പുണ്യയ്ക്ക് സമൂഹത്തോട് ചിലതു പറയാനുണ്ട്, പൊള്ളുന്ന വാക്കുകളടുക്കിയ കഥകളിലൂടെ...

HIGHLIGHTS
  • മലയാള സാഹിത്യത്തിലെ പുതുതലമുറയെ പരിചയപ്പെടുത്തുന്ന പംക്തി
  • യാഥാർഥ്യങ്ങളുടെ തീക്ഷ്ണ ഗന്ധം നിറയുന്ന കഥകൾ – പുണ്യ സി.ആർ.
Punya
പുണ്യ സി.ആർ.
SHARE

വായനക്കാരെ തകർത്തു തരിപ്പണമാക്കുന്ന കഥയാണു ‘വാട’. നമ്മെ മൂടിയിരിക്കുന്ന വിശേഷ സൗഭാഗ്യങ്ങളുടെ സുഖപ്രദമായ പാട വലിച്ചു മാറ്റി അടിത്തട്ടിലെ യാഥാർഥ്യങ്ങളുടെ തീക്ഷ്ണ ഗന്ധം അനുഭവിപ്പിക്കുന്നു പുണ്യ സി.ആർ. എന്ന എഴുത്തുകാരി. ജീവിതത്തിന്റെ അരികുകളിലേക്കു തള്ളിമാറ്റപ്പെട്ടവരുടെ മനസ്സറ തുറന്ന് അവിടെക്കാണുന്ന പ്രതിഷേധവും ദുഃഖവും സ്നേഹവും കരുതലുമെല്ലാം വാക്കുകളിൽ പകർത്തി പൊള്ളിക്കുന്നു. മനസ്സിന്റെ സംവേദനക്ഷമത നഷ്ടപ്പെട്ടിട്ടില്ലാത്തവർക്ക് ഒട്ടൊരു ഉൾക്കിടിലത്തോടെയല്ലാതെ ആ കഥകളിലൂടെ കടന്നുപോവുക വയ്യ. ഉറച്ച സാമൂഹിക, രാഷ്ട്രീയ ബോധ്യമാണു പാലക്കാട് വിക്ടോറിയ കോളജിൽ അവസാന വർഷ മലയാള ബിരുദ വിദ്യാർഥിനിയായ പുണ്യയുടെ എഴുത്തിന്റെയും ജീവിതത്തിന്റെയും ആണിക്കല്ല്. ‘അടക്കം’, ‘കുഞ്ഞുമേരിയും റൂമിയും’, ‘പുഴമീനുകൾ’, ‘മുലനീര്’ തുടങ്ങിയവ ശ്രദ്ധേയ കഥകൾ. സമൂഹത്തെ അസ്വസ്ഥപ്പെടുത്തുന്ന ചില ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുന്നു പുണ്യയുടെ കഥാപാത്രങ്ങൾ.

‘എഴുത്ത് എന്നെ സംബന്ധിച്ചു ഞാൻ എന്നെത്തന്നെ സ്നേഹിക്കലാണ്, എന്നെത്തന്നെ മുറിപ്പെടുത്തലാണ്. കഥ എന്റെ രാഷ്ട്രീയവും എന്റെ ഒച്ചപ്പാടുമാണ്’. പുണ്യയുടെ ഒരു ആത്മകഥനമായി ഇതിനെ കരുതാം അല്ലേ. കുഞ്ഞുമേരിയും റൂമിയും എന്ന കഥയിലെ കുഞ്ഞുമേരിയോടാണോ പുണ്യയ്ക്ക് സ്വയം ഏറ്റവും താദാത്മ്യപ്പെടാൻ കഴിയുന്നത്?

‘എന്റെ ദുഃഖങ്ങളും ആഹ്ലാദങ്ങളും എന്റെ വിഹ്വലതകളും സ്വപ്നങ്ങളും എന്നെ കീഴടക്കുമ്പോൾ എനിക്ക് എഴുതണം. എഴുതാതെ വയ്യ. എഴുതിയിട്ടില്ലെങ്കിൽ എന്നോടു കാട്ടിയ നെറികേടായി ഏതോ അജ്ഞാത ശബ്ദം എവിടെയിരുന്നോ അപലപിക്കുന്നതു നിശബ്ദമായി ഞാൻ കേൾക്കുന്നു’. എംടി (കാഥികന്റെ പണിപ്പുര).

ഇത് എന്റെ ഡയറിയുടെ ആദ്യ പേജിൽ ഞാൻ കുറിച്ചിട്ട വാക്കുകളാണ്. എന്റെ ഡയറിയെഴുത്തെന്നു വച്ചാൽ വല്ലപ്പോഴും എഴുതി വയ്ക്കുന്ന, കഥയെന്നോ കവിതയെന്നോ പോലും വിളിക്കാൻ തരപ്പെടാത്ത ചില വരികളാണ്. എഴുത്ത് പ്രധാനമായും എനിക്ക് എന്നോടുള്ള സ്നേഹവും വെറുപ്പും തന്നെയാണ്. എന്റെ രാഷ്ട്രീയവും ആശയങ്ങളും കഥകളിലൂടെ ആവിഷ്കരിക്കാൻ ഞാൻ ശ്രമിക്കുന്നു. ‘കുഞ്ഞു മേരിയും റൂമിയും’ സ്നേഹത്തെക്കുറിച്ചുള്ള കഥയാണ്. സ്നേഹം എന്ന പ്രതിഭാസത്തെക്കുറിച്ചു ചിന്തിക്കുന്തോറും എനിക്ക് അതിശയവും ആകാംക്ഷയും സന്ദേഹവും തോന്നി. നൗഫൽ എൻ. എന്ന സുഹൃത്ത് സ്നേഹത്തെക്കുറിച്ച് എഴുതിയ ഒരു കുറിപ്പു വായിക്കാനിടയായതാണ് ‘കുഞ്ഞു മേരിയും റൂമിയും’ എന്ന കഥയ്ക്കുള്ള ആദ്യ പ്രചോദനം. എത്ര തുലഞ്ഞിട്ടും മനുഷ്യൻ പിന്നെയും പിന്നെയും സ്നേഹിക്കാൻ തുനിയുന്നത് എന്തുകൊണ്ടാകാം എന്ന എന്റെ സംശയത്തെ നൗഫൽ എത്ര മനോഹരമായാണു തന്റെ കുറിപ്പിൽ കൈകാര്യം ചെയ്യുന്നത്! എഴുതിത്തുടങ്ങിയിട്ടും പൂർത്തിയാക്കണോ വേണ്ടയോ എന്ന് ഏറെ സംശയിച്ചു. എഴുത്തിലേക്കു കടന്നു ചെന്നപ്പോൾ സ്വാഭാവികമായും ഞാൻ കുഞ്ഞുമേരിയോ കുഞ്ഞുമേരി ഞാനോ ആയി മാറി. എന്നിലെയോ എന്റെ ചുറ്റുപാടുകളിലെയോ അംശങ്ങളില്ലാത്ത ഒരു കഥയും എനിക്കെഴുതാൻ കഴിഞ്ഞിട്ടില്ല. കഴിയുമെന്നും തോന്നുന്നില്ല. അങ്ങനെ നോക്കുമ്പോൾ കുഞ്ഞുമേരിയിൽ ഞാനുണ്ട്. പക്ഷേ, കുഞ്ഞുമേരിയോടാണ് എനിക്ക് ഏറ്റവും താദാത്മ്യപ്പെടാനാകുക എന്നു പറയാനാകില്ല.

