ശത്രുവിന്റെ കയ്യറുത്ത് ഇറ്റുവീണ ചോരയുമായി വന്നവൻ; രാത്രി രക്തത്തിനും കറുപ്പുനിറമാണ്!

HIGHLIGHTS
  • ബുക്കർ പ്രൈസ് ലഭിച്ച ഡേവിഡ് ഡീയാപിന്റെ 'അറ്റ് നൈറ്റ് ഓൾ ബ്ലഡ് ഈസ് ബ്ലാക്ക്' എന്ന കൃതിയെപ്പറ്റി
David Diop
ഡേവിഡ് ഡീയാപ്. ചിത്രം: JOEL SAGET / AFP
SHARE

ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്യപ്പെടുന്ന ഫിക്‌ഷനു നൽകുന്ന പുരസ്കാരമാണു ബുക്കർ ഇന്റർനാഷനൽ. 120 ലേറെ വിവർത്തനകൃതികളിൽനിന്ന് ഈ വർഷം ചുരുക്കപ്പട്ടികയിലെത്തിയത് ആറു പുസ്തകങ്ങൾ. അവയിൽനിന്നു കഴിഞ്ഞ ദിവസം പുരസ്കാരം നേടിയത് ഫ്രഞ്ച് എഴുത്തുകാരനായ ഡേവിഡ് ഡീയാപിന്റെ ‘അറ്റ് നൈറ്റ് ഓൾ ബ്ലഡ് ഈസ് ബ്ലാക്ക്’ എന്ന കൃതി. (പരിഭാഷ നടത്തിയത് യുഎസ് എഴുത്തുകാരി അന്ന മോസ്കോവകീസ്). ഡീയാപിന്റെ ആദ്യ നോവലാണിത്; ഇംഗ്ലിഷിലേക്കു മൊഴിമാറ്റം ചെയ്യപ്പെടുന്ന ആദ്യകൃതിയും. 

145 പേജുകൾ മാത്രമുള്ള  ഈ നോവലിൽ, ഒന്നാം ലോകയുദ്ധകാലത്തു ഫ്രഞ്ച് കോളനിയായിരുന്ന പശ്ചിമാഫ്രിക്കയിലെ സെനഗലിൽനിന്ന് ഫ്രഞ്ച് സൈന്യത്തിന്റെ ഭാഗമായി യുദ്ധക്കളത്തിലേക്കു പോകുന്ന രണ്ട് ചെറുപ്പക്കാർ, അൽഫ എൻഡിയ്യും മദംബ ഡീയാപ്പും, അവർക്കിടയിലെ അഗാധ സാഹോദര്യവും സൗഹൃദവും, അൽഫ എൻഡിയ്യയുടെ ആത്മഭാഷണമായി നാം കേൾക്കുന്നു. നോവലിന്റെ ആദ്യഭാഗം യുദ്ധക്കളത്തിലാണ്; ഒരു നൂറ്റാണ്ടിനു മുൻപേ കിടങ്ങുകളിൽ സൈനികർ നേർക്കുനേർ ഏറ്റുമുട്ടിയ യുദ്ധത്തിന്റെ ഭീകരത ഓരോ വരിയിലും ചോരയായി ഇറ്റുന്നു. മഞ്ഞും മഴയും ചെളിയും നിറഞ്ഞ രാത്രിയിൽ ചോരപുരണ്ട ശരീരവും ദുർഗന്ധവുമായി സ്വന്തം കൂടാരത്തിലേക്കു മടങ്ങിയെത്തുന്ന പട്ടാളക്കാരൻ തന്നെ കാത്തിരിക്കുന്ന കിടങ്ങിനെ നഗ്നയായി, ലജ്ജാരഹിതയായി കാത്തുകിടക്കുന്ന ഒരു സ്ത്രീയോടാണ് ഉപമിക്കുന്നത്. 

