ജാതവേദരെഴുതുമ്പോൾ കഥകൾക്കു കനമേറുന്നു

HIGHLIGHTS
  • രവിവർമ തമ്പുരാൻ എഴുതുന്ന പംക്തി – പുസ്തകക്കാഴ്ച
  • ഒരേ സമയം പുസ്തകവും എഴുത്തുകാരനും സംസാരിക്കുന്ന ഇടം
Manoj Jadavedar
മനോജ് ജാതവേദര്
SHARE

കഥകൾക്കു കനമേറുകയോ? അതെങ്ങനെ? കനമേറുമ്പോൾ ഭാരം കൊണ്ട് വീണുപോവുകയില്ലേ?

പൂരു എന്ന കഥയിൽ മനോജ് ജാതവേദര് ഒരു ബസിനെ വിവരിക്കുന്നതിങ്ങനെ.

ഏറ്റവും മുൻവശത്തായിട്ടായിരുന്നു കണ്ടക്ടറുടെ സീറ്റ്. യാത്രക്കാർക്ക് പുറംതിരിഞ്ഞ്, ഏറ്റവും പിന്നിൽ ഡ്രൈവറുടെ സീറ്റ്. കണ്ടക്ടറുടെ സീറ്റിനു പിന്നിൽ കയറാനും ഇറങ്ങാനുമുള്ള വാതിൽ. വയ്യ, വർണിക്കുന്നതിൽ ഭേദം വരച്ചുകാണിക്കുന്നതാണ്, ചിലപ്പോഴെങ്കിലും. ഏകദേശം ഇങ്ങനെ...  

എന്നു പറഞ്ഞ ശേഷം പിൻഭാഗത്ത് ഡ്രൈവറും മുൻഭാഗത്ത് കണ്ടക്ടറും പിന്നിലേക്കും, ഇവർക്കിടയിൽ യാത്രക്കാരെല്ലാം മുന്നിലേക്കും തിരിഞ്ഞിരിക്കുന്ന ബസിന്റെ, കൈകൊണ്ടുവരച്ച പടവും കൊടുത്തിരിക്കുന്നു. ബാല്യകാലത്തേക്കു പോകുന്ന ബസാണിത്. 

നാടാകെ തലതിരിഞ്ഞോടുമ്പോൾ അതെഴുതാൻ പ്രത്യുൽപന്നമതിയായ ഒരു കഥാകൃത്തിന് അവലംബിക്കേണ്ടിവരുന്ന വിചിത്രമാർഗമാണ് ഈ എഴുത്ത്. ഹരിശ്ചന്ദ്രൻ, ഋഷ്യശൃംഗൻ തുടങ്ങിയവർക്കു പുറമെ പ്രമേയമന്വേഷിച്ചുപോകുന്ന ഒരു നോവലിസ്റ്റും ചെറുകഥാകൃത്തിനെ അന്വേഷിച്ചുപോകുന്ന ഒരു പ്രമേയവും കൂടി ബസിലെ യാത്രികരാണ്. 

നീണ്ട യാത്രയ്ക്കു ശേഷം ബാല്യകാലത്തെത്തുമ്പോൾ അവിടെയിറങ്ങാൻ പ്രമേയം മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. എല്ലാവരും ഇടയ്‌ക്കെവിടെയൊക്കെയോ ഇറങ്ങിപ്പോയിരുന്നു. കൈത്തണ്ടയിലെ ഞരമ്പ് കടിച്ചുമുറിച്ച് ഓർമകൾ വാർന്നുപോയി നോവലിസ്റ്റ് ജീവച്ഛവമായിക്കഴിഞ്ഞിരുന്നു. ചണ്ടി കണക്കെ അയാളുടെ മൃതദേഹം കാൽകൊണ്ട് തട്ടിനീക്കി പ്രമേയം പുറത്തിറങ്ങി. ശക്തിയായി കാറ്റ് വീശുന്നുണ്ടായിരുന്നു. കാറ്റിൽ അവളുടെ മുടിയിഴകൾ പറന്നു. നോക്കിൽ, അവളുടെ കണ്ണിൽ സൂര്യോദയങ്ങൾ ജ്വലിച്ചു.

പത്തുവർഷം മുമ്പ് പ്രസിദ്ധീകരിച്ച രാത്രിയിൽ യാത്രയില്ല എന്ന സമാഹാരത്തിലാണ് ഈ കഥയുള്ളത്. അപ്പോൾ അതിനും മുമ്പെപ്പോഴോ ആവണം കഥയെഴുതിയത്. തലതിരിഞ്ഞോടുന്നൊരു നാടിനെയും തലതിരിഞ്ഞതിനെ നേരെ നിർത്താനുള്ള ഉത്തരവാദിത്തം മറന്നു കഴിയുന്ന എഴുത്തുകർമികളെയും ഓർത്ത് ഇടയ്‌ക്കൊക്കെ വേവലാതിപ്പെടാറുള്ള എനിക്ക് ഏറ്റവും അർഥവത്തായി തോന്നിയൊരു കഥയാണിത്. ഒരു പക്ഷേ, എഴുതുമ്പോൾ മനോജിന്റെ മനസ്സിലുണ്ടായിരുന്നത് മറ്റെന്തോ ആവാം. എന്നാൽ, വായിക്കുമ്പോൾ എന്റെ മനസ്സിൽ തെളിയുന്ന അർഥമിതാണ്. വേറൊരാൾക്ക് വേറൊരു അർഥം തോന്നിയേക്കാം. അങ്ങനെ ഓരോ വായനക്കാരനും ഓരോ അർഥം കൊടുക്കാൻ കഴിയുന്ന, ഓരോ തവണ വായിക്കുമ്പോഴും ഒരേയാൾക്ക് ഓരോരോ അർഥങ്ങൾ തോന്നിവരുന്ന കഥകളെയാണ് നമ്മൾ കനമുള്ള കഥകൾ എന്നു വിളിക്കുക. മനോജ് ജാതവേദരുടെ എല്ലാ കഥകളും അലസവായനയ്ക്കു പറ്റാത്ത രീതിയിൽ കനപ്പെട്ടതായി മാറുന്നതിന്റെ തെളിയടയാളങ്ങളാണ് ഈ സമാഹാരത്തിലെ ഓരോ കഥയും. 

തല തിരിഞ്ഞോടുന്ന നാടിനെ, തല തിരിഞ്ഞോടുന്ന തന്നെത്തന്നെ അടയാളപ്പെടുത്തുന്ന മറ്റൊരു കഥയാണ് ഞാനോ കടമ്മനിട്ടയും. പത്തനംതിട്ട പട്ടണത്തിൽ കണ്ടു മുട്ടിയൊരാളോടാണ് വഴി ചോദിച്ചത്, കടമ്മനിട്ടയ്ക്കുള്ള വഴി. 

കഷ്ടിച്ച് അഞ്ചു കിലോമീറ്ററേ വരൂ.

പാതിരാനേരത്ത് കഴുകാൻ പിടിച്ചിട്ടൊരു ബസിനടുത്തേക്കു ചെല്ലുമ്പോൾ ജീവനക്കാരൻ ചോദിച്ചു. 

