വിനയത്തോടെ സംസാരിക്കുന്നവനോട് ആക്രോശിക്കാൻ എളുപ്പമല്ല; പരിഹസിക്കുന്നവരെ ബഹുമാനിക്കാനും

disscussing
Representative Image. Photo Credit : Jacob Lund / Shutterstock.com
SHARE

തേങ്ങയിടാൻ കയറിയയാൾ അബദ്ധത്തിൽ കാലുതെറ്റി താഴെവീണു. അയൽക്കാർ ഉടനെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ഡോക്ടർ മുൻകോപിയാണ്. ഏതു രോഗിയെ കൊണ്ടുവന്നാലും ചോദിക്കും, ഇപ്പോഴാണോ കൊണ്ടുവരുന്നത്‌ എന്ന്. ഇക്കുറിയും അദ്ദേഹം ചോദിച്ചു – നിങ്ങൾ ഇത്രയും നേരം എവിടെയായിരുന്നു? ആശുപത്രിയിൽ എത്തിച്ചവരിലൊരാൾ പറഞ്ഞു – തെങ്ങിൽനിന്ന് ഒന്നു വീണുകിട്ടിയാലല്ലേ കൊണ്ടുവരാൻ കഴിയൂ! 

തന്റെ ധാരണകൾക്കും നിയമങ്ങൾക്കും സ്വഭാവസവിശേഷതകൾക്കും അനുസരിച്ച് എല്ലാവരും പെരുമാറണമെന്ന ദുർവാശിയാണ് ബന്ധങ്ങൾ ഉലയാനുള്ള കാരണം. ആർക്കും ആരോടും പൂർണമായും പൊരുത്തപ്പെടേണ്ട ആവശ്യമില്ല. നേടിയെടുക്കേണ്ട കാര്യങ്ങൾക്കോ ഒരുമിച്ചു നിൽക്കേണ്ട സാഹചര്യങ്ങൾക്കോ അനുസരിച്ചു മാത്രമേ, സമരസപ്പെടൽ സാധ്യമാകൂ. 

വീടിനകത്തുള്ളവരോടു പുലർത്തുന്ന സമ്പർക്കം തൊഴിലിടങ്ങളിൽ ആവശ്യമില്ല. സഹയാത്രികരോടും അപരിചിതരോടും ഒരേ രീതിയിൽ ഇടപഴകുന്നവരുമുണ്ടാകില്ല. ഓരോ പെരുമാറ്റത്തിലും രണ്ടു കാര്യങ്ങൾ വ്യക്തമാകും: ഒന്ന്, സ്വന്തം സ്വഭാവത്തിന്റെ പ്രത്യേകതകൾ. രണ്ട്, മറ്റുള്ളവരോടുള്ള മനോഭാവം. 

എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ പെരുമാറാൻ ആർക്കും കഴിഞ്ഞെന്നു വരില്ല. പക്ഷേ, ആരെയും അവഹേളിക്കാത്ത രീതിയിൽ പ്രവർത്തിക്കാൻ എല്ലാവർക്കും കഴിയും. വളർന്ന ഇടങ്ങളുടെയും ലഭിച്ച പരിശീലനത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമല്ല പെരുമാറേണ്ടത്. ആയിരിക്കുന്ന അവസ്ഥകൾ ആവശ്യപ്പെടുന്ന ചില പെരുമാറ്റസംഹിതകളുണ്ട്. അത് അവിടെ ഉടലെടുക്കുന്ന സാഹചര്യങ്ങൾക്കും വന്നുപോകുന്ന ആളുകളുടെ മാനസികാവസ്ഥയ്ക്കും അനുസൃതമായിരിക്കും. പരിസ്ഥിതിക്കനുസരിച്ചു പെരുമാറാൻ പഠിക്കുക എന്നതാണ് ഒരിക്കലും മറക്കരുതാത്ത പാഠം. 

പെരുമാറ്റം ബൂമറാങ് പോലയാണ്. തൊടുത്തുവിടുന്നത് അതുപോലെ തിരിച്ചുവരും. അപമാനിക്കുന്നവർക്ക് അപമാനം തിരിച്ചു ലഭിക്കും; ബഹുമാനിക്കുന്നവർക്കു ബഹുമാനവും. വിനയത്തോടെ സംസാരിക്കുന്നവനോട് ആക്രോശിക്കാൻ എളുപ്പമല്ല; പരിഹസിക്കുന്നവരെ ബഹുമാനിക്കാനും.

English Summary: Subhadinam, Importance of good manners 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA
;