സമുദ്രപരിണാമം സംഭവിക്കുന്ന വാക്കുകൾ

My-Brilliant-friend
SHARE

എസ്. വായിക്കാറില്ല. കഥയോ കവിതയോ ഇഷ്ടപ്പെടുന്നതായി തോന്നിയിട്ടില്ല. പക്ഷേ, ഞാൻ പുസ്തകത്തെയോ എഴുത്തുകാരനെയോ പരാമർശിക്കുമ്പോൾ താൽപര്യത്തോടെ കേൾക്കും. എസ്സിനു കഥ കേൾക്കാൻ ഇഷ്ടമാണ്. ഒ.വി. വിജയന്റെ ഗുരുസാഗരം, എം. മുകുന്ദന്റെ ആദിത്യനും രാധയും മറ്റു ചിലരും, സി. രാധാകൃഷ്ണന്റെ പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, കെ. സുരേന്ദ്രന്റെ മരണം ദുർബലം, മാധവിക്കുട്ടിയുടെ ചന്ദനമരങ്ങൾ എന്നിവയെല്ലാം വായിച്ചിട്ട് അതെല്ലാം ആരൊടെങ്കിലും സംസാരിക്കണമെന്നു തോന്നിയിരിക്കുമ്പോഴാണ് എസ്. എനിക്കു മുന്നിൽപെടുന്നത്. ഒരു പുസ്തകം വായിച്ചിട്ട് അതേപ്പറ്റി ഒന്നുമറിയാത്ത ഒരാളുടെ അടുത്ത് വിശദീകരിക്കുക, അത് അയാൾക്കു വായിച്ചതായി തോന്നും വിധം വിവരിക്കുക എന്നത് സാധ്യമാണെന്ന് എനിക്ക് അക്കാലത്തു ബോധ്യമായിട്ടുണ്ട്. ഞങ്ങൾ ആദ്യം കാണുമ്പോൾ ഞാൻ സെസാറെ പാവെസിന്റെ (Cesare Pavese) The Moon and the Bonefires വായിക്കുകയായിരുന്നു. 1949 ൽ ഈ നോവൽ പ്രസിദ്ധീകരിച്ച് ഒരുവർഷത്തിനകം പാവെസി ഇറ്റാലിയൻ നഗരമായ ട്യുറിനിലെ ഹോട്ടൽമുറിയിൽ ജീവനൊടുക്കി. 

Cesare-Pavese

ചെറുപ്പത്തിൽ താൻ ദാരിദ്ര്യത്തിനും അവഗണനകൾക്കുമിടയിൽ വളർന്ന ഗ്രാമത്തിലേക്കു പത്തിരുപതു വർഷത്തിനുശേഷം ഒരാൾ മടങ്ങിച്ചെല്ലുന്നു. ഒരു സ്നേഹിതനൊപ്പം താൻ ജീവിച്ച സ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്നു. അസ്വസ്ഥജനകമായ നിഗൂഢതകളും വിഷാദവും നിറഞ്ഞ ആ നോവൽ രണ്ടാം ലോകയുദ്ധകാലത്തെ ഇറ്റാലിയൻ ഗ്രാമീണജീവിതത്തിലെ ജീർണതകളെക്കൂടി തുറന്നുകാട്ടുന്നു. രണ്ടാം ലോകയുദ്ധത്തിൽ ഇറ്റലി സഖ്യകക്ഷികൾക്കു മുൻപിൽ പരാജയം സമ്മതിച്ചതിനു പിന്നാലെ വടക്കൻ ഇറ്റലി പിടിച്ചെടുക്കാൻ നാത്‌സിപ്പടയിറങ്ങി. നാത്‌സികൾക്കെതിരായ ഒളിയുദ്ധത്തിൽ ചേരാൻ ഇറ്റാലോ കാൽവിനോ അടക്കമുള്ള ഇടതുപക്ഷാഭിമുഖ്യമുള്ള എഴുത്തുകാരും രംഗത്തിറങ്ങി. ദ് മൂൺ ആൻഡ് ദ് ബോൺഫയേഴ്സിന്റെ ഹൃദയഭാഗത്ത് ഈ യുദ്ധാന്തരീക്ഷമാണുള്ളത്. തന്റെ കൂട്ടുകാരായ പല എഴുത്തുകാരും ജീവൻ പണയം വച്ച് ഒളിപ്പോരുകാർക്കൊപ്പം ചേർന്ന് മലനിരകളിലേക്കു പോയപ്പോൾ പാവെസി മടിച്ചുനിന്നു. തുടർച്ചയായ പ്രണയനിരാസങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും നടുവിൽ അവസാനവർഷങ്ങളിൽ പാവെസി തുടർച്ചയായി എഴുതി. പ്രണയനഷ്ടം മൂലമുള്ള ആത്മഹത്യയെപ്പറ്റിയായിരുന്നു അന്ന് ഞങ്ങൾ പാവെസിയെ മുൻനിർത്തി സംസാരിച്ചത്. വലിയ സാമൂഹികപ്രതിസന്ധിയുടെ കാലത്ത് ഒരു പ്രണയനഷ്ടം വരെ മാരകമായിത്തീരാം എന്ന് എസ്. നിരീക്ഷിച്ചു. എന്നെങ്കിലും ഒരു നോവൽ വായിക്കണമെന്നു തോന്നിയാൽ പാവെസി വായിക്കാമെന്ന് അയാൾ പറഞ്ഞു.