എന്തുവേണം?

കടമ്മനിട്ടയ്ക്കു പോണം.

കടമ്മനിട്ടയോ, അതൊരു കവിതയല്ലേ? 

ജീവനക്കാരൻ തിരിച്ചു ചോദിച്ചു. 

കടമ്മനിട്ട എന്ന ബസിന്റെ ബോർഡിലേക്കു നോക്കി സംശയിച്ചും പകച്ചും നിൽക്കുമ്പോൾ അയാൾ പറഞ്ഞു 

കടമ്മനിട്ട എന്നതൊരു കവിതയാണ്. കവിത മാത്രം. ആ പേരിൽ ഒരു സ്ഥലവും ഇല്ല. സ്ഥലം തിരഞ്ഞുപോയവരാരും തിരിച്ചുവന്നിട്ടുമില്ല. 

ആശയക്കുഴപ്പം തുടർന്നതിനാൽ അയാളോടു വീണ്ടും ചോദിച്ചു.

അപ്പോൾ, കടമ്മനിട്ടയ്ക്കു പോകാൻ ഞാനെന്തു ചെയ്യണം. 

അയാൾ ചൂണ്ടിക്കാണിച്ചു കൊടുത്തു, ലൈബ്രറിയിലേക്കുള്ള വഴി.

അവിടെയുള്ള പുസ്തകങ്ങൾക്കിടയിൽ ഒളിച്ചിരിപ്പുണ്ട്. ആ പുസ്തകം, ആ കവിത. നെല്ലിൻതണ്ടു മണക്കും വഴികൾ... 

അയാൾ ഉച്ചത്തിൽ കവിത ചൊല്ലാനാരംഭിച്ചപ്പോൾ ഉറങ്ങിക്കിടന്ന നഗരം ഞെട്ടിയുണർന്നു.

ആളനക്കമില്ലാത്ത ലൈബ്രറിയിൽ കടമ്മനിട്ട എന്ന കവിത മാത്രം കണ്ടെത്താനാവാതെ വിഷമിച്ചു നിൽക്കുമ്പോൾ പിറകിൽ നിന്നു വന്ന പുരുഷസ്വരം ചോദിച്ചു.

എപ്പഴാ വിഷം തീണ്ടിയത്. 

ആരെ?

നിങ്ങളെ പാമ്പു കൊത്തിയില്ലേ?

ഇല്ല.

അതല്ലല്ലോ ശരി. നിങ്ങളെ വിഷം തീണ്ടിയത് സ്വപ്നത്തിലറിഞ്ഞല്ലേ ഞാനീ വാതിൽ തുറന്നത്.

ഞാൻ കടമ്മനിട്ട എന്ന കവിത തിരഞ്ഞ്...

വിഷ ചികിൽസാ കേന്ദ്രത്തിലാണോ കവിത തിരയുന്നത്. 

എനിക്ക് കടമ്മനിട്ട എന്ന കവിത വേണമായിരുന്നു. 

ആരു പറഞ്ഞു, അങ്ങനൊരു കവിതയുണ്ടെന്ന്. അങ്ങനൊരു കവി മാത്രമേയുള്ളൂ.

ഇങ്ങനെയും തല തിരിഞ്ഞ കാലത്തെ അടയാളപ്പെടുത്താൻ മനോജ് ശ്രമിക്കുന്നു.  ഒരാൾ പറയുന്നു. കടമ്മനിട്ട ഒരു ഗ്രാമമാണെന്ന്. വേറൊരാൾ പറയുന്നു, അതൊരു കവിതയാണെന്ന്. പിന്നൊരാൾ പറയുന്നു. അങ്ങനൊരു കവിതയില്ല. കവിയേയുള്ളൂ എന്ന്. അവസാനം, എന്തു വന്നാലും ഇതൊന്നു കണ്ടുപിടിച്ചിട്ടേയുള്ളൂ എന്നു കരുതി നടന്നു തുടങ്ങുമ്പോൾ .....

manoj-jadavedar-book

ടാറിട്ട റോഡ് പിന്നാലെ വരുന്നുണ്ടായിരുന്നു. കരച്ചിൽ പോലെ, മുദ്രാവാക്യം മുഴക്കി, ചെങ്ങറയിൽ നിന്നുള്ള ഒരു വിലാപയാത്ര പിന്നാലെ വരുന്നുണ്ടായിരുന്നു. 

മഴയും തണുത്ത കാറ്റും പിന്നാലെ വരുന്നുണ്ടായിരുന്നു. 

നിയെങ്ങോട്ടാണ്? എന്ന് വീട്ടിൽ നിന്നിറങ്ങുമ്പോൾ അമ്മ ചോദിച്ച ചോദ്യം പിന്നാലെ വരുന്നുണ്ടായിരുന്നു. 

ഒരു സന്തുഷ്ടമായ ശൂന്യത വഴികാട്ടി പോലെ മുന്നേ പോകുന്നുണ്ടായിരുന്നു. അതുറപ്പാണ്. 

പത്തനംതിട്ടക്കാരനായ കഥാകൃത്ത് കടമ്മനിട്ട എന്ന കവിയെ എഴുതുമ്പോൾ ആകമാന സമൂഹത്തിന്റെ തലതിരിവുകളുടെ എഴുത്തുകൂടിയായി മാറുന്ന അത്ഭുതം ഈ കഥയിൽ സംഭവിക്കുന്നുവെങ്കിൽ അവിടെയാണ് മനോജ് ജാതവേദര് എന്ന എഴുത്തുകാരന്റെ എഴുത്ത് വായനക്കാരനുമുന്നിൽ മാജിക്കായി മാറുന്നത്. മാജിക്കൽ റിയലിസം എന്ന പ്രയോഗത്തിലൊന്നും ഒതുക്കാനാവില്ല ഈ കരവിരുതിനെ. 

നിശാനിയമം എന്ന കഥയിലും  തലതിരിഞ്ഞ കാലത്തിന്റെ  നേർചിത്രമാണ് വാർന്നു വീഴുന്നത്. വസ്ത്രം ധരിച്ചിട്ടും നഗ്നരായി മാത്രം കാണപ്പെടുന്ന മനുഷ്യർ, ചൂടാവാത്ത തീയ്, പതയാത്ത സോപ്പ്, വേവാത്ത അടുക്കള, വെള്ളമൊഴുകാത്ത പൈപ്പ്, അക്ഷരങ്ങൾ ചോർന്നു ശൂന്യമായ പുസ്തകങ്ങൾ, നമ്പരുകൾ വാർന്നു പോയ ടെലിഫോൺ ഡയറക്ടറി..... അങ്ങനെ ഉടനീളം  പ്രത്യക്ഷമാവുന്ന അസാധാരണത്വങ്ങളിലൂടെ കഥയെ കാലത്തിന്റെ കണ്ണാടിയാക്കി നഗരമധ്യത്തിൽ പ്രതിഷ്ഠിക്കാനുള്ള ബിംബമാക്കുന്നു, മനോജ്. 

