ADVERTISEMENT

സഹജീവി സ്നേഹം മനുഷ്യസഹജമാണ്. ഓരോരുത്തർക്കും ഓരോ ജീവിയോടു സ്നേഹവും വാത്സല്യവുമുണ്ടാകും. പൂച്ചകളോടും പട്ടികളോടും സ്നേഹം മൂത്ത് വിദേശത്തുനിന്നു വൻകിട കമ്പനികളുടെ പാൽപൊടി വാങ്ങിക്കൊണ്ടുവന്നു സ്നേഹത്തോടെ ഊട്ടുന്നൊരു സാഹിത്യകാരനുണ്ട് നമുക്കിടയിൽ. കണ്ണൂർ പള്ളിക്കുന്നിലെ പേരിടാത്ത വീട്ടിലേക്കു ടി. പത്മനാഭനെ അന്വേഷിച്ചു കയറിച്ചെല്ലുമ്പോൾ ഉമ്മറത്തെ കസേരയിൽ പൂച്ചക്കുട്ടികളോ പട്ടിക്കുട്ടികളോ ഇരിക്കുന്നുണ്ടാകും. ആഗതരെ അവർ കാര്യമായി ഗൗനിക്കണമെന്നില്ല. കഥാകൃത്തു വന്ന് ‘‘അകത്തുപോ’’ എന്നു പറഞ്ഞാൽ പിന്നെയെല്ലാവരും കിടപ്പുമുറിയിലേക്കു പോകും. 

 

പട്ടികളെക്കുറിച്ചും പൂച്ചകളെക്കുറിച്ചും കഥകളെഴുതുക മാത്രമല്ല ടി. പത്മനാഭൻ ചെയ്തത്. മക്കളെപ്പോലെ ഇവയെയെല്ലാം സ്നേഹിച്ചു. കിണറ്റിൽ വീണ പട്ടിയെ രക്ഷിക്കുന്നതുവരെ ഉറക്കമില്ലാതെ കാത്തുനിന്നു. ആരോ വീട്ടുപടിക്കൽ ഉപേക്ഷിച്ചുപോയ പൂച്ചക്കുട്ടികളെ സംരക്ഷിക്കാൻ ഉറക്കമിളച്ചു കാത്തുനിന്നു. 

‘പൂച്ചക്കുട്ടികളുടെ വീട്’ എന്ന കഥയിൽ പറയുന്നത് ഇങ്ങനെയാണ്: 

 

t-padmanabhan

അകിടിൽ പാൽ നിറഞ്ഞു മക്കളെ കാണാതെ സങ്കടപ്പെട്ട് കരഞ്ഞുകൊണ്ട്, ലോകം മുഴുവൻ അന്വേഷിച്ചു നടക്കുന്ന തള്ളപ്പൂച്ചയെ ഓർത്തിട്ടായിരുന്നു അയാളുടെ മനസ്സ് കൂടുതൽ നൊന്തത്. അയാൾ തന്റെ കൈ പതുക്കെ കാർഡ് ബോർഡ് പെട്ടിയിലിട്ടപ്പോൾ അമ്മ വന്നുവെന്നു വിചാരിച്ച് കണ്ണുകാണാത്ത ആറുകുട്ടികളും കൂടി, ഒന്നിനു മേൽ മറ്റൊന്ന് കെട്ടിമറിഞ്ഞ്, പാലിനുവേണ്ടി വായ നുണച്ചുകൊണ്ട് അയാളുടെ വിരലിൽ…

 

അയാളോർത്തു: ആ കുട്ടികളെ എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചപ്പോൾ അയാളുടെ ഭാര്യയാണല്ലോ, അയാൾ ആവശ്യപ്പെടാതെ തന്നെ ഒരാഴ്ചത്തെ ലീവെടുത്ത് അവരെ നോക്കിയത്! ഇളംചൂടുള്ള പാൽ വൃത്തിയുള്ള തിരിയിൽ മുക്കി ഓരോ കുട്ടിയുടെയും വായിൽ പതുക്കെവച്ച്… ഒരമ്മ സ്വന്തം കുട്ടികളെ നോക്കുന്നതുപോലെ … സ്നേഹത്തോടെ… അപ്പോഴൊക്കെ അയാൾ തന്നോടുതന്നെ പറയുന്നുണ്ടായിരുന്നു ഇതിന്റെ പുണ്യം നിനക്കു കിട്ടും. ഈ ജന്മത്തിലല്ലെങ്കിൽ അടുത്ത ജന്മത്തിൽ. നീ എന്നെങ്കിലും പാപം അറിഞ്ഞോ അറിയാതെയോ ചെയ്തിട്ടുണ്ടെങ്കിൽ അതിൽ നിന്നൊക്കെ മുക്തയായിരിക്കുന്നു! അടുത്ത ജന്മത്തിലെങ്കിലും നിനക്കു നിനക്കു നിന്റേതായ കുട്ടികളുണ്ടായിരിക്കും…

