ADVERTISEMENT

ചില പുലർകാല സ്വപ്നങ്ങളിൽ പണ്ടു കണ്ട ചില സ്ഥലങ്ങൾ വീണ്ടും വരും. വർഷങ്ങൾക്കു മുൻപേ അവസാനിച്ച സ്ഥലങ്ങളാണ്. മഴക്കാലത്തു തെന്നുന്ന കുത്തനെയുള്ള ഒരു മൺവഴി ഇറങ്ങുന്നു, നടന്നുപോകുമ്പോൾ ഓരത്ത് ഉയർന്നുനിൽക്കുന്ന, തൊലിയടർന്ന മിനുസമാർന്ന പാലയുടെ വേരു കാണുന്നു, കപ്പയും കുരുമുളകുമൊക്കെ ഉണക്കാനിടുന്ന പാടത്തിനു നടുവിലെ ഒരു പാറപ്പുറത്തുനിൽക്കുന്നതായും കാണുന്നു, ഈ സ്ഥലങ്ങളെല്ലാം എവിടെയായിരുന്നുവെന്ന് എനിക്കറിയാം, പക്ഷേ ഇപ്പോൾ അവിടെച്ചെന്നാൽ ഇതൊന്നുമില്ല. ഇടവഴികൾ മാറുന്നു, പാറപ്പുറം പൊട്ടിച്ചുനീക്കുന്നു, മീനുകളുള്ള തോട് അപ്രത്യക്ഷമാകുന്നു, ഉണരുമ്പോൾ ആ വർഷങ്ങൾ സഞ്ചരിച്ചതായി തോന്നുന്നു, എന്തൊരു അസ്വസ്ഥതയാണ്. കാലം നമ്മുടെ ഉള്ളിൽ എവിടെയാണ് ആ കാഴ്ചകളുമായി വസിക്കുന്നതെന്ന് അമ്പരക്കുന്നു. ഞാൻ പഠിച്ച സ്കൂളിനു സമീപത്തുകൂടി അടുത്തിടെ പോകുമ്പോ അവിടെ കുറച്ചുനേരം നിന്നു. പണ്ടു സ്കൂളിനു ചുറ്റുമതിൽ ഉണ്ടായിരുന്നില്ല. ക്യാംപസിനുള്ളിലൂടെ ഒരു അരുവി ഒഴുകിയിരുന്നു. പലയിടത്തുനിന്നുള്ള ഇടവഴികൾ സ്കൂൾ മുറ്റത്തേക്കു വന്നുചേർന്നിരുന്നു. ചുറ്റുമതിൽ വന്നതോടെ ആ വഴികളെല്ലാം അടഞ്ഞുപോയി. ഉയരത്തിൽനിന്നു നോക്കിയാൽ പരസ്പരം കെട്ടുപിണഞ്ഞുകിടന്ന ആ വഴികൾ അതിലെ നടന്നിരുന്നവരുടെ ഉള്ളിൽ മാത്രമായി

 