കണ്ണാടിക്ക് എല്ലാക്കാലത്തും ഒരേ ദൗത്യമാണുള്ളത്. തിരിച്ചറിയാൻ സഹായിക്കുക. കഥയിലൂടെ, ശരിയായ മുഖം പ്രതിഫലിപ്പിച്ചുകാണിക്കുമ്പോൾ എഴുത്തുകാരൻ സമൂഹത്തോടു പറയുന്നത് ഒരൊറ്റ കാര്യമാണ്. ഇതാണു നീ, തിരുത്തണോ തിരുത്താം. ഇല്ലെന്നു വച്ചാൽ അനുഭവിച്ചുകൊള്ളുക. 

ചെറുതും വലുതുമായ 31 കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഓരോ കഥയും ഓരോ ചിന്തയാണ്, ഓരോ കാഴ്ചയാണ്, ഓരോ കണ്ണാടിയാണ്. 

കഥകൾ മൂന്നുതരമുണ്ട്. മനസ്സുകൊണ്ടു വായിക്കാവുന്നവ, ബുദ്ധികൊണ്ടു വായിക്കാവുന്നവ, മനസ്സും ബുദ്ധിയും കൊണ്ടു വായിക്കാവുന്നവ. മനോജിന്റെ കഥകൾ മൂന്നാമത്തെ ഗണത്തിലാണ്. അതുകൊണ്ട് അവ കാലത്തെ അതിജീവിക്കും. അത്തരം എഴുത്തുകൾ കഥയെ കനപ്പെടുത്തും. കനമുള്ള കഥകൾ വായനക്കാരനെ താങ്ങിനിർത്തും, വീണുപോകാതെ.  ഇനി മനോജിനെ കേൾക്കാം. 

രാത്രിയിൽ യാത്രയില്ല എന്ന കഥാസമാഹാരത്തിൽ ആ പേരിൽ ഒരു കഥയില്ല. പക്ഷേ എല്ലാ കഥകളിലും രാത്രി കടന്നു വരുന്നുണ്ട്. അതാകട്ടെ, പലപ്പോഴും  ഭയപ്പെടുത്തുന്ന രീതിയിലാണ്. എഴുത്തുകാരന് രാത്രിയെ പേടിയാണോ?

ശരിയാണ്.  രാത്രിയിൽയാത്രയില്ല എന്ന സമാഹാരത്തിലെ കഥകൾ പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്താൻ തീരുമാനിച്ചപ്പോൾ മുൻപ് പലപ്പോഴും സ്വീകരിച്ചിട്ടുള്ള രീതിയിൽനിന്ന് വ്യത്യസ്തമായി, ആ സമാഹാരത്തിലെ ഏതെങ്കിലും ഒരു കഥയുടെ പേര് ആയിരിക്കണ്ടേ പുസ്തകത്തിന് എന്ന് ആലോചിച്ചു. മാത്രവുമല്ല, ഏതാണ്ട് എട്ടൊമ്പത് വർഷത്തിനിടയിൽ പ്രസിദ്ധീകരിച്ചു വന്ന കഥകളാണ് ആ സമാഹാരത്തിൽ ഉണ്ടായിരുന്നത്. തികച്ചും ഉദാസീനത കൊണ്ടായിരുന്നു ആ വലിയ കാലയളവിലെ കഥകൾ പുസ്തകരൂപത്തിൽ വരാൻ താമസം എടുത്തത്.  ആ  ഉദാസീനതയെ മറികടക്കാൻ പലയിടത്തായി പ്രസിദ്ധീകരിച്ചു വന്ന കഥകളെ പേർത്തും പേർത്തും വായിച്ചു നോക്കിയപ്പോഴാണ് ആ കഥകളിലെല്ലാം സജീവ സാന്നിധ്യമായ രാത്രിയും യാത്രകളും ശ്രദ്ധയിൽപ്പെട്ടത്. പല കഥകളെ കൂട്ടിയിണക്കുന്ന ഒരു കണ്ണി കിട്ടിയതോടെ കഥകൾ പുസ്തകരൂപത്തിൽ ആക്കാം എന്ന ചിന്ത സജീവമായി. അങ്ങനെയാണ് രാത്രിയെയും യാത്രയേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ആ പഴഞ്ചൊല്ല് ടൈറ്റിൽ രൂപത്തിലായത്. രാത്രിയിൽ പിരിയുന്നവർ യാത്ര പറയാൻ പാടില്ല എന്ന ഒരു മരണഭയം ആ പഴഞ്ചൊല്ലിൽ കുടുങ്ങി കിടപ്പുണ്ടല്ലോ. പുസ്തകം പ്രസിദ്ധീകരിച്ച് രണ്ടു വർഷങ്ങൾക്കു ശേഷമാണ് പിന്നീട് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച    ‘‘രാത്രിയിൽ  യാത്രയില്ല’’ എന്ന കഥ എഴുതിയത്. ചുരുക്കത്തിൽ രാത്രിയിൽ യാത്രയില്ല എന്ന പുസ്തകത്തിൽ ആ പേരിൽ ഒരു കഥ  ഇല്ലാതിരിക്കുകയും ആ പേരിൽ പിന്നീട് എഴുതപ്പെട്ട കഥ അടുത്ത പുസ്തകമായ ‘‘അവളുടെ ശയനീയ ശായിയാമവനൊരുഷസ്സിൽ’’ എന്ന പുസ്തകത്തിൽ ഉൾചേരുകയും ആണ് ചെയ്തത്. ഒരു തരത്തിൽ പറഞ്ഞാൽ  ഇത്തരം വിചിത്രാനുഭൂതികൾ ആണ് എഴുത്തിൽ നിന്ന്  എനിക്ക് ലഭിച്ച സമ്പാദ്യം.

എന്നിലെ എഴുത്തുകാരന് രാത്രിയെ ഭയമല്ല, പ്രണയമാണ്. എല്ലാ മനുഷ്യരും ഉറങ്ങുന്ന രാത്രിയിൽ പുസ്തകം വായിച്ചിരിക്കുന്നതിന്റെ  സൗന്ദര്യാനുഭൂതിയെപ്പറ്റി കെ പി അപ്പൻ സാർ എഴുതിയിട്ടുണ്ട്. അതുപോലെ രാത്രികളിലെ നിശബ്ദതയിലൂടെ ഒറ്റയ്ക്ക് കാറോടിച്ച് പോകുന്നതിനെപ്പറ്റിയും അദ്ദേഹം എഴുതിയിട്ടുണ്ട് എന്നാണ് ഓർമ.  ഉറക്കവും സ്വപ്നങ്ങളും നിശബ്ദതയും ഇരുട്ടും ഉൾച്ചേർന്ന രാത്രിയുടെ ഓർമകൾക്ക് വശ്യമായ ഒരനുഭൂതി ഉണ്ട്. എന്റെ എഴുത്തിനെ എപ്പോഴും ചലിപ്പിക്കുന്ന ഒന്ന്. അതിനോടൊക്കെയുള്ള ഒരു ട്രൈബ്യൂട്ട് ആയും ഈ പുസ്തകം ഞാൻ മാറ്റിവയ്ക്കുകയാണ് ഉണ്ടായത്.