അടിച്ചമർത്തപ്പെട്ടവരും അരികുവത്കരിക്കപ്പെട്ടവരും അപമാനിക്കപ്പെടുന്നവരും അനുഭവിക്കുന്ന അപമാനം, ദുഃഖം, ദുർഗന്ധം തുടങ്ങിയവയൊന്നും യഥാർഥത്തിൽ അവരുടേതല്ല, മറിച്ച് അതവരിലേക്ക് അടിച്ചേൽപ്പിക്കുന്ന സമൂഹത്തിന്റേതാണെന്ന വലിയൊരു സത്യമാണ് ‘വാട’ എന്ന കഥയിലൂടെ പുണ്യ ചൂണ്ടിക്കാട്ടുന്നത്. ഇക്കാലത്തും അന്യന്റെ വിസർജ്യം കോരി ജീവിക്കേണ്ടി വരുന്ന 12 ലക്ഷത്തിലേറെപ്പേർ ഇന്ത്യയിലുണ്ടെന്ന നടുക്കുന്ന അറിവ് ആരുടെ മുഖമാണു ചുളിപ്പിക്കേണ്ടത്? അവരുടെയോ അതോ നമ്മളുടെയോ എന്ന ചോദ്യം വാടയെ അതീവ കാലികപ്രസക്തിയുള്ള കഥയാക്കി മാറ്റുന്നു. എങ്ങനെയാണു പുണ്യ ഈ കഥയിലേക്കെത്തുന്നത്?

തോട്ടിപ്പണി ചെയ്യുന്ന മനുഷ്യരെ ഞാനങ്ങനെ കണ്ടിട്ടില്ല. എന്റെ പരിസരത്ത് അത്തരം ജീവിതങ്ങളെ കണ്ടെത്താനും എനിക്കു കഴിഞ്ഞില്ല. പക്ഷേ, പാലക്കാട് വിക്ടോറിയ കോളജിലേക്കുള്ള ബസ് യാത്രയിൽ ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു കണ്ട ഒരു കാഴ്ച എനിക്കുള്ളിൽ കൊളുത്തിവലിഞ്ഞു. പ്ലാസ്റ്റിക്കുകൾ, അഴുകിയ ഭക്ഷണാവശിഷ്ടങ്ങൾ, ഉപയോഗിച്ച നാപ്കിനുകൾ, അളിഞ്ഞ പച്ചക്കറികൾ, പഴങ്ങൾ തുടങ്ങി മനുഷ്യന്റെ സകലമാന മാലിന്യങ്ങളും വിസർജ്യങ്ങളും തൂത്തുവാരി വൃത്തിയാക്കുന്ന മനുഷ്യർ. പാകമുള്ള കയ്യുറ പോലുമില്ലാതെ, വൃത്തിയുള്ള മാസ്കില്ലാതെ, നല്ല ചെരുപ്പില്ലാതെ, വസ്ത്രമില്ലാതെ ഒരു നാടിന്റെ മുഴുവൻ വിഴുപ്പും അവർ ചുമക്കുന്നു. ഭീകരമായ കാഴ്ചയാണത്. പിന്നീടു സ്റ്റേഷനു മുന്നിൽ ബസ് നിർത്തിയിടുന്ന ഇത്തിരി നേരം ഞാൻ അവരെത്തന്നെ ശ്രദ്ധിക്കാൻ തുടങ്ങി. കറുത്ത നഖങ്ങളുള്ള കൈവിരലുകൾ കൊണ്ട് അവർ ഭക്ഷണം കഴിക്കുന്നത്, സ്വന്തം മക്കളെ വാരിയെടുക്കുന്നത്, കൂടെയുള്ളവരെ ചേർത്തു പിടിക്കുന്നത്. ഞാൻ കാണാത്തതും എന്നാൽ എനിക്കൂഹിക്കാവുന്നതുമായ അവരുടെ ജീവിതത്തെക്കുറിച്ച് മാത്രമായി ആലോചന. ഇന്റർനെറ്റിലും ചില പുസ്തകങ്ങളിലും ഇങ്ങനെയുള്ള ജീവിതങ്ങളെ ഞാൻ പരതി. അവസാനം ദിവ്യ ഭാരതി ചേച്ചിയുടെ ‘കക്കൂസ്’ എന്ന ഡോക്യുമെന്ററി ഫിലിമിലൂടെ ഇന്നും തമിഴ്നാട്ടിലെ കോളനികളിൽ കൂര കെട്ടി അന്തിയുറങ്ങുന്ന, വിശപ്പാറ്റാൻ അപരിചിതരുടെ ഭക്ഷണാവശേഷിപ്പുകളിൽ കയ്യിട്ടു തിരയുന്ന പച്ചയായ ജീവിതങ്ങളെ ഞാൻ കണ്ടു. സ്ത്രീകളും പുരുഷന്മാരും കുട്ടികളും വൃദ്ധരും അവരിലുണ്ടായിരുന്നു. ഒരു നാടു മുഴുവൻ ‘കക്കൂസ്’ എന്നു വിളിച്ചു വിളിച്ചു സ്വന്തം പേരു തന്നെ മറന്നുപോയ പെൺകുട്ടി അക്കൂട്ടത്തിലുണ്ടായിരുന്നു. എനിക്ക് നിനച്ചെടുക്കാവുന്നതിലുമപ്പുറമായിരുന്നു തുപ്പരുവു തൊഴിലാളികളുടെ / തോട്ടിപ്പണിക്കാരുടെ ജീവിതം. ഞാൻ വല്ലാതെ അസ്വസ്ഥയായി. എന്നിലെ അസ്വസ്ഥത പകർത്തിവയ്ക്കാതാവതില്ല എന്നു വന്നു. അങ്ങനെയാണ് ‘വാട’ എന്ന കഥയെഴുതുന്നത്. മറ്റു പലരും പല വിധത്തിലും തോട്ടിപ്പണിക്കാരുടെ ജീവിതം പറഞ്ഞു വച്ചിരുന്നുവെങ്കിലും ‘ഇന്ന ജാതിക്കാർ തീട്ടംകോരണമെന്നു കൽപിച്ച നമ്മളടങ്ങുന്ന ഒരു സമൂഹത്തോട്’ എനിക്കും ചിലതു പറയാനുണ്ടെന്നു തോന്നി. ഇന്നും അപരിഷ്കൃതരായി തുടരുന്ന കുറേ മനുഷ്യരെ ഒരിക്കൽ കൂടി സൂചിപ്പിച്ചു പോകണമെന്നു തോന്നി.