പുസ്തകക്കടയിൽ പോയപ്പോൾ ഒന്നുരണ്ടുവട്ടം എസ്സും വന്നു. ഒരിക്കൽ എലീന ഫിറാന്റെയുടെ നോവലുകളെല്ലാം കൂടി ഒരുമിച്ചു വാങ്ങി എനിക്കെത്തിച്ചുതന്നു. എസ്സിന്റെ സംസാരമാണ് എന്നെ ആകർഷിച്ചത്. വിവരണങ്ങളിലെ നാടകീയത, വാക്കുകളിൽനിന്നിറ്റുന്ന നർമം  ഇതെല്ലാം അയാൾക്കു സഹജമായി വരും. കണ്ണുകൾക്കുമുന്നിൽ വന്ന പാട നീക്കുംപോലെ, അയാൾ കൈകൾ ഉയർത്തി കണ്മുന്നിൽ സാവധാനം ഇരുവശത്തേക്കും വീശുന്നതു കാണാം. അദൃശ്യമായ എന്തെങ്കിലും അയാൾ കാണുന്നുണ്ടോ? ഓർമകളോട്, ദൂരത്തായ കാഴ്ചകളോട് ഇത്രയും അനുകമ്പ ഉളള ഒരാളെ ഞാൻ വേറേ കണ്ടിട്ടില്ല. അതേസമയം സ്വന്തം ഭൂതകാലം വിവരിക്കുന്നതാകട്ടെ നിർമമനായ ആളെ പോലെയും. അയാൾ അമ്മയെപ്പറ്റി പറഞ്ഞപ്പോൾ, അമ്മയുടെ അകാലമരണം പറഞ്ഞപ്പോൾ, ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത അവരെപ്പറ്റിയായി എന്റെ വിചാരം. വിഷാദച്ഛായയിൽ നിൽക്കാതെ ഏറ്റവും കഠിനമായ ഒരു അനുഭവം, ഒരു ഓർമ എങ്ങനെ ആഖ്യാനം ചെയ്യുമെന്ന് അപ്പോൾ ഞാൻ മനസ്സിലാക്കി. അമ്മയുടെ മരണത്തിൽ  ഞാനും വേദനിച്ചു.

ഒരു നല്ല പുസ്തകം വായിക്കുമ്പോൾ, ഭാവനാശക്തിയിലെടുത്തെഴുതിയ പദങ്ങൾ ഒരാളിലുണ്ടാക്കുന്ന അനുഭൂതിക്കു തുല്യമായിരുന്നു എസ്സിന്റെ സംസാരങ്ങൾ. എഴുത്തിൽ ഈ സരളത ആർജ്ജിക്കുക എളുപ്പമല്ല. ചിലപ്പോൾ അതിവൈകാരികത അതു നശിപ്പിക്കും. അല്ലെങ്കിൽ അമിതഭാഷബോധം  വിരസമാക്കും. ഇതുകൊണ്ടാണ് വിർജീനിയ വൂൾഫ് ഇങ്ങനെ പറഞ്ഞത്- “ആത്മാവിനെ നേരിട്ടെഴുതാൻ ഒരാൾക്കു കഴിയില്ലെന്നതാണു വാസ്തവം. നാമത് ഉറ്റു നോക്കുമ്പോഴേക്കും അതു മാഞ്ഞുപോകുന്നു..." 