കാൽപനികതയും യാഥാർഥ്യവും കെട്ടുപിണഞ്ഞു കിടക്കുകയാണ് പല കഥകളിലും. പൂരു പോലെ ചില കഥകളിൽ ഇത് വളരെ കൂടുതലാണ്. ആധുനികതയും ആധുനികാനന്തര സമീപനങ്ങളും ചേർന്നു കിടക്കുന്നതു പോലെയും ചിലപ്പോൾ തോന്നും. ക്രാഫ്റ്റ് എന്ന നിലയിൽ മികച്ച മാതൃകകളിലൊന്നായി തന്നെ ഇതിനെ കാണുന്നു. ആധുനികത, ഉത്തരാധുനിക, സത്യാനന്തര കാലം എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന കാലഗണനകളെയും എഴുത്തു രീതികളെയും എങ്ങനെ കാണുന്നു?

ഇപ്പറഞ്ഞത് പുതിയ ഒരു സമീപനമോ ഒരു  വായിച്ചെടുക്കലോ ആയി കരുതാം എന്ന് തോന്നുന്നു. ഞാൻ എഴുത്തിലേക്ക് വന്നത്  എൺപതുകളുടെ അവസാനമാണ്. ശതാബ്ദി വർഷമായ 1988 ൽ മലയാള മനോരമ വാർഷികപ്പതിപ്പ് കോളജ് വിദ്യാർഥികൾക്കായി നടത്തിയ  ചെറുകഥ മത്സരത്തിൽ ഒന്നാം സമ്മാനാർഹമായ ‘‘അപ്പുച്ചെട്ടിയുടെ ചിത്ര ദൈവങ്ങൾ’’ ആണ് ശ്രദ്ധിക്കപ്പെട്ട ആദ്യ കഥ. തൊട്ടടുത്തവർഷം ആണ് ‘‘മേൽക്കൂരയില്ലാത്ത വീട്’’ പ്രസിദ്ധീകരിക്കപ്പെട്ടത്. മലയാള സാഹിത്യത്തിൽ അത് ആധുനികതയുടെ കൊടിയിറക്ക കാലമായിരുന്നു.  ഉത്തരാധുനികതയുടെ പാഠങ്ങൾ മലയാള സാഹിത്യത്തിൽ പിന്നീടുള്ള വർഷങ്ങളിൽ ആണ് നിർമിക്കപ്പെട്ടത്. കലയിലോ സാഹിത്യത്തിലോ ഇത്തരം വിമർശനോപകരണങ്ങൾക്കോ കള്ളിവൽക്കരിക്കലിനോ പ്രാധാന്യമില്ല എന്ന് പറയാമെങ്കിലും അത്തരം സമീപനങ്ങൾ പ്രസക്തമാണെന്നാണ് തോന്നിയിട്ടുള്ളത്. അവ അബോധമായി എങ്കിലും എഴുത്തുകാരനെ സ്വാധീനിക്കാറുണ്ട് എന്നാണ് എന്റെ പക്ഷം. ഞാൻ ഉദ്ദേശിച്ചത് വിമർശന പദ്ധതികളല്ല, മറിച്ച് അവയെ നിർണയിക്കുന്നതും      രൂപപ്പെടുത്തുന്നതും ആയ കാലത്തിന്റെ പ്രതിഫലനമാണ് കലയിൽ   ഇപ്രകാരം പ്രകടമാക്കപ്പെടുന്നത് എന്നതാണ്. ഉത്തരാധുനികതയുടെയോ സത്യാനന്തര കാലത്തിന്റേതായൊ ആയ പ്രാമാണികതകളല്ല, അവയെ  അപ്രകാരം പ്രതിഫലിപ്പിക്കുന്ന രചനകൾ എഴുത്തുകാരന്റെ  ബോധപൂർവ്വമായ ഇടപെടലില്ലാതെ തന്നെ അപ്രകാരം രൂപപ്പെടുന്നതാണ് എന്നതാണ്. എഴുത്തിൽ ഞാൻ പിന്നിട്ട മുപ്പത് വർഷങ്ങളിൽ എന്റെ ഉള്ളിൽ സംഭവിച്ച പരിണാമങ്ങളെക്കാളും എത്രയോ വലുതാണ് ഇക്കാലയളവിൽ  ലോകക്രമത്തിനും മനുഷ്യ ജീവിതത്തിനും സംഭവിച്ച പരിണതികൾ.  അവയുടെ വളരെ ചെറിയൊരു അംശം എങ്കിലും സ്വന്തം എഴുത്തിൽ  പ്രതിഫലിച്ചിട്ടുണ്ടോ എന്നതാണ് എപ്പോഴും ഉത്കണ്ഠയോടെ ഞാൻ പരിശോധിച്ചിട്ടുള്ളത്. ഇത്തരം ഭീതിയിലും അരക്ഷിതത്വത്തിലും നിന്നാണ് രാത്രിയിൽ യാത്രയില്ല എന്ന സമാഹാരത്തിലെ വേസ്റ്റ് പോലുള്ള കഥകൾ ഉണ്ടായത്.

പൂരു, കുമാരസംഭവം തുടങ്ങിയ ചില കഥകൾ മഹാഭാരത സന്ദർഭങ്ങളുടെ പുതുകാല വ്യാഖ്യാനങ്ങളായി തോന്നി. എം.ടിയും എൻ.എസ്. മാധവനും കെ.പി. നിർമൽകുമാറുമടക്കം ഒട്ടേറെപ്പേർ മഹാഭാരതത്തിന് സമകാല വ്യാഖ്യാനങ്ങൾ ചമച്ചിട്ടുണ്ട്. ആ ധാരയിൽ ഈ കഥകളെ ചേർത്തു നിർത്തുന്നു. മനോജിനു മേൽ ഇതിഹാസങ്ങളുടെ സ്വാധീനം എത്രമാത്രം. സ്വയം വിലയിരുത്തൽ എന്ത്?

