ADVERTISEMENT

16–ാം വയസിൽ 100 ദിവസത്തേക്ക് ഒരു ഫ്ലാറ്റിൽ ഒറ്റയ്ക്കാക്കപ്പെട്ട പെൺകുട്ടി. ആകെയുള്ള സുഹൃത്ത് ഉള്ളിൽ വളർന്നുവരുന്ന ജീവൻ മാത്രം. ഭാവി ജീവിതം എങ്ങനെയാകുമെന്ന ആശങ്കയിൽ, അവൾ ജനിക്കാനിരിക്കുന്ന കുട്ടിയോടു സംസാരിക്കുകയാണ്. ജീവന്റെ ജീവനോട്. താൻ ജീവിച്ച ലോകം, തടവിലാക്കിയ സാഹചര്യങ്ങൾ. വീട് തടവാകുന്ന സാമൂഹിക പരിതസ്ഥിതി. പെൺകുട്ടികളെ കാത്തിരിക്കുന്ന പുറം ലോകം. 100 ദിവസങ്ങൾ എന്ന നോവലിൽ ആലീസ് പങ് പറയുന്നത് കെട്ടുകഥയല്ല. ഇന്നും നിലവിലിരിക്കുന്ന സാമൂഹിക യാഥാർഥ്യം. വിദ്യാർഥി ജീവിതകാലം മുതലേ അറിഞ്ഞതും അനുഭവിച്ചതുമായ വേദനകൾ. 

 

ഓസ്ട്രേലിയയിലെ മെൽബണിലായിരുന്നു ആലിസിന്റെ വിദ്യാഭ്യാസം. സമപ്രായക്കാരായ ചില പെൺകുട്ടികൾ ഇടയ്ക്കു സ്കൂളിൽ വരുന്നതു നിലയ്ക്കും. തിരക്കുമ്പോൾ ഗർഭിണിയാണെന്ന വിവരം ലഭിക്കും. അവരെ പിന്നെ കണ്ടിട്ടേയില്ല. അവർക്ക് എന്തു സംഭവിച്ചിരിക്കും എന്ന് അന്നു മുതലേ ചിന്തിക്കുന്നതാണ്. ഇനിയും ഉത്തരം ലഭിച്ചിട്ടില്