പുസ്തകമോ എഴുത്തോ ഒരാളെ സ്വതന്ത്രനാക്കണമെന്നില്ല. എത്ര വായിച്ചാലും എഴുതിയാലും മറ്റൊരാളിൽ ഒരു ആനന്ദവും പകരാതെ കടന്നുപോകുന്നവരുണ്ട്. പുസ്തകത്തെക്കാൾ വലിയ അനുഭവക്ഷേത്രം ആകുന്നവരുമുണ്ട്. ആത്മാവ് അവരുടെ മുന്നിൽ വിളിക്കാതെ വന്നുനിൽക്കും. പ്രസരിപ്പോടെ സ്വയം അനാവരണം ചെയ്യും. എലീന ഫിറാന്റെ തന്റെ ആത്മസ്നേഹിതയെ മുന്നിൽനിർത്തി ഇതു കാട്ടിത്തരുന്നുണ്ട്. സ്ത്രീകളെ അവരുടെ സമ്പൂർണ ഏകാന്തതയിൽ വിവരിക്കുകയാണു താൻ ചെയ്യുന്നതെന്ന് നോവലിസ്റ്റ് പറയുന്നു. പക്ഷേ സ്ത്രീയുടെ തല നിറച്ചു മനുഷ്യരാണ്. അവർ തനിച്ചാണെങ്കിലും അവരുടെ ഏകാന്തത ശബ്ദമുഖരിതമാണ്. മറ്റുളളവരുടെ സ്വരങ്ങളില്ലാതെ എങ്ങനെ എഴുതാനാണ്? ഫെരാന്റെയുടെ നായിക എഴുത്തുകാരിയാണ്. എഴുത്തുകാരിയുടെ ആത്മസ്നേഹിത എഴുത്തും വായനയും ഉപേക്ഷിച്ചവളും. എന്നാൽ അവളുടെ ആത്മാവിന്റെ സൗന്ദര്യം അനന്യമായിരുന്നു. എഴുത്തുകാരിയായിരുന്നെങ്കിൽ തന്നെ അവൾ നിഷ്പ്രഭമാക്കിയേനേ. നല്ല പുസ്തകങ്ങളില്ലെങ്കിലും നല്ല സംസാരങ്ങളുടെയും നല്ല ഓർമകളുടെയും ഒപ്പം സഞ്ചരിക്കുന്നതാണ് യഥാർഥ ധന്യത. അങ്ങനെയൊരാൾ  ഒപ്പമുളളപ്പോൾ നാം പുസ്തകമെടുക്കുകയില്ല. പകരം അയാളുടെ ഒപ്പം പോകുന്നു. വാക്കുകളിലെ മനുഷ്യരെ കാണുന്നു. അവരുമായി വിനിമയത്തിലാകുന്നു. അവരുടെ അസാന്നിധ്യത്തിൽ ഖിന്നനാകുന്നു.

നാം നമ്മുടെ പൂർവികരെ ഉളളിൽ ചുമക്കുന്നു എന്നൊരു വാക്യം ഞാൻ ഫെരാന്റെയിൽ കണ്ടു. സത്യമാണത്, സ്നേഹത്തിലും സ്നേഹ നഷ്ടങ്ങളിലുമുളള പിടയലുകളിൽ ഒരിക്കലും നാം തനിച്ചല്ല. പൂർവികരുടെ ആധി കൂടിയാണത്. ഒരുപക്ഷേ അവർ  അനുഭവിച്ചുതീർക്കാത്തതു നമ്മുടെ ഉളളിൽ ഗൂഢമായി നിക്ഷേപിച്ചതാവാം.

