ADVERTISEMENT

എന്നെ നിങ്ങള്‍ക്കു തടവിലിടാന്‍ കഴിഞ്ഞേക്കും. എന്നാല്‍ എന്റെ വാക്കുകള്‍ തടങ്കല്‍പ്പാളയം ഭേദിക്കുന്നത് നിങ്ങള്‍ പോലും അറിയില്ല. നാളെ എന്റെ വാക്കുകള്‍ എനിക്കുവേണ്ടി സംസാരിക്കുന്ന നാള്‍ വരും. അന്ന് ആ വാക്കുകള്‍ നിങ്ങള്‍ക്കും കേള്‍ക്കേണ്ടിവരും. ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് തുര്‍ക്കി ജയിലില്‍ അടച്ച എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ അഹ്മത് അള്‍ട്ടാന്‍ ഇതു പറയുന്നത് ഒരു വര്‍ഷം മുന്‍പ്. ജയിലില്‍നിന്നുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ അതീവ രഹസ്യമായി പുറത്തെത്തിക്കുകയായിരുന്നു. നോവലും ലേഖനങ്ങളും പുറത്തെത്തിച്ചതുപോലെ തന്നെ. 

എന്നാല്‍ അപ്പോഴും അഹ്മത് എന്നെങ്കിലും ജയിലില്‍ നിന്ന് പുറത്തുവരും എന്ന് ആര്‍ക്കും ഒരു പ്രതീക്ഷയുമില്ലായിരുന്നു. പ്രത്യേകിച്ചും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്റെ അടിച്ചമര്‍ത്തല്‍ ഭരണകാലത്ത്. എന്നാല്‍, ലോകത്തെ മനുഷ്യവകാശ പ്രവര്‍ത്തകര്‍ക്കും അഹ്മതിന്റെ കുടുംബത്തിനും സന്തോഷം സമ്മാനിച്ചുകൊണ്ട് അഹ്മത് ജയില്‍ മോചിതനായി. ഇസ്താംബുളിലെ സ്വന്തം വീട്ടില്‍ അദ്ദേഹം തിരിച്ചെത്തുകയും ചെയ്തിരിക്കുന്നു. 

 

2016 ല്‍ നടന്ന അട്ടിമറിയില്‍ പങ്ക് ആരോപിക്കപ്പെട്ട് 4 വര്‍ഷം ജയിലില്‍ കിടന്നതിനുശേഷമാണ് കഴിഞ്ഞ ദിവസം അഹ്മത് മോചിപ്പിക്കപ്പെട്ടത്. മനുഷ്യവകാശങ്ങള്‍ക്കുവേണ്ടിയുള്ള യൂറോപ്യന്‍ കോടതി 71 വയസ്സുള്ള അഹ്മതിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ദിവസങ്ങള്‍ക്കുശേഷമാണ് തുര്‍ക്കി കോടതിയുടെ അനുകൂല വിധി. 

 

എങ്ങനെ പുറത്തുവന്നു എന്ന് ഇപ്പോഴും എനിക്കറിയില്ല. ഇന്നലെ വരെ ഞാന്‍ ജയില്‍ മുറിയിലായിരുന്നു. ഇക്കഴിഞ്ഞദിവസം വൈകിട്ടാണ് മോചിപ്പിക്കുന്ന വിവരം എന്നെ അറിയിച്ചത്. ഇപ്പോഴിതാ ഞാന്‍ ഇസ്താംബുളിലെ വീട്ടില്‍ എന്റെ കുട്ടികള്‍ക്കൊപ്പമാണ്. ഇനി കുറച്ചുദിവസം ഇവരെ വിട്ട് ഞാന്‍ എങ്ങോട്ടുമില്ല- അഹ്മത് അറിയിച്ചു. 

 

പ്രസിഡന്റ് എര്‍ദോഗനെ വിമര്‍ശിച്ചും കുര്‍ദുകളുടെ മനുഷ്യവകാശങ്ങള്‍ക്കുവേണ്ടിയും നേരത്തെ അഹമത് പല ലേഖനങ്ങളും എഴുതിയിരുന്നു. അങ്ങനെയാണ് അദ്ദേഹം പ്രസിഡന്റിന്റെ കണ്ണിലെ നോട്ടപ്പുള്ളിയാകുന്നത്. പരാജയപ്പെട്ട അട്ടിമറി സംഭവിക്കുക കൂടി ചെയ്തതോടെ അഹ്മതിനും പങ്കുണ്ടെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. ജീവപര്യന്തം തടവാണ് തുടക്കത്തില്‍ വിധിച്ചത്. എന്നാല്‍ പിന്നീട് രാജ്യത്തെ പരമോന്നത കോടതി തടവ് പത്തുവര്‍ഷവും ആറുമാസവുമാക്കി കുറച്ചു. ഇപ്പോള്‍ രാഷ്ട്രീയ കേസുകള്‍ വിചാരണ ചെയ്യുന്ന കോടതി അഹ്മതിനെ മോചിപ്പിച്ചതോടെ നാലരവര്‍ഷം നീണ്ട തടവുജീവിതത്തിനാണ് അവസാനമായിരിക്കുന്നത്. 

 

യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് എര്‍ദോഗന്‍ മുന്നിട്ടിറങ്ങിയതോടെയാണ് അഹ്മതിന്റെ മോചനവും യാഥാര്‍ഥ്യമായത്. 

 

ജയിലിലായിരുന്ന കാലത്തും അഹമത് എഴുത്തില്‍ സജീവമായിരുന്നു. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ക്കു നല്‍കാനുള്ള കുറിപ്പുകള്‍ക്കുള്ളില്‍ വച്ചാണ് അദ്ദേഹം തന്റെ ലേഖനങ്ങള്‍ പുറത്തെത്തിച്ചത്. അവയുടെ സമാഹാരമാണ് പ്രശസ്തമായ ഐ വില്‍ നെവര്‍ സീ ദ് വേള്‍ഡ് എഗെയന്‍ എന്ന പുസ്തകം. ബെസ്റ്റ് സെല്ലറായ ഈ പുസ്തകം പല പുരസ്കാരങ്ങളുടെയും ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ലേഡി ലൈഫ് എന്ന പേരില്‍ ഒരു നോവലും അദ്ദേഹം ജയില്‍ ജീവിത കാലത്ത് എഴുതി. ഈ പുസ്തകവും ഉടന്‍തന്നെ വെളിച്ചം കാണും. ഇനി പുസ്തകങ്ങള്‍ക്കൊപ്പം അഹ്മതിനും സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാം. ഒരിക്കല്‍ അദ്ദേഹം തന്നെ പറഞ്ഞതുപോലെ വ്യക്തികളെ തടവിലിട്ടാലും അവരുടെ വാക്കുകള്‍ ജയിലറകള്‍ ഭേദിക്കുകതന്നെ ചെയ്യും. 

English Summary: Turkey releases writer Ahmet Altan after more than 4 years in prison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com