മുഖാമുഖം യുദ്ധം ചെയ്യുന്ന സൈനികർ ഒളിക്കുന്നത് പിളർന്ന മണ്ണിലെ ആ വിടവിലാണ്. അവിടെനിന്നാണ് ഓരോ പുലരിയിലും ക്യാപ്റ്റന്റെ വിസിലടിക്കു പിന്നാലെ തോക്കും ബയണറ്റും നീളൻ കഠാരയുമായി അവർ ശത്രുവിനു നേരെ കുതിക്കുന്നത്. സന്ധ്യയോടെ അതിന് അറുതിയാകുന്നു. എല്ലാവരും കിടങ്ങിലേക്കു മടങ്ങുന്നു. എന്നാൽ ഈ നോവലിൽ ആത്മഭാഷണം നടത്തുന്ന, ഇരുപതു വയസ്സുകാരനായ അൽഫ രാത്രിതോറും വൈകിയാണു തന്റെ കൂടാരത്തിലേക്കു തിരിച്ചെത്തുക. അവന്റെ കയ്യിൽ ശത്രുപക്ഷത്തെ ഒരു സൈനികന്റെ മുറിച്ചെടുത്ത കൈപ്പത്തിയും റൈഫിളും ഉണ്ടാകും. ആദ്യ ദിവസം അവൻ ആ മുറിച്ചെടുത്ത കയ്യും തോക്കുമായി എത്തിയപ്പോൾ വെള്ളക്കാരടക്കമുള്ള സഹസൈനികർ അയാളെ ഒരു വീരനായി വാഴ്ത്തി. ക്യാപ്റ്റൻ അവനെ തോളിൽ തട്ടി അഭിനന്ദിച്ചു. 

at-night-all-blood-is-black

ഓരോ രാത്രിയും മുറിച്ച കൈ കൊണ്ടുവരുമ്പോഴും അവരെല്ലാം കയ്യടിച്ചു. ഫ്രഞ്ച് സൈനികർക്കു നൽകുന്ന ധീരതാപുരസ്കാരം അവനു ലഭിക്കുമെന്നും ക്യാപ്റ്റൻ വാഗ്ദാനം ചെയ്തു. പക്ഷേ നാലാമത്തെ കയ്യും റൈഫിളുമായി പാതിരാവിൽ ചോരയിറ്റുന്ന ശരീരവുമായി അൽഫ എത്തുമ്പോൾ സ്ഥിതി മാറിയിരുന്നു. അവനെ സഹസൈനികർ ഭയത്തോടെ കണ്ടു. ആരും അയാളുടെ അടുത്തു ചെന്നില്ല. അയാൾക്കായി ഭക്ഷണം വിളമ്പിയില്ല. അയാളുടെ തലവഴി ബക്കറ്റിൽ വെള്ളം കോരിയൊഴിക്കാൻ ഒരാളും എത്തിയില്ല. അവൻ കറുത്ത മന്ത്രവാദിയാണെന്നും മറ്റുള്ളവരുടെ ആത്മാവിനെ തുരന്നെടുക്കുന്ന ആഭിചാരക്രിയയുടെ ഭാഗമാണു ശത്രുവിന്റെ കയ്യറുക്കൽ എന്നും അവർ ഭയന്നു. 

സഹോദരനേക്കാൾ പ്രിയങ്കരനായ കൂട്ടുകാരൻ മദംബ ഡീയാപ് ദാരുണമായി കൊല്ലപ്പെട്ടശേഷമാണു അൽഫ ഭ്രാന്തമായ കൊലകളിലേക്കു പോകുന്നത്. മദംബയുടെ അന്ത്യനിമിഷങ്ങളിൽ അയാൾ കൂടെയുണ്ടായിരുന്നു. ശത്രുസൈനികന്റെ ബയണറ്റു മുനയിൽ മദംബയുടെ വയർ പിളർന്നുപോയി. കുടൽമാല പുറത്തേക്കു ചിതറി. അർധപ്രാണനായി വേദനയിൽ നീറിക്കിടക്കവേ മദംബ അൽഫയോടു പറയുന്നു, പ്രിയപ്പെട്ടവനേ, എന്നെ കഴുത്തറുത്തുകൊല്ലൂ, എനിക്ക് മോചനം തരൂ...യുദ്ധഭൂമിയിൽ മരണവേദനയാൽ പിടയുന്നവർക്ക് ദയാവധം നൽകുന്നതാണു സൈനികന്റെ സാഹോദര്യം. എന്നാൽ, അൽഫ  അതു ചെയ്യുന്നില്ല. അയാൾ സഹോദരനേക്കാൾ പ്രിയങ്കരനായവന്റെ അടുത്ത് ആകാശം നോക്കിക്കിടന്നതേയുള്ളു. മദംബ മൂന്നു വട്ടം അൽഫയോടു കേഴുന്നുണ്ട്, എന്നെ കൊന്നുതരൂ... അൽഫ അതു ചെയ്തില്ല. അതിന് അവനു കഴിഞ്ഞില്ല. 