 

കണ്ണൂർ നഗരത്തിൽനിന്ന് അഞ്ചുകിലോമീറ്റർ സഞ്ചരിച്ചാൽ പള്ളിക്കുന്ന് രാജേന്ദ്രനഗർ ഹൗസിങ് കോളനിയിലെ ടി. പത്മനാഭന്റെ വീട്ടിലെത്താം. മുരിങ്ങ മരം ഓരം ചേർന്നുള്ള ഒറ്റനില വീടു കാണുമ്പോൾത്തന്നെ ആരും പറഞ്ഞുപോകും ഇതു പൂച്ചക്കുട്ടികളുടെ വീടാണെന്ന്. വീടിനകത്ത് അദ്ദേഹത്തിന്റെ കിടക്കയിൽ, ഊൺമേശയിൽ, കസേരയിൽ, ചിലപ്പോൾ അദ്ദേഹത്തിന്റെ മടിയിൽ, അടുക്കളയിൽ.. എവിടെയും കാണുന്നത് പൂച്ചക്കുട്ടികളെയായിരിക്കും. വീടിന്റെ ഉമ്മറത്തെ സ്ഥാനം പട്ടികൾക്കുള്ളതാണ്. ആരെല്ലാം വരുന്നു, പോകുന്നു എന്നൊന്നും അവ നോക്കില്ല. സദാസമയവും ഉറക്കം തന്നെ. പപ്പേട്ടൻ ഭക്ഷണവുമായി വരുമ്പോൾ എഴുന്നേൽക്കും. 

 

ഈ പട്ടികൾക്കു വേണ്ടിയാണ് പപ്പേട്ടന്റെ വീട്ടിൽ മത്സ്യം വാങ്ങുന്നത്. എല്ലാവർക്കും വയറു നിറയെ കഴിക്കാൻ മത്തിയും അയലയുമൊക്കെ വാങ്ങും. ട്രോളിങ് നിരോധനമായാലും കടലിൽ കൊടുങ്കാറ്റു വീശിയാലും ഇവർക്കു മത്സ്യം കിട്ടിയിരിക്കും. 

 

വീടിനകത്തേക്കു കയറിയാൽ പൂച്ചക്കുട്ടികളുടെ വീടായി. അതിഥികളായി ആരു വന്നാലും അവർ സ്വന്തം ഇരിപ്പിടം വിട്ട് എഴുന്നേൽക്കുന്ന പതിവൊന്നുമില്ല. ടി. പത്മനാഭനെ തേടി വരുന്നത് സാഹിത്യകാരന്മാരോ രാഷട്രീയക്കാരോ സാംസ്കാരിക നേതാക്കളോ ആയിരിക്കും. ആരു വന്നാലും സ്വന്തം സ്ഥാനം വിട്ടുകൊടുക്കുന്ന പതിവൊന്നുമില്ല പൂച്ചക്കുട്ടികൾക്ക്. പത്മനാഭൻ പറഞ്ഞാൽ മാത്രമേ എഴുന്നേൽക്കൂ. ആരായാലും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന ഭാവത്തോടെയാണ് പൂച്ചക്കുട്ടികൾ അവിടെ കഴിയുന്നത്. അവരുടെ പിതാമഹന്മാർ ജനിച്ചുവളർന്ന വീടാണത് എന്ന അധികാരഭാവം ചിലപ്പോൾ ആ മുഖത്തു കണ്ടേക്കാം.

