ജീവിതത്തിരശീലയിലെ മാന്ത്രികകഥകൾ; കബീർ ബേദി ജീവിതം പറയുമ്പോൾ

HIGHLIGHTS
  • മാന്ത്രികകഥകള്‍ പോലെ വായിക്കാവുന്ന ഒട്ടേറെ ഭാഗങ്ങളുണ്ട് ആത്മകഥയില്‍.
Kabir Bedi
കബീര്‍ ബേദി. Photo Credit: Shailendra Bhojak / PTI
SHARE

നടനാകാന്‍ പെട്ടെന്നൊരു സുപ്രഭാതത്തിലല്ല കബീര്‍ ബേദി തീരുമാനിക്കുന്നത്. ആര്‍ക്കിടെക്റ്റ് ആകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാല്‍, പഠനകാലത്ത് ജീവിക്കാനുള്ള തുക കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നാണ് ലഭിച്ച ഉപദേശം. അതോടെ, സെന്റ് സ്റ്റീഫന്‍സ് കോളജില്‍ അദ്ദേഹം ചരിത്ര വിദ്യാര്‍ഥിയായി. സിവില്‍ സര്‍വീസ് ചിന്തകളിലുണ്ടായിരുന്നു. എന്നാല്‍ അതത്ര ആവേശകരമായി തോന്നിയില്ല. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമാകുക; എന്നാല്‍ ശമ്പളം കുറവാണ്. ടൂറിസ്റ്റ് ഗൈഡായാല്‍ വരുമാനം ലഭിക്കുമെങ്കിലും അതത്ര നന്നായി അക്കാലത്തു തോന്നിയില്ല. ഡോക്യുമെന്ററി ഫിലിം മേക്കറാകാമെങ്കിലും പരിമിതികളേറെയുണ്ട്. നിര്‍മാതാവാകുന്നതിനെക്കുറിച്ചും ചിന്തിച്ചു. എന്നാല്‍ അതു കുറച്ച് കടന്ന ആഗ്രഹമായി തോന്നി. രാഷ്ട്രീയമായിരുന്നു മറ്റൊരു സാധ്യത. സഹപാഠികളായ രാജിവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും ഡല്‍ഹിയിലെ തിരക്കേറിയ തെരുവുകളില്‍ അംബാസഡര്‍ കാറുകളില്‍ ചീറിപ്പായുന്ന കാലമായിരുന്നു അത്. ഇന്ദിരാ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി തലത്തിലേക്കും ഉയര്‍ന്നിരുന്നു. എന്തുകൊണ്ട് രാഷ്ട്രീയം പാടില്ല? ഗാന്ധി കുടുംബത്തെ നന്നായി അറിയുമെന്നിരിക്കെ പ്രത്യേകിച്ചും. 

‘സ്റ്റോറീസ് ഐ മസ്റ്റ് ടെല്‍ - ദ് ഇമോഷണല്‍ ലൈഫ് ഓഫ് ആന്‍ ആക്ടര്‍’ എന്ന ആത്മകഥയില്‍ കബീര്‍ ബേദി എഴുതുന്നു: 

‘എന്നാല്‍, എന്റെ കയ്യില്‍ ആവശ്യത്തിനു പണമുണ്ടായിരുന്നില്ല. പണമുണ്ടാക്കാന്‍ വേണ്ടി രാഷ്ട്രീയത്തിലിറങ്ങുന്നതു നല്ല കാര്യമായും തോന്നിയില്ല. അഴിമതി ചിന്തിക്കാന്‍ പോലും ആവുമായിരുന്നില്ല. മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ച തത്വങ്ങള്‍ക്ക് എതിരായിരുന്നു അഴിമതി.’ അതോടെ രാഷ്ട്രീയം സ്വന്തം വഴിയല്ലെന്നു തീരുമാനിച്ചു. സെന്റ് സ്റ്റീഫന്‍സില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ സുഹൃത്തും പിന്നീട് രാഷ്ട്രീയക്കാരനുമായി മാറിയ കപില്‍ സിബല്‍ അറിയപ്പെടുന്ന നടന്‍ കൂടിയായിരുന്നു. ജൂലിയസ് സീസര്‍ നാടകം രംഗത്ത് അവതരിപ്പിച്ചപ്പോള്‍ കപിലാണു സീസറിന്റെ വേഷത്തില്‍ എത്തിയത്; കബീര്‍ കാസ്കയുടെ വേഷത്തിലും. 