പുരാണേതിഹാസങ്ങളാലും ചൊൽക്കഥകളാലും സ്വാധീനിക്കപ്പെടാത്ത എഴുത്തുകാർ സത്യത്തിൽ ആരാണ് ഉള്ളത്? മയ്യഴിയിൽ എം മുകുന്ദൻ സൃഷ്ടിച്ച മിത്ത് നമ്മുടെ ജീവിതകാലത്തുതന്നെ ഇതിഹാസമായി  മാറുകയാണ്. എന്നിരിക്കിലും എന്നെ മായികമായി ഏറ്റവുമധികം സ്വാധീനിച്ച ഇതിഹാസവും എഴുത്തും കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല ആണെന്ന് പറയേണ്ടിവരും. ഒരുപക്ഷേ മക്കൊണ്ട  ഗ്രാമത്തിൽ മാർകേസ് സൃഷ്ടിച്ച മാജിക്കൽ റിയലിസത്തെ പരിചയപ്പെടുന്നതിനു മുൻപ് ഞാൻ വായിച്ചതും കിടിലം കൊണ്ടതുമായ ആ സൗന്ദര്യാനുഭവം എനിക്ക് സമ്മാനിച്ചത് കൊട്ടാരത്തിൽ ശങ്കുണ്ണിയാണ്.  ദൂരങ്ങൾക്കപ്പുറമെങ്ങോ യുദ്ധത്തിൽ മരിച്ചുപോയ അറീലിനിയാനോയുടെ  രക്തം മൈലുകൾ താണ്ടി അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരുന്ന ഉറുസ്വലയുടെ കാലിൽ തൊട്ടു എന്ന് മാർകേസ് എഴുതുമ്പോൾ അത് വായനക്കാരനിൽ സന്നിവേശിപ്പിക്കുന്ന കിടിലത്തിൽ ഒട്ടും കുറവല്ല ഐതിഹ്യമാലയിൽ ബ്രഹ്മരക്ഷസിന്റെയടുത്ത് വേദാർത്ഥിയായി കൂടിയ ഒരാൾ ജലസ്പർശമേറ്റപ്പോൾ ആറുമാസം ഉറങ്ങിപ്പോയ കഥ വിശദമായി വിവരിക്കുന്ന മഹാഭാഷ്യം പോലുള്ള രചനകൾ എനിക്ക് സമ്മാനിച്ചത്. അല്ലെങ്കിലൊരുപക്ഷേ, ഏതോ കാലത്ത് ഉപേക്ഷിക്കപ്പെട്ട വിഗ്രഹത്തിൽ വർഷങ്ങൾക്കു ശേഷം കാട്ടിൽപുല്ലരിയാൻ ചെന്ന സ്ത്രീ അരിവാൾ രാകി മിനുക്കുമ്പോൾ കല്ലിൽ നിന്ന് രക്തം പൊടിയുന്നതായിക്കണ്ട യാഥാർത്ഥ്യവും കല്പിതവും ഇട കലരുന്ന കഥകൾ. 1993 ൽ കലാകൗമുദിയിൽ പ്രസിദ്ധീകരിക്കപ്പെട്ടതും അക്കാലത്ത് ശ്രദ്ധിക്കപ്പെട്ടതുമായ പത്തനംതിട്ട പോലുള്ള കഥകളിൽ ഐതിഹ്യമാല  എന്നിൽ ചെലുത്തിയ സ്വാധീനം ഉണ്ട്. മലയാളഭാഷയുടെ പ്രത്യേകിച്ച്  തിരുവിതാംകൂർ സാഹിത്യത്തിന്റെ ജനറ്റിക് എൻജിനീയറിംഗ് പഠിക്കുന്നവർക്ക് ഒഴിവാക്കാൻ ആവുന്നതല്ല ഐതിഹ്യമാല എന്നാണ് എന്റെ പക്ഷം. പൂരു എന്ന കഥയിൽ മഹാഭാരതകഥയുടെ അംശങ്ങൾ ഉൾച്ചേർന്നിട്ടുണ്ടെന്നത് ശരിയാണ്. കുമാരസംഭവം മഹാകവി കുമാരനാശനോടും ആശാൻ വഴി എന്നിലാവേശിച്ച മലയാളകവിതയൊടുമുള്ള എന്റെ ഭ്രാന്ത പ്രണയത്തിന്റെ വികല്പം മാത്രമായി കരുതിയാൽ മതി. ആശാനോടുള്ള അഗാധമായ പ്രതിപത്തിയാണ്‌ രാത്രിയിൽ യാത്രയില്ല എന്ന കഥാസമാഹാരത്തിന് ശേഷം പുറത്തുവന്ന പുസ്തകത്തിന് ആശാന്റെ വരികളായ ‘അവളുടെ ശയനീയശായിയാമവനൊരുഷസ്സിൽ’ ടൈറ്റിൽ ആയി കൊടുക്കാൻ പ്രേരണയായത്. ആശാന്റെ കാവ്യപ്രപഞ്ചവും എനിക്ക് ഇതിഹാസ സമാനമാണ്.

പത്തനംതിട്ടക്കാരനായതുകൊണ്ടാവാം കടമ്മനിട്ട എഴുത്തിൽ കൂടെ വരുന്നത്. കവിത പോലെ മനോഹരമാണ് ഞാനോ കടമ്മനിട്ടയും എന്ന കഥ. കടമ്മനിട്ടയെക്കുറിച്ചുള്ള ഓർമകൾ പറയാമോ? കടമ്മനിട്ട എഴുത്തിൽ പ്രചോദനമോ സ്വാധീനമോ ചെലുത്തിയിട്ടുണ്ടോ? 

ജ്വലിക്കുന്ന ദീപനാളത്തിലേക്ക് ഇരമ്പിയെത്തുന്ന ഈയാംപാറ്റകളെ  പോലെ ആയിരുന്നില്ലേ കോളജ് പഠനകാലത്ത് നമ്മുടെ യുവത്വത്തെ കടമ്മനിട്ട ആവേശിച്ചത്? കടമ്മനിട്ടയുടെ വിദ്യുത് പ്രഭയ്ക്കു മുമ്പിൽ എരിഞ്ഞടങ്ങാൻ ആയിരുന്നു എന്റെ വിധി. ഇത് ഒരു പരാതിയോ പരിഭവമോ അല്ല, സന്തോഷം നുരയിടുന്ന ഏറ്റുപറച്ചിലാണ്. കടമ്മനിട്ട ഒരു കാലത്തിന്റെ ഉരുൾപൊട്ടൽ ആയിരുന്നു. ഉരുൾപൊട്ടൽ എന്ന വാക്ക് മനപൂർവ്വം ഉപയോഗിച്ചതാണ്. പത്തനംതിട്ടയിൽ അച്ചൻകോവിലാറിന്റെ   തീരത്ത് താമസിക്കുന്നവർക്കറിയാം ഉരുൾപൊട്ടലും പിന്നീടുള്ള വെള്ളപ്പൊക്കവും മറ്റും ജനിപ്പിക്കുന്ന തീക്ഷ്ണത. വെള്ളമിറങ്ങി കഴിഞ്ഞാൽ അതുപേക്ഷിച്ചുപോയ എക്കലും ചേറും പുതിയ കാലത്തിന്റെ  കാർഷികോർജ്ജങ്ങളായിട്ടുണ്ട്. ഓരോ വെള്ളപ്പൊക്കത്തെയും പത്തനംതിട്ടക്കാർ കാലക്രമത്തിൽ ഓർത്തുവയ്ക്കാറുണ്ട്. കടമ്മനിട്ടയും അത്തരമൊരു പ്രകൃതിക്ഷോഭമായിരുന്നു. അതോടൊപ്പം എന്റെ പേര് ചേർത്തു വയ്ക്കപ്പെടാവുന്നതല്ല. കടമ്മനിട്ടയുടെ ചിതയെരിയുന്നത്  ആൾക്കൂട്ടത്തിലൊരാളായി ഞാൻ കണ്ടു നിന്നു. വെളിച്ചം നടന്നു മറഞ്ഞ ഗുഹയിലെ ഇരുട്ടിൽ ഉപേക്ഷിക്കപ്പെട്ട നിഴലിന്റെ പിടച്ചിലായാണ് അന്ന്  ഞാൻ ‘‘ഞാനോ കടമ്മനിട്ടയും’’ എന്ന  കഥ എഴുതിയത്. കടമ്മനിട്ടയുടെ സ്വാധീനത്താലോ പ്രചോദനത്താലോ ഞാൻ എഴുതിയ കവിതകൾ വ്യർഥബീജങ്ങൾ ആയിരുന്നു. അവയിൽ ചവിട്ടിയപ്പോൾ എന്റെ കാല് പൊള്ളി. ഞാൻ വഴിമാറി.

