണ്.

ഗിലയാദ് മലഞ്ചെരിവുകളിലേക്ക് 

ഇറങ്ങിവരുന്ന കോലാട്ടിൻ

പറ്റത്തെപ്പോലെയാണ് നിന്റെ 

കേശഭാരം

രോമം കത്രിച്ചു കുളി കഴിഞ്ഞുവരുന്ന 

ആട്ടിൻകൂട്ടം പോലെ വെണ്മയുള്ള

താണ് നിന്റെ ദന്തനിര.

 

അത് ഒന്നൊഴിയാതെ നിരയൊത്തിരിക്കുന്നു. 

നിന്റെ അധരം  ചെന്നൂലുപോലെയാണ്.

നിന്റെ മൊഴികൾ മധു ഊറുന്നതാണ്. 

മൂടുപടത്തിനുള്ളിൽ നിന്റെ 

കവിൾത്തടങ്ങൾ മാതളപ്പഴപ്പകുതികൾ പോലെയാണ്. 

നിന്റെ കഴുത്ത് ആയുധശാലയായി 

നിർമിച്ച ദാവീദിന്റെ ഗോപുരം 

പോലെയാണ്.

വീരന്മാരുടെ പരിചകൾ 

തൂക്കിയിട്ടിരിക്കുന്നതുപോലെ 

നിന്റെ കണ്ഠാഭരണം ശോഭിക്കുന്നു. 

നിന്റെ സ്തനങ്ങൾ ലില്ലികൾക്കിടയിൽ 

മേയുന്ന ഇരട്ടമാൻകുട്ടികളെ

പ്പോലെയാണ്.

വെയിലാറി, നിഴൽ മായുമ്പോൾ 

മീറാമലയിലും കുന്തുരുക്കക്കുന്നിലും 

ഞാൻ ഓടിച്ചെല്ലും. 

എന്റെ ഓമനേ നീ 

സർവാംഗസുന്ദരിയാണ്. 

നീ എത്ര അവികലയാണ്. 

കവിത നുരഞ്ഞുപൊങ്ങുന്ന വരികൾ അങ്ങനെ തുടർന്നുപോവുകയാണ്. ദൈവവും ദൈവജനവും തമ്മിലുള്ള ബന്ധം ഏറ്റവും മനോഹരമായി വർണിക്കുന്ന ബൈബിൾ ഭാഗമാണ് ഉത്തമഗീതം. പ്രേമബദ്ധരായ സ്ത്രീയും പുരുഷനും തമ്മിലുള്ള  സംഭാഷണം എന്ന മട്ടിൽ 

എഴുതപ്പെട്ട ആറു ഗീതങ്ങൾ ചേർന്നതാണ് ഉത്തമഗീതം. ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമായാണ് ആദിമക്രൈസ്തവർ ഉത്തമഗീതത്തെ കാണുന്നത്. സോളമനാണ് ഇതെഴുതിയതെന്ന് കരുതപ്പെട്ടിരുന്നു.  എന്നാൽ ബാബിലോൺ പ്രവാസത്തിനു ശേഷമായിരിക്കണം രചന നടന്നതെന്നാണ് ഇപ്പോൾ പ്രചാരത്തിലുള്ള നിഗമനം. എഴുതിയതാരു തന്നെയായാലും ഇക്കാലത്തെ ഏറ്റവും പ്രതിഭാധനനായ ഒരു കവി എഴുതുന്നതു പോലെ പുതുമണം തുളുമ്പുന്നതല്ലേ ഈ വരികൾ. 

പഴയനിയമത്തിലെ തന്നെ സങ്കീർത്തനങ്ങൾ ആണ് പാരായണസുഖം തരുന്ന മറ്റൊരു മനോഹരാഖ്യാനം. ഇസ്രയേൽ ജനതയുടെ ജീവിതസാഹചര്യങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞു വന്ന പ്രാർഥന. ദാവീദ് രാജാവാണ് എല്ലാ സങ്കീർത്തനവും രചിച്ചതെന്നു കരുതപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹത്തിനു സ്വാധീനമുണ്ടെന്നല്ലാതെ, എഴുതിയത് പലരാവാമെന്നതാണ് പിൽക്കാലത്തുണ്ടായ തീർപ്പ്. 

