ADVERTISEMENT

ഒരാൾ മനഃശാസ്ത്രജ്ഞന്റെ അടുത്തെത്തി. ഉത്തരം കിട്ടാത്ത ഒട്ടേറെ ചോദ്യങ്ങളാണ് അദ്ദേഹത്തിന്റെ പ്രശ്നം. ഡോക്ടർ അയാളോടു പറഞ്ഞു: നിങ്ങൾ കുറച്ചുദിവസം ഇവിടെ താമസിക്കുക. ഇവിടത്തെ പ്രകൃതിഭംഗിയും അന്തരീക്ഷവും ആസ്വദിക്കുക, മറ്റൊന്നിനെയും കുറിച്ചു ചിന്തിക്കേണ്ട.

കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും അയാൾ സന്തോഷവാനായി. ഉറക്കവും ദിനചര്യകളും സാധാരണ നിലയിലായി. പക്ഷേ, പുതിയൊരു ചോദ്യം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായി – എന്തുകൊണ്ടാണ് മറ്റൊരിടത്തു നിന്നും കിട്ടാത്ത സന്തോഷം ഇവിടെനിന്നു മാത്രം ലഭിക്കുന്നത്? ആ ചോദ്യത്തിനു മുന്നിൽ അയാൾ വീണ്ടും അസ്വസ്ഥനായി!

 

ആലോചിച്ച് ഉണ്ടാകുന്ന ആശങ്കകളെക്കാൾ അപകടകാരിയായി വേറൊന്നുമില്ല. എന്തുകൊണ്ടോ നിഷേധ ചിന്തകളോട് ഒരു സ്വാഭാവിക അടുപ്പമുണ്ട് മനസ്സിന്. കാർമേഘങ്ങൾക്കിടയിലെ വെള്ളിനക്ഷത്രം കാണാൻ ക്ഷമയും പരിശീലനവും വേണ്ടിവരും. വെൺമേഘത്തിലെ കറുത്ത പുള്ളികളെ ആദ്യ നോട്ടത്തിൽ കാണും. അന്വേഷിച്ചാൽ കണ്ടെത്തും എന്നതല്ല, അന്വേഷിക്കുന്നതേ കണ്ടെത്തൂ എന്നതാണ് കൂടുതൽ ശരി.

എന്തിനാണു പ്രശ്നങ്ങളെ മാലയിട്ടു സ്വീകരിക്കാൻ കാത്തുനിൽക്കുന്നത്? എന്തിനാണു കടങ്കഥയിലൂടെ മാത്രം സഞ്ചരിക്കുന്നത്? കണ്ടുമുട്ടുകയും പരിഹരിക്കുകയും ചെയ്യേണ്ട അനുദിന വിഷയങ്ങൾ ധാരാളമുണ്ടാകില്ലേ; അതിനിടയിൽ ഉത്തരം കണ്ടെത്താനാകാത്ത ചോദ്യങ്ങൾ എന്തിനാണു സ്വയം നിർമിക്കുന്നത്? എല്ലാ പ്രശ്നങ്ങളും മുൻകൂട്ടി കാണാനോ കണ്ടാൽത്തന്നെ മുൻകൂട്ടി പരിഹരിക്കാനോ കഴിയില്ല. ഓരോ നിമിഷത്തിനും അതതിന്റെ പ്രതിസന്ധികൾ പോരേ? ഇന്നലെയുടെയും നാളെയുടെയും വൈഷമ്യങ്ങളെ എന്തിനാണ് ഇപ്പോഴത്തെ സന്തോഷങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നത്?

ആലോചനകൾ ഉപയോഗിക്കേണ്ടത് പ്രശ്നങ്ങൾ ഉണ്ടാക്കാനല്ല, പരിഹരിക്കാനാണ്. പ്രശ്നങ്ങളെക്കുറിച്ചു ചിന്തിക്കാതിരുന്നാൽ അവസാനിക്കുന്നതാണ് പലരുടെയും പ്രശ്നങ്ങൾ.

 

English Summary : Subhadinam - How to Be Happy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com