manoj-jadavedar-1

മുപ്പതു വർഷം മുമ്പ് എഴുത്തു തുടങ്ങി. മുഖ്യധാരാ എഴുത്തുകാർക്കൊപ്പം തന്നെ ഗൗരവവായനക്കാർ പരിഗണിക്കുന്നു. പക്ഷേ, എഴുത്തിൽ മനോജ് ഒരു പിശുക്കനാണ്. വല്ലപ്പോഴുമാണ് എഴുത്ത്. മടിയനാണോ? അതോ മികച്ചതും മൂല്യമേറിയതുമായ കഥകൾക്കു വേണ്ടിയുള്ള കാത്തിരിപ്പോ?

കുറേക്കാലം ഞാൻ കഥകളെഴുതി. പിന്നീട് ചിലപ്പോഴൊക്കെ കഥ എന്നെ എഴുതാൻ തുടങ്ങി. അത് എനിക്ക് നിർവചിക്കാനാവാത്ത ആനന്ദാനുഭൂതി പകർന്നു തന്നു. പിന്നെപ്പിന്നെ അതിനുവേണ്ടി ഞാൻ കാത്തിരിക്കാൻ തുടങ്ങി. പിശുക്കോ മടിയോ മികച്ചതും മൂല്യമുള്ളതുമായ കഥകൾക്കുവേണ്ടിയുള്ള കാത്തിരിപ്പൊ ഒന്നുമായിരുന്നില്ല അത്.  എഴുതപ്പെട്ടു പോകുന്ന വേളയിലെ ആനന്ദമൂർച്ഛ മാത്രമായിരുന്നു എൻറെ പ്രശ്നം. കഥകളുടെ പ്രസിദ്ധീകരണം എന്നത് ഞാൻ അനുഭവിച്ച ആനന്ദാനുഭൂതി സുഹൃത്തുക്കൾക്ക് പങ്കു വച്ചതായിരുന്നു. ചിലർ എഴുത്തുകാർ, ചിലർ വായനക്കാർ എന്ന ഒരു തരംതിരിവ് ഞാൻ ഒരിക്കലും ദീക്ഷിച്ചിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം എല്ലാവരും എഴുത്തുകാർ, അല്ലെങ്കിൽ എല്ലാവരും വായനക്കാർ. ചില കഥകളിൽ നിന്ന്  എനിക്ക് ലഭിച്ച ആനന്ദാനുഭൂതി സുഹൃത്തുക്കൾക്കും ലഭിച്ചപ്പോൾ അവ  ചർച്ച ചെയ്തിട്ടുണ്ട്. ചിലത് അപ്രസക്തമായി പോയിട്ടുണ്ട്. അവ എന്നിൽ സൃഷ്ടിച്ച രസവിസ്ഫോടനങ്ങൾ ഇല്ലാതാവുന്നില്ലെന്നതു കൊണ്ട്  അവയും എനിക്ക് പ്രിയങ്കരങ്ങൾ തന്നെയാണ്. ജീവത്തായ അത്തരം  അനുഭവങ്ങൾക്കായി ഞാൻ ഇപ്പോഴും എപ്പോഴും കാത്തിരിക്കുകയാണ്. തീർച്ചയായും മരണംവരെ ഈ കാത്തിരിപ്പ് തുടരുകയും ചെയ്യും.

പത്തനംതിട്ടയിൽ ജനിച്ചു വളർന്ന  ഒട്ടേറെ പ്രമുഖരുണ്ട്. പക്ഷേ, അവരൊക്കെ  അറിയപ്പെട്ടത് വൻ നഗരങ്ങളിലേക്കു മാറി താമസിച്ച ശേഷമാണ്. മനോജിന് പത്തനംതിട്ടയിൽ താമസിക്കുമ്പോൾ തന്നെ ശ്രദ്ധ കിട്ടി. പത്തനംതിട്ടയിൽ നിന്നു മാറി താമസിച്ച ശേഷമാണ് മനോജ് നിശ്ശബ്ദതയെ പ്രണയിക്കാൻ തുടങ്ങിയത്. എഴുത്തിന് പത്തനംതിട്ട തന്നെയോ നല്ലത്? ജീവിക്കുന്ന ദേശം എങ്ങനെയാണ് എഴുത്തിനെ പ്രചോദിപ്പിക്കുന്നത്?

ജനിച്ചുവളർന്ന ദേശമാണ് ഏതൊരു എഴുത്തുകാരന്റെയും എഴുത്തിന്റെ ക്രോമസോം ഘടനകൾ രൂപപ്പെടുത്തുന്നത്. ഞാൻ എന്നും ഒരു പത്തനംതിട്ടകാരനാണ്. പത്തനംതിട്ടയിൽ നിന്നു മാറി താമസിച്ചാലും എന്റെ രുചികളും വിയർപ്പുമണവും മാറുകയില്ലെന്നെനിക്ക് ബോദ്ധ്യമുണ്ട്.  ജീവിക്കുന്ന ദേശമാണ് എഴുത്തുകാരന്റെ ഭാഷയെ രൂപപ്പെടുത്തുന്നത് എന്ന് തോന്നുന്നു. ഭാഷയാണല്ലോ എഴുത്തിന്റെ അടിസ്ഥാനവും മൂലധനവും.

കഥകളാണ് കൂടുതലും എഴുതിയത്. എല്ലാം എണ്ണം പറഞ്ഞവ. നോവലിനോട് താൽപര്യം കുറവാണോ?