Ambrose-Bierce

ഉള്ളിലെ കാലം നൽകുന്ന മായികതയെപ്പറ്റി വിചാരിക്കുമ്പോൾ ഒരു ചെറുകഥ ഓർമവരുന്നു. അമേരിക്കൻ എഴുത്തുകാരൻ ആംബ്രോസ് ബിയേഴ്സിന്റെ (Ambrose Bierce) “An Occurence at Owl Creek Bridge”  എന്ന കഥയിൽ ഫാന്റസി നിറഞ്ഞ കാലം അസാധാരണമായ അനുഭവമാണ്. ബിയേഴ്സിന്റെ കഥ നടക്കുന്നത് ആഭ്യന്തരയുദ്ധകാലത്താണ്. പട്ടാളക്കാർ ശത്രുപക്ഷത്തെ ഒരു സൈനികനെ തടവുകാരനായി പിടിക്കുന്നു. അയാളെ ഒരു പാലത്തിൽ കെട്ടിത്തൂക്കിക്കൊല്ലാൻ തീരുമാനിക്കുന്നു. കഴുത്തിൽ കുരുക്കിട്ടശേഷം സൈനികനെ പാലത്തിൽനിന്നു തള്ളിയിടുന്നു. എന്നാൽ കയർ പൊട്ടി അയാൾ വെള്ളത്തിലേക്കു വീഴുന്നു. എന്താണു സംഭവിച്ചതെന്ന് അയാൾക്കു ശരിക്കും മനസ്സിലായില്ലെങ്കിലും പ്രയാസപ്പെട്ടു പുഴ നീന്തിക്കയറുന്നു. പട്ടാളക്കാർ അയാളെ വെടിവയ്ക്കുന്നുവെങ്കിലും കൊള്ളുന്നില്ല. അയാൾ ഒളിക്കുന്നു. കുറച്ചുനേരം വിശ്രമിച്ചശേഷം അയാൾ ദൂരെയുള്ള തന്റെ വീട്ടിലേക്ക്, ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും അടുത്തേക്കു പോകാൻ തീരുമാനിക്കുന്നു. എത്രയോ കാലമായി അവരെയൊക്കെ കണ്ടിട്ട്. ആ രാത്രിയും പിറ്റേന്നു പകലും അയാൾ അയാൾ ശത്രുക്കളെ ഭയന്ന് ഒളിച്ചുംപാർത്തും സഞ്ചരിക്കുന്നു. ഒടുവിൽ സ്വന്തം വീട്ടിലെത്തുന്നു. വീട്ടുജനാലയിലൂടെ അയാൾ തന്റെ ഭാര്യയെ കാണുന്നു. അത്യധികമായ സന്തോഷം ഉളളിൽ ഉയരവേ, ദൃശ്യങ്ങൾ മങ്ങുവാൻ തുടങ്ങുന്നു. Bierce ന്റെ കഥയിലെ അവസാന വാക്യങ്ങൾ ഇങ്ങനെ ".....  his body, with a broken neck swung gently from side to side beneath the timbers of the Owl Cree Bridge."

 

കഴുത്തിൽ കുരുക്കു മുറുകി പ്രാണൻ പോകുന്നതിനു തൊട്ടു മുൻപുള്ള സെക്കൻഡുകളിൽ ആ മനുഷ്യൻ ഒരു കിനാവായി പറക്കുന്നതാണ് ഇവിടെ സംഭവിച്ചത്. നമുക്കറിയാം, നാം കാണുന്ന, നീണ്ടതെന്നു നാം കരുതുന്ന സ്വപ്നങ്ങൾ യഥാർഥത്തിൽ സെക്കൻഡുകൾ പോലുമുണ്ടാകാറില്ല. മരണത്തിനു തൊട്ടുമുൻപുള്ള ഇത്തിരി നിമിഷങ്ങളെ, ഒരു രാത്രിയും പകലും നീണ്ട വിചിത്ര സഞ്ചാരമാക്കി മാറ്റുന്ന മാന്ത്രികയാണു ചെറുകഥ എന്നു നാം അറിയുന്നു. (“An 0ccurence at Owl Creek Bridge” ഇതേ പേരിൽ സിനിമയാക്കിയിരുന്നു)

Colash--2

 

