വാക്കുകൾ വരുന്നത് ഭാഷയിൽനിന്നല്ല, സ്നേഹത്തിൽനിന്നാണ്

binu
ബിനു എം. പള്ളിപ്പാട്
SHARE

അൾജീയേഴ്സ് നഗരത്തിൽ പരമദാരിദ്ര്യത്തിനു നടുവിലാണ് ആൽബേർ കമ്യൂ വളർന്നത്. വർഷങ്ങൾക്കുശേഷം പാരിസിൽനിന്ന് രോഗിയായ അമ്മയെ കാണാൻ അൾജീരിയയിലേക്കു കമ്യൂ മടങ്ങിച്ചെല്ലുന്നു. എന്നാൽ മറ്റൊരു വ്യക്തിയെപ്പറ്റി, മറ്റേതോ വ്യക്തിയുടെ അമ്മയെക്കുറിച്ച് ഒരു കഥയിൽ വിവരിക്കുന്നതുപോലെ തേഡ് പേഴ്സനിലാണു കമ്യൂ എഴുതുന്നത്. പ്രവാസിക്കു താൻ ഉപേക്ഷിച്ച നാടിന്റെ സ്മരണ വിശപ്പും സ്നേഹവും ഒരേ അളവിലാണു നൽകുന്നത്. ഓർമകളാണു യഥാർഥ ആനന്ദം. പക്ഷേ താൻ അതു തിരിച്ചറിയാൻ എപ്പോഴും വളരെ വൈകുന്നു. 

ആ പഴയ വീട്ടിൽ അമ്മയും മകനും തമ്മിൽ കൂടിക്കാണുമ്പോൾ അയാൾ അമ്മയെ വെറുതെ നോക്കിനിൽക്കുന്നു, സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുന്നു. നീ ഒരുപാടു വലിക്കുന്നു, അമ്മ പറയുന്നു. ബോറടിക്കുന്നോ, ഞാൻ അധികം സംസാരിക്കാറില്ല, അയാൾ അമ്മയോടു പറയുന്നു. നീ അധികം സംസാരിക്കാറില്ലെന്ന് എനിക്കറിയാം, അമ്മ മറുപടി പറയുന്നു. അമ്മ മകനെ ആലിംഗനം ചെയ്യുകയോ ചുംബിക്കുകയോ ചെയ്യുന്നില്ല, അവർക്കത് ഒരിക്കലുമറിയില്ലായിരുന്നു. ലേഖനം അവസാനിക്കുന്നത് അൾജീയേഴ്സിലെ ഒരു സെമിത്തേരിയെക്കുറിച്ചുള്ള വിവരണത്തോടെയാണ്. കറുത്ത ഇരുമ്പു ഗേറ്റുള്ള ചെറിയ സെമിത്തേരി. അതിന്റെ അറ്റത്തേക്കു നടന്നാൽ താഴ്‌വാരം കാണാം, ദൂരെയായി കടലും. അവിടെ അങ്ങനെ എത്രനേരം വേണമെങ്കിലും സ്വപ്നം കണ്ടു നിൽക്കാം, അതു കഴിഞ്ഞു മടങ്ങുമ്പോൾ ഉപേക്ഷിക്കപ്പെട്ട ഒരു കല്ലറയ്ക്കു മുന്നിൽ നിങ്ങൾ നിന്നുപോകുന്നു. അതിലെ സ്ലാബിൽ Eternal regrets എന്ന് എഴുതിയതു വായിക്കുന്നു. 