മദംബ ഇഞ്ചിഞ്ചായി വേദനിച്ചു മരിച്ചപ്പോൾ അവന്റെ പുറത്തുചാടിയ കുടൽമാലകൾ അൽഫ വാരിയെടുത്തു വയറിനുള്ളിൽ വച്ചു, തുണികൊണ്ടു കെട്ടിവരിഞ്ഞു. എന്നിട്ട് അവനെ കൈകളിൽ കോരി കൂടാരത്തിലേക്കു നടന്നു. നോവലിന്റെ രണ്ടാം ഭാഗത്ത്, അൽഫ വീരനല്ല, ഭ്രാന്തനും ദുർമന്ത്രവാദിയുമാണ്. സഹസൈനികർ അൽഫയെ ദുഷ്ടസാന്നിധ്യമായി ഭയന്നതോടെ യുദ്ധക്കളത്തിൽനിന്ന് അയാളെ മാറ്റുന്നു. വെള്ളക്കാരായ ഏഴു ശത്രുസൈനികരുടെ കൈപ്പത്തികളാണ് അയാൾ അറുത്തെടുത്തത്. അതിലൊരെണ്ണം സ്വന്തം കൂടാരത്തിലെ സഹസൈനികൻ മോഷ്ടിച്ച് സ്വന്തം തൊപ്പിയൊടൊപ്പം തുന്നിവയ്ക്കുന്നുണ്ട്. അഴുകിത്തുടങ്ങിയ ആ കൈപ്പത്തിയുമായി യുദ്ധക്കളത്തിലേക്കു പോയ അയാളെ ശത്രുപക്ഷം നോട്ടമിട്ടു. ഒരുദിവസം പീരങ്കിയുണ്ടയിൽ അയാളുടെ തല ഛിന്നഭിന്നമായിപ്പോയി. ഇതിനുശേഷമാണ് അൽഫ അറുത്തെടുക്കുന്ന കൈകൾ ദുർമന്ത്രവാദത്തിന്റെ ഭാഗമാണെന്ന ഭീതി ബാരക്കിൽ പരന്നത്. 

കൈ മോഷ്ടിച്ച വെള്ളക്കാരനായ സൈനികൻ ദുഷ്ടശക്തിയുടെ സ്വാധീനത്താലാണു ഭീകരമായി കൊല്ലപ്പെട്ടതെന്നു മറ്റു പട്ടാളക്കാർ വിശ്വസിച്ചു. അൽഫയെ  വിചാരണ ചെയ്യാനുള്ള തെളിവിനായി അയാൾ അറുത്തെടുത്ത ബാക്കി 6 കൈകൾ എവിടെയെന്ന് ക്യാപ്റ്റനും മറ്റു സൈനികരും തിരഞ്ഞു. അവർക്കതു ലഭിച്ചില്ല. കൈകൾ രഹസ്യമായി സൂക്ഷിച്ച അൽഫ, അവ ചീഞ്ഞുപോകാതിരിക്കാനായി അതിൽ ഉപ്പുപുരട്ടി, കൂടാരത്തിലെ അടുപ്പിനോടു ചേർന്ന് ഒളിപ്പിച്ചു വച്ചു. ഓരോ ദിവസവും എടുത്ത് ഉപ്പുപുരട്ടും, തിരിച്ച് അടുപ്പിന്റെയടുത്ത് ഒളിപ്പിക്കും. സെനഗലിൽ തന്റെ ഗ്രാമത്തിൽ മീൻ ഉണക്കുന്നത് അങ്ങനെയാണ്, അൽഫ പറയുന്നു- മീനിൽ ഉപ്പുപുരട്ടി വെയിലത്തു വയ്ക്കും. പലദിവസം അതു ചെയ്താൽ മീൻ ചീഞ്ഞുപോകില്ല. യുദ്ധക്കളത്തിൽ വെയിലത്തു വയ്ക്കാനാവാത്തതുകൊണ്ടാണ് അയാൾ കൈകൾ അടുപ്പിന്റെ ചൂടു കിട്ടുന്നിടത്തു വച്ചത്.