ചില ദിവസങ്ങളിൽ ഉറക്കം വിട്ടുണരുമ്പോൾ പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ അസുഖകരമായ ഒരു മടുപ്പു വരും. പ്രയാസകരമായ ഏതോ സ്വപ്നത്തിന്റെ ഹാങ് ഓവറാണ്. പക്ഷേ ആ സ്വപ്നം ഏതാണെന്ന് ഓർക്കാനാവുകയില്ല. ഉടൻ ഒരു മരണമോ വഞ്ചനയോ തിരിച്ചടിയോ വരാനിരിക്കുന്നുവെന്ന് ആധി കൊള്ളുന്നതുപോലെയാണിത്. ഒ.വി. വിജയന്റെ കടൽത്തീരത്ത് എന്ന കഥയിലുള്ള അന്തരീഷം അത്തരമൊന്നാണ്. ശുഭകരമാവില്ല എന്ന് അറിഞ്ഞുകൊണ്ട് ഒരു മനുഷ്യൻ അടുത്ത നിമിഷങ്ങളിലേക്കു പോകുന്നതാണ് ആ കഥ. മകന്റെ മരണം ഒഴിവാകുകയില്ല എന്ന് അയാൾക്കറിയാം. പകരം ആ തീരത്തേക്ക്, അവസാനം എന്നു നമുക്ക് അറിയാവുന്ന നിമിഷങ്ങളിൽ പൂർണമായി ജീവിക്കാനാണ് അയാൾ പോകുന്നത്.

 

കാൾ ഓവ് ക്നോസ്ഗാഡിന്റെ അറ്റ് ദ് ബോട്ടം ഓഫ് യൂണിവേഴ്സ് എന്ന ലേഖനം, In the Land of the Cyclops  എന്ന പുസ്തകത്തിലെ ഉജ്വലമായ ഭാഗമാണ്. അതിന്റെ തുടക്കം എഴുത്തുകാരന്റെ നൈരാശ്യത്തിലാണ്. മനസ്സിനെ വിഷാദവും നൈരാശ്യവും പിടികൂടുമ്പോഴാണ് എഴുതുക. എഴുത്ത് ആ തളർച്ചയിൽനിന്നു മോചനം കൊണ്ടുവരുന്നു. തന്നെക്കുറിച്ചു തന്നെയാണ് എഴുതുന്നതെങ്കിലും അതു തന്നിൽനിന്നുള്ള സ്വയരക്ഷയുമാണ്. ക്നോസ്ഗാഡ് ഉറക്കത്തിൽനിന്ന് ഉണർന്നതേയുള്ളു. മഞ്ഞുകാലമാണ്. ഹീറ്റർ പ്രവർത്തിക്കുന്നില്ല. കടുത്ത തണുപ്പ് വീടിനുള്ളിലുമുണ്ട്. മഞ്ഞുപെയ്യുന്ന പുറത്തെ വിജനമായ രാത്രിയിൽ ഉയർന്നുനിൽക്കുന്ന ഇലകളില്ലാത്ത ഇരുണ്ടു മരവിച്ച മരങ്ങൾ മാത്രമാണു കാണുന്നത്. 

 

ലിയനാർഡോ ഡാവിഞ്ചിയുടെ നോട്ട്ബുക്കിൽ ചന്ദ്രനെപ്പറ്റി പറഞ്ഞിരിക്കുന്ന ഭാഗം ക്നോഡ്ഗാഡ് ഓർക്കുന്നു. ചന്ദ്രനെ നോക്കുമ്പോൾ അവിടെ സമുദ്രങ്ങളും വനങ്ങളുമാണു ഡാവിഞ്ചി കണ്ടത്. മധ്യകാലത്തുനിന്നുള്ള ആ സങ്കൽപം മനോഹരമാണ്. ഡാവിഞ്ചിയുടെ നോട്ടങ്ങളിലെ നിഷ്ക്കളങ്കതയാണു തന്നെ ആകർഷിച്ചതെന്നു ക്നോസ്ഗാഡ് പറയുന്നുണ്ട്. മറ്റാരും കാണാത്ത കാഴ്ചകൾ ഡാവിഞ്ചി ആദ്യം കണ്ടു. അതേ കാഴ്ചകളെ വിശാലമായി സങ്കൽപിക്കുകയും ചെയ്തു. ചന്ദ്രനിൽ നദികളെയും സമുദ്രങ്ങളെയും കണ്ട ഡാവിഞ്ചി മനുഷ്യന്റെ ശരീരത്തിലെ രക്തക്കുഴലുകളുടെ വിന്യാസത്തെ തലങ്ങുംവിലങ്ങുമൊഴുകുന്ന നദികളായി വരച്ചുവച്ചു. പേശികളെ അസംഖ്യം നാരുകളുള്ള കയറുകളായും കണ്ണിരിക്കുന്ന ഇടത്തെ ഗുഹയായും സങ്കൽപിച്ചു.