albert-camus
ആൽബേർ കമ്യൂ

സ്പെയിനിലെ പൽമയിൽ ചെലവഴിച്ച ഒരു രാത്രിയെപ്പറ്റിയുള്ള കമ്യൂവിന്റെ ലവ് ഓഫ് ലൈഫ് എന്ന ലേഖനം ചില കാഴ്ചകൾ ഉണ്ടാക്കുന്ന ചലനങ്ങൾ, അലകൾ ശക്തമാണെന്നു കാണിക്കുന്നു. പൽമയിലെ ഇരുളും നിശബ്ദതയും കലർന്ന ഒരു തെരുവ്. കഫേകളുടെ അടഞ്ഞ വാതിൽ തുറന്ന് ആരെങ്കിലും പുറത്തേക്കിറങ്ങുമ്പോൾ മാത്രം അകത്തെ വെളിച്ചവും സംഗീതവും പുറത്തേക്കു തെറിക്കുന്നു. ചതുരപ്പെട്ടികൾ പോലെയുള്ള ബാറിലെ കൗണ്ടറിലെ ഇത്തിരിയിടത്തിൽ പുരുഷന്മാർ തോളോടുതോൾ ചേർന്നുനിന്നു കുടിക്കുന്നു, പച്ചനിറമടിച്ച ചുമരുകളുള്ള ബാറിന്റെ മച്ചിൽ ചുവന്ന വിളക്കുകൾ മിന്നുന്നു. അത്രയുമിടുങ്ങിയ ആ ബാറിനു നടുവിൽ ഒരു തുറന്ന സ്ഥലത്ത് പാതിരാവിൽ ഒരു പെണ്ണു പൊടുന്നനെ പ്രത്യക്ഷപ്പെടുന്നു, കുറച്ചു വസ്ത്രം ധരിച്ചു വിയർത്തൊലിച്ച് നൃത്തം ചെയ്യുന്നു.

നർത്തകിയുടെ വിവരണം മാറ്റിനിർത്തിയാൽ കമ്യുവിന്റെ വരികളിലൂടെ എന്റെ മനസ്സിൽ മറ്റൊരു ദൃശ്യം തെളിഞ്ഞു. അത് ഒരു വേനലിൽ മധുരയിൽ ചെലവഴിച്ച രാത്രിയാണ്. മധുരയിൽ ഞങ്ങൾ താമസിച്ച ഹോട്ടലിന്റെ മുന്നിൽ, താഴേക്കു പടികൾ ഇറങ്ങിച്ചെല്ലുമ്പോൾ ബാർബർ ഷോപ് എന്നു തോന്നിക്കുന്ന വിധം ചായമടിച്ച ഒരു ചില്ലുവാതിൽ കാണാം. അതു തുറന്നാൽ എട്ടോ പത്തോ പേർക്കു മാത്രം ഇരിക്കാവുന്ന ഒരു ബാർ. തിടുക്കമില്ല, ഒച്ചയില്ല. അക്ഷമരാകാതെ, ആവുന്നത്ര ശാന്തത ഭാവിച്ചുവേണം അവിടെയിരിക്കാൻ. പുറത്തെ പൊടിയോ ചൂടോ അറിയാതെ എത്രയോ കാലമായി അവിടെ വരാറുണ്ട് എന്നു തോന്നിപ്പോകും. പിന്നീട് ബിനു എം. പള്ളിപ്പാട്, കുയിൽകുടി എന്ന കവിതയിൽ മധുരയെ വിവരിക്കുമ്പോൾ ഇങ്ങനെ എഴുതി-

ചവുണ്ട് മുഷിഞ്ഞ മനുഷ്യർ

വിയർപ്പിൻ സഞ്ചയങ്ങൾ

പുറവഴികൾ

മുടുക്കുകൾ

കോവില് ചുറ്റിപ്പാർക്കും

ഒറ്റമുറിക്കുടികൾ

മുഴുക്കയ്യൻ ഷർട്ടിട്ട

നീളൻ ഹിന്ദിക്കാർ, വണിക്കുകൾ,

തെങ്ങിൻ കുരുന്ന്, മൂസാമ്പിച്ചാറ്

ഓലപ്പടക്കം, വെള്ളരിപ്പിഞ്ച്

ശരവണഭവൻ, പൊടിപിടിച്ച ശിവകാശി പ്രിന്റിൽ

രമണനും ശിർദ്ദിസായിയും

ഉള്ളിലുള്ളിലായ്

നിതാന്തമായൊരു ബ്രാണ്ടിക്കട

ആറ്റിലേക്കിറങ്ങുമ്പോല–

വിടേക്കിറങ്ങി, മേശമേൽ

പല ഭേദങ്ങളിൽ തമിഴ്

അഴകിൻ കക്ഷിപ്പേച്ചിന്നിടയ്ക്ക്

തത്ത്വപ്പാടൽ

തണുത്തുതണുത്തുള്ള ഇറക്കുകൾ

മൂലയിൽ പ്രകാശിക്കുമിരുട്ടിൽ

ഞങ്ങളും കഥകൾ, സിനിമകൾ,

പെണ്ണുങ്ങൾ പ്രണയങ്ങളവിഹിതം.