യുദ്ധഭൂമിയിലെ മനുഷ്യദുരന്തത്തിൽനിന്നു സെനഗലിലെ ഗ്രാമീണജീവിതത്തിലേക്ക്, പട്ടാളത്തിൽ ചേരും വരെ താനും മദംബയും വളർന്ന നാട്ടിലേക്ക് അൽഫയുടെ ഓർമ പോകുന്നുണ്ട്. ചോരയോ മരണമോ തീണ്ടാത്ത നോവലിലെ സ്വച്ഛമായ ഇടം കൂടിയാണു സെനഗലിലെ ജീവിതം. ഗോത്രജീവിതത്തിന്റെ മൂല്യങ്ങളും സൗന്ദര്യവും ഈ ഭാഗത്തു സുഗന്ധം പരത്തുന്നു. അൽഫ തന്റെ അമ്മയെ ഓർക്കുന്ന ഭാഗങ്ങളാണ് ഏറ്റവും ഹൃദയസ്പർശിയായിട്ടുള്ളത്. സ്കൂളിൽ പോകാത്ത അൽഫയ്ക്കു മാതൃഭാഷയായ സെനഗലീസ് മാത്രമേ അറിയൂ. കോളനിഭാഷയായ ഫ്രഞ്ച് അറിയില്ല. അകാലത്തിൽ നഷ്ടമായ അമ്മയുടെ സ്മരണ തന്റെ തലച്ചോറിനെ, ആമത്തോടു പോലെ പൊതിഞ്ഞിരുന്നു, അത് പിളർന്ന് അറിവ് അതിനടിയിലേക്കു പോയില്ല, അവിടെ ശൂന്യത മാത്രമേയുള്ളു. 

Anna-Moschovakis
അന്ന മോസ്കോവകീസ്

ഫ്രഞ്ച് സൈനികക്കോടതിയിലെ വിചാരണയ്ക്കിടയിൽ അൽഫയോടു ജഡ്ജി പേരു ചോദിക്കുമ്പോൾ അവൻ ഒരു നീണ്ട പ്രഭാഷണമാണു നടത്തുന്നത്. ആരാണു നീ എന്ന ചോദ്യത്തിനുള്ള ഉത്തരം. നോവലിന്റെ ഊർജവും സംഭരിക്കപ്പെട്ട സുപ്രധാനമായ രംഗങ്ങളിലൊന്നാണിത്. അൽഫ പറയുന്നു- ‘പാറകൾ, പർവതങ്ങൾ, വനങ്ങൾ, നദികൾ എന്നിവയും മൃഗങ്ങളുടെയും മനുഷ്യരുടെയും ഇറച്ചിയും ഭക്ഷിക്കുന്ന നിഴലാണു ഞാൻ. ഞാൻ തൊലി അരിയുന്നു, തലയോടും ശരീരവും തുരന്നെടുക്കുന്നു. ഞാൻ കൈകൾ, കാലുകൾ, കൈപ്പത്തികൾ എന്നിവ അറുത്തു മാറ്റുന്നു, എല്ലുകൾ ഞാൻ ഉടയ്ക്കുന്നു, അവയുടെ മജ്ജ ഞാൻ വലിച്ചുകുടിക്കുന്നു. പക്ഷേ ഞാൻ തന്നെയാണു നദിക്കു മുകളിൽ ഉയരുന്ന ചുവന്ന ചന്ദ്രൻ, അന്തിയിൽ ഇളം അക്കേഷ്യ മരങ്ങളെ ഇളക്കുന്ന കാറ്റും ഞാനാണ്. തേനീച്ചയും പൂവും ഞാനാണ്. പുഴയിൽ പുളയുന്ന മീനും നിശ്ചലമായ തോണിയും ഞാൻ, മീൻവലയും മീൻപിടിത്തക്കാരനും, തടവുകാരനും കാവൽക്കാരനും ഞാനാണ്, അമ്മയും മകളും ഞാനാണ്, മരവും മരമായി വളരുന്ന വിത്തും ഞാൻ തന്നെ.  രാവും പകലും, തീയും തീ ദഹിപ്പിക്കുന്ന വിറകും, ഞാനാണു നിരപരാധിയും കുറ്റക്കാരനും, തുടക്കവും ഒടുക്കവും ഞാനാണ്, ഞാനാണ് ഇരട്ട..’