 

ഡാവിഞ്ചിയിൽനിന്നു ക്നോസ്ഗാഡ് ഡാന്റെയുടെ ഇൻഫെർനോയിലേക്കാണു പോകുന്നത്. ഇൻഫെർനോയിൽ ഡാന്റെയുടെ നരകസന്ദർശനം അവസാനിക്കുന്നത് ഐസ് മൂടിക്കിടക്കുന്ന ഒരു വലിയ തടാകത്തിലാണ്. അവിടെയുള്ളത്  ഏറ്റവും പാപികളായ മനുഷ്യരാണ്. എന്നന്നേക്കുമായി കഴുത്തൊപ്പം ഹിമജലത്തിൽ താഴ്ന്ന്, തലമാത്രം പുറത്തുകാണാവുന്ന അവസ്ഥയിലാണ് അവർ കഴിയുന്നത്. അവർക്കു ചലിക്കാനാവില്ല, അവരുടെ ദേഹം നീലനിറമാണ്, തണുപ്പിൽ അവരുടെ പല്ലുകൾ സദാ കൂട്ടിയിടിക്കുന്നു, കണ്ണീർതുള്ളികൾ വരെ ഉറഞ്ഞുപോയിരിക്കുന്നു. അതു കണ്ടു നടക്കവേ ഡാന്റെ അബദ്ധത്തിൽ ആ തലകളിലൊന്നിൽ കാലു കൊണ്ടു തട്ടുന്നു. ചവിട്ടുകൊണ്ട തല ഡാന്റെക്കു നേരെ ചീറുന്നു. ഡാന്റെ നിൽക്കുന്നു. ഇരുവരും തമ്മിൽ കടുത്ത വാഗ്വാദം നടക്കുന്നു. തനിക്കെതിരെ കടുത്തഭാഷയിൽ സംസാരിക്കുന്ന അയാളോട്, തന്റെ പേര് എന്താണെന്നു ഡാന്റെ ചോദിക്കുന്നു. അയാൾ പേരു പറയാൻ കൂട്ടാക്കുന്നില്ല. ഡാന്റെ പൊടുന്നനെ ആ മനുഷ്യനെ ആക്രമിക്കുകയും തലമുടി പിച്ചിപ്പറിക്കുകയും ചെയ്യുന്നു. ഈ കാഴ്ച കണ്ട് ഒപ്പമുള്ള മഹാകവി വിർജിൽ അമ്പരന്നുപോകുന്നുണ്ട്. മറ്റു തലകളും ഒച്ചവയ്ക്കുന്നതോടെ ആ മനുഷ്യന്റെ പേര് വെളിപ്പെടുകയാണ്. ഡാന്റെ അതോടെ ശാന്തനായി അയാളെ വിട്ട് മുന്നോട്ടുനീങ്ങുന്നു. പാപിയായ ആ മനുഷ്യൻ ഡാന്റെയുടെ കുടുംബത്തെ ഒറ്റുകൊടുത്ത വ്യക്തിയായിരുന്നു. ഇരുവരും പരസ്പരം മനസ്സിലാക്കുകയും ചെയ്തു. സ്വന്തം ജീവിതവുമായി ബന്ധപ്പെട്ട ഒരു സന്ദർഭം വരുമ്പോൾ മഹാകവി മറ്റെല്ലാം മറക്കുന്നു, നിയന്ത്രണം വിട്ടു ക്ഷുഭിതനാകുകയും ചെയ്യുന്നു.