വളരെ ചെറുതാണെങ്കിലും ‘‘കഥയിൽനിന്ന് അപ്രത്യക്ഷനായ ശിവൻ’’ എന്ന നോവലും എഴുതിയിട്ടുണ്ട്. നോവൽ എഴുതാൻ ഇഷ്ടവും ആഗ്രഹവും ഇല്ലാഞ്ഞിട്ടല്ല. അത്രയും വലിയ ഒരു സമർപ്പണത്തിനായി  സ്വയം മാറ്റിവയ്ക്കാൻ സാധിച്ചിട്ടില്ല. അതിനോടൊപ്പം കഥകളോടുള്ള  ഒടുങ്ങാത്ത പ്രണയവും കൂടിയായപ്പോൾ ആ സാധ്യത ഒരു  വിദൂരസ്വപ്നമായി മാറി എന്നു പറയേണ്ടിവരും. നാം നേരത്തെ സംസാരിച്ച  പൂരു എന്ന കഥയിൽ പ്രമേയം അന്വേഷിച്ചു പോകുന്ന ഒരു നോവലിസ്റ്റും കഥാകൃത്തിനെ അന്വേഷിച്ചു പോകുന്ന ഒരു പ്രമേയവും കഥാപാത്രങ്ങളായി വരുന്നുണ്ടല്ലോ. അതുപോലെയാണ് ഈ ജീവിത യാത്രയും. കഥാകൃത്തിനെ അന്വേഷിച്ചു പോകുന്ന ഒരു പ്രമേയം തൊട്ടടുത്ത സീറ്റിലിരുന്ന് ഈ ബസ്സിൽ എന്റെ തോളിൽ ചാരിക്കിടന്ന്  കണ്ണടച്ച് മയങ്ങുന്നുണ്ട്. ഉണർത്താതെ അവളെ ഉപേക്ഷിച്ചു നോവലിന്റെ   പ്രമേയം അന്വേഷിച്ചു പോകാൻ എന്നിലെ നോവൽ എഴുത്തുകാരന് ഒരിക്കലും കഴിഞ്ഞില്ല.

നമ്മുടെ കാലസ്ഥിതി എഴുത്തിനെ നിരുൽസാഹപ്പെടുത്തുന്നുണ്ടോ?

കാലസ്ഥിതി എഴുത്തിനെ നിരുത്സാഹപ്പെടുത്തുന്നതായി തോന്നിയിട്ടില്ല. പക്ഷേ വായനയെ, പ്രത്യേകിച്ച് ഗൗരവബുദ്ധ്യാ ഉള്ള വായനയെ അത് നിരുത്സാഹപ്പെടുത്തുന്നുവോ എന്ന് തോന്നിയിട്ടുണ്ട്. വിവര സാങ്കേതിക വിദ്യയുടെ വളർച്ചയും സമൂഹ മാധ്യമങ്ങളുടെ സ്വാധീനവും മാറിയ കാലത്തിന്റെ ഗതിവേഗവും മറ്റും നിശിതബുദ്ധ്യാ ഉള്ളതും സൂക്ഷ്മവുമായ വായനയെ ഒരളവോളം ദോഷകരമായി ബാധിച്ചുവോ എന്ന് സംശയം തോന്നിയിട്ടുണ്ട്. അപ്രകാരമാണെങ്കിൽ അത് എഴുത്തിനെയും ബാധിക്കാതെ തരമില്ല. കാരണം എഴുത്ത് എന്നത് വായനയുടെഒരു  ഉപോൽപന്നം ആണല്ലോ. വ്യക്തിപരമായി എന്റെ അനുഭവം വായനയിലെ ഏറ്റക്കുറച്ചിലുകൾ എഴുത്തിനെയും ബാധിക്കാറുണ്ട് എന്നതാണ്. എഴുത്തുകാരെ സംബന്ധിച്ചിടത്തോളം വായനയുടെ വേലിയേറ്റങ്ങൾ ആണ് എപ്പോഴും അഭികാമ്യം ആയിട്ടുള്ളത്.  ഇപ്പോഴത്തെ കാലസ്ഥിതി, പ്രത്യേകിച്ച് മഹാമാരിയുടെ പ്രഭവത്തിനുശേഷം, വായനയ്ക്ക് അനുയോജ്യമായുള്ളതല്ല എന്ന് പല സുഹൃത്തുക്കളും അഭിപ്രായപ്പെട്ടിരുന്നു. അനിശ്ചിതത്വത്തിന്റേതായ ഒരു ജീവിതസന്ധിയിൽ മനുഷ്യകുലമാകെ പകച്ചുനിൽക്കുന്ന കാഴ്ചയാണ് എങ്ങും. ഉറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്ന മനുഷ്യന്റെ അവസ്ഥയെ ഏറ്റവും നന്നായി ആവിഷ്കരിക്കാനാകുന്നത് സാഹിത്യത്തിനാണെങ്കിലും നിലവിൽ  അതിന്റെ പ്രാപ്യാവസ്ഥ, റീച്ച്, പരിമിതമാണ്. അത് നാം ഉൾക്കൊണ്ടേ തീരൂ.

വലിയ ആഘോഷത്തോടെ മനോജിന്റെ പത്തനംതിട്ട എന്ന കഥ കലാകൗമുദിയിൽ അച്ചടിച്ചുവന്നത് ഓർക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പെസഹ അച്ചടിച്ചതും അക്കാലത്താണ്. 90 കളുടെ ആദ്യം. അവ രണ്ടും ആധുനികതയ്ക്കു ശേഷമുണ്ടായ ഭാവുകത്വത്തിന്റെ അടയാളപ്പെടുത്തലുകളായിരുന്നു. ഈ സമാഹാരത്തിലെ പല കഥകളും മലയാളത്തിലെ ഏറ്റവും മികച്ച കഥകളായി തന്നെ പരിഗണിക്കാം .പക്ഷേ, അന്നു ലഭിച്ച രീതിയിലുള്ള വരവേൽപ് ഇതിലെ കഥകൾക്കെന്നല്ല ഇപ്പോഴത്തെ പല നല്ല കഥകൾക്കും ലഭിക്കുന്നില്ല. ആഘോഷിക്കപ്പെടുന്ന ചില കഥകളാവട്ടെ ഇത്രയ്ക്കൊക്കെ ആഘോഷിക്കപ്പെടാനുണ്ടോ എന്ന് തോന്നിപ്പിക്കുകയും ചെയ്യുന്നു. സാഹിത്യ മൂല്യത്തിനു പകരം ഇക്കാലത്ത് കഥകൾക്ക് വരവേൽപ് നൽകുന്നത് മറ്റു ഘടകങ്ങളാണോ?