പുലാപ്പറ്റ, പാലക്കാട്, വിക്ടോറിയ കോളജ്. പുണ്യയുടെ സ്വന്തം ഇടങ്ങൾ കഥയെഴുത്തിലുണ്ടാക്കിയ സ്വാധീനം എത്രമാത്രമാണ്? ദേശം എഴുത്തിൽ എത്രമാത്രം കടന്നുവരുന്നു?

എന്റെ നാടും ഞാനുമായി ബന്ധപ്പെട്ടു കിടക്കുന്ന ഇടങ്ങളും മനുഷ്യരും എന്റെ എഴുത്തിൽ പലപ്പോഴായി പ്രതിഫലിക്കാറുണ്ട്. അതു സ്വാഭാവികമാണല്ലോ. പുലാപ്പറ്റ ഒരു ചെറിയ ഗ്രാമമാണ്. നിറയെ മരങ്ങൾക്കും ഒരു വലിയ വയലിനും ഇടയിലാണ് എന്റെ വീട്. വലിയ ഒച്ചപ്പാടുകളും ബഹളങ്ങളും ഇല്ലാത്ത പരിസരം. പൊതുവേ ശാന്തമായ അന്തരീക്ഷത്തിൽ വായിക്കാനും എഴുതാനും കഴിയുന്ന / ഇഷ്ടപ്പെടുന്ന വ്യക്തി എന്ന നിലയിൽ എന്റെ ചുറ്റുപാട് എനിക്കൊരു അനുഗ്രഹമാണ്. ഇവിടങ്ങളിൽ ഞാൻ കാണുന്ന വ്യത്യസ്തരായ മനുഷ്യരും അവരുടെ ജീവിതരീതികളും വേഷവും ഭാഷാശൈലിയും എന്റെ എഴുത്തിൽ കാണാം. എന്റെ ചിന്തകൾക്കും നിലപാടുകൾക്കും കരുത്തു നൽകിയത് വിക്ടോറിയ കോളജ് ആണ്. സംവദിക്കാനും പങ്കുവയ്ക്കാനും വേറിട്ട കാഴ്ചപ്പാടുകളും അനുഭവങ്ങളുമുള്ള കുറച്ചു മനുഷ്യരെ എനിക്കവിടെനിന്നു കിട്ടി. വിശാലമായ ലൈബ്രറിയും എഴുത്തിലും വായനയിലും പാണ്ഡിത്യമുള്ള ചില അധ്യാപകരും എന്നെയും എന്റെ എഴുത്തിനെയും സ്വാധീനിച്ചു.

punya-1

സ്കൂളിൽ പഠിക്കുമ്പോഴേ നാടകം സ്വന്തമായി എഴുതി, കൂട്ടുകാരെ കൂടെക്കൂട്ടി സംവിധാനം ചെയ്ത് രംഗത്തവതരിപ്പിച്ചയാളാണു പുണ്യ. പ്ലസ്ടുവിനു പഠിക്കുമ്പോൾ നടന്ന ഉപജില്ലാ കലോൽസവത്തിൽ പുണ്യയുടെ നാടകത്തിനു രണ്ടാം സ്ഥാനം ലഭിക്കുന്നു. അന്നത്തെ നാട്ടുനടപ്പനുസരിച്ച് എല്ലാവരും അപ്പീൽ നൽകാൻ ആവശ്യപ്പെടുന്നു. ഒന്നാം സ്ഥാനം കിട്ടിയ നാടകവും കണ്ടിട്ടുള്ള പുണ്യ അപ്പീലിനു പോകുന്നില്ല എന്നു പറയുന്നു. രണ്ടാം സ്ഥാനത്തിനാണു തങ്ങൾക്ക് അർഹത എന്നു വിശ്വസിക്കുന്നു. ചെറിയ പ്രായത്തിൽത്തന്നെ എഴുത്തിന്റെയും വായനയുടെയും ലോകത്തേക്കു പ്രവേശിച്ച പുണ്യ പടിപടിയായി വളർന്നു പുരോഗമന കലാ സാഹിത്യസംഘത്തിന്റെ സംസ്ഥാന സമ്മേളന പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും പ്രായം കുറ‍ഞ്ഞയാളായി മാറുന്നു. കഥയാണ് ഇഷ്ട ഭൂമികയെങ്കിലും നാടകവും കവിതയുമെഴുതുന്നു. ഗവ. വിക്ടോറിയ കോളജിലെ മാഗസിൻ എഡിറ്ററാകുന്നു. എഴുത്തിനൊപ്പം പുണ്യയ്ക്കൊപ്പം സജീവമായി സംഘാടനവുമുണ്ട്. തന്റെ സൃഷ്ടികളിലെ രാഷ്ട്രീയം അതേയളവിലോ കൂടുതലായോ ജീവിതത്തിലുമുണ്ട്. ഇടപെടലുകൾ സർഗ്ഗ ജീവിതത്തിൽ എത്രമാത്രം പ്രധാനപ്പെട്ടതാണ്?

