ADVERTISEMENT

ആധുനിക കേരളത്തിലെ തലയെടുപ്പുള്ള വനിതാ രാഷ്ട്രീയ നേതാവാണ് കെ.ആർ.ഗൗരിയമ്മ. 102 വയസ്സ് പിന്നിട്ട ആ  വിപ്ലവനായിക പിന്നിട്ട വഴികളും  ഇടയിലുണ്ടായ ചില വിവാദങ്ങളുമാണ്  2011ലെ  കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ആത്മകഥ പറയുന്നത്.ഒരിക്കൽ  സർക്കാരിനെതിരെ പ്രസംഗിച്ചെന്ന കുറ്റത്തിന്  അറസ്റ്റിലായ കെ.ആർ.ഗൗരിയമ്മയെ കോടതി തിരുവനന്തപുരം സെൻട്രൽ ജയിലേയ്ക്ക് അയച്ചു. അവിടെ എത്താൻ വൈകിയതുകാരണം രാത്രി  സെക്രട്ടേറിയറ്റിനു സമീപത്തെ  പൊലീസ് സ്റ്റേഷനിൽ കഴിയേണ്ടി വന്ന അവർക്ക്  ലോക്കപ്പ് മുറിയിൽ കിടക്കാനായി  പായും തലയിണയുകൊടുക്കാനെത്തിയ  ഹെഡ് കോൺസ്റ്റബിൾ  പറഞ്ഞു.. ഞാൻ പായും  തലയിണയും  കൊടുത്തു ലോക്കപ്പിൽ  താമസിച്ചവരെല്ലാം  മന്ത്രിയായിട്ടുണ്ട്.  പട്ടം താണുപിള്ളസാറിന്  ഈ മുറിയിൽ പായും തലയിണയും  കൊടുത്തത് ഞാനാണ്. സാറും  മന്ത്രിയാകും. അപ്പോൾ എന്നെ മറക്കരുത്. അദ്ദേഹം പറഞ്ഞത് യാഥാർഥ്യമായി. ഗൗരിയമ്മ മന്ത്രിയായി. ഒരു തവണയല്ല. പല തവണ. ഇടതുപക്ഷ മന്ത്രിസഭയിൽ മാത്രമല്ല യുഡിഎഫ് മന്ത്രിസഭയിലും.  

വക്കീലായി ജോലി നോക്കുന്ന കാലത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കൂട്ടാക്കാതെ കരഞ്ഞ് ബഹളമുണ്ടാക്കിയ ആളാണ് ഗൗരിയമ്മ എന്നു കൂടി ഓർക്കണം.  ചേർത്തല നിയോജക മണ്ഡലത്തിൽ കമ്യൂണിസ്റ്റ് സ്ഥാനാർഥിയായി തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് തിരുവിതാംകൂർ സെൻട്രൽ കമ്മിറ്റി തീരുമാനിച്ച വിവരം അറിഞ്ഞപ്പോൾ  ഇടിവെട്ടറ്റപോലെയായിരുന്നു. ഉറക്കെ കരഞ്ഞ അവർ ഞാൻ സ്ഥാനാർഥിയായി നിൽക്കില്ലെന്നു ഭ്രാന്തിയെപ്പോലെ പറഞ്ഞുകൊണ്ടിരുന്നു. പാർട്ടി നേതാവായ കുമാരപ്പണിക്കരാണ് യഥാർഥ സ്ഥാനാർഥിയെന്നും അദ്ദേഹം ഒളിവിൽ കഴിയുന്നതിനാൽ ഡമ്മിയായി മാത്രം നിന്നാൽ മതിയെന്നും പണിക്കരുടെ പേരിലുള്ള വാറണ്ട് പിൻവലിച്ചു പുറത്തുവന്നാൽ അദ്ദേഹം  തന്നെ സ്ഥാനാർഥിയാകുമെന്നും പറഞ്ഞാണ് പാർട്ടി പ്രവർത്തകർ ഗൗരിയമ്മയെ ആശ്വസിപ്പിച്ചത്. പക്ഷേ, പണിക്കർക്ക് ഒളിവിൽ നിന്നു പുറത്തുവരാൻ സാധിക്കാത്തതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വന്ന ഗൗരിയമ്മയ്ക്കു തോൽവിയായിരുന്നു ഫലം. എങ്കിലും  ജനങ്ങൾക്കു കൊടുത്ത വാഗ്ദാനം  തോറ്റതിന്റെ പേരിൽ പിൻവലിക്കാൻ പാടില്ലെന്നു വിശ്വസിച്ചു പ്രവർത്തിച്ചു. വിമർശനങ്ങളും കളിയാക്കലുകളും  പിൻതിരിപ്പിച്ചില്ല. അങ്ങനെയാണ് അവർ വക്കീലന്മാരുടെ ലോകത്തുനിന്നും സാധാരണക്കാരുടെ ലോകത്തേക്ക് എത്തുന്നത്. 

മാർക്സിസ്റ്റ് പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ടത്തിനു ശേഷം ഉണ്ടായ തിക്താനുഭവങ്ങൾ ഗൗരിയമ്മ ആത്മകഥയിൽ വിവരിക്കുന്നുണ്ട്. പുറത്താക്കപ്പെട്ടവർ പിന്നെ ജീവിച്ചുകൂടാ എന്നാണ് ആ പാർട്ടി സ്വീകരിച്ചിരുന്ന തത്ത്വമെന്ന് ആരോപിക്കുന്ന അവർ  ജനസേവനമായി കരുതിയ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള  സൗകര്യം നിഷേധിച്ചതിൽ ഏറെ  വേദനിച്ചതായും പറയുന്നു. 

