ADVERTISEMENT

അന്ന് ഇന്ത്യ എല്ലാവരുടേതുമായിരുന്നു; അല്ലെങ്കില്‍ അങ്ങനെ വിശ്വസിക്കാന്‍ എനിക്കു മതിയായ കാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ എല്ലാ മേഖലകളിലും ക്രൂരമായ വിഭാഗീയതയാണ്. പക്ഷേ, എല്ലാ പ്രതീക്ഷകളും എനിക്കു നഷ്ടപ്പെട്ടിട്ടില്ല. രാജ്യത്തെ സ്ത്രീകളുടെ ദൃഢനിശ്ചയത്തില്‍ എനിക്കു വിശ്വാസമുണ്ട്. കോളജ് വിദ്യാര്‍ഥികളില്‍ പ്രതീക്ഷയുണ്ട്. അവര്‍ക്ക് വിഭാഗീയത ചെറുക്കാന്‍ കഴിയും. ഇരുട്ടിനെ ഇല്ലാതാക്കി, പുരാതനമായ, വെളിച്ചം നിറഞ്ഞ  മതേതര ഇന്ത്യയെ തിരിച്ചുകൊണ്ടുവരാന്‍ അവര്‍ക്കു മാത്രമേ കഴിയൂ. അവര്‍ക്കു ഞാന്‍ എല്ലാ നന്‍മകളും നേരുന്നു. - പറയുന്നത് ലോകപ്രശസ്ത നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദി. 40 വര്‍ഷം മുന്‍പ് ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ അവസ്ഥ പ്രമേയമാക്കി ‘അര്‍ധരാത്രിയുടെ മക്കള്‍’ ( മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍) എന്ന നോവലിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന എഴുത്തുകാരന്‍. 

 

നോവല്‍ നാലു പതിറ്റാണ്ട് അതിജീവിച്ചതിന്റെ പശ്ചാത്തലത്തില്‍ നോവലിനെക്കുറിച്ചും രാജ്യത്തിന്റെ അന്നത്തെയും ഇന്നത്തെയും അവസ്ഥകളെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം. 40 വര്‍ഷം മുന്‍പാണ് റുഷ്ദി മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ എഴുതുന്നത്. നോവലിലെ നായകന്‍ സലീം സിനായ് എന്ന ചെറുപ്പക്കാരനായിരുന്നു. അന്നു 30 വയസ്സ് കഴിഞ്ഞിരുന്ന എഴുത്തുകാരന്റെ പ്രതിരൂപം. നീണ്ട മൂക്കുണ്ടായിരുന്ന സലീമിനെയും ഗണപതി ഭഗവാനെയും ബന്ധപ്പെടുത്തി അന്നു തനിക്ക് എഴുതാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നെന്നും എന്നാല്‍ ഇന്നതിനു കഴിയുന്നില്ലെന്നും റുഷ്ദി പറയുന്നു. 4 പതിറ്റാണ്ടിനിടയില്‍ സംഭവിച്ച ഏറ്റവും വലിയ മാറ്റം:  റുഷ്ദി പറയുന്നു. 

 

ഇന്ന് മുംബൈ എന്നു വിളിക്കുന്ന ബോംബെ ആയിരുന്നു നോവലിന്റെ പശ്ചാത്തലം. നോവലിന്റെ ഭാഷ ഇംഗ്ലിഷ് ആയിരുന്നെങ്കിലും ഇന്ത്യന്‍ ഇംഗ്ലിഷാണ് റുഷ്ദി നോവലില്‍ ഉപയോഗിച്ചത്. ബോംബെയുടെ തെരുവുകളില്‍ സാധാരക്കാര്‍ ഉപയോഗിച്ചിരുന്ന ഭാഷ. ഹിന്ദി, ഉറുദു, ഗുജറാത്തി, മറാത്തി, ഇംഗ്ലിഷ് എന്നീ ഭാഷകള്‍ ചേര്‍ന്ന സങ്കര ഭാഷ. ബാംബിയ എന്നായിരുന്നു അന്ന് ബോംബെയിലെ ഭാഷ അറിയപ്പെട്ടത്. ബോംബെയ്ക്കു പുറത്ത് മറ്റാര്‍ക്കും മനസ്സിലാകില്ലായിരുന്നു അത്. എന്നാല്‍, തന്റെ നോവലിന് ആ ഭാഷ തന്നെ മതിയെന്ന് വിപുലമായ ആലോചനയ്ക്കു ശേഷം അദ്ദേഹം തീരുമാനിക്കുകയായിരുന്നു. 

 

ആത്മകഥാപരമാണു നോവല്‍. നായകനായ സലീം സിനായ് റുഷ്ദി തന്നെ. റുഷ്ദി ജീവിച്ച വീട്ടിലാണ് സലീം ജീവിച്ചത്. പഠിച്ചത് ഒരേ സ്കൂളില്‍. വളര്‍ന്നത് ഒരേ ചുറ്റുപാടില്‍. സലീമിന്റെ സുഹൃത്തുക്കളാകട്ടെ അന്ന് അദ്ദേഹത്തിന് നന്നായി അറിയാവുന്ന, പരിചയമുണ്ടായിരുന്നവര്‍. സുഹൃത്തുക്കളും അയല്‍ക്കാരും. നോവല്‍ പ്രസിദ്ധീകരിച്ചതിനുശേഷം ഒരു 

സുഹൃത്ത് റുഷ്ദിയെ കാണാന്‍ വന്നു. ഹലോ, ഞാന്‍ ഹൈരോളി എന്നാണയാള്‍ പരിചയപ്പെടുത്തിയത്. 

യഥാര്‍ഥത്തില്‍ അയാളുടെ പേര് അതായിരുന്നില്ല. എന്നാല്‍ അയാളെ മാതൃകയാക്കി റുഷ്ദി നോവലില്‍ ഉള്‍ക്കൊള്ളിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു ഹൈരോളി. ഓരോരുത്തര്‍ക്കും അവരവരെത്തന്നെ വേഗം തിരിച്ചറിയാന്‍ കഴിയുന്ന രീതിയിലായിരുന്നു റുഷ്ദിയുടെ കഥാപാത്ര ചിത്രീകരണം. 

 

അഭിപ്രായ സ്വാതന്ത്ര്യത്തിനു വിലങ്ങിട്ട അടിയന്തരാവസ്ഥയെ അര്‍ധരാത്രി എന്നു 40 വര്‍ഷം മുന്‍പ് വിശേഷിപ്പിച്ച റുഷ്ദി പറയുന്നത് യഥാര്‍ഥ അര്‍ധരാത്രി ഇപ്പോഴാണെന്നാണ്.  ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്കു നയിക്കാന്‍ പുതുതലമുറയ്ക്കു കഴിയുമെന്ന പ്രതീക്ഷയും 70 വയസ്സ് പിന്നിട്ട എഴുത്തുകാരന്‍ പങ്കുവയ്ക്കുന്നു. 

 

English Summary: India is no longer the country of ‘Midnight's Children’: Salman Rushdie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com