 

വിചിത്രവും ദുരൂഹവുമായ ഈ രംഗം വിവരിച്ചശേഷം ക്നോസ്ഗാഡ് നേരെ സ്വന്തം ജീവിതത്തിലെ അനുഭവങ്ങളിലേക്കാണു പോകുന്നത്. ശൈത്യമേറിയ ആ ദിവസം ഭാര്യ ലിൻഡയുടെ ഫോൺവിളിയാണ് അയാളെ ഉണർത്തിയത്. രണ്ടാഴ്ചയായി അവൾ മനസ്സുഖമില്ലാത്ത അവസ്ഥയിലായിരുന്നു.. അമ്മ ഡിപ്രഷനിലാണെന്നു മക്കൾ അറിയുന്നില്ല. അങ്ങനെ ഒരു അവസ്ഥ വന്നാൽ മക്കളോടൊപ്പമായിരിക്കുന്നതും കഠിനമാണ്. അതിനായി അവൾ മറ്റൊരിടത്തേക്കു പോകുന്നു. അവിടെയിരുന്ന് എഴുതാൻ ശ്രമിക്കുന്നു. തലേന്ന് ലിൻഡ ഒരു കഫേയിലിരുന്ന് എഴുതുകയായിരുന്നു. ഇന്നും എഴുത്താണ്. പക്ഷേ അവൾ വരും വരെ കുട്ടികളുടെ കാര്യങ്ങൾ ക്നോസ്ഗാഡ് നോക്കണമെന്നു പറയാനാണ് അവൾ വിളിച്ചത്. എഴുത്തുകാരായ രണ്ടുപേർ ഒരുമിച്ചു താമസിക്കുമ്പോൾ ഉണ്ടാകുന്ന ഉരസലുകൾ, വെറുപ്പുകൾ, നൈരാശ്യങ്ങൾ എന്നിവയിലേക്കാണു ക്നോസ്ഗാഡ് പോകുന്നത്. അദ്ദേഹത്തിന് ഇത് വളരെ ഒബ്സസീവ് ആയ വിഷയമാണ്. കുട്ടികളെ വളർത്തുന്നതിൽ ഭാര്യക്കും ഭർത്താവിനും നിയമപരമായി തുല്യ ബാധ്യതകളുണ്ട്. കുട്ടികൾ വലുതാകും വരെ അവരുടെ പരിപാലനം തുല്യമായി വീതിക്കണം. ഭർത്താവ് ഒരാഴ്ച കുട്ടികളെ നോക്കിയാൽ ഭാര്യ വേണം അടുത്തയാഴ്ച നോക്കാൻ. ഈ ബാധ്യതയാണു ക്നോസ്ഗാഡിനെ അലട്ടുന്നത്. കുടുംബവും കുട്ടികളും യഥാർഥത്തിൽ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തെയാണ് തടയുന്നത്. ഇവിടെ ലിൻഡ കൂടുതൽ സമയം അപഹരിച്ചു മറ്റെവിടെയോ ഇരുന്ന് എഴുതുന്നതിലെ ഈർഷ്യ ക്നോസ്ഗാഡ് മറച്ചുവയ്ക്കുന്നില്ല. പക്ഷേ അദ്ദേഹം പൊടുന്നനെ പറയുന്നത്  അവളുടെ എഴുത്ത് വളരെ നല്ലതാണ്. അവളെഴുതുന്ന മനോഹരമായ വാക്യങ്ങളുമായി അവളെ ബന്ധിപ്പിക്കാൻ തനിക്കു കഴിയുന്നില്ല. അവളുടെ എഴുത്ത് തനിക്കറിയാത്ത ഏതോ ഒരിടത്തുനിന്നാണു വരുന്നത്. അവൾക്കു ഗ്രീക്ക് മിത്തോളജിയിൽ വലിയ പരിജ്ഞാനവും ഉണ്ട്. അവരുടെ എഴുത്തിൽ യവനപുരാണങ്ങളുടെ ആധുനിക വ്യാഖ്യാനങ്ങളും നിറയുന്നു.

