ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഗ്രാൻഡ്മാസ്റ്റർ പദവി നേടി രേഷ്മ എൽ. ആർ.

Reshma-LR
SHARE

കവിതാലോകത്തു സ്വപ്നതുല്യമായ നേട്ടം കൈവരിച്ച് യുവ ഇംഗ്ലിഷ് കവി രേഷ്മ എൽ ആർ. ഇംഗ്ലിഷ് അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളുപയോഗിച്ച്,nഏറ്റവുമധികം ശബ്ദാവർത്തനമുള്ള വരികളുള്ള കവിത രചിച്ച് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ഗ്രാൻഡ്മാസ്റ്റർ പദവി. ‘അലിറ്ററേറ്റ്സ്’ എന്നു പേരിട്ട വേറിട്ട കവിത, ഇതേ വിഭാഗത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരവും സ്വന്തമാക്കി. അടൂർ ഏഴാം മൈൽ സ്വദേശിനിയാണ് ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ രേഷ്മ. 

പുരസ്കാരങ്ങൾ രേഷ്മയ്ക്കു പുതുമയല്ല. മികച്ച നവാഗത കവയിത്രിയ്ക്കുള്ള 2021ലെ ചെറി ബുക്ക് അവാർഡും മികച്ച കവിതാ സമാഹാരത്തിനുള്ള ഇന്ത്യൻ പ്രൊഫഷണൽ അവാർഡും നേടിയിട്ടുണ്ട്. ഓൾ ഇന്ത്യ ഫോറം ഫോർ ഇംഗ്ലിഷ് സ്കോളർസ് ആൻഡ് ട്രെയിനർസ് സംഘടിപ്പിച്ച കവിതാ രചനാ മത്സരത്തിൽ 31 രാജ്യങ്ങളിലുള്ള മത്സരാർത്ഥികൾക്കൊപ്പം പങ്കെടുത്ത് എ ഗ്രേഡും കരസ്ഥമാക്കി. മാജിക് ഒഫ് ബിയിംഗ്‌ എ വുമൺ, കെറ്റിൽ ഒഫ് പൊയട്രി വിത്ത് എ കപ് ഒഫ് കോഫി, ഫ്ളയിംഗ് പൊയറ്റിക്സ്, കണക്റ്റഡ് ബൈ ഹാർട്ട് തുടങ്ങിയ കവിതാപുസ്തകങ്ങളുടെ സഹഎഴുത്തുകാരിയുമാണ്. 

പരീക്ഷണ സൃഷ്ടികളാണ് മറ്റു പുതുമുഖ കവികളിൽ നിന്നു രേഷ്മയെ വ്യത്യസ്തയാക്കുന്നത്. ശബ്ദാവർത്തനത്തിന്റെ മാന്ത്രികത വെളിവാക്കുന്ന കവിതയാണ് അല്ലിറ്ററേറ്റ്സ്. 

എ മുതൽ ഇസഡ് വരെയുള്ള അക്ഷങ്ങൾ ഉൾപ്പെടുത്തിയ, ഓരോ അക്ഷരത്തിലും മൂന്നും നാലും വരികൾ വീതമുള്ള കവിത. കേവലം പരീക്ഷണമെന്നതിനുപ്പുറം ജീവിതത്തിലെ ഉയർച്ച താഴ്ചകളും പ്രതിഫലിപ്പിക്കുന്നു. 

Am I an apple abandoned by an ape,

Ablated by an aerial and aced above to

Access anything out of amours  but 

Adopted by an artist for the ages.

Bliss is a ball of blessing,

Bought as a bail to block

Branches of bitter bravery which

Bite your broken beads..

തീരെ ചെറുപ്പത്തിൽ തുടങ്ങിയതാണ് പുസ്തകങ്ങളോടും അക്ഷരങ്ങളോടുമുള്ള രേഷ്മയുടെ പ്രണയം. ‘‘മാസികകളിൽ കവിതകളെഴുതുമായിരുന്ന അമ്മ ലാലിയും മൂന്നു കവിതാസമാഹാരങ്ങളുടെ രചയിതാവായ വല്യമ്മ ഷീലയുമാണ് ആദ്യ പ്രചോദനം. അധ്യാപകരായ ഇരുവരുടെയും തണലിൽ വളർന്ന എനിക്ക് പുസ്തകങ്ങളായിരുന്നു കൂട്ടുകാരധികവും. അടുത്തു വിളിച്ചിരുത്തി മടുപ്പില്ലാതെ കഥകൾ പറഞ്ഞു തരുമായിരുന്ന മുത്തശ്ശിയും കർഷകനായ അച്ഛൻ റെജിയും പ്രോത്സാഹനം പകർന്നു കൂടെ നിന്നു. സുഹൃത്തുക്കളും കൂടെയുണ്ട്’’, രേഷ്മ പറയുന്നു. 