ഒരു കൂട്ടുകാരന്റെ ഓഫിസ് മുറിയിലെ അലമാരയിലിരുന്ന എട്ടോ പത്തോ പുസ്തകങ്ങളുടെ കൂട്ടത്തിൽനിന്നാണു ഞാൻ മൂന്നു പതിറ്റാണ്ടു മുൻപ് വിക്ടർ ലീനസിന്റെ കഥകൾ ആദ്യം കണ്ടത്. ലീനസിനെപ്പറ്റി എനിക്ക് ഒന്നും അറിയില്ലായിരുന്നു. എഴുത്തുകാരൻ അന്നു ജീവിച്ചിരിപ്പുണ്ട്. എന്റെ കൂട്ടുകാരൻ പറഞ്ഞു: നല്ല കഥകളാണ്, കൊണ്ടുപോയി വായിക്കൂ.

എന്താണു വിക്ടർ ലീനസിന്റെ കഥകളിലുള്ളത്? എന്താണ് ആ 12 കഥകൾ നമ്മോടു പറയുന്നത്? ‘ജീവിതത്തിൽ നിങ്ങൾ സ്നേഹത്തിനൊഴികെ മറ്റൊന്നിനും വഴങ്ങാതിരിക്കുക, സ്നേഹത്തിനു വേണ്ടി എല്ലാം അനുവദിക്കുക’ , ഇതു വിക്ടറിന്റെ കഥാപാത്രം പറഞ്ഞതാണ്.   സ്നേഹത്തിനു വേണ്ടി എല്ലാം അനുവദിക്കുമ്പോൾ മറ്റു പലതും നഷ്ടപ്പെടുത്തേണ്ടിവരും. അപ്പോൾ, ‘നിനക്കുവേണ്ടി നഷ്ടപ്പെടുത്താൻ എന്റെ കയ്യിലെന്താണുള്ളത്; ആത്മാവല്ലാതെ. നഷ്ടപ്പെടുത്താൻ ഒന്നിലധികം ആത്മാവില്ലാത്തതിന്റെ ദുഃഖമേ എനിക്കുള്ളു..’ എന്നു കൂടി വിക്ടറിന്റെ മറ്റൊരു കഥാപാത്രം പറയുന്നു. ഈ രണ്ടു വാക്യങ്ങളിൽ നിക്ഷേപിക്കപ്പെട്ടതാണു വിക്ടറിന്റെ കഥകളുടെ മൂല്യം.

Victor Leenas
വിക്ടർ ലീനസ്

തന്റെ ജീവിതത്തിൽ സ്നേഹവും കരുതലും തന്ന മനുഷ്യർക്കുവേണ്ടിയാണു വിക്ടർ എഴുതിയത്. തനിക്കുവേണ്ടിയല്ല. താൻ ഉണ്ടെന്നു സ്ഥാപിക്കാനല്ല. അവരുണ്ട് എന്ന് എല്ലാവരെയും അറിയിക്കാനാണ്. എല്ലാത്തരം സ്നേഹങ്ങൾക്കുമുള്ള സാക്ഷ്യം എന്ന നിലയിലായിരുന്നു അത്. പക്ഷേ സ്നേഹം എന്ന വാക്കിനെ ശൂന്യമാക്കുന്ന പ്രവൃത്തികളും സാഹചര്യങ്ങളും ജീവിതത്തിലുണ്ടാകുമെന്നും ആ കഥാപാത്രങ്ങൾക്ക് അറിയാം. സ്നേഹം എന്ന പദത്തിൽ ഒരു മടുപ്പ്, അതിലേറെ അർഥരാഹിത്യം കെട്ടിക്കിടക്കുന്നതു വിക്ടറിന്റെ കഥാപാത്രങ്ങളെ അലട്ടി.   

‘ഒരു ധീരോദാത്തനായകൻ’ എന്ന കഥ– കൊച്ചിയിൽനിന്ന് ഒരു പെൺകുട്ടി ഒളിച്ചോടുന്നു. അവളുടെ കാമുകൻ അവളെ മുംബൈയിൽ വിൽക്കുന്നു. മുംബൈയിൽ ദിവസങ്ങളോളം അഞ്ചുപേർ അവളെ ബലാൽസംഗം ചെയ്യുന്നു. ധനികനായ അവളുടെ അച്ഛൻ അവളെ കണ്ടെത്താൻ കൊച്ചിയിലെ ഒരു അധോലോകക്കാരനെ (ടോണി) ഏൽപിക്കുന്നു. അയാൾ അവളെ മുംബൈയിൽ ഒരു ഹോട്ടൽമുറിയിൽ കണ്ടെത്തുന്നു. അവളോട് അവൻ ആദ്യം പറയുന്നത് ഇതാണ്: ‘നീ വിചാരിക്കുന്നുണ്ടാകും നിന്റെ ജീവിതം അവസാനിച്ചുവെന്ന്. നിനക്കിനി ഒന്നും ബാക്കിയില്ലെന്ന്. എന്നാൽ നിന്റെ മനസ്സിന്റെ അവകാശിയാകാൻ ഇനിയും ഒരാൾ വരും. ആരാണ് ആ ഭാഗ്യവാൻ?’ 