എന്തായാലും 1967 ല്‍, സംവിധായകനാകുക എന്ന ലക്ഷ്യത്തോടെ കബീര്‍ മുംബൈയില്‍ എത്തുന്നു. അതിനു ശേഷം സംഭവിച്ചതെല്ലാം എല്ലാവര്‍ക്കും അറിയാം. വിദേശ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെട്ട ഇന്ത്യൻ നടന്‍ എന്ന തലത്തിലേക്ക് കബീര്‍ ഉയരുന്നു. അമേരിക്ക, യൂറോപ്പ്, ഏഷ്യ... അദ്ദേഹത്തിന്റെ യാത്ര മുന്നോട്ട്. സിനിമ, ടെലിവിഷന്‍, തിയറ്റര്‍... ഇറ്റാലിയന്‍ ടിവി പരമ്പര സന്ദോകനിലെ കടല്‍ക്കൊള്ളക്കാരന്റെ വേഷം അദ്ദേഹത്തെ യൂറോപ്പില്‍ പരിചിതനും പ്രശസ്തനുമാക്കി. ജയിംസ് ബോണ്ട് ചിത്രമായ ഒക്ടോപസ്സിയിലെ വില്ലന്‍ വേഷം ഹോളിവുഡിലും സുഹൃത്തുക്കളെ നേടിക്കൊടുത്തു. വിദേശത്തേതുപോലെ ഐതിഹാസിക വേഷങ്ങള്‍ നടനെന്ന നിലയില്‍ ഇന്ത്യയില്‍ അദ്ദേഹത്തിനു ലഭിച്ചില്ലെങ്കിലും പല ക്ലാസ്സിക് ചിത്രങ്ങളുടെയും ഭാഗമാകാന്‍ കഴിഞ്ഞു.

നടനെന്ന നിലയിലുള്ള ജീവിതമാണു തനിക്ക് ഏറ്റവും കൂടുതല്‍ സംതൃപ്തി സമ്മാനിച്ചതെന്നു പറയുന്നു ഇപ്പോള്‍ 75 വയസ്സുള്ള കബീര്‍ ബേദി. ‘ഇറ്റലിയിലെ വിജയത്തോടെ യൂറോപ്പ് മുഴുവന്‍ ഞാന്‍ അറിയപ്പെട്ടു. ജയിംസ് ബോണ്ട് സിനിമയിലെ വേഷം സമ്മാനിച്ചതു ലോക പ്രശസ്തിയും. 400 ദശലക്ഷം പേരാണ് ദ് ബോള്‍ഡ് ആന്‍ഡ് ദ് ബ്യൂട്ടിഫുള്‍ ഒറ്റദിവസം കണ്ടത്’ - അദ്ദേഹം ഓര്‍മിക്കുന്നു. 

kabir-bedi-1
Bollywood actor Kabir Bedi with his wife Parveen Dusanj. (Photo by Sujit Jaiswal / AFP)

സ്ക്രീനിനു പുറത്തും സംഭവബഹുലമായിരുന്നു കബീര്‍ ബേദിയുടെ ജീവിതം. വ്യക്തിബന്ധങ്ങളിലെ കയ്പും സ്വകാര്യ ജീവിതത്തിലെ ചില ദുരന്തങ്ങളും കരിയറില്‍ നേടിയ വിജയത്തിനു പോലും മങ്ങലേല്‍പിച്ചു. ആത്മകഥയില്‍ ആ അനുഭവങ്ങളിലേക്കും താന്‍ കടന്നുപോയ വികാരങ്ങളിലേക്കും അദ്ദേഹം വെളിച്ചം വീശുന്നു. ‘ഞാന്‍ പരിചയപ്പെട്ട വ്യക്തികളിലൂടെയും പരിചയിച്ച സ്ഥലങ്ങളിലൂടെയുമാണ് ജീവിതകഥ ഞാന്‍ പറയുന്നത്. വിജയങ്ങളും ദുരന്തങ്ങളും. വഴിത്തിരിവുകളും പരാജയങ്ങളും. മൂന്നു ഭൂഖണ്ഡങ്ങളിലൂടെ സഞ്ചരിച്ച ഒരു നടന്റെ വൈകാരിക ജീവിതം’ - കബീര്‍ പറയുന്നു. 

