ADVERTISEMENT

ആദ്യമായി നടത്തിയ കടൽയാത്രയ്‌ക്കിടെ ശിഷ്യൻ ഗുരുവിനോടു ചോദിച്ചു. കടൽ എങ്ങനെയാണു കടലാകുന്നത്? ഗുരു പറഞ്ഞു: എല്ലാത്തരം വെള്ളത്തെയും സ്വീകരിക്കാൻ തയ്യാറായതുകൊണ്ട്. അടുത്ത ചോദ്യം: പലതരം വെള്ളം ഉണ്ടോ? മറുപടിക്കു താമസമുണ്ടായില്ല: ശുദ്ധജലം, അശുദ്ധജലം, കാഠിന്യമുള്ള ജലം, മൃദുവായ ജലം എന്നിങ്ങനെ പലതരമുണ്ട്. കടൽ ഒന്നിനെയും മാറ്റിനിർത്തില്ല. ഇഷ്ടമുള്ളതു മാത്രം സ്വീകരിച്ചാൽ ആവശ്യമുള്ളതെല്ലാം ലഭിച്ചെന്നു വരില്ല. 

 

പ്രിയങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്ന ഒന്നും പൂർണ വളർച്ച എത്തില്ല. അനാരോഗ്യകരമായ അഭീഷ്ടങ്ങളെക്കാൾ പ്രധാനം അത്യന്താപേക്ഷിതമായ അപ്രിയങ്ങളാണ്. അസുഖകരമായ അനുഭവങ്ങളും ആളുകളുമാണ് ആത്മബലം വർധിപ്പിക്കുന്നത്. 

സന്തോഷകരവും സുഖപ്രദവുമായ അനുഭവങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്നവർക്കു തളർച്ചയിൽ തകരാനേ കഴിയൂ. ആരാധിക്കുന്നവരെ മാത്രം കൂടെ നിർത്തിയാൽ ആത്മപ്രശംസ കൂടും. എതിർക്കുന്നവരെക്കൂടി അംഗീകരിക്കാൻ തയാറായാൽ അതിജീവനശേഷി കൂടും. 

 

ഒന്നും ഒരു ദിവസംകൊണ്ടു രൂപപ്പെടുന്നതല്ല. ആരും സ്വയം തിരഞ്ഞെടുത്ത വഴികളിലൂടെ മാത്രം സഞ്ചരിക്കുന്നവരുമല്ല. അന്യവഴികളും അപരിചിതമായ ആളുകളുമായിരിക്കും പലപ്പോഴും ജീവിതത്തിനു കരുത്തു നൽകുന്നത്. എല്ലാ ആളുകളും ഒരുപോലെ ആയിരുന്നെങ്കിൽ എത്ര നിർജീവവും അസഹനീയവുമായേനെ ലോകം. വൈവിധ്യങ്ങളും വൈരുധ്യങ്ങളുമാണു ജീവിതത്തിന്റെ ഈടും ഉറപ്പും. 

മിത്രങ്ങൾക്കു ചെയ്യാൻ കഴിയാത്ത നന്മകൾ ശത്രുക്കൾക്കു ചെയ്യാൻ കഴിയും. ബലഹീനത കണ്ടെത്തുന്നത് എതിരാളിയാണ്, മുന്നറിയിപ്പു നൽകുന്നതു പ്രതിയോഗിയാണ്. 

 

ഒരാളെ ബഹുമാനിക്കുന്നു എന്നതിനർഥം അയാളുടെ പോരായ്മകളെയും അംഗീകരിക്കുന്നു എന്നതാണ്. അകറ്റിനിർത്താൻ ആക്രോശങ്ങൾ മതി, ചേർത്തുനിർത്താൻ ക്ഷമയും ധൈര്യവും വേണം. തന്നെ അംഗീകരിക്കാൻ തയ്യാറാകാത്തവരെയെല്ലാം മാറ്റിനിർത്തിയതുകൊണ്ട് ആരുമാകാൻ കഴിയാതെ പോയവരുണ്ട്. ക്ഷണിക്കാതെ വരുന്നവയെ സ്വീകരിക്കാൻ ശേഷിയുള്ളവർ സമുദ്രമാകും, അല്ലാത്തവർ പാതി ഒഴുകിവറ്റിയ കൈവഴികളും.

 

English Summary: Subhadinam, Thoughts for the day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com