ഒരു പുതിയ ദിവസത്തിന്റെ വാഗ്ദാനത്തിലേക്കു പ്രതീക്ഷയോടെ ഉറ്റുനോക്കി കണ്ണീരടങ്ങാത്ത കണ്ണുകളോടെ അവൾ മുഖമുയർത്തുമ്പോൾ, ടോണി പറയുന്നു –‘നീ സുന്ദരിയാണ്.’

ഒരിക്കൽ വഞ്ചിക്കപ്പെട്ടാലും മനുഷ്യൻ വീണ്ടും സ്നേഹത്തിനായി ദാഹിക്കും. ആദ്യത്തേതിനെക്കാൾ വലിയ ത്യാഗങ്ങൾക്കോ സാഹസികതകൾക്കോ സന്നദ്ധമാകും. ആത്മശൂന്യമായ അനുഭവങ്ങൾ പിന്നിട്ടാലും വീണ്ടും സ്നേഹത്തിനുവേണ്ടി മനസ്സ് വെമ്പിക്കൊണ്ടിരിക്കും. അടുത്തതവണ താൻ ഇരയാകില്ലെന്ന ഉറച്ച വിശ്വാസമാണവിടെയുള്ളത്. എന്നാൽ, വഞ്ചകൻ തന്റെ പ്രവൃത്തിയിൽ അതീവ സൂക്ഷ്മതയാണു കാട്ടുന്നത്. ഈ സൂക്ഷ്മത വഞ്ചനയിൽ മാത്രം സംഭവിക്കുന്നതാണ്. കൊച്ചിയിൽ തിരിച്ചെത്തുമ്പോൾ അവളെ വീട്ടിലേക്കു കൊണ്ടുപോകാതെ ഹോട്ടൽ മുറിയിലേക്കു കൊണ്ടുപോയി ടോണി ബലാൽസംഗം ചെയ്യുന്നു. അവളോടു പറയുന്നു– ‘ഒരാളെ കൂടി സ്വീകരിച്ചാൽ എന്തു വ്യത്യാസമാണ്. നാളെ നിനക്കു പുതിയ ജീവിതം ആരംഭിക്കാമല്ലോ.’ ടോണി പുറത്തുപോകുന്ന സമയം അവൾ ജീവനൊടുക്കുന്നു. പെൺകുട്ടിയുടെ ആ പ്രവൃത്തി ടോണിയെ അദ്ഭുതപ്പെടുത്തുന്നു. അയാൾക്കതിന്റെ കാരണം മനസ്സിലാകുന്നില്ല. മുംബൈയിൽ കാമുകൻ വഞ്ചിച്ചിട്ടും അഞ്ചുപേർ തുടർച്ചയായി ഉപദ്രവിച്ചിട്ടും  ജീവനൊടുക്കാതിരുന്നവൾ എന്തിനാണ്, എന്തിനാണ്, താൻ ചെയ്തപ്പോൾ മാത്രം ? 

‘ഒരു ധീരോദാത്ത നായകൻ’ എന്ന ഈ കഥയ്ക്കു തുടർച്ചയായി ‘സമുദ്രപരിണാമം’ എന്ന കഥ വിക്ടർ ലീനസ് എഴുതിയത് ഈ ചോദ്യത്തിന്റെ  ഉത്തരം തിരഞ്ഞാണ്. ജീവനൊടുക്കിയ പെൺകുട്ടിയുടെ മൃതദേഹം കായലിൽ തള്ളാൽ ടോണി കൂട്ടുവിളിക്കുന്നതു കഥാകൃത്തിനെയാണ്. അയാൾ കൂട്ടുപോകുന്നു. കൊച്ചി അഴിമുഖത്ത് ഇരുവരും ചേർന്നു പെൺകുട്ടിയുടെ മൃതദേഹം തള്ളിയശേഷം ഷേക്‌സ്‌പിയർ നാടകമായ ‘ടെംപസ്റ്റി’ലെ പ്രശസ്തമായ നാലുവരികൾ ടോണി ഉറക്കെ ചൊല്ലുന്നു. 