തീർച്ചയായും ഗൗരവമായിത്തന്നെ പരിശോധിക്കേണ്ട ഒരു വിഷയമാണിത്. ഞാൻ എഴുതിയ കഥകളെ മാറ്റി നിർത്തിക്കൊണ്ട് തന്നെ പരിശോധിക്കേണ്ട വിഷയമാണിത്. ഒരുപക്ഷേ എന്റെ എഴുത്തിന് ഈ ചോദ്യം ഉന്നയിക്കുന്ന വലിയ മുഴക്കത്തിൽ പ്രസക്തി തന്നെ തീരെയില്ല. ആദ്യമേ തന്നെ, നാം നേരിടുന്ന പ്രധാന ചോദ്യം സാഹിത്യമൂല്യം എന്നതുകൊണ്ട് നാം വിവക്ഷിക്കുന്നതെന്താണ്?  ഇതിന് ഒരു ചിരസ്ഥായിത്വം ഉണ്ടോ? എന്നിങ്ങനെയാണ്. എൺപതുകളിലെയോ തൊണ്ണൂറുകളിലെയൊ  വായനാസമൂഹം നിർവ്വചിച്ചിരുന്ന ഒരു മൂല്യം തന്നെയാണോ ഇന്നത്തെ വായനാസമൂഹവും കൽപിക്കുന്നത് എന്നിങ്ങനെയുള്ള വലിയ പ്രശ്നങ്ങൾ  സ്വാഭാവികമായും വരുന്നു. കൂടാതെ ഇക്കാലത്തെ ആഘോഷിക്കപ്പെടലുകളുടെ പൊലിമയും പ്രാപ്തിയും പരിശോധിക്കേണ്ടിവരുന്നു. നാം നേരത്തെ ചർച്ച ചെയ്ത സത്യാനന്തര കാലത്തിന്റെ സങ്കീർണതകൾ ഈ ചോദ്യം മുന്നോട്ടുവയ്ക്കുന്നു. ‘‘വ്യാജ നിർമ്മിതികൾ’’ എന്ന പ്രയോഗം ഇക്കാലത്ത് പ്രചുരപ്രചാരമാർജ്ജിച്ചതാണ്.  സോഷ്യൽമീഡിയയുടെ സ്വാധീനവും ദു:സ്വാധീനവും സാഹിത്യത്തിൽ ഇന്ന് പ്രകടമാണ്. ഇതിന്റെ ദോഷവശം എന്താണെന്നുവെച്ചാൽ പി ആർ വർക്കിലൂടെ പ്രമോട്ട് ചെയ്യപ്പെടുന്ന ഒരു കൃതി, അതിന്റെ വായനക്കാരന് ഒരു രസാനുഭൂതിയും നൽകാതെ  ഒടുങ്ങുമ്പോൾ തോറ്റുപോകുന്നത് വായനക്കാരനോ എഴുത്തുകാരനോ അല്ല സാഹിത്യവും അതിന്റെ നിലനിൽപുമാണ് എന്നതാണ്. മറിച്ച്, സമൂഹ മാധ്യമങ്ങൾ സൃഷ്ടിച്ച ഗുണഫലം എന്നുള്ളത് മുഖ്യധാരാഎഴുത്ത് എന്ന സങ്കല്പത്തിന്റെ അപ്രത്യക്ഷമാകലാണ്. മികച്ച ഒരു കൃതിക്ക്  വായനക്കാരനിലെത്താൻ അതു തുറന്ന വഴികൾ വളരെ വലുതാണ്. അതിനെ കാണാതിരിക്കാൻ കഴിയില്ല. നാം ഇപ്പോൾ ചർച്ചചെയ്യുന്ന ഈ ചോദ്യത്തിന്റെ വൈപുല്യമെന്നത് സാഹിത്യത്തിൽ മാത്രമല്ല ഒതുങ്ങി നിൽക്കുന്നത് എന്ന് എനിക്ക് സംശയമുണ്ട്. പണ്ടുകാലത്തെ കഥകൾക്ക് ലഭിച്ച വരവേൽപ് എന്ന് നാം പറയുമ്പോൾ അത് ചലച്ചിത്രം അടക്കമുള്ള കലാരൂപങ്ങൾക്കു കൂടി ബാധകമാവുന്നില്ലേ എന്നതാണ് എന്റെ സംശയം. പത്രഭാഷയിൽ പറഞ്ഞാൽ പണ്ട് ഒരു വാർത്തയ്ക്കുണ്ടായിരുന്ന ലൈഫ് ഇന്ന് ഒരു വാർത്തയ്ക്കുണ്ടോ, അഥവാ മറ്റൊരു വാർത്ത വന്നാൽ ക്ഷണം അത് വിസ്മൃതം ആവുകയാണോ, എന്ന പോലുള്ള ഒരു സമീകരണം സമസ്ത ജീവിതത്തിന്റെ തലങ്ങളിലും സംഭവിക്കുന്നുണ്ട് എന്ന് തോന്നുന്നു. എന്റെ കഥകൾ എന്റെ കാലശേഷം വായിക്കപ്പെടുമായിരിക്കുമെന്ന് ഇന്ന് ഏതെങ്കിലും എഴുത്തുകാരൻ വിചാരിക്കുന്നുണ്ടെങ്കിൽ അതിനെ അതിരുകവിഞ്ഞ ശുഭപ്രതീക്ഷ എന്നു തന്നെ പറയേണ്ടി വരും എന്നു  തോന്നുന്നു.

ജോലി, ജോലിക്കു വേണ്ടിയുള്ള യാത്ര ഇതു രണ്ടും എഴുത്തിനെയും വായനയെയും ദോഷകരമയി ബാധിക്കുന്നുണ്ടോ?

ജോലിയും ജോലിക്കു വേണ്ടിയുള്ള യാത്രകളും എഴുത്തിനെ  ദോഷകരമായി ബാധിക്കുന്നു എന്ന് പറയാൻ കഴിയില്ല. ജോലിസംബന്ധമായ തിരക്കുകൾ പലപ്പോഴും എഴുത്തിന്റെ പീഡകളിൽ നിന്ന് രക്ഷപ്പെടാനുള്ള ഒഴിവുകഴിവായി സ്വയം എടുക്കാറുണ്ട് എന്നത് വാസ്തവമാണ്. ഇതുവരെയുള്ള എഴുത്തു ജീവിതവും വായനാനുഭവങ്ങളും തന്ന സ്വയം ശിക്ഷണം ഉപയോഗിച്ച് ജോലിയെയും സർഗ്ഗാത്മകമായി സമീപിക്കാൻ ശ്രമിക്കാറുണ്ട്. അതിന്റെ നെഗറ്റീവ് എന്താണെന്ന് വെച്ചാൽ അത് നമ്മുടെ എഴുത്തു ജീവിതത്തിന്റെ കാംക്ഷകളെ വളരെ കുറച്ച് അളവിലാണെങ്കിൽ പോലും തൃപ്തിപ്പെടുത്തും; അത് എഴുത്ത് ജീവിതത്തെയും ബാധിക്കും എന്നുള്ളതാണ്. മറ്റൊരു തരത്തിൽ  ഗുപ്തമായാണെങ്കിലും ഔദ്യോഗികജീവിതം കഥയ്ക്കുള്ള മെറ്റീരിയലുകളും നമുക്ക് സമ്മാനിക്കുന്നുണ്ട് എന്നതാണ്. ഒക്ടോബർ വിപ്ലവം, കൊച്ചി രാമായണം, കരപ്പൻ, ആത്മീയഹത്യകൾ തുടങ്ങിയ ഒട്ടുവളരെ കഥകൾ കമ്പനി ജീവിതത്തിന്റെ പ്രതിസന്ധികളിൽ നിന്ന് ഉണ്ടായതാണ്. ഒരു ഫാക്ടറി ജീവിതത്തിന്റെ അനുഭവപരിസരം  ഇല്ലായിരുന്നുവെങ്കിൽ ഇപ്പറഞ്ഞതൊന്നും എനിക്ക് എഴുതാൻ കഴിയുമായിരുന്നില്ല എന്ന സത്യത്തിനു മുന്നിൽ ജോലി എഴുത്തിനെ ദോഷകരമായി ബാധിച്ചു എന്ന് ഒരിക്കലും ഒന്നും പറയാൻ കഴിയില്ല. അത് സത്യസന്ധമാവില്ല.

English Summary: Pusthakakkazhcha column by Ravivarma Thampuran on Manoj Jadavedar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA
;