നിന്റെ അങ്കി നറുംപശയും 

ചന്ദനവും ലവംഗവും കൊണ്ട് 

സുരഭിലമായിരിക്കുന്നു.

ദന്തനിർമിതമായ കൊട്ടാരങ്ങളിൽ നിന്ന് 

തന്ത്രീനാദം നിന്നെ 

ആനന്ദിപ്പിക്കുന്നു.....

ഇങ്ങനെ പോകുന്നു സങ്കീർത്തനങ്ങൾ.

നിത്യജീവിതത്തിൽ എങ്ങനെ പെരുമാറണം എന്നുപദേശിക്കുന്ന സുഭാഷിതങ്ങൾ കാവ്യാത്മകമെന്നതുപോലെ തന്നെ ചിന്താപരവുമാണ്. വിവേകത്തെയും ബുദ്ധിയെയും ഉത്തേജിപ്പിക്കുന്ന വാക്യങ്ങളാണ് സുഭാഷിതങ്ങളുടെ പ്രത്യേകത.

സമ്പത്തു നേടാൻ അമിതാധ്വാനം 

ചെയ്യരുത്,

അതിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ വേണ്ട

വിവേകം കാണിക്കുക

സമ്പത്തിൻമേൽ കണ്ണു വയ്ക്കുമ്പോ

ഴേക്കും അത് അപ്രത്യക്ഷമാകും,

കഴുകനെപ്പോലെ ചിറകുവച്ച് 

ആകാശത്തിലേക്കു പെട്ടെന്ന് അതു 

പറന്നുപോകുന്നു. 

പിശുക്കൻ തരുന്ന ആഹാരം 

കഴിക്കരുത്,

അവന്റെ വിശിഷ്ട വിഭവങ്ങൾ 

കൊതിക്കുകയുമരുത്,

എന്തെന്നാൽ അവൻ  മനസ്സിൽ

എണ്ണിനോക്കുന്നുണ്ട്. 

തിന്നുക, കുടിക്കുക എന്ന് അവൻ

പറയുമെങ്കിലും അവന് 

ആത്മാർഥതയില്ല.....
 

പാറിപ്പറക്കുന്ന കുരുവിയും 

തെന്നിപ്പറക്കുന്ന മീവൽപ്പക്ഷിയും 

എങ്ങും തങ്ങാത്തതു പോലെ 

അകാരണമായ ശാപം എങ്ങും 

ഏശുന്നില്ല

പുതിയ നിയമവും, സരളമലയാളത്തിൽ എഴുതപ്പെട്ട മികച്ച പാരായണാനുഭവമാണ്. മത്തായിയുടെ സുവിശേഷത്തിൽ പീഡാനുഭവവും ഉത്ഥാനവും ഒന്നാം പ്രവചനം എന്ന ഭാഗം നോക്കുക: 

അപ്പോൾ മുതൽ യേശു, തനിക്കു ജറുസലമിലേക്കു പോകേണ്ടിയിരിക്കുന്നുവെന്നും ശ്രേഷ്ഠന്മാരിൽനിന്നും പ്രധാന പുരോഹിതന്മാരിൽനിന്നും നിയമജ്ഞരിൽനിന്നും വളരെയേറെ സഹിക്കേണ്ടിവരുമെന്നും താൻ വധിക്കപ്പെടുമെന്നും എന്നാൽ മൂന്നാം ദിവസം ഉയിർപ്പിക്കപ്പെടുമെന്നും ശിഷ്യന്മാരെ അറിയിച്ചു തുടങ്ങി. പത്രോസ് അവനെ മാറ്റി നിർത്തി തടസ്സം പറയാൻ തുടങ്ങി. ദൈവം കനിയട്ടെ, കർത്താവേ, ഇതൊരിക്കലും നിനക്കു സംഭവിക്കാതിരിക്കട്ടെ. യേശു തിരിഞ്ഞ് പത്രോസിനോടു പറഞ്ഞു, സാത്താനേ, എന്റെ മുന്നിൽ നിന്നു പോകൂ, നീ എനിക്കു പ്രതിബന്ധമാണ്. നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്. 

യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു. ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവൻ രക്ഷിക്കുവാൻ ആഗ്രഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തും. എന്നാൽ ആരെങ്കിലും എനിക്കു വേണ്ടി സ്വജീവൻ നഷ്ടപ്പെടുത്തിയാൽ അവൻ അതു കണ്ടെത്തും. ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം.

വായനക്കാരന്റെ ഹൃദയത്തോട് നേരിട്ടു സംവദിക്കാനുള്ള ശേഷി, ഗഹനമായ തത്വചിന്തകൾ വളരെ ലളിതമായി, ഉപമകളോടോ രസകരമായ കഥകളോടോ ചേർത്തു പറയുന്നതിലെ മികവ്, കാവ്യാത്മകത, സംസാര ഭാഷ പോലെ ലളിതമായ ആഖ്യാനം എന്നിങ്ങനെ ഒരുപാടു ഗുണങ്ങൾ ഒത്തു ചേർന്ന രസകരമായൊരു പാരായണാനുഭവമാണ് ബൈബിൾ. 

ബൈബിളിന്റെ പരിസ്ഥിതിമൂല്യത്തെക്കുറിച്ച് എട്ടുപത്തു വർഷം മുമ്പ് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ പ്രസംഗിച്ചശേഷം തിരികെ കസേരയിൽ വന്നിരിക്കുമ്പോൾ അടുത്തിരുന്ന വൈദികൻ പറഞ്ഞു: ബൈബിളിനെ ഇത്തരത്തിൽ വ്യാഖ്യാനിക്കാമെന്ന് എനിക്കു പോലും തോന്നിയിട്ടില്ല. 

ആ ധൈര്യത്തിലാണ് ഓൺലൈനിൽ പരമ്പര എഴുതിയത്. ഉത്പത്തിപുസ്തകത്തിന് പല വിശ്വാസികളും കൊടുത്തു വന്നിട്ടുള്ള വ്യാഖ്യാനം അത് പ്രകൃതിക്കുമേൽ മനുഷ്യന്റെ അധീശത്വത്തെ അംഗീകരിക്കുന്നുവെന്നാണ്. എന്നാൽ ബൈബിൾ മനസ്സിരുത്തി വായിച്ചപ്പോൾ എനിക്കു മറിച്ചാണ് തോന്നിയത്. മനുഷ്യന്റെ നിസ്സാരതയും പ്രകൃതിയെ സംരക്ഷിക്കാൻ അവനുള്ള ചുമതലയും ഓർമിപ്പിക്കുന്ന ഭാഗമാണ് ഉത്പത്തിപുസ്തകം. മനുഷ്യന്റെ ഉപയോഗത്തിനു വേണ്ടിയാണ് പ്രകൃതിയിലെ എല്ലാത്തിനെയും സൃഷ്ടിച്ചതെങ്കിൽ ആദ്യം സൃഷ്ടിക്കേണ്ടിയിരുന്നത് മനുഷ്യനെത്തന്നെയാണ്. എന്നാൽ ദൈവം ചെയ്തതെന്താണ്. അഞ്ചു ദിവസം കൊണ്ട് പ്രകൃതിയിലെ ഇതരസൃഷ്ടികളെല്ലാം പൂർത്തിയാക്കിയിട്ട് ആറാം ദിവസമാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. എന്നിട്ട് അവനോടു പറഞ്ഞു:

കടലിലെ മൽസ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയിൽ ചരിക്കുന്ന സകലജീവികളുടെയും മേൽ നിങ്ങൾക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ.