 

കോവിഡ് കാലത്ത് പത്മനാഭന്റെ വീട്ടിൽ ആൾപ്പെരുമാറ്റമുണ്ടാക്കുന്നത് ഈ പൂച്ചകുട്ടികളാണ്. ഭാര്യ ഭാർഗവി മരിച്ചതോടെ പത്മനാഭൻ ഒറ്റയ്ക്കാണു താമസം. ഉറ്റ സഹായി രാമചന്ദ്രൻ രണ്ടുനേരം വീട്ടിൽ വരും. ഭക്ഷണമുണ്ടാക്കാനും വീടുനോക്കാനും കാസർകോട്ടുകാരി പത്മാവതിയുണ്ട്. ഇടയ്ക്ക് അവർ സ്വന്തം വീട്ടിൽ പോകുമ്പോൾ രാമചന്ദ്രൻ ഉണ്ടാകും. 

 

‘‘ ഒരു സത്യം പറയാം, ഇവർക്കു വേണ്ടിയാണ് ഇവിടെയിപ്പോൾ രാവിലെ മുതൽ വൈകിട്ടു വരെ അടുക്കള പ്രവർത്തിക്കുന്നത്’’– ചിരിച്ചുകൊണ്ട് പത്മനാഭൻ പറയും. ‘‘ ഈ വീട്ടിൽ ആളനക്കമുണ്ടെന്നു തോന്നിക്കുന്നത് ഇവരാണെടോ. എനിക്ക് അധികം ഭക്ഷണമൊന്നും വേണ്ട. സസ്യാഹാരിയാണ്. പ്രമേഹത്തിന്റെ ശല്യം ഉള്ളതിനാൽ ഭക്ഷണമൊക്കെ ശകലമേ കഴിക്കൂ. പക്ഷേ, എന്നും ഇവിടെ മത്സ്യം വാങ്ങും. അത് ഇവർക്കുള്ളതാണ്. ഈ പൂച്ചക്കുട്ടികൾക്കും മുറ്റത്തുള്ള നായ്ക്കൾക്കും. നിങ്ങൾക്കറിയ്വോ… എന്റെ മരുമക്കൾ വിദേശത്തുനിന്നു കൊണ്ടുവരുന്ന ഫസ്റ്റ്ക്ലാസ് ക്വാളിറ്റിയുള്ള പാൽപൊടികൊണ്ടാണ് ഇവർക്കു പാലുണ്ടാക്കിക്കൊടുക്കുന്നത്..’’

 

അമ്മയിൽ നിന്നാണു പത്മനാഭന് സഹജീവി സ്നേഹം കിട്ടിയത്. അതേക്കുറിച്ച് പത്മനാഭൻ പറഞ്ഞത് ഇങ്ങനെയാണ് –‘‘കരുണ വറ്റാത്ത സ്നേഹത്തിന്റെ ഉറവിടമായിരുന്നു അമ്മ. മനുഷ്യരോടും മറ്റു സഹജീവികളോടും ഒരേപോലെ സ്നേഹം കാണിക്കും അമ്മ. എന്റെ കുട്ടിക്കാലത്ത് ധാരാളം പശുക്കളും പൂച്ചകളും കോഴികളും നായ്ക്കളുമൊക്കെയുണ്ടായിരുന്നു വീട്ടിൽ. പശുക്കളുടെ പാൽ വിറ്റായിരുന്നു ഞങ്ങൾക്കുവേണ്ട പണമൊക്കെ കണ്ടെത്തിയിരുന്നത്. ജയിൽ ഉദ്യോഗസ്ഥരുടെ വീടുകളിലൊക്കെ ഞാൻ പാൽ കൊണ്ടുകൊടുക്കുമായിരുന്നു. 

 

വീടിന്റെ അടുക്കളഭാഗത്ത് ധാരാളം പൂച്ചകളുണ്ടായിരുന്നു. അമ്മ ഭക്ഷണവുമായി വരുന്നതും കാത്ത് അവർ ക്ഷമയോടെ കാത്തിരിക്കും. അക്കൂട്ടത്തിൽ തലയെടുപ്പുള്ള ഒരുത്തനുണ്ടായിരുന്നു. നാരായണൻ. അമ്മ അവനെ ‘നാരായണാ’ എന്നു വിളിക്കുന്നതു കേൾക്കുമ്പോൾ എല്ലാവരും കരുതും ഭഗവാനെ വിളിക്കുകയാണെന്ന്. അത്രയ്ക്കു മധുരമായിരുന്നു ആ വിളിയിൽ. അമ്മ അവരോടു കാണിക്കുന്ന വാത്സല്യത്തിൽനിന്നാണ് എനിക്കും പൂച്ചക്കുട്ടികളോടും പട്ടികളോടുമൊക്കെ സ്നേഹം വന്നത്. 