Those are pearls that were his eyes:

Nothing of him that doth fade,

But doth suffer a sea-change

Into something rich and strange

കടലിന്നാഴത്തിൽ, അസ്ഥികൾ പവിഴങ്ങളായി, കണ്ണുകൾ മുത്തുകളായി, ഒരു സമുദ്രപരിണാമത്തിലൂടെ എല്ലാം സമൃദ്ധവും അപരിചിതവുമായ അവസ്ഥയിലേക്കു മാറി എന്ന്  അർഥം വരുന്ന വരികളാണത്. ടെംപസ്റ്റിലെ ഏറ്റവും പ്രത്യാശനിർഭരമായ ഒരു സന്ദർഭം കൊച്ചിക്കായലിലെ ഹീനരാത്രിയിൽ കേൾക്കുന്ന ഘട്ടത്തിലാണു കഥാകൃത്ത് ടോണിയുടെ മുഖത്തടിക്കുന്നത്. സ്നേഹപദങ്ങൾ സ്നേഹശൂന്യമായ ഹൃദയത്തിൽനിന്നു വരുന്നത് എന്തൊരു അസംബന്ധമാണ്. ഏതു വാക്കിന്റെ കോണിലാണു നാം വഞ്ചിക്കപ്പെടുന്നതെന്നു നമുക്കറിയില്ലല്ലോ.

പല മട്ടിലുള്ള സാഹിത്യം നാം വായിക്കുന്നു. സാധാരണനിലയിൽ എഴുത്തുകാരന്റെ ജീവിതവും അയാളുടെ എഴുത്തും തമ്മിൽ പ്രത്യേകിച്ചൊരു ബന്ധവും ഉണ്ടാകണമെന്നില്ല. ഉദാരമായ കഥാപാത്രങ്ങളെയും മനോഹരമായ വാക്യങ്ങളെയും നിർമിക്കുന്ന എഴുത്തുകാരൻ പക്ഷേ, ജീവിതത്തിൽ അങ്ങനെ ഉദാരതയോ മനോഹാരിതയോ പ്രസരിപ്പിക്കുന്നവൻ ആകണമെന്നില്ല. വായനക്കാരനെ സംബന്ധിച്ചിടത്തോളം പുസ്തകം തന്നെയാണ് എല്ലാം. എന്നാൽ നല്ല പുസ്തകം വായനക്കാരനെ  എഴുത്തുകാരനിലേക്കു കൊണ്ടുപോകുന്നു. അനുഭവങ്ങൾ കഥയാക്കുമ്പോൾ, നമ്മുടെ നാട്ടിൽ സാധാരണ സംഭവിക്കാറുള്ളതുപോലെ എഴുത്തുകാരൻ അഹന്തയുടെ ആൾരൂപമാകും. എത്രയോ എഴുത്തുകാർ അങ്ങനെ സങ്കുചിതരായി സ്വയം അടഞ്ഞുപോകുന്നതു നാം കാണുന്നു. അതോടെ അവരുടെ വാക്കുകൾ അനവസരത്തിലെ ഷേക്സ്‌പിയർ ഉദ്ധരണി പോലെ ഹീനമായി മാറുന്നു. ഈ അർഥരാഹിത്യത്തിനു ബദലായി സ്നേഹത്തിന്റെ വീർപ്പുമുട്ടലുകൾ എഴുതിവയ്ക്കാനാണു വിക്ടർ ശ്രമിച്ചത്. കുറച്ചെഴുതാനേ വിക്ടറിനു കഴിഞ്ഞുള്ളു. കുറവായി കാണപ്പെടുമ്പോഴും  നിത്യപ്രകാശം ആ വാക്കുകളിൽ നിറഞ്ഞുവെന്നാണ് എന്റെ അനുഭവം.

(ശുഭം)

English Summary: Authors and books : Elena Ferrante's My Brilliant friend (Neopolitan novel series), Cesare Pavese, Victor Leenas

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA
;