ആധിപത്യം എന്ന വാക്കിനെ ദുർവ്യാഖ്യാനം ചെയ്താണ് മനുഷ്യൻ ബൈബിളിനെ തോൽപിക്കൻ ശ്രമിച്ചത്. ഒരു ജനതയ്ക്കു മേൽ ആധിപത്യമുള്ള ഉത്തമനായ ഭരണാധികാരി ചെയ്യേണ്ടത് എന്താണ്? തന്റെ ജനതയെ പൊന്നുപോലെ സംരക്ഷിക്കണം. അങ്ങനെ ചെയ്യാത്തവരെ നമ്മൾ ദുർഭരണാധികാരി എന്നല്ലേ വിളിക്കുക. പ്രകൃതിയിലെ എല്ലാം ദൈവം തന്നിരിക്കുന്നത്, തന്റെ ഉപഭോഗത്തിനു വേണ്ടിയാണെന്നു പറയുന്ന മനുഷ്യൻ, താനൊരു ദുർഭരണാധികാരിയാണെന്നു സ്വയം സമ്മതിക്കുകയാണ്. പുതിയ നിയമത്തിലെ, ആകാശത്തിലെ പറവകളെ നോക്കുവിൻ, അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവയ്ക്കുന്നതുമില്ല എന്ന വരികൾ ഇതിനോടു ചേർത്തു വായിക്കുമ്പോൾ ദൈവകൽപനയുടെ പരിസ്ഥിതി പ്രാധാന്യം കൃത്യമാവും. ഈശാവാസ്യ ഉപനിഷത്തിലെ ആദ്യ ശ്ലോകവും ആകാശത്തിലെ പറവകളുടെ ഉപമയും ആന്തരാർഥത്തിൽ ഒന്നു തന്നെയാണ്. 

ഈശാവാസ്യമിദം സർവം 

യത്കിഞ്ച ജഗത്യാം ജഗത് 

തേനത്യക്തേന ഭുഞ്ജീഥാ

മാ ഗൃധഃ കസ്യസ്വിദ്ധനം 

(ഈ ജഗത്ത് മുഴുവൻ ഈശ്വരന്റെ വാസസ്ഥാനമാണ്.അവനവന്റെ നിലനിൽപിന് ആവശ്യമായത് മാത്രം എടുക്കുക, മറ്റുള്ളതെല്ലാം എല്ലാവരുടേതുമാണ്.) വയലിൽ നിന്ന് ആവശ്യമായതു കൊത്തിത്തിന്നുക മാത്രം ചെയ്യുന്ന, കളപ്പുരകളിൽ കൂട്ടിവയ്ക്കാത്ത പറവകളെ കണ്ടു വേണം മനുഷ്യൻ വാഴ്‌വിന്റെ രഹസ്യം പഠിക്കാൻ എന്ന ഉപദേശം പ്രകൃതി ചൂഷണത്തിനെതിരെയുള്ള കർശനമായ താക്കീതാണ്. 

ഏദൻ തോട്ടത്തിന്റെ ഉപമയിൽ തോട്ടത്തിന്റെ നടുക്കു നിൽക്കുന്ന വൃക്ഷത്തിലെ കനി ഭക്ഷിക്കരുതെന്നാണ് പറയുന്നത്. എന്തിന്റെയും മധ്യത്തിലുള്ളത് അതിന്റെ കാമ്പ് ആണ്. ഏറ്റവും പ്രധാനപ്പെട്ട ഭാഗം. അത് സംരക്ഷിച്ചേ മതിയാകൂ. വിത്തെടുത്തു കുത്തരുത് എന്ന ഉപദേശം ഇതു തന്നെ. പശ്ചിമഘട്ടത്തിലെ മരങ്ങൾ സംരക്ഷിക്കണമെന്നു ഗാഡ്ഗിൽ പറയുന്നതും അതുകൊണ്ടു തന്നെ. 

സംഖ്യയിലെ കാടപ്പക്ഷികളുടെ ഉപമ ശ്രദ്ധിക്കുക.

പെട്ടെന്ന് കർത്താവ് ഒരു കാറ്റയച്ചു. ആ കാറ്റ് കടലിൽനിന്നു കാടപ്പക്ഷികളെ കൊണ്ടു വന്നു. ഒരു ദിവസത്തെ യാത്രയുടെ ദൂരം വ്യാസാർധത്തിൽ കൂടാരത്തിനു ചുറ്റും രണ്ടു മുഴം ഘനത്തിൽ മൂടിക്കിടക്കത്തക്കവണ്ണം അതു വീണു. ജനം അന്നു പകലും രാത്രിയും പിറ്റേന്നും കാടപ്പക്ഷികളെ ശേഖരിച്ചു. ഏറ്റവും കുറച്ചു ശേഖരിച്ചവനു പോലും പത്തു ഹോമർ കിട്ടി. അവർ അതു പാളയത്തിനു ചുറ്റും ഉണങ്ങാനിട്ടു. എന്നാൽ ഇറച്ചി ഭക്ഷിച്ചുകൊണ്ടിരിക്കെത്തന്നെ കർത്താവിന്റെ കോപം ജനത്തിനെതിരെ ആളിക്കത്തി. ഒരു മഹാമാരി അയച്ച് അവിടുന്ന് അവരെ ശിക്ഷിച്ചു. അത്യാഗ്രഹികളെ സംസ്‌കരിച്ചതുകൊണ്ട് ആ സ്ഥലത്തിന് കീബ്രോത്ത് ഹത്താവ എന്നു പേരിട്ടു.

