ADVERTISEMENT

‘അണ്ടർവെയർ’ - ഇത് സത്യമായും ഒരു നാടകത്തിന്റെ പേരാണ്. എഴുതിയത് എൻ.എൻ.പിള്ള തന്നെ. മറ്റേതെങ്കിലും നാടകകൃത്തിന് ഇത്തരമൊരു പേര് തന്റെ  സൃഷ്ടിക്കു നൽകാൻ ധൈര്യം ഉണ്ടാകുമോ? സംശയമാണ്.  കഥയിലും കവിതയിലും എല്ലാം അതിർവരമ്പുകൾ തകർത്തു മുന്നേറാൻ ശ്രമം നടക്കുന്ന ഇക്കാലത്തു പോലും ഒരു നാടകത്തിന് ഇത്തരമൊരു പേരിടുന്നതിനോട് യോജിക്കുന്നവർ ഉണ്ടാകുമോ എന്നറിയില്ല. അഥവാ അങ്ങനെ ഒരു പേര് കണ്ടാൽ അവജ്ഞയോടെ തള്ളിക്കളയുക മാത്രമേ ഉണ്ടാവുകയുള്ളു താനും. അപ്പോൾ ഇൗ നാടകം എഴുതിയ കാലത്ത് ഉണ്ടായിയ പുകിലുകൾ ചില്ലറയായിരുന്നിരിക്കില്ലല്ലോ.  വിമർശനങ്ങളുടെ കൂരമ്പുകൾ മൂർച്ച കൂട്ടി പിള്ളയ്ക്കു നേരേ എയ്തവർ തീർച്ചയായും ഉണ്ടായിട്ടുണ്ടാകണം. പുച്ഛത്തോടെ പിള്ള അത് തട്ടിത്തെറിപ്പിച്ചിട്ടുമുണ്ടാകണം. 

ഇനി നാടകത്തിലേക്ക് കടക്കാം.

പുതുവാൾ, ഭാര്യ വാസന്തി, അനന്തൻ, ഗോപാൽ എന്നീ നാലു പേരാണ് ഇതിലെ കഥാപാത്രങ്ങൾ. പുതുവാൾ ഓഫിസിൽ ഇട്ടുകൊണ്ടുപോയ ‘അണ്ടർവെയർ’  അപ്രത്യക്ഷമായത് ഭാര്യ വാസന്തി കണ്ടെത്തുന്നു. ഭർത്താവിന്റെ അടിവസ്ത്രമല്ലേ. അത് യഥാസ്ഥാനത്ത് കണ്ടില്ലെങ്കിൽ അതിന്റെ പിന്നിലെ രഹസ്യം തേടിപ്പോകേണ്ടത് ഉത്തമയായ ഭാര്യയുടെ ഉത്തരവാദിത്തമല്ലേ. 

NN Pillai
എൻ.എൻ.പിള്ള

വാസന്തി അത് ഭംഗിയായി നിർവഹിക്കുന്നതും തുടർന്നുള്ള സംഭവപരമ്പരയുമാണ് നാടകത്തിന്റെ മൂലകഥ. 

മൂലക്കുരു പൊട്ടി അതിൽ ചോര പടർന്നതുകൊണ്ട് ഊരിക്കളഞ്ഞതാണ് എന്ന പുതുവാളിന്റെ തുറന്നു പറച്ചിൽ വാസന്തിക്ക്  വകവച്ചു കൊടുക്കാൻ തോന്നുന്നില്ല.  ആനി എന്ന, പുതുവാളിന്റെ സ്വന്തം ടൈപ്പിസ്റ്റിന്റെ വീട്ടിൽ ആയിരിക്കും ആ ‘അണ്ടർവെയർ’ എന്നുവരെ അവർ പറഞ്ഞുവയ്ക്കുന്നു. പുതുവാൾ ധർമസങ്കടത്തിലായി. ഇരുവർക്കുമിടയിലെ സംഭാഷണം കയറിയിറങ്ങി ബന്ധം തന്നെ മുറിഞ്ഞു പോകും എന്ന നിലയിലേക്ക് മുതലക്കൂപ്പ് നടത്തി. 

ഒടുവിൽ സംശയനിവാരണത്തിനും പ്രതിസന്ധി പരിഹരിച്ച് എങ്ങനെയും കുടുംബജീവിതം തകരാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനും  കുടുംബസുഹൃത്ത് അനന്തന്റെ വീട്ടിൽ പുതുവാളും വാസന്തിയും എത്തുന്നു. ഇരുവരെയും കണ്ട് ‘സംതിങ് ഇസ് റോങ് സംവെയർ...’ എന്ന് അനന്തൻ ഉത്കണ്ഠപ്പെടുമ്പോൾ ‘യെസ്, ഇൻ ആൻ അണ്ടർവെയർ ’ എന്നാണ് പുതുവാളിന്റെ മറുപടി. യാഥാർഥ്യം വിശദീകരിക്കുന്നതിനിടയിൽ അനന്തന്റെ കട്ടിലിൽനിന്ന് വാസന്തിയുടെ അരയിൽ കിടന്ന അരപ്പവന്റെ ഏലസ് പുതുവാളിനു കിട്ടുന്നതോടെ വാദി പ്രതിയാകുന്നു. അപ്രതീക്ഷിതമായ ക്ലൈമാക്സ് ഒരുക്കി രസകരമായി മുന്നേറുന്നു എൻ.എൻ.പിള്ളയുടെ ഈ കൊച്ചുനാടകം. 

English Summary : N N Pillai's one act play Underwear

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com