 

പിന്നീട് എഫ്എസിടിയിൽ ജോലി ലഭിച്ച് പത്മനാഭൻ‍ അമ്പലമേട്ടിൽ താമസിക്കുന്ന വീട്ടിൽ പൂച്ചകളുണ്ടായിരുന്നു. ‘പൂച്ചക്കുട്ടികളുടെ വീട്’ എന്ന പേരിൽ രണ്ടു കഥകളെഴുതിയത് അവിടെ താമസിക്കുമ്പോഴാണ്.‌ ജോലിയിൽനിന്നു വിരമിച്ച ശേഷമാണ് പള്ളിക്കുന്നിലെ വീട്ടിലേക്കു താമസം മാറ്റുന്നത്. അന്നിവിടെ രണ്ടു നായ്ക്കളുണ്ടായിരുന്നു ജിമ്മിയും ബ്ലാക്കിയും. രണ്ടുപേരും വന്നുകൂടിയതാണ്. തെരുവിൽനിന്നു വരുന്ന പട്ടികളെയും പൂച്ചകളെയും പത്മനാഭൻ സംരക്ഷിക്കുമെന്നറിഞ്ഞ് പലരും രാത്രിയിൽ പട്ടിക്കുട്ടികളെയും പൂച്ചക്കുട്ടികളെയും ഗേറ്റിനു മുന്നിൽ ഉപേക്ഷിച്ചുപോകും. അതോടെ ഇവിടുത്തെ അന്തേവാസികളാകും. അങ്ങനെയാണ് പത്മനാഭന്റെ വീട് അക്ഷരാർഥത്തിൽ ‘പൂച്ചക്കുട്ടികളുടെ വീട്’ ആയത്. 

 

പത്മനാഭൻ ഉറങ്ങുമ്പോൾ അതേ കിടക്കയിൽ തന്നെ പൂച്ചക്കുട്ടികളുമുണ്ടാകും. മുൻപൊരു പൂച്ചക്കുട്ടിയെ കാണാതായ സംഭവം പത്മനാഭൻ കഥയാക്കിയിട്ടുണ്ട്. കുട്ടൻ എന്ന പൂച്ചയുണ്ടായിരുന്നു. അവൻ കിടക്കയിൽ തന്നെയാണു കിടന്നുറങ്ങുക. ഒരുദിവസം അവനെ കാണാതായി. പരിസരത്തൊക്കെ തിരഞ്ഞു. കണ്ടെത്താനായില്ല. വല്ല തെരുവുനായ്ക്കളും അവനെ ഉപദ്രവിച്ചുകാണുമോ എന്നായിരുന്നു പത്മനാഭന്റെ പേടി. രാമചന്ദ്രൻ പരിസരത്തുള്ള വീടുകളിലൊക്കെ അന്വേഷിച്ചു. അന്നുരാത്രിയിൽ അവന്റെ കരച്ചിൽ കേട്ടു. എവിടെ നിന്നാണെന്നറിയില്ല. ആ ദയനീയ കരച്ചിൽ കേട്ട് പത്മനാഭൻ ഉറങ്ങിയില്ല. അടുത്ത ദിവസം രാമചന്ദ്രൻ വന്ന് അന്വേഷിച്ചപ്പോൾ അപ്പുറത്തെ പറമ്പിലെ കിണറ്റിൽ അവനെ കണ്ടെത്തി. എത്ര പരിശ്രമിച്ചിട്ടും അവനെ പുറത്തെടുക്കാനായില്ല. പത്മനാഭന് കണ്ണൂരിൽ ഒരു പരിപാടിയിൽ പ്രസംഗിക്കാനുണ്ട്. കുട്ടനെ കിണറ്റിലിട്ട് പോകാൻ മനസ്സുവരുന്നില്ല. രാമചന്ദ്രൻ അവനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ്.. പരിപാടി തുടങ്ങുന്നതിനു കുറച്ചുമുൻപ് രാമചന്ദ്രൻ ഓടിക്കിതച്ചുവരുന്നു. കുട്ടനെ കിണറ്റിൽ നിന്നെടുത്തു എന്നവൻ പറഞ്ഞതുകേട്ടപ്പോഴാണ് പത്മനാഭന് ആശ്വാസമായത്.

 

English Summary: Writer T Padmanabhan and his love for pets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com