സൈനികക്കോടതി അന്തം വിട്ടുപോയി. ജഡ്ജിക്ക് ആഫ്രിക്കൻ ഭാഷ അറിയില്ല. പേരു ചോദിച്ചതിന് ഇവൻ എന്താണീ പറയുന്നത്, എന്താണിതിന്റെ അർഥം, ജഡ്ജി കോടതിയുടെ പരിഭാഷകനോടു ചോദിച്ചു. എന്തു പറയണമെന്നറിയാതെ പരിഭാഷകൻ കുഴങ്ങി. ഈ ഭാഗത്ത് പൊടുന്നനെ, വായനക്കാരെ അമ്പരപ്പിച്ച് വിവർത്തനം സംബന്ധിച്ച നോവലിസ്റ്റിന്റെ ചില നിരീക്ഷണങ്ങൾ കടന്നുവരുന്നുണ്ട്. അപ്രതീക്ഷിതവും നിശിതവുമായ ഇടപെടലാണത്; ‘വിവർത്തനം ചെയ്യുകയെന്നാൽ അതിരുകളെ വഞ്ചിക്കലാണ്, ഒരു വാക്യത്തിനു പകരം മറ്റൊരു വാക്യം കച്ചവടം ചെയ്യലാണ്, ഒരു വാക്കിന് ഒന്നല്ല, രണ്ടല്ല, പല അർഥങ്ങളുണ്ടെന്ന് തിരിച്ചറിയലാണു വിവർത്തനം. ദൈവത്തിന്റെ ഏക സത്യത്തിൽ അകന്നുപോകുകയാണു വിവർത്തനത്തിലൂടെ ചെയ്യുന്നത്...’

കോടതിയുടെ മുന്നിൽ അൽഫയുടെ പ്രഭാഷണം കീറാമുട്ടിയായി നിൽക്കെ പരിഭാഷകൻ അത് വിവർത്തനം ചെയ്തത് ഇങ്ങനെ:  ‘അവൻ പറയുന്നത്, അവനാണു മരണവും ജീവനും എന്നാണ്’.

കോളനിവാഴ്ചയും മുതലാളിത്തവിപണിയും എപ്രകാരമാണു പശ്ചിമാഫ്രിക്കയുടെ ഗ്രാമങ്ങളുടെ സ്വയംപര്യാപ്തത തകർത്തുകളഞ്ഞതെന്നു നോവലിൽ വളരെ വ്യക്തമായി ചൂണ്ടിക്കാട്ടുന്നുണ്ട്. ആടുമാടുകളുമായി ഊരുതെണ്ടുന്ന ഗോത്രങ്ങളുടെ ജീവിതം മാത്രമല്ല കാർഷികവൃത്തിയും ഗോത്രസംസ്കൃതിയുടെ കഥകളും തകർന്നടിഞ്ഞുപോയി. പക്ഷേ കോളനിവാഴ്ചയുടെ കലഹങ്ങൾ പ്രകടമായിട്ടല്ല, നോവലിന്റെ കഥാഗതിയിലാണ് അടക്കം ചെയ്യപ്പെട്ടിരിക്കുന്നത്. ഡേവിഡ് ലീയാപിന്റെ മുതുമുത്തച്ഛൻ ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുത്ത വ്യക്തിയായിരുന്നു. അദ്ദേഹം യുദ്ധഭൂമിയിൽനിന്നു തിരിച്ചെത്തിയിട്ടും യുദ്ധകാലാനുഭവങ്ങൾ  ഒന്നും ആരോടും പങ്കുവച്ചില്ല. 

യുദ്ധജീവിതം സംബന്ധിച്ച് അദ്ദേഹം പുലർത്തിയ മൗനം ഡേവിഡ് ലീയാപിനെ ആകർഷിച്ചു. കുടുംബചരിത്രത്തോടു സ്വന്തം വംശത്തിന്റെ ചരിത്രം കൂടി ചേർത്തുവയ്ക്കുന്നിടത്താണ് നോവൽ പിറക്കുന്നതെന്നു കാണാം. സൈനികന്റെയും പോരാളിയുടെയും ഉടലിൽ നിറയെ പാടുകളുണ്ടാകും. ഈ പാടുകൾ ഓരോന്നും ഓരോ കഥകളാണ് എന്ന് ഡീയാപ് ഓർമിപ്പിക്കുന്നുണ്ട്. പാടുകളില്ലാത്തവനു കഥയില്ല, ചരിത്രവുമില്ല. മനുഷ്യാത്മാവുകളെ ചുരണ്ടിയെടുക്കുന്ന യുദ്ധങ്ങളുടെ സർവനാശത്തിനെതിരെ, സൈനികന്റെ ഉടലിലെ ഓരോ മുറിപ്പാടിന്റെയും കഥ പറയാനാണ് ഈ നോവൽ ശ്രമിക്കുന്നത്. 