പ്രസംഗ മത്സരങ്ങളിലും ഉപന്യാസ രചനയിലും മാത്രമായി ഒതുങ്ങി നിന്ന രേഷ്മ ആദ്യമായി കവിതയെഴുതുന്നത് ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ്. പഠനത്തിന്റെ തിരക്കുകളിൽ വിട്ടു കളഞ്ഞ മോഹം പിന്നീടു പൊടിതട്ടിയെടുക്കുന്നതു ബിരുദ പഠനകാലത്ത്. ഡിപ്പാർട്മെന്റിൽ സബ്മിറ്റ് ചെയ്യേണ്ട അസൈൻമെന്റ് ഫയലിൽ ഏഴാം ക്ലാസ്സിലെഴുതിയ കുഞ്ഞൻ ഇംഗ്ലീഷ് കവിതകളുടെ പഴയതാളുകൾ അബദ്ധത്തിൽ ഉൾപ്പെടുകയായിരുന്നു. രചനകൾ വായിച്ച അധ്യാപകരുടെ പ്രശംസയും പ്രേരണയും പൂർവ്വാധികം ശക്തമായ തിരിച്ചുവരവിനു നിമിത്തമായി. 

രണ്ടാമങ്കത്തിലെ പ്രഥമ ലക്ഷ്യമായിരുന്നു സ്വന്തം പേരിൽ ബ്ലോഗ്. അനുജന്റെ സഹായത്തോടെ 2018 ൽ തുടങ്ങിയ ബ്ലോഗിലാണ് നീണ്ട ഇടവേളയ്ക്കു ശേഷമുള്ള ആദ്യ കവിത പ്രസിദ്ധീകരിക്കുന്നത്. വിഷയം സമരം. ഹർത്താൽ ദിനത്തിലെഴുതിയ കവിതയും അതിനു കിട്ടിയ സ്വീകാര്യതയും മുന്നോട്ടുള്ള യാത്രയ്ക്ക് ഊർജം പകർന്നു. 

പ്രകൃതിയും പുരാണവും ചരിത്രവും ഇതിഹാസങ്ങളുമാണ് ഇഷ്ടവിഷയങ്ങൾ. സീതാദേവിയും അലക്സാണ്ടർ ചക്രവർത്തിയും ഗ്രീക്ക് പുരാണത്തിലെ ഈഡിപ്പസിന്റെ അമ്മയായ ജൊക്കാസ്റ്റയും വരെ കഥാപാത്രങ്ങളായിട്ടുണ്ട്. തൊട്ടാവാടിക്കും ചെമ്പരത്തിക്കും പാമ്പിനും ചിലന്തിക്കും നാവാകുന്ന വരികൾ. ശബ്ദമില്ലാത്തവരുടെ ശബ്ദമാകുകയാണു തന്റെ എഴുത്തിന്റെ ലക്ഷ്യമെന്നാണ് കവിയുടെ നിലപാട്. 

ആമസോണിൽ ലഭ്യമായ ‘അൺസ്ട്രങ്ങ് നോട്സ്’ എന്ന ആദ്യ സമാഹാരം പ്രകാശനം ചെയ്തത് അടുത്തിടെയാണ്. അപ്പോക്കലിപ്സെ, ഓഡ് ടു ആൻ ആൽക്കഹോളിക്, സ്കാർലെറ്റ് വിമൻ തുടങ്ങിയ 75 ഇംഗ്ലീഷ് കവിതകളുടെ സമാഹാരം. നോവൽ നഗ്ഗെറ്റ്സാണു പ്രസാധകർ. ‘അപ്പോക്കലിപ്സെ’ എന്ന കവിത രാജ്യാന്തര ജേണലായ ‘ക്രൈറ്റീരിയണി’ന്റെ 2020 ജൂൺ ലക്കത്തിൽ ഉൾപ്പെടുത്തിയിരുന്നു. 

എഴുത്തിൽ പ്രിയം കവിതകളാണെങ്കിലും രേഷ്മയിലെ വായനക്കാരിക്കു താല്പര്യം നോവലുകളും കഥകളുമാണ്. ശശി തരൂരും ജീത് തയ്യിലും കമലാ ദാസും മലയാറ്റൂരും പ്രിയ എഴുത്തുകാർ. ടാഗോറിന്റെ ഗീതാജ്ഞലിയിലെ കവിതകൾ ഏറെയിഷ്ടം. പുതിയ രചനയുടെ പണിപ്പുരയിലാണ് ഇപ്പോൾ രേഷ്മ. ചെറുലേഖനങ്ങളുടെ സമാഹാരം. 

അടൂർ സെന്റ് സിറിൽസ് കോളജിലെ രണ്ടാം വർഷ എം എ ഇംഗ്ലീഷ് വിദ്യാർത്ഥിനിയായ രേഷ്മയ്ക്ക് പോസ്റ്റ്‌ ഹ്യൂമനിസത്തിൽ പിഎച്ച്ഡി ചെയ്യണമെന്നാണു സ്വപ്നം; എഴുത്തു തുടരുക എന്നതു നിയോഗവും.

English Summary: Kerala poet creates record in India for maximum alliterations in a poem

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA
;