എന്റെ സങ്കൽപത്തിൽ ഒരു നല്ല എഴുത്തുകാരി / എഴുത്തുകാരൻ നല്ലൊരു സമൂഹജീവി കൂടിയാണ്. കൃത്യമായ രാഷ്ട്രീയവും നിലപാടുകളും ഉണ്ടായിരിക്കും. തന്റെ ചുറ്റിലും കൊടുമ്പിരി കൊള്ളുന്ന അനീതികളെയും അക്രമങ്ങളെയും വകവയ്ക്കാൻ ഒരു ജനാധിപത്യ ബോധമുള്ള മനുഷ്യനു സാധിക്കില്ല. നമുക്കു പ്രതികരിക്കാനും പ്രസംഗിക്കാനുമുള്ള വിഷയങ്ങൾ അനുനിമിഷം ഉണ്ടായിക്കൊണ്ടേയിരിക്കുകയാണല്ലോ! എല്ലാറ്റിനും കയറി അഭിപ്രായം പറയണമെന്നോ പ്രതികരിക്കണമെന്നോ അല്ല. പക്ഷേ, ഒച്ചവയ്ക്കാൻ അവസരമുണ്ടായിട്ടും നിശബ്ദരായിരിക്കുന്നവരെ ഞാൻ അനുകൂലിക്കുന്നില്ല. ഞാൻ എല്ലായ്പ്പോഴും ലൈവ് ആയി നിൽക്കുന്ന ഒരാളല്ല. ഓരോ കാര്യത്തിലും എന്റേതായ കാഴ്ചപ്പാടുണ്ടെങ്കിലും അതെല്ലായ്പ്പോഴും എല്ലാവരോടും പങ്കുവയ്ക്കണമെന്ന് എനിക്ക് തോന്നാറില്ല. പറഞ്ഞേ തീരൂ എന്നു തോന്നുന്നതു പറയാതിരിക്കാറുമില്ല. എന്റെ പ്രതികരണങ്ങൾ അധികവും എനിക്കേറെ സംതൃപ്തിയും സ്വാസ്ഥ്യവും തരുന്ന ‘കഥ’യിലൂടെ ഞാൻ അവതരിപ്പിക്കുന്നു. ഇതുപോലെ ഓരോരുത്തർക്കും പറയാൻ അവരുടേതായ രീതിയുണ്ട്. വായന, കലാലയ രാഷ്ട്രീയം, കോളജ് യൂണിയൻ, മാഗസിൻ കമ്മിറ്റി, ക്യാംപുകൾ, സർഗസംവാദങ്ങൾ. അങ്ങനെ ഓരോന്നിലൂടെയുമാണ് ഇപ്പോഴുള്ള ഞാൻ രൂപപ്പെട്ടത്. ഞാൻ കാണുന്നതും കേൾക്കുന്നതും അറിയുന്നതും ഉൾക്കൊള്ളുന്നതുമൊക്കെയാണ് എന്റെ എഴുത്തിനുള്ള വിഷയങ്ങൾ. എന്റെ ലോകം വലുതാകുമ്പോൾ എനിക്കെഴുതാനുള്ള വിഷയങ്ങളും പെരുകിവരും എന്നാണു കരുതുന്നത്.

‘നാട്ടിലാകെ വസൂരി പൊന്തിയ കാലത്ത്, ദീനം വന്ന് ചത്ത ഉറ്റവരെയും ഉടയവരെയും കുറ്റിക്കാടുകളിലുപേക്ഷിച്ച് അവർക്കടുക്കിൽ ചെന്നൊന്ന് പൊട്ടിക്കരയാൻ പോലും ഭയന്ന് മനുഷ്യൻമാർ പെരക്കലൊളിച്ചിരിന്നു’. അടക്കം എന്ന കഥയിൽ പുണ്യ എഴുതിയ വരികൾ കോവിഡിന്റെ നീരാളിപ്പിടിത്തതിനിടയിൽ കുരുങ്ങി ശ്വാസംമുട്ടുന്ന ഈ നാളുകളിൽ വായിക്കുമ്പോൾ വലിയ ഭീതി തോന്നുന്നു. ശവ സംസ്കാരം ഒരു കലയാണ് എന്നും പുണ്യ എഴുതി. ഇന്നതൊരു വേദന കൂടി ആയി മാറിയിരിക്കുന്നു, നമ്മുടെ നാട്ടിൽ. ‘അടക്കം’ എഴുതുവാനിടയായ സാഹചര്യം എന്താണ്? അന്നു കോവിഡ് മനസ്സിലുണ്ടോ?