 

ഭാര്യയുടെ എഴുത്തിനോടു തോന്നുന്ന മൂടിവച്ച അസൂയയാകാം ക്നോസ്ഗാഡിന് In the land of Cyclops എന്നു പേരിടാൻ പ്രേരണയായത്. സൈക്ലോപ്സ് ഗ്രീക്ക് പുരാണത്തിലെ ഒറ്റക്കണ്ണന്മാരായ സത്വങ്ങളാണ്. 

 

തനിക്കെതിരെ പരദൂഷണം പറയുകയും തന്നെ നാത്‌സി എന്നും ബാലപീഡകൻ എന്നും വിളിച്ച് ആക്ഷേപിക്കുകയും ചെയ്യുന്ന വിമർശകരെയാണു സൈക്ലോപ്സ് എന്ന് ക്നോസ്ഗാഡ് വിളിക്കുന്നത്. എന്താണു താൻ ചെയ്ത കുറ്റം. ഒരു നോവലെഴുതി. അതിൽ വിവരിക്കുന്ന എല്ലാ സംഭവങ്ങളും നല്ല ഹൃദയത്തോടെ എഴുതിയതായിരുന്നു എന്നിട്ടും നോവലിന്റെ പേരിൽ തന്നെ ഭീകരനാക്കിയെന്നാണ് എഴുത്തുകാരന്റെ പരാതി. ഭാര്യയുടെ അസാന്നിധ്യത്തിൽ ഏറുന്ന വീട്ടുജോലിയുടെ മടുപ്പിലിരുന്ന്, അടുപ്പങ്ങൾ തനിക്ക് അസഹ്യമാണെന്നു ക്നോസ്ഗാഡ് എഴുതുന്നു. അടുപ്പങ്ങൾക്കു ചില ഗുണങ്ങൾ ഉള്ളതുപോലെ ദോഷങ്ങളുമുണ്ട്. അത് വ്യക്തിയുടെ സ്വാതന്ത്ര്യത്തെ എടുത്തുകളയുന്നു. സ്വകാര്യതയെ ആക്രമിക്കുന്നു.  

 

അതൃപ്തിയും വെറുപ്പും ഒരാളുടെ എഴുത്തിനെ മെച്ചപ്പെടുത്തുന്ന ഉൾപ്രേരകങ്ങളായി പ്രവർത്തിക്കുമെന്ന് എഴുത്തുകാരന് അനുഭവമുണ്ടാകാം. എഴുത്തുകാരന് എതിരാളികൾ വേണം, നിത്യശത്രുക്കൾ വേണം, തന്റെ എഴുത്ത് നല്ലതാണോ എന്നു സംശയിച്ച് സ്വന്തം കൈകളിലേക്കു നോക്കി അസ്വസ്ഥനാകണം. ഈ അസന്തുഷ്ടിയുടെ ഏകാന്തതയിൽ നിരന്തരം ജീവിക്കുമ്പോൾ എഴുത്തിൽ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കാനുളള ആത്മബലം ലഭിക്കുമെന്ന് എനിക്കും തോന്നുന്നു. ഇങ്ങനെ അതൃപ്തിയുടെയും പരാജയങ്ങളുടെയും ഹിമജലാശയത്തിൽ കഴുത്തൊപ്പം മുങ്ങി മരവിക്കുന്നത് കഠിനമാണെങ്കിലും അതു വലിയ കലാസൃഷ്ടികളിലേക്കു നയിക്കുന്നതും നാം കാണുന്നു.

 

English Summary: Ezhuthumesha, Column written by Ajai P Mangattu on writer's struggles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com