ADVERTISEMENT

കുളക്കോഴി തീറ്റതേടി നടക്കുന്നതിനിടെ ഒരു ധാന്യപ്പുര കണ്ടെത്തി. മറ്റെങ്ങും തേടിനടക്കേണ്ടല്ലോ എന്നു കരുതി അതവിടെ സ്ഥിരതാമസമാക്കി. ഭക്ഷണം കുശാലായതുകൊണ്ടു നന്നായി തടിച്ചുകൊഴുത്തു. ഒരു ദിവസം അത് ആകാശത്തേക്കു നോക്കിയപ്പോൾ തന്റെ സുഹൃത്തുക്കളെല്ലാം പറന്നുനടക്കുന്നതു കണ്ടു. പറക്കാൻ ശ്രമിച്ചെങ്കിലും അതിനു ചിറകടിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. ഒരടിപോലും ഉയരാനായില്ല. ചിറകടി ശബ്ദം കേട്ടുവന്ന വേട്ടനായ് കുളക്കോഴിയെ ആഹാരമാക്കി.

 

ആവശ്യത്തിലധികമുള്ളതെന്തും അനാരോഗ്യകരമാകും. ജീവിക്കാൻ വേണ്ടി സമ്പാദിക്കുന്നതും സമ്പാദിക്കാൻ വേണ്ടി ജീവിക്കുന്നതും തമ്മിൽ ലക്ഷ്യത്തിലും കർമത്തിലും വ്യത്യാസമുണ്ട്. ജീവിതം സന്തോഷകരമാക്കാൻ എല്ലാം സ്വന്തമാക്കണമെന്നുണ്ടോ? സമ്പാദ്യത്തിന്റെ അളവു കൂടുന്നതനുസരിച്ചു ജീവിതത്തിന്റെ സന്തോഷസൂചിക ഉയരുന്നുണ്ടോ? ഉപയോഗയോഗ്യമോ ഉൽപാദനക്ഷമമോ അല്ലാത്ത എല്ലാ ശേഖരങ്ങളും ബാധ്യതയാകും. ബാധ്യത കൂടുന്നതനുസരിച്ചു ബലഹീനതയും കൂടും. ആവശ്യങ്ങളുടെയും അനാവശ്യങ്ങളുടെയും ഇടയ്ക്കു വരയ്ക്കുന്ന നിയന്ത്രണരേഖയാണു ജീവിതത്തിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നത്.

 

ഒരാളെ സസൂക്ഷ്മം നിരീക്ഷിച്ചാൽ സ്വഭാവവും ഉദ്ദേശ്യങ്ങളും വ്യക്തമാകും. ആഗ്രഹനിവൃത്തി വരുത്തുന്നവയെയും ആയാസരഹിത ജീവിതം ഉറപ്പുവരുത്തുന്നവയെയും ചുറ്റിപ്പറ്റി നിൽക്കാനാണു ഭൂരിഭാഗത്തിനും താൽപര്യം. സ്വയംമറന്നു പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നു എന്നതാണ് ആകർഷക ഘടകങ്ങളുടെ പ്രത്യേകത. വശീകരണത്തിന് അടിപ്പെട്ടവർ ഇന്നലെവരെ ആരായിരുന്നു എന്നും നാളെ ആരായിത്തീരാൻ കഴിയുമെന്നുമുള്ള സത്യം വിസ്മരിക്കും. ക്ഷണികസുഖങ്ങളിൽ വീഴാതിരിക്കാനും വീണാൽ കരകയറാനും അസാധാരണ പ്രതിരോധശേഷിയും പ്രയത്നവും വേണം. 

 

പൊടുന്നനെ ഉണ്ടാകുന്ന അത്യാഹിതങ്ങളെക്കാൾ മാരകം സാവധാനം ഉടലെടുക്കുന്ന ആപത്തുകളാണ്. ആക്സമികമായി ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ചു പൊതുധാരണ രൂപപ്പെട്ടാൽ അവയെ ചെറുക്കാനുള്ള മുന്നൊരുക്കങ്ങളും ഉണ്ടാകും. സാവധാനവും പടിപടിയായും നടക്കുന്ന ഉന്മൂലനം തിരിച്ചറിയാനോ ചെറുക്കാനോ എളുപ്പമല്ല. അത് അദൃശ്യവും നിശബ്ദവുമായിരിക്കും. നിർണായക നിമിഷത്തിൽ പറന്നുയരാൻ ശ്രമിക്കുമ്പോൾ മാത്രമായിരിക്കും ചിറകുകൾക്കു ബലം നഷ്ടപ്പെട്ടെന്നു തിരിച്ചറിയുക. ആത്മാവ് നഷ്ടപ്പെടുത്തി ആഹാരം കഴിച്ചിട്ടെന്തു കാര്യം? ജീവൻ മാത്രമല്ല, ജീവിതവും പ്രധാനമല്ലേ...

 

English Summary: Subhadinam, Thoughts for the day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com