അഭിപ്രായ വ്യത്യാസങ്ങൾ

ഇടയ്ക്കിടെ വന്നുപോം

ഗ്ളാസുകൾ

അതിന്നിടയിൽ

ജമന്തിയും മുല്ലയും വിൽക്കുന്ന പെണ്ണ്

ഹാ... തലയിലാമ്പൽ വിരിയും തണുപ്പ്..

binu-2
ബിനു എം. പള്ളിപ്പാട്

ഒരു മനുഷ്യജീവിതത്തിൽ ഒരു രാത്രിയും പകലും എത്രയോ നിസ്സാരമാണ്, പക്ഷേ ഓർമയിൽ അത് ഏറ്റവും വിലപിടിപ്പുള്ള വസ്തുപോലെ ഇരിക്കുന്നു, ഈ ഓർമയുടെ കാലത്തെയാണു ഭാഷയിൽ നിർമിക്കാനാകുമോ എന്നു കവി നോക്കുന്നത്. എന്നാൽ ഭാഷ എല്ലാ വിനിമയങ്ങളെയും പരിമിതപ്പെടുത്തുകയാണു ചെയ്യുന്നത്. ഭാഷയിലേക്ക് അടുക്കുന്തോറും അത് നമ്മെ അകറ്റുന്നു. അതിനാൽ ഭാഷയുടെ വക്കിലിരുന്നുകൊണ്ട്, ഭാഷയെ വിട്ടുപോകാനൊരുങ്ങുന്ന ഒരാളെപ്പോലെ നടിച്ചാണ് ആ വിനിമയം ഉണ്ടാക്കുന്നത്. ഓർമയെ, പലതരം കാഴ്ചകളുടെ പാടുകളെ കവിത ആക്കാൻ കഴിയുമോ. ഇത് വാക്കുകൾ കൊണ്ടല്ല, ഭാഷയെ ജയിക്കാനുള്ള പ്രധാന ആയുധം സ്നേഹമാണ്. കമ്യൂ അത് ഇടയ്ക്ക് സൂചിപ്പിക്കുന്നുണ്ട്, മറ്റെല്ലാ നിസ്സഹായതകളെക്കാളും മരണത്തിനു മുന്നിൽ സ്നേഹം തന്നെയാണു വലുത്. ബിനുവിന്റെ കവിത അതേ സാക്ഷ്യമാണ്, കുയിൽകുടിയിൽ വാക്കുകൾ വന്നത് ഭാഷയിൽനിന്നല്ല, സ്നേഹത്തിൽനിന്നാണ്. ആ സ്നേഹമാകട്ടെ പിടിച്ചുവയ്ക്കാൻ കഴിയാത്ത ഒരിടത്തേക്ക് അകന്നുപോകുമ്പോഴാണ് കവിതയായി തിരിച്ചെത്തുന്നത്.

the-stranger

പഠിച്ചിരുന്ന കാലത്ത് ഞാൻ വായിച്ചു മനസിലാക്കാൻ ശ്രമിച്ച, ഇതര ഭാഷയിലെഴുതിയ കൃതികളിലൊന്ന് കമ്യൂവിന്റെ The Stranger എന്ന നോവലാണ്. 1980 കളുടെ ഒടുക്കം ലൈബ്രറിയിലുണ്ടായിരുന്ന ഇംഗ്ലിഷ് വിവർത്തനം The Outsider എന്ന പേരിലായിരുന്നു. ആശയക്കുഴപ്പമല്ലാതെ മറ്റൊന്നും തലയ്ക്കുള്ളിൽ ഇല്ലാതിരുന്ന 1980 കളിൽ കമ്യുവിന്റെ  ഗദ്യം അദ്ഭുതകരമായ തെളിച്ചം പകർന്നു. അക്കാലത്ത് എന്റെ ഒരു ബന്ധു എന്റെ കയ്യിൽ The Rebel കണ്ടിട്ട്, ഇതൊന്നും നല്ല പുസ്തകമല്ല എന്നു പറഞ്ഞ് എന്നെ കഠിനമായി നിരുത്സാഹപ്പെടുത്തിയത് ഇപ്പോഴും ഞാൻ ഓർമിക്കുന്നു. (പ്രിയപ്പെട്ട വായനക്കാരേ, നിങ്ങൾ വായിക്കുന്നത് ഒരു ചീത്തപ്പുസ്തകം ആയിരിക്കും, എന്നാൽ അതു വായിക്കുന്നതിൽനിന്ന് നിങ്ങളെ തടയാൻ ആരെയും അനുവദിക്കരുത്, കാരണം കാരണം നല്ലതും ചീത്തയും സാഹിത്യത്തിനും കലയ്ക്കും പുറത്തു സ്ഥിതി ചെയ്യുന്ന രണ്ടു മൂല്യങ്ങളാണ്. വായനക്കാരന് താൻ വായിച്ചുകഴിഞ്ഞ ആ പുസ്തകത്തെ വേണമെങ്കിൽ നല്ലതോ ചീത്തയോ ആയി വിലയിരുത്താം, എന്നാൽ വായനയെ തടയാൻ ആ മൂല്യവിചാരത്തിന് അവകാശമില്ല തന്നെ).