എറണാകുളം മഹാരാജാസ് കോളജിൽ പഠിക്കുന്ന കാലത്തെ രസകരമായ ഒരനുഭവം ആത്മകഥയിലുണ്ട്.  ഒരു ദിവസം  മലയാളം പഠിപ്പിക്കുന്ന കുറ്റിപ്പുഴ സാർ കുട്ടികളോട് ചോദിച്ചു.  നിങ്ങൾ ചങ്ങമ്പുഴ എന്ന കവിയെപ്പറ്റി കേട്ടിട്ടുണ്ടോ. കുട്ടികൾ എല്ലാവരും ഏകസ്വരത്തിൽ ഉണ്ടെന്നു വിളിച്ചു പറഞ്ഞു. ആ ചങ്ങമ്പുഴയെ നിങ്ങൾക്കു കാണണോ എന്നായി സാറിന്റെ അടുത്ത ചോദ്യം. കുട്ടികൾ ആവേശത്തോടെ  പറഞ്ഞു. വേണം. അപ്പോൾ സാർ വിളിച്ചുപറഞ്ഞു. എടോ ചങ്ങമ്പുഴേ  താൻ ഒന്നു എഴുന്നേറ്റു നിൽക്കൂ, ഇവരൊന്നു കാണട്ടേ. എല്ലാവരുടെയും നോട്ടം ആൺകുട്ടികൾ ഇരിക്കുന്ന ഭാഗത്തേക്കായി. അവരുടെ ഇടയിൽ കറുത്തുമെലിഞ്ഞ് പൊക്കം  കൂടിയ ഒരാൾ എഴുന്നേറ്റു നിൽക്കുന്നു. ചങ്ങമ്പുഴ കൃഷ്ണപിള്ള. കുട്ടികൾ നിർന്നിമേഷരായി വീണ്ടും വീണ്ടും നോക്കി. തങ്ങളു സ്നേഹനിശ്വാസങ്ങളുടെ കവി അതാ കൺമുന്നിൽ. സ്വന്തം ക്ലാസ് മുറിയിലിരിക്കുന്ന കറുത്തുമെലിഞ്ഞ സഹപാഠി പ്രശസ്ത കവി ചങ്ങമ്പുഴയായിരുന്നുവെന്ന് അപ്പോഴാണ് മറ്റു കുട്ടികളെല്ലാം തിരിച്ചറിയുന്നത്. പിന്നെ കുറച്ചു കാലത്തേക്ക് കുട്ടികൾക്ക് , പ്രത്യേകിച്ച് പെൺകുട്ടികൾക്ക് കവിയെ കാണലും  പരിചയപ്പെടലുമായിരുന്നു പണി. 

 

കെ.ആർ.ഗൗരിയമ്മ

ജനനം: 1919 ജൂലായ് 14ന്  ആലപ്പുഴയിൽ

പിതാവ്:കളത്തിപറമ്പിൽ രാമൻ

മാതാവ്: പാർവതിയമ്മ

file-image-athmakathayanam-column-by-dr-mk-santhosh-kumar-on-k-r-gouri-amma
ടി.വി.തോമസും കെ.ആർ.ഗൗരിയമ്മയും

ഭർത്താവ് : ടി.വി.തോമസ്

തുറവൂർ തിരുമല ദേവസ്വം സ്കൂൾ, ചേർത്തല ഇംഗ്ലിഷ് മീഡിയം സ്കൂൾ, എറണാകുളം മഹാരാജാസ് കോളജ്, സെന്റ് തേരാസസ് കോളജ്, തിരുവനന്തപുരം ഗവ.ലോ കോളജ് എന്നിവിടങ്ങളിൽ പഠനം.

വിദ്യാർഥി രാഷ്ട്രീയത്തിലും കമ്യൂണിസ്റ്റ് പാർട്ടിയിലും പ്രവർത്തിച്ചു. തൊഴിലാളി യൂണിയനുകളിലും കർഷക പ്രസ്ഥാനത്തിലും സജീവമായിരുന്നു.കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ റവന്യുമന്ത്രി. രാഷ്ട്രീയനേതാവും മന്ത്രിയുമായിരുന്ന ടി.വി.തോമസിനെ  വിവാഹം ചെയ്തു. ഏറെക്കാലം മഹിളാ സംഘത്തിന്റെ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു.   പാർട്ടി വിഭജനത്തിനുശേഷം സിപിഐ(എം)ൽ ചേർന്ന ഗൗരിയമ്മ 1967, 80, 87 കാലത്ത്  ഇടതുപക്ഷ മന്ത്രിസഭയിൽ അംഗമായി. പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ടതോടെ ജനാധിപത്യ സംരക്ഷണസമിതി രൂപീകരിച്ചു. 2001–ൽ യുഡിഎഫ് മന്ത്രിസഭയിൽ കൃഷി മന്ത്രിയായി. തിരുവിതാംകൂറിൽ ആദ്യമായി ബിഎൽ  പാസായ ഈഴവ പെൺകുട്ടി, ചേർത്തല കോടതിയിലെയും  തിരുവിതാംകൂറിൽ  നിന്ന് ഈഴവ സമുദായത്തിലെയും ആദ്യ വനിത അഭിഭാഷക,ഏറ്റവും പ്രായം കൂടിയ  നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങി ഒട്ടേറെ വിശേഷണങ്ങളുണ്ട് ഗൗരിയമ്മയുടെ ജീവിത രേഖയിൽ.

English Summary : Athmakathayanam Column by Dr. M. K. Santhosh Kumar on K. R. Gouri Amma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com