കോവിഡ് കാലത്തിനു മുൻപാണ് ‘അടക്കം’ എഴുതിയത്. ശവം സംസ്കരിക്കുന്നതിൽ ആത്മനിർവൃതി കണ്ടെത്തുന്ന ഒരു മനുഷ്യൻ ഏറെ നാളുകൾക്കു മുൻപേ മനസ്സിലുണ്ടായിരുന്നു. അത് എങ്ങനെ അവതരിപ്പിക്കണം എന്നതിൽ സംശയിച്ചു സംശയിച്ചു കഥയെഴുത്ത് നീണ്ടു പോയതാണ്. 

സത്യത്തിൽ, ഈ ചോദ്യം നേരിടുന്നതു വരേക്കും നിലവിലെ സാഹചര്യവും ആ കഥയുടെ പശ്ചാത്തലവും തമ്മിൽ ബന്ധമുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞിട്ടു പോലുമില്ലായിരുന്നു. ലോക്ഡൗൺ സമയത്ത് ‘അടക്കം’ പ്രസിദ്ധീകരിച്ചു വന്നപ്പൊഴും ആരും ഇങ്ങനെയൊരു താരതമ്യം പറഞ്ഞില്ല. പക്ഷേ, മനുഷ്യർ ഒരിത്തിരി ജീവവായുവിനായി വെപ്രാളപ്പെട്ടു പിടഞ്ഞു വീഴുന്നതും മഹാമാരിക്കിരയാകുന്നവർ ഉറ്റവരുടെയോ ഉടയവരുടെയോ സാമീപ്യമില്ലാതെ വല്ലാത്ത ഒറ്റപ്പെടലും വേദനയും അനുഭവിച്ചു മരിച്ചു വീഴുന്നതും കാണുമ്പോൾ  ഞാനും ആ കഥയിലെ ചില ഭാഗങ്ങൾ ഓർക്കുന്നു. എനിക്കും ഭീതിയനുഭവപ്പെടുന്നു.

എഴുത്തിൽ, ഇടപെടലുകളിൽ, ബന്ധങ്ങളിൽ, ഭാഷയിൽ ഇപ്പോഴും നമ്മുടെ സമൂഹം എത്രമാത്രം സ്ത്രീവിരുദ്ധമാണ്? പ്ലസ്ടു പഠന കാലത്തെ വിദ്യാർഥി – അധ്യാപക ബന്ധങ്ങളിലൊക്കെ നിലനിന്നിരുന്ന ജനാധിപത്യമില്ലായ്മയെപ്പറ്റി ‘അന്നു രാത്രി ഞാൻ ഓമന ടീച്ചറെ പേടി സ്വപ്നം കണ്ടു’ എന്ന ഓർമക്കുറിപ്പിൽ പുണ്യ എഴുതിയിട്ടുണ്ടല്ലോ. ഓ, ഇത്രേയുള്ളോ കാര്യം എന്ന മട്ടിലൊക്കെ നമ്മുടെ ചുറ്റുമുള്ളവർ, അതിൽ സ്ത്രീയും പുരുഷനുമുണ്ടാകും, നിസാരവത്കരിക്കുന്ന സ്ത്രീവിരുദ്ധ പ്രകടനങ്ങളുണ്ടല്ലോ, മനസ്സിൽ ആഴത്തിലുള്ള മുറിപ്പാടുകൾ സൃഷ്ടിക്കുന്നവ. അത്തരം അനുഭവങ്ങളെപ്പറ്റി പറയാമോ? 

സ്ത്രീവിരുദ്ധത ഏറ്റക്കുറച്ചിലുകളോടെ എല്ലായിടത്തും നിലനിൽക്കുന്നുണ്ട്. വീടിനകത്തായാലും പുറത്തായാലും. ഭാഷയിലൊക്കെ അതു തീവ്രമാണ്. നമ്മുടെ ഭാഷയിൽ എത്രയോ വാക്കുകൾക്ക് സ്ത്രീലിംഗമേയില്ല. ‘മനുഷ്യൻ’ എന്ന വാക്കു തന്നെ പുരുഷനു വേണ്ടിയുള്ളതാണ് എന്നല്ലേ നമ്മുടെ ധാരണ. ‘മനുഷ്യൻ ഗുഹകളിലും മറ്റും കൂട്ടമായി താമസിച്ചു, അവൻ വേട്ടയാടി മൃഗങ്ങളെ കൊന്ന്  പച്ചമാംസമായി ഭക്ഷിച്ചു’. എന്നൊക്കെയാണു ഞാനും പഠിച്ചിരിക്കുന്നത് (എന്നാൽ അതേസമയം, ‘വേശ്യ, കന്യക’ തുടങ്ങിയ പദങ്ങൾക്കൊന്നും പുംല്ലിംഗമേയില്ല എന്നാണു ഞാൻ മനസ്സിലാക്കിയിട്ടുള്ളത്). ഇപ്പോഴും നമ്മുടെ പാഠപുസ്തകങ്ങളിൽ ‘അമ്മ ചപ്പാത്തി ചുടുകയും മകൾ ചപ്പാത്തി പരത്തുകയും ചേട്ടൻ ക്രിക്കറ്റ് കാണുകയും അച്ഛൻ പത്രം വായിക്കുകയും’ തന്നെയാണു ചെയ്യുന്നത്. നമ്മൾ കാണാതെ പോകുന്ന, നിസ്സാരവത്ക്കരിക്കുന്ന സ്ത്രീവിരുദ്ധ പ്രകടനങ്ങൾ ഓരോ മേഖലയിലുമുണ്ട്. സ്ത്രീ-പുരുഷൻ എന്നതിനപ്പുറത്തേക്ക് നമ്മുടെ ലിംഗബോധം ഇനിയും വളർന്നിട്ടേയില്ല. നമ്മുടെ ഇടുങ്ങിയ ചിന്താഗതികൾ തന്നെയാണല്ലോ നമ്മൾ ഇളം തലമുറയിലേക്കും പകർന്നു കൊടുക്കുന്നത്. എന്നാൽ അപ്രതീക്ഷിതമായി ഈയടുത്ത്, സത്രീ-പുരുഷൻ എന്നതിനപ്പുറത്തേക്ക് ട്രാൻസ്ജെൻഡർ, ലെസ്ബിയൻ, ഗേ എന്നിങ്ങനെയും വിവിധ ലിംഗഭേദങ്ങളുണ്ട് എന്നു പറഞ്ഞു കൊടുക്കുന്ന രീതിയിൽ ചില കുറിപ്പുകളും ചിത്രങ്ങളുമൊക്കെ ഉൾപ്പെടുത്തിയ പാഠപുസ്തകം കണ്ടു. ഇത്തരം തിരിച്ചറിവുകളും മാറ്റങ്ങളുമെല്ലാം ആശ്വാസകരമാണ്. ഇനിയും ജനാധിപത്യപരമായ പുരോഗമനങ്ങൾ പ്രതീക്ഷിക്കുന്നുമുണ്ട്. 