മധുരയിലെ വെയിൽ ഓർക്കുമ്പോൾ, കമ്യൂവിലെ വെയിലും വരും. കാരണം, ജന്മനാടായ അൾജീയേഴ്സും അവിടെത്തെ സൂര്യനും തനിക്കു നൽകിയ പാഠങ്ങളാണു താനെഴുതിയതെന്നു കമ്യൂ പറഞ്ഞിട്ടുണ്ട്. വെയിൽ വിചിത്രമായ ഏകാന്തതയും മഹാ അപരിചിതത്വവും നൽകുന്നു. ‘സൂര്യപ്രകാശം എന്നെ വീർപ്പുമുട്ടിക്കുന്നു; ആധികാരികമായ, യഥാർഥമായ പ്രകാശം, അപരാഹ്നത്തിലെ പ്രകാശം, ജീവദായക സൂചകമായ കിരണങ്ങൾ’ എന്ന് കമ്യൂ എഴുതുന്നു: but the sun filled me also with something else that I cannot really express.

albert-camus-the-rebel

മധുരയിലെ രാപകലുകൾ എഴുതാനാകുമെന്നു ഞാൻ കരുതിയില്ല. കുയിൽകുടി മലയിലെ പാറയിൽ വെട്ടിയ പടവുകൾ കയറി മുകളിൽ ചെന്നപ്പോൾ കാറ്റു മാത്രമാണ് ആദ്യം കിട്ടിയത്. ആകാശം അന്തിവെയിലിൽ പഴുത്തുവാർന്നു കിടക്കുമ്പോൾ, വെളിച്ചം വലിച്ചെറിഞ്ഞ ഉടയാട പോലെ സമതലത്തിനു മീതെ കനമുള്ള നിഴൽ പരന്നു. അത്രയ്ക്ക് അപരിചിതമായ ആനന്ദം പെരുകുമ്പോൾ, കാറ്റിൽ, വീർപ്പുമുട്ടിക്കുന്ന കാറ്റിൽ, ഒരാൾ വന്നു കരങ്ങൾ നീട്ടിയാൽ അതിലേക്കു വീണു കരഞ്ഞുപോകുമെന്നു തോന്നും. കമ്യൂ എഴുതുന്നു; Yes, perhaps that’s what happiness is, the self -pitying awareness of our own unhappiness.

Kuyilkudi
കുയിൽകുടി

എന്റെ മനസ്സും ശരീരവും രണ്ടായി ഇരിക്കാറുണ്ട്; ഒരു ബെഞ്ചിന്റെ രണ്ടറ്റത്തായി. ഒരാൾ പെട്ടെന്ന് എണീറ്റാൽ മറ്റേയാൾ താഴെ വീഴും. ആരാണ് ആദ്യം എണീക്കുക എന്നു പറയാനാവില്ല. സങ്കൽപം പകരുന്ന വാക്കുകൾ ചിലപ്പോൾ മധ്യസ്ഥാനത്തു വന്നിരുന്ന് രണ്ടു കരങ്ങൾ രണ്ടു വശത്തേക്കായി നീട്ടി ശരീരവും മനസ്സും ചേർത്തു വയ്ക്കാറുണ്ട്; വാക്കുകൾ ഇക്കാണുന്നതൊന്നുമല്ല എന്നറിയുന്ന നിമിഷങ്ങൾ.

English Summary: Ezhuthumesa Column written by Ajai P Mangattu on Heart touching writings

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബിരിയാണി കണ്ടാൽ മനസ് ചാഞ്ചാടും! എനിക്ക് അനുഭവമുണ്ട് | Vijay Babu with Chef Saji Alex | Manorama Online

MORE VIDEOS
FROM ONMANORAMA
;