ലോകമൊട്ടാകെ പടർന്നു പിടിച്ച് മനുഷ്യനെ വിഷമിപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡിന്റെ പശ്ചാത്തലത്തിൽ, മഹാമാരികൊണ്ട് എങ്ങനെ മനുഷ്യനെ ശിക്ഷിക്കാം എന്ന് വേഗത്തിൽ മനസ്സിലാവും. ദൈവം മഹാമാരികൊണ്ട് മനുഷ്യനെ ശിക്ഷിച്ചതെന്തിനാണ്? അവന്റെ ഉപയോഗത്തിന് ആവശ്യമുള്ളതിലധികമായി കാടപ്പക്ഷികളെ ശേഖരിച്ചതിനും ഉണക്കി സൂക്ഷിച്ചതിനും. വീണ്ടും വെളിപ്പെടുന്നു ആകാശത്തിലെ പറവകളുടെ ഉപമ.

നിനവേയിലേക്കു പോയ യോനാപ്രവാചകനെ കുറിച്ചു പറയുന്നിടത്തും ബൈബിളിന്റെ പരിസ്ഥിതി സംരക്ഷണ സന്ദേശം തെളിഞ്ഞു കിടപ്പുണ്ട്. 

യോനായ്ക്കു തണലും ആശ്വാസവും നൽകുന്നതിന് ദൈവമായ കർത്താവ് ഒരു ചെടി മുളപ്പിച്ചു. ആ ചെടി കണ്ട് യോനാ അത്യധികം സന്തോഷിച്ചു. പിറ്റേന്നു പ്രഭാതത്തിൽ ദൈവം ഒരു പുഴുവിനെ അയച്ചു. അത് ആ ചെടിയെ ആക്രമിച്ചു. ചെടി വാടിപ്പോയി. സൂര്യനുദിച്ചപ്പോൾ ദൈവം അത്യുഷ്ണമുള്ള കിഴക്കൻകാറ്റിനെ നിയോഗിച്ചു. തലയിൽ സൂര്യന്റെ ചൂടേറ്റ് യോനാ തളർന്നു. മരിക്കാൻ ആഗ്രഹിച്ചുകൊണ്ട് അവൻ പറഞ്ഞു. ജീവിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് എനിക്കു നല്ലത്. ദൈവം യോനായോടു ചോദിച്ചു.

ആ ചെടിയെച്ചൊല്ലി കോപിക്കാൻ നിനക്കെന്തു കാര്യം? 

അവൻ പറഞ്ഞു. 

കോപിക്കാൻ എനിക്കു കാര്യമുണ്ട്. മരണം വരെ കോപിക്കാൻ. 

കർത്താവ് പറഞ്ഞു.

ഈ ചെടി ഒരു രാത്രി കൊണ്ട് വളരുകയും അടുത്ത രാത്രിയിൽ നശിക്കുകയും ചെയ്തു. നീ അതിന്റെ വളർച്ചയ്ക്കു വേണ്ടി അധ്വാനിച്ചിട്ടില്ല. 

സസ്യസംരക്ഷണവും ജന്തുസംരക്ഷണവും മനുഷ്യന്റെ ഉത്തരവാദിത്തമാണെന്ന് ഇങ്ങനെ പലപല ഉദാഹരണങ്ങളിലൂടെ കാട്ടിത്തരുന്ന ബൈബിളിനെ ഞാൻ ഇഷ്ടപ്പെട്ടുപോകുന്നതിൽ അതിശയമെന്ത്? 

English Summary : Pusthakakkazhcha Column by Ravi Varma Thampuran on Bible

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com