ADVERTISEMENT

ബുദ്ധമതക്കാർക്കിടയിൽ ഒരു ധ്യാന ആചാരം ഉണ്ട്. മരണവിചാരം ഉണർത്തുന്ന പ്രാർഥനാരീതിയാണത്. ഒരു പക്ഷി നമ്മുടെ തോളിൽ വന്നിരിക്കുന്നതായി വിചാരിക്കുക. ആ പക്ഷി മൂന്ന് ചോദ്യങ്ങൾ ചെവിയിൽ ചോദിക്കും. ഇന്നാണോ ആ ദിവസം? യാത്രയ്ക്ക് ഒരുങ്ങിയോ? ആരോടെങ്കിലുമുള്ള പരിഭവം പറഞ്ഞു തീർക്കാനുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് അന്നത്തെ ജീവിതം.    

 

അനുരൂപപ്പെടാനും അതിജീവിക്കാനും കഴിയുന്നവർക്കു മാത്രമാണ് അർഹിക്കുന്ന അംഗീകാരം ലഭിക്കുക. അനുദിന കർമങ്ങൾ അനുയോജ്യമാണെങ്കിൽ പിന്നെ അലങ്കാര പ്രവൃത്തികൾക്കുവേണ്ടി പ്രത്യേക സമയമോ ശ്രമമോ ആവശ്യമില്ല. നല്ല ആരോഗ്യശീലങ്ങൾ തുടരുന്നവർക്ക് മഴക്കാലത്തേക്കു മാത്രമായി ഒരുങ്ങേണ്ടതില്ല. ഓരോ ദിവസത്തെയും കണക്കുകൾ കൃത്യമായി സൂക്ഷിക്കുന്നവർക്കു വാർഷിക കണക്കെടുപ്പിന്റെ തലേദിവസം ഉറക്കം നഷ്ടപ്പെടുത്തേണ്ട ആവശ്യമില്ല. ഒരു ദിവസവും വീട് വൃത്തിയാക്കാത്തവർ വിരുന്നുകാരെത്തുന്ന ദിവസം വിയർക്കും. കാലങ്ങളായി വസിച്ചിരുന്നിടത്തു നിന്ന് വിടപറയുമ്പോൾ ചെയ്യുന്ന ചില കർമങ്ങളുണ്ട്. എല്ലാവരോടും യാത്ര പറയും, ആവശ്യമുള്ളത് മാത്രം പൊതിഞ്ഞെടുക്കും, പിണക്കമുള്ളവർക്കും കൈ കൊടുക്കും. 

 

അവസാന ദിനം എന്നാണെന്ന് അറിയില്ലെങ്കിൽ പിന്നെ എല്ലാ ദിനവും അതാണെന്നു കരുതി ഉത്തരവാദിത്വത്തോടെയും ഉത്സാഹത്തോടെയും ജീവിക്കുക എന്നതാണ് ഏകമാർഗം. ഓർക്കാപ്പുറത്തു വരുന്നതെല്ലാം സംഘർഷം സൃഷ്ടിക്കും, വിധി ആയാലും വിരുന്നുകാർ ആയാലും. ഒരുങ്ങിയിരിക്കുക എന്നതാണ് പരിഹാരം. തയാറെടുത്തിരിക്കുന്ന ആളുകൾക്ക് അവസാന നിമിഷത്തെ സംഭ്രമമോ അസംതൃപ്തിയോ കുറ്റബോധമോ ഉണ്ടാകില്ല. ജനിക്കുന്നവരെല്ലാം മരിക്കുമെന്ന് ഉറപ്പുണ്ടായിട്ടും നിരർഥകവും നിരാശാജനകവുമായ ജീവിതം നയിക്കുന്നതിന് ആരാണുത്തരവാദി? എപ്പോൾ അവസാനിപ്പിക്കേണ്ടി വന്നാലും അന്തസ്സോടെയും ആദരമർഹിക്കുന്ന വിധവും അവസാനിപ്പിക്കാൻ കഴിഞ്ഞാൽ അതാണ് കുലീന ജീവിതം. കടപ്പാടുകൾ ഇല്ലാതെ ജീവിക്കാനായെന്നു വരില്ല. പക്ഷേ മുറിപ്പാടുകൾ സൃഷ്ടിക്കാതെയാണു ജീവിക്കുന്നത് എന്ന് ഉറപ്പുവരുത്തണം. 

 

English Summary: Subhadinam, Thoughts for the day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com