ഇത്തവണത്തെ ബുക്കർ ഇന്റർനാഷനൽ ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന ആറു നോവലുകളും ഭിന്നമായ ചരിത്രസാഹചര്യങ്ങളെ ഫിക്‌ഷനിലേക്കു കൊണ്ടുവന്നവയാണെന്നു കൂടി ഈ സന്ദർഭത്തിൽ പറയാതെ വയ്യ. മനുഷ്യനാശത്തിന്റെയും ക്രൂരതകളുടെയും ദുരിതങ്ങളുടെയും കണക്കിൽ ഒന്നാം ലോകയുദ്ധം സമാനതകളില്ലാത്തതായിരുന്നു. 1.3 കോടി ആളുകൾക്കു പുറമേ 85 ലക്ഷം സൈനികർക്കും ജീവഹാനി സംഭവിച്ചു. യുദ്ധത്തിനുശേഷമുള്ള സൈനികരുടെയും അഭയാർഥികളുടെയും പലായനം സ്പാനിഷ് ഫ്ലൂ പടരാൻ ഇടയാക്കി. 1918-19 കാലത്ത് 5 കോടിയോളം മനുഷ്യർ ഫ്ലൂ ബാധിച്ചു മരിച്ചു. ചരിത്രത്തിലാദ്യമായി വിഷവാതകം സൈനികർക്കു നേരേ പ്രയോഗിച്ചത് ഒന്നാം ലോക മഹായുദ്ധത്തിലാണ്. ഇതുണ്ടാക്കിയ യാതന വിവരണാതീതമാണ്. 

ബെഞ്ചമിൻ ലബാട്ടൂട്ടിന്റെ വെൻ വീ സീസ് ടു അണ്ടർസ്റ്റാൻഡ് ദ് വേൾഡ് (സ്പാനിഷ്-പരിഭാഷ അഡ്രിയൻ നതാൻ) എന്ന നോവൽ, ജർമൻ സൈന്യം സൈനികർ ഒളിച്ചിരുന്ന കിടങ്ങുകളിലേക്കു വിഷവാതകം പ്രയോഗിച്ചതിന്റെ  ക്രൂരതകൾ വിവരിക്കുന്നുണ്ട്. ബുക്കർ ചുരുക്കപ്പട്ടികയിലെ മറ്റ് എഴുത്തുകാരും പുസ്തകങ്ങളും:

മരിയ സ്റ്റെപനോവ: ഇൻ മെമ്മറി ഓഫ് മെമ്മറി (റഷ്യൻ). പരിഭാഷ: സാഷാ ഡഗ്‌ഡേൽ. 

എറിക് വിയാ: ദ് വാർ ഓഫ് ദ് പുവർ (ഫ്രഞ്ച്): പരിഭാഷ: മാർക് പൊലിസോട്ടി.

ഓൾഗ റാവൻ: ദ് എംപ്ലോയീസ് (ഡാനിഷ്): പരിഭാഷ: മാർട്ടിൻ ഐറ്റ്കെൻ

മരിയാന എൻറീക്കേസ്: ദ് ഡെയ്ഞ്ചേഴ്സ് ഓഫ് സ്മോക്കിങ് ഇൻ ബെഡ് (സ്പാനിഷ് കഥാസമാഹാരം): വിവർത്തനം: മേഗൻ മക്ഡോവൽ

പട്ടികയിലെ നാലു പേരുടെ രചനകൾ, സമ്മാനാർഹമായത് അടക്കം, ഇതാദ്യമായാണ് ഇംഗ്ലിഷിൽ വരുന്നത് ചരിത്രവും ഭാവനയും ചരിത്രവിശകലനവും ഭാവനാവിമ‍ർശനവും ആത്മകഥയും സാമൂഹിക ചരിത്രവുമെല്ലാം ഇഴചേരുന്നതോടെ ഫിക്‌ഷൻ എന്നത് സാഹിത്യരൂപങ്ങളുടെ സാമ്പ്രദായികമായ അതിരുകൾ ഭേദിക്കുന്നത് നാം ഈ കൃതികളിൽ വായിക്കുന്നു. ഡേവിഡ് ഡീയാപ്പിന്റെ ഈ നോവൽ ഈ വർഷത്തെ പ്രധാനപ്പെട്ട നോവലുകളിലൊന്നായി വായിക്കപ്പെടുമെന്നു ഞാൻ കരുതുന്നു.

English Summary: Ajay P. Mangattu writes about Booker International winning book At Night all blood is black

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആ ഷോട്ട് കഴിഞ്ഞപ്പോൾ ഞാൻ ഗിരീഷ് ഗംഗാധരന് ഒരു ഉമ്മ കൊടുത്തു |Kunchacko Boban | Bheemante Vazhi | Manorama Online

MORE VIDEOS
FROM ONMANORAMA
;