പഞ്ചാബില്‍ വേരുകളുള്ള തത്വചിന്തകനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. പൂര്‍ണമായും ബുദ്ധമതത്തില്‍ ചേര്‍ന്ന ആദ്യ ഇംഗ്ലിഷുകാരിയായിരുന്നു അമ്മ. കിഴക്കും പടിഞ്ഞാറും നിന്നുള്ള വ്യക്തികളുടെ പ്രണയബന്ധത്തില്‍ ഉണ്ടാകുന്ന ചില പ്രശ്നങ്ങളും കബീര്‍ ആത്മകഥയില്‍ പറയുന്നുണ്ട്. ഒരിക്കല്‍ ഓക്സ്ഫഡ് സന്ദര്‍ശനത്തിനിടെ തന്റെ മാതാപിതാക്കള്‍ തമ്മിലുണ്ടായ തര്‍ക്കവും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ഓറഞ്ചിന്റെ തൊലി കള‍ഞ്ഞുകൊടുക്കാന്‍ അദ്ദേഹത്തിന്റെ പിതാവ് ആവശ്യപ്പെട്ടെങ്കിലും മാതാവ് തയാറായില്ല. എന്നാല്‍ അവരുടെ ബന്ധം അതോടെ അവസാനിച്ചില്ല. മക്കള്‍ക്കു വേണ്ടി തുടര്‍ന്നും സഹകരിച്ച് സന്തോഷമായി അവര്‍ ജീവിച്ചു. ഓറഞ്ചിന്റെ തൊലി കളയുന്ന തന്റെ പ്രവൃത്തി തീരുന്നതുവരെ കാത്തിരിക്കണമെന്നും അതുവരെ അതു തിന്നരുതെന്നും അമ്മ നിഷ്കര്‍ഷിച്ചു. ഒടുവില്‍ അവര്‍ രണ്ടുപേരും കൂടി ഒരുമിച്ച് ഓറഞ്ച് കഴിച്ചു. ദശകങ്ങളോളം ഒരുമിച്ചു ജീവിക്കുകയും ചെയ്തു.

മാന്ത്രികകഥകള്‍ പോലെ വായിക്കാവുന്ന ഒട്ടേറെ ഭാഗങ്ങളുണ്ട് ആത്മകഥയില്‍. ബീറ്റില്‍സ് സംഘത്തെ അഭിമുഖം നടത്തിയതും പരസ്യലോകത്തെ വിജയങ്ങളും യൂറോപ്യന്‍ -അമേരിക്കന്‍ സിനിമയിലെ അതികായരെ കണ്ടുമുട്ടിയതും ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍. ഈ കഥകള്‍ കൊണ്ടു മാത്രം തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് കബീര്‍ ബേദിയുടെ ആത്മകഥ. 

stories-i-must-tell

തന്റെയും താന്‍ പരിചയപ്പെട്ടവരുടെയും ജീവിതത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകളാണ് ഈ പുസ്തകത്തെ ഒരു മഹത്തായ രചനയാക്കുന്നത്. ആത്മാര്‍ഥമായും സത്യസന്ധമായും തീവ്രമായും സ്വകാര്യ ബന്ധങ്ങളെക്കുറിച്ച് അദ്ദേഹം എഴുതുന്നു. മകന്റെ വിയോഗത്തെക്കുറിച്ച്; വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തെ രൂപപ്പെടുത്തിയ ഉയര്‍ച്ച താഴ്ചകളെക്കുറിച്ചും.

ജീവിതത്തില്‍ പിന്നിട്ട എണ്ണമറ്റ അനുഭവങ്ങളിലൂടെ വീണ്ടും കടന്നുപോകുന്നതുപോലെയായിരുന്നു ജീവിതമെഴുത്തെന്ന് കബീര്‍ ബേദി പറയുന്നു. ‘ഓരോ സംഭവവും ഓര്‍ത്തെടുക്കേണ്ടിവന്നു. ചില സംഭവങ്ങള്‍ കരയിപ്പിച്ചു. ഒരേസമയം സങ്കടപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്ത അനുഭവം’- പുസ്തക രചനയെക്കുറിച്ച് കബീര്‍ പറയുന്നു. 

വെസ്റ്റ് ലാന്‍ഡ് പബ്ലിക്കേഷന്‍സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ. വില 699 രൂപ.

English Summary: Stories I Must Tell: The Emotional Life of an Actor book by Kabir Bedi 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA
;