അമിതമായി സന്തോഷിക്കുകയും അനാവശ്യമായി ദുഃഖിക്കുകയും ചെയ്യാറുണ്ടോ?

sad-and-happy
Representative Image. Photo Credit : ArtFamily / Shutterstock.com
SHARE

സന്യാസി കൊട്ടാരത്തിലെത്തിയപ്പോൾ രാജാവ് തന്റെ സങ്കടം പറഞ്ഞു – വികാരങ്ങൾ നിയന്ത്രിക്കാനാകുന്നില്ല. അമിതമായി സന്തോഷിക്കുകയും അനാവശ്യമായി ദുഃഖിക്കുകയും ചെയ്യുന്നു. സന്യാസി ഒരു മോതിരം രാജാവിനു നൽകിയിട്ടു പറഞ്ഞു: ഈ മോതിരം ധരിക്കുക. വികാരങ്ങൾ നിയന്ത്രണാതീതമാകുമ്പോൾ ഇതിൽ എഴുതിയിരിക്കുന്നതു വായിക്കുക.

അടുത്ത തവണ നിരാശ വന്നപ്പോഴും ആഹ്ലാദം വന്നപ്പോഴും രാജാവു മോതിരത്തിലേക്കു നോക്കി. അതിൽ എഴുതിയിരുന്നത് ഇപ്രകാരമായിരുന്നു – ഈ അവസ്ഥ അധികം നീണ്ടുനിൽക്കില്ല.

ഒന്നും എക്കാലത്തേക്കുമുള്ളതല്ല എന്നതാണ് ജീവിതത്തിന്റെ രസതന്ത്രവും ജീവിക്കാനുള്ള പ്രചോദനവും. കാലം മാറുന്നതിനനുസരിച്ച് അനുഭവങ്ങളും മനോഭാവവും മാറുന്നുണ്ട്. നിരാശ എന്തെന്നറിയാത്തവന് സന്തോഷത്തിന്റെ വില മനസ്സിലാകില്ല. വിരുദ്ധാനുഭവങ്ങളിലൂടെ കടന്നുപോയവർക്കു മാത്രമേ, ഓരോ അനുഭൂതിയുടെയും ആഴങ്ങളെ സ്പർശിക്കാനാകൂ.

സംതൃപ്താനുഭവങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്നവർക്കു സഹാനുഭൂതി നഷ്ടമാകും. വിശപ്പറിയാത്തവൻ എത്ര വിരുന്നുസൽക്കാരം നടത്തിയാലും വിശക്കുന്നവനെ വിളിക്കില്ല. ജീവിതം എങ്ങനെ സന്തോഷകരമാക്കാം എന്നതല്ല, ആനന്ദത്തിലും അസന്തുഷ്ടിയിലും ആത്മനിയന്ത്രണം നഷ്ടപ്പെടാതെ എങ്ങനെ പെരുമാറാം എന്നതാണ് പ്രധാനകാര്യം.

ദുരനുഭവങ്ങൾ മറികടന്നാലും അവയുടെ ചങ്ങലപ്പൂട്ടുകളിൽത്തന്നെ ആയുസ്സു മുഴുവൻ ചെലവഴിക്കുന്നതു സ്വയം നിന്ദനമാണ്. കാലം മാറുന്നതനുസരിച്ച് പെരുമാറ്റത്തിലും പ്രതികരണത്തിലും മാറ്റങ്ങളുണ്ടാകണം. മഴക്കാല ദിനചര്യകളുമായി മഞ്ഞുകാലം മറികടക്കില്ല. യാത്രകൾക്കു തുടർച്ചയുണ്ടാകണം. ഏതെങ്കിലും അപകടസ്ഥലത്തോ ആകർഷണകേന്ദ്രത്തിലോ അവസാനിക്കരുത്. യാത്രകൾ മുന്നോട്ടുതന്നെയാകണം. പിന്നോട്ടു നടക്കുന്നവർ പഴയ അനുഭവങ്ങളെ പുനരാവിഷ്കരിച്ച് തുടങ്ങിയിടത്തു തന്നെ അവസാനിക്കും.

English Summary: Subhadinam, Thoughts for the day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
;