punya-story

പെൺകുട്ടി എന്ന നിലയിൽ പലയിടങ്ങളിൽ നിന്നും മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്. അതിൽ മാനസികവും ശാരീരികവും ആയ അതിക്രമങ്ങൾ ഉൾപ്പെടും. വീട്ടിൽ ഞങ്ങൾ മൂന്നു പെൺകുട്ടികളാണ് എന്നു പറഞ്ഞാൽ ‘അയ്യോ.... ആങ്കൊച്ചുങ്ങളൊന്നുമില്ലേ... ?!’ എന്ന സഹതാപവും കരുതലും കലർന്ന മുഷിപ്പൻ ചോദ്യങ്ങളിൽ തുടങ്ങുന്നു മാനസികമായ ഉപദ്രവങ്ങൾ. ‘കല്യാണപ്രായമൊക്കെ ആയി വരികയാണ്. നന്നായി പഠിച്ച് ഒരു ജോലിയൊക്കെ വാങ്ങാൻ നോക്ക്. വായന...  കഥയെഴുത്ത്... ന്നൊക്കെ പറഞ്ഞാൽ എങ്ങും എത്താൻ പോണില്ല’. എന്നൊക്കെ പറയുന്നവരെ ഇപ്പോഴും നേരിടേണ്ടി വരാറുണ്ട്. പെൺകുട്ടിയായതു കൊണ്ടു മാത്രം കുഞ്ഞിലേ മുതലേ പലതും നിരസിക്കപ്പെട്ടിട്ടുണ്ട്. വലുതാകുന്തോറും എനിക്കു ചുറ്റുമുള്ള നിയന്ത്രണങ്ങളും അലിഖിത നിയമങ്ങളും പെരുകിപ്പെരുകി വന്നു. ഒരു ദിവസത്തിൽ കൂടുതലുള്ള പല സാഹിത്യ-സാംസ്കാരിക ക്യാംപുകളിലും മറ്റും പങ്കെടുക്കണമെന്ന വലിയ ആഗ്രഹമുണ്ടായിട്ടുപോലും പോകാൻ വിലക്കു നേരിട്ടിട്ടുണ്ട്. അങ്ങനെയുള്ള എത്രയോ വലുതും ചെറുതുമായ അനുഭവങ്ങൾ! കോളജിൽ, ആദ്യ വർഷം തന്നെ കലാലയ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിത്തുടങ്ങിയ ആളാണു ഞാൻ. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിക്കുമ്പോഴൊക്കെയും വീട്ടിൽ നിന്നടക്കം എതിർപ്പുകൾ നേരിട്ടു. പ്രതികൂലമായ സാഹചര്യങ്ങളെയൊക്കെ നേരിട്ടിട്ടാണു യൂണിയൻ പ്രവർത്തനങ്ങളിലും കലോത്സവങ്ങളിലും മറ്റു പരിപാടികളിലുമൊക്കെ സമയ - കാല ഭേദമന്യേ പങ്കെടുത്തു തുടങ്ങിയത്. പിന്നെപ്പിന്നെ എല്ലായിടത്തു നിന്നും എതിർപ്പുകളുടെ ആഘാതം കുറഞ്ഞു വന്നു (പറഞ്ഞിട്ടു കാര്യമില്ല എന്നൊരു ‘മടുപ്പ്’ അവർക്കും വന്നു കാണും). ഇപ്പോൾ ഈ കലാലയ ജീവിതം കൂടി അവസാനിക്കുമ്പോൾ, അനാവശ്യമായ ഉപദേശങ്ങളെയും വിലക്കുകളെയും നിസാരവത്കരിച്ചു കൊണ്ടു മുന്നോട്ടു പോകാൻ എനിക്ക് സാധിക്കുന്നു. അങ്ങനെ തന്നെയാണു മുന്നോട്ടു പോകുന്നതും.

പുണ്യ ഉൾപ്പെടുന്ന പുതിയ തലമുറ വായനയെയും എഴുത്തിനെയും എത്രമാത്രം ഗൗരവമായാണു കാണുന്നത്? എത്രപേരിലേക്ക് ഈ കഥകൾ ചെല്ലുന്നുണ്ടാകാം? കഥകളോടുള്ള വായനക്കാരുടെ പ്രതികരണങ്ങളിൽ നിന്നു പുണ്യയ്ക്കു മനസ്സിലാക്കാൻ സാധിക്കുന്നതെന്താണ്?

