സുമംഗല : പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളുടെ മുത്തശ്ശി

literature-channel-writer-sumangala
സുമംഗല
SHARE

മഞ്ചാടിക്കുരു പോലെ ഭംഗിയുള്ളതും നെയ്പ്പായസം പോലെ സ്വാദിഷ്ടവുമായ എഴുത്തിലൂടെയാണ് ഒളപ്പമണ്ണ മനയിലെ ലീല നമ്പൂതിരിപ്പാട് സുമംഗലയായി മലയാളത്തിന്റെ മനസ്സില്‍ കുടിയേറുന്നത്. രാമായണവും മഹാഭാരതവും കൃഷ്ണകഥകളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യമായി പറഞ്ഞുകൊടുത്തും നാടോടിക്കഥകളും ബുദ്ധകഥകളും പറഞ്ഞ് സംസ്കാരചിത്തരാക്കുകയും ചെയ്ത അധ്യാപിക. 

പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളിലൂടെ മലയാളത്തിലെ ഒട്ടേറെ തലമുറകളുടെ മുത്തശ്ശിയാകാന്‍ ഭാഗ്യം സിദ്ധിച്ച അപൂര്‍വ്വ ജന്‍മം. നോക്കിലും വാക്കിലും നടപ്പിലും എഴുത്തിലും ഐശ്വര്യത്തിന്റെയും തേജസ്സിന്റെയും തേജോമയരൂപം. ബന്ധുക്കളും സുഹൃത്തുക്കളുമായി ഏറെപ്പേരുണ്ടെങ്കിലും അമ്മയ്ക്കു പകരം വയ്ക്കാന്‍ മറ്റൊരാളില്ലാത്തതുപോലെ മലയാളി എന്നുമോര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരേയൊരു മുത്തശ്ശി. 

Sumangala
സുമംഗല

മികച്ച എഴുത്തുകാരും  ബാലസാഹിത്യകാരന്‍മാരുമൊക്കെ ഏറെയുണ്ടെങ്കിലും അക്ഷരാര്‍ഥത്തില്‍ പകരം വയ്ക്കാനാവാത്ത പ്രതിഭ. അവരുടെ വിയോഗത്തോടെ ആ കസേര ഒഴിയുകയാണ്. വാത്സല്യത്തോടെ കൊഞ്ചിച്ചും നിഷ്കളങ്കമായി സ്നേഹിച്ചും അമൃതുപോലെ അറിവു പകര്‍ന്നും വിരാജിച്ച അക്ഷരതേജസ്സ്. 

പേരും പെരുമയുമുള്ള തറവാട്ടില്‍നിന്നാണ് സുമംഗല വരുന്നത്. ഒളപ്പമണ്ണ മനയില്‍നിന്ന്. അച്ഛന്‍ ഋഗ്വേദത്തിനു ഭാഷ്യം ചമച്ച ഒഎംസി നാരായണന്‍ നമ്പൂതിരിപ്പാട്. കുട്ടിക്കാലത്ത് കഥകളുടെ പാലൂട്ടിയത് അമ്മ. അങ്ങനെയാണ് ആറാംവയസ്സില്‍ത്തന്നെ മഹാഭാരതം മനഃപാഠമായത്. അമ്മയായപ്പോള്‍ മനസ്സിലുള്ള കഥകളൊക്കെ കുട്ടികള്‍ക്കു പകര്‍ന്നുകൊടുത്തു. മനസ്സിലേ ശേഖരം തീര്‍ന്നപ്പോള്‍ വായിച്ചുകൊടുക്കാന്‍ തുടങ്ങി. മാലിയും നരേന്ദ്രനാഥും മാത്രമായിരുന്നു അക്കാലത്ത് കുട്ടികള്‍ക്കുവേണ്ടി എഴുതുന്നവര്‍. ബാലസാഹിത്യകൃതികള്‍ കുറവാണെന്നു കണ്ടതു വഴിത്തിരിവായി. ആലോചിച്ചു, എഴുതി. കാത്തിരുന്ന നിധി പോലെ മലയാളം സ്വീകരിച്ചോടെ ലീല മംഗലയും പിന്നെ സുമംഗലയുമായി മലയാളത്തിന്റെ അക്ഷരത്തറവാട്ടില്‍ പ്രഭ ചൊരിയാന്‍ തുടങ്ങി. 

സ്വയം ഒരു കുട്ടിയായി സങ്കല്‍പിച്ചാണ് സുമംഗല എഴുതുന്നത്. ആദ്യവായനയില്‍ത്തന്നെ കുട്ടികള്‍ അവരുടെ എഴുത്ത് ഇഷ്ടപ്പെടാന്‍ കാരണവും അതുതന്നെ. എഴുത്തിന്റെ തുടക്കത്തില്‍ത്തന്നെ ഒരു തൂലികാ നാമത്തെക്കുറിച്ച് ആലോചിച്ചു. മാളവിക, സുദക്ഷിണ, പ്രിയംവദ തുടങ്ങിയ പേരുകളായിരുന്നു പ്രിയം. ഒടുവില്‍ ഒരു സുഹൃത്ത് മംഗല എന്ന പേര് കണ്ടുപിടിച്ചു. ഒളപ്പമണ്ണയില്‍ നിന്ന് ദേശമംഗലം മനയില്‍ എത്തിയതുകൊണ്ടാണ് മംഗലയ്ക്കു നറുക്കു വീണത്. കഥകളിലും ജീവിതത്തിലും ഐശ്വര്യത്തിന്റെ പ്രതിരൂപമായ ലീല ‘സു’ കൂടിച്ചേര്‍ത്ത് സുമംഗലയായി; മലയാളത്തിന്റെ പുണ്യമായി. 

writer-sumangala-children-literature
സുമംഗല

ശര്‍ക്കരയില്‍ പൊതിഞ്ഞ ഗുളിക പോലെയാകണം കുട്ടികള്‍ക്കുവേണ്ടി എഴുതേണ്ടത് എന്നതായിരുന്നു സുമംഗലയുടെ സുനിഛിതമായ അഭിപ്രായം. ഗുണപാഠം നേരിട്ടുപറയാതെ മനസ്സില്‍തട്ടുന്നതുപോലെ ക്രമീകരിക്കണം. ഭാഷ ലളിതമായിരിക്കണം. കൃത്യമായ തുടക്കവും ഒടുക്കവും വേണം. അന്ധവിശ്വാസങ്ങളെയും അക്രമങ്ങളെയും ബലപ്പെടുത്താന്‍ സഹായിക്കരുത്. ഇവയെല്ലാം ഉപദേശങ്ങളായി പറയാതെ സ്വന്തം എഴുത്തില്‍ അണുവിട തെറ്റാതെ പാലിച്ചു എന്നതാണ് സുമംഗലയുടെ എഴുത്തിന്റെ സവിശേഷത. 

ബാലസാഹിത്യകൃതികള്‍ക്കൊപ്പം ഗൗരവമുള്ള ഈടുറ്റ കൃതികളും സുമംഗല കൈരളിക്കു സംഭാവന ചെയ്തിട്ടുണ്ട്. കലാമണ്ഡലം ചരിത്രവും പച്ചമലയാളം നിഘണ്ടുവും ഉള്‍പ്പെടെയുള്ളവ. കലാമണ്ഡലത്തിലെ ജോലിക്കാലത്ത് വര്‍ഷങ്ങളോളം ഗവേഷണം നടത്തിയും ഒട്ടേറെപ്പേരെ കണ്ടും തയ്യാറാക്കിയതാണ് കലാമണ്ഡലം ചരിത്രം. ആധികാരികമായ ചരിത്രരേഖ. പച്ചമലയാളം നിഘണ്ടുവിനു പിന്നിലും വര്‍ഷങ്ങളുടെ അധ്വാനമുണ്ട്. ഭാഷയോടുള്ള സ്നേഹംകൊണ്ട് ഏഴുവര്‍ഷത്തെ അധ്വാനഫലമായി പൂര്‍ത്തീകരിച്ച തപസ്സിന്റെ സദ്ഫലം. വാല്‍മീകി രാമായണം വിവര്‍ത്തനമാണ് മറ്റൊരു പ്രധാന സംഭാവന. 

sumangala-writer-literature-childrens
സുമംഗല

എത്ര കഥ കേട്ടാലും മതി വരാത്ത കുട്ടികള്‍ മുന്നിലിരുന്നു കഥ പറയൂ എന്ന് ആവശ്യപ്പെടുമ്പോഴാണ് സുമംഗല പറഞ്ഞ് അഥവാ എഴുതിത്തുടങ്ങുന്നത്. ആ കഥകള്‍ എന്നോ തുടങ്ങി. അവസാനമില്ലാതെ തുടരുകയും ചെയ്യുന്നു. ഇപ്പോഴും കുട്ടികള്‍ കഥ പറയൂ എന്നുതന്നെയാണ് ആവശ്യപ്പെടുന്നത്. നിഷ്കളങ്കരായ കുട്ടികളുടെ മുഖം കാണുമ്പോള്‍, ആ കണ്ണുകളിലെ ആകാംക്ഷയും കൗതുകവും കാണുമ്പോള്‍ സുമംഗലയ്ക്കു പറയാതിരിക്കാനാവില്ല. എഴുതാതിരിക്കാവില്ല. അതേ, മുത്തശ്ശി കഥകളുടെ എഴുത്തുകാരിക്ക് മരണമില്ല ! 

English Summary : Writer Sumangala Passed Away

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA
;