വായന നശിക്കുന്നു, പുതിയ കുട്ടികൾക്ക് വായനാശീലമില്ല എന്നൊക്കെ വെറുതെ പറയുന്നതാണ്. വായനയെയും എഴുത്തിനെയും ഗൗരവമായി കാണുന്ന എത്രയോ പേരുണ്ട് എന്റെ തലമുറയിൽ, എന്റെ സുഹൃദ്‌വലയങ്ങളിൽ. വായന എക്കാലത്തുമുണ്ട്. അതിന്റെ മീഡിയങ്ങൾക്ക് മാറ്റമുണ്ടാകുന്നു എന്നു മാത്രം. പുസ്തകങ്ങളിൽ മാത്രം ചുരുങ്ങിക്കിടക്കുന്ന വായനയല്ല ഇപ്പോഴുള്ളത്. സൈബർ ലോകത്തേക്കും മറ്റും വായന പടർന്നു പന്തലിക്കുന്നു. ഓൺലൈൻ മാഗസിനുകൾ, ഓൺലൈൻ വാർത്താ ചാനലുകൾ, ബ്ലോഗുകൾ, വിവിധ സൈബർ പേജുകൾ തുടങ്ങി ഫെയ്സ്ബുക്കിലും വാട്സാപ്പിലും വരെ നമ്മൾ വായിക്കുന്നു. വായനയ്ക്കും എഴുത്തിനുമുള്ള വേദികൾ ഏറെയാണ്. ഒട്ടുമിക്കവരും അത് പ്രയോജനപ്പെടുത്തുന്നുമുണ്ട്. ‘വാട’ എന്ന കഥ പ്രസിദ്ധീകരിക്കപ്പെട്ടതും ഒരു ഓൺലൈൻ മാഗസിനിലാണ്. ഞാൻ വിചാരിച്ചതിലും എത്രയോ അധികം മനുഷ്യരാണു കഥ വായിച്ചത്. മൂന്ന് - നാല് ദിവസങ്ങൾ കൊണ്ട് നൂറു കണക്കിനു സന്ദേശങ്ങൾ വന്നു. ഇതിൽ കേരളത്തിന്റെ പല ഭാഗത്തു നിന്നുള്ളവരും ഇന്ത്യക്ക് പുറത്തുള്ള മലയാളികളും ഉൾപ്പെടും. ഫോൺ വിളിച്ചും കത്തയച്ചും ചിലർ അഭിനന്ദനങ്ങൾ അറിയിച്ചു. വൈകാരികമായാണ് മിക്ക വായനക്കാരും പ്രതികരിച്ചത്. ഇത്രയധികം വായിക്കപ്പെട്ടു എന്നതിൽ സ്നേഹവും സന്തോഷവുമുണ്ട്. കഥ വായിച്ചവരിലും പ്രതികരിച്ചവരിലും ഭൂരിഭാഗവും എന്റെ തലമുറയിലുള്ളവർ തന്നെയാണ്.

punya-3

പുതിയ തലമുറയിൽ പുണ്യയ്ക്ക് ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാർ ആരൊക്കെയാണ്? ആരെയൊക്കെ സ്ഥിരമായി പിന്തുടരുന്നു?

അഞ്ചോ ആറോ ക്ലാസ്സിൽ പഠിക്കുമ്പോഴാണ് മലയാളത്തിലെ സാഹിത്യ രചനകളൊക്കെ വായിക്കാൻ തുടങ്ങുന്നത്. അതുവരെ ബാലപ്രസിദ്ധീകരണങ്ങളായിരുന്നു വായിച്ചിരുന്നത്. ഫിക്‌ഷനാണ് ഏറെയും വായിക്കാനിഷ്ടപ്പെട്ടത്. വായനയുടെ തുടക്കത്തിൽ ബഷീർ, എംടി, നന്തനാർ, മുട്ടത്തു വർക്കി, ചെറുകാട്, സുമംഗല, എസ്.കെ. പൊറ്റെക്കാട്ട് എന്നിവരെയൊക്കെയായിരുന്നു ഇഷ്ടം. പിന്നീടു ലളിതാംബിക അന്തർജനം, ഒ.വി. വിജയൻ, മാധവിക്കുട്ടി, കാരൂർ, ഉറൂബ് എന്നിവരെയും എം.സുകുമാരൻ, എൻ.എസ്. മാധവൻ, ബെന്യാമിൻ, കെ.ആർ. മീര, മുണ്ടൂർ കൃഷ്ണൻകുട്ടി, സാറാ ജോസഫ്, ടി.ഡി. രാമകൃഷ്ണൻ, അഷിത, വി.ആർ. സുധീഷ്, പ്രിയ എ.എസ്., സന്തോഷ് ഏച്ചിക്കാനം... അങ്ങനെയാണു വായന തുടർന്നത്. മറ്റു ഭാഷകളിൽ ഹെമിങ് വേ, ദസ്തയേവ്സ്കി, മാർക്വിസ്, വിർജീനിയ വുൾഫ് തുടങ്ങി ചുരുക്കം വായനയേയുള്ളു. ആരെയും സ്ഥിരമായി പിന്തുടരാറില്ല. പല പല എഴുത്തുകാരെ വായിക്കാനുള്ള ശ്രമമാണ്. പുതിയ തലമുറയിൽ ധാരാളം നല്ല എഴുത്തുകൾ വരുന്നുണ്ട്. ജി.ആർ. ഇന്ദുഗോപൻ, ഇ. സന്തോഷ് കുമാർ, യമ, വിനോയ് തോമസ്, മിനി പി.സി., ജിസ ജോസ് എന്നിവരുടെയൊക്കെ എഴുത്തുകൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴാണ് വായനയെ കുറച്ചുകൂടി ഗൗരവമായി കാണാൻ തുടങ്ങിയത്. മലയാളത്തിൽ കൂടാതെ മറ്റു ദേശങ്ങളിലെ /ഭാഷകളിലെ എഴുത്തുകാരെയും ഇപ്പോൾ വായിക്കാൻ ശ്രമിക്കുന്നു.

punya-4

ഈയടുത്തു വായിച്ചതിൽ ഏറ്റവും ആഴത്തിൽ സ്പർശിച്ച ഒരു പുസ്തകത്തെപ്പറ്റി / കഥയെപ്പറ്റി പറയാമോ.

പലവട്ടം കേട്ടിട്ടുള്ളതും ഉത്തരം പറയാൻ ബുദ്ധിമുട്ടുള്ളതുമായ ചോദ്യമാണിത്. കുറെ പുസ്തകങ്ങൾ എന്നെ വല്ലാതെ വീർപ്പുമുട്ടിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ശരാശരി വായനക്കാരെയൊക്കെ പിടിച്ചുലച്ച മഞ്ഞും ആടുജീവിതവും കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാനും സൂര്യനെ അണിഞ്ഞ ഒരു സ്ത്രീയും ആലാഹയുടെ പെൺമക്കളും കടൽത്തീരത്തും ഒക്കെ അതിലുൾപ്പെടും. ഷെമി എന്ന എഴുത്തുകാരിയുടെ ‘നടവഴിയിലെ നേരുകൾ’ എന്ന പുസ്തകം ഒരു കാലത്ത് ഉറക്കം കെടുത്തിയിരുന്നു. മനോജ് കുറൂറിന്റെ ‘നിലം പൂത്ത് മലർന്ന നാളും’ പ്രദീപൻ പാമ്പിരിക്കുന്നിന്റെ ‘എരി’ എന്ന പുസ്തകവുമൊക്കെ ഈയടുത്താണു വായിക്കുന്നത്. ഇഷ്ടപ്പെട്ട പുസ്തകങ്ങളാണതൊക്കെ. വായിക്കാൻ വൈകിയെങ്കിലും എഴുതിത്തുടങ്ങിയ വ്യക്തി എന്ന നിലയിൽ എന്നെയേറെ സ്വാധീനിച്ച പുസ്തകങ്ങളാണ് എംടിയുടെ കാഥികന്റെ കലയും വിർജീനിയ വുൾഫിന്റെ എ റൂം ഓഫ് വൺസ് ഓണും. സലീം ഷെരീഫിന്റെ ‘പൂക്കാരൻ’ എന്ന കഥ വ്യത്യസ്തമായനുഭവപ്പെട്ടു. പ്രിയപ്പെട്ട വത്സൻ മാഷുടെ (ടി. ശ്രീവത്സൻ) ‘യാതനാശരീരം’ എന്ന കഥ വല്ലാതെ ശ്വാസം മുട്ടിച്ചു. 2015ൽ അംബികാസുതൻ മാങ്ങാട് എഴുതിയ ‘പ്രാണവായു’ എന്ന കഥ അവിചാരിതമായാണു രണ്ടു ദിവസം മുമ്പേ വായിച്ചത്. ജീവൻ നിലനിർത്താനുള്ള പ്രാണവായുവിനു വേണ്ടി മനുഷ്യർ വെപ്രാളപ്പെട്ട് പിടയുന്ന പരിസരത്തു നിന്നു കൊണ്ട് ആ കഥ വായിക്കുന്നതു നമ്മെ വല്ലാത്തൊരവസ്ഥയിലേക്കെത്തിക്കും.

ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നത് എന്താണ്? 

നിലവിൽ കഥയൊന്നും എഴുതുന്നില്ല. എന്നാൽ എന്തെങ്കിലുമായൊക്കെ നിരന്തരം എഴുതാറുണ്ട്. ഇപ്പോൾ വായിക്കാനാണു സമയം കണ്ടെത്തുന്നതും മാറ്റിവയ്ക്കുന്നതും. കഴിഞ്ഞ ദിവസം യുട്യൂബിൽ കെ. സച്ചിദാനന്ദനും ബെന്യാമിനും അവരുടെ വായനയെക്കുറിച്ചു സംസാരിക്കുന്നത് കേൾക്കാനിടയായി. ഒരു മനുഷ്യജീവിതത്തിൽ ഇത്രയൊക്കെ വായിച്ചു തീർക്കാനാകുമോ എന്ന് അതിശയം തോന്നും. അത്രയധികം പുസ്തകങ്ങൾ! വലിയ പ്രചോദനമാണ് അവരുടെയൊക്കെ വായനാനുഭവങ്ങൾ. ഇനി പ്രസിദ്ധീകരിച്ചു വരിക ഏതാണ് എന്നറിയില്ല. വല്ലപ്പോഴുമേ എഴുതാറുള്ളൂ. അങ്ങനെയേ എഴുതാൻ കഴിയാറുള്ളൂ എന്നു പറയുന്നതാകും ശരി. എഴുതിയ കഥകൾ എനിക്ക് അടുപ്പവും വിശ്വാസവുമുള്ള ചിലർക്ക് അയച്ചുകൊടുത്ത് അവരുടെ പോസിറ്റീവ് അഭിപ്രായമുണ്ടെങ്കിലേ ഏതെങ്കിലും മുഖ്യധാരാ മാധ്യമത്തിലേക്ക് അയക്കാറുള്ളൂ. അയച്ചതു ഭൂരിഭാഗവും നിരസിക്കപ്പെട്ടിട്ടേയുള്ളൂ. ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ കാത്തിരുന്നിട്ടുണ്ട്. മറുപടിയൊന്നും വരാത്ത പക്ഷം ആ കഥ മറ്റേതെങ്കിലും പ്രാദേശികമായ, എന്നാൽ ധാരാളം വായനക്കാരുള്ള പ്രസിദ്ധീകരണങ്ങളിലേക്ക് അയച്ചു കൊടുക്കും. പ്രസിദ്ധീകരിച്ചു വരും. ആദ്യമൊക്കെ തിരസ്ക്കരിക്കപ്പെടുന്നതിൽ വിഷമം തോന്നിയിരുന്നു. ‘നിരന്തരമായ റിജക്‌ഷൻസ് സാഹിത്യത്തിൽ പ്രതീക്ഷിക്കണമെന്ന്... പ്രണയത്തിൽ പോലും ഇത്രയും നിരസിക്കപ്പെടലുകൾ നേരിടേണ്ടി വരില്ലെന്ന്’ കളിയും കാര്യവുമായി പറഞ്ഞു തന്നതു പ്രിയപ്പെട്ട ബെന്യാമിനാണ്. ഇപ്പോൾ റിജക്‌ഷൻസ് എന്നെയത്ര ബാധിക്കുന്ന കാര്യമല്ല. നിരസിക്കപ്പെട്ടാലും ഇല്ലെങ്കിലും എഴുതാതിരിക്കാനാവില്ലല്ലോ...!

English Summary : Puthuvakku column written by Ajish Muraleedharan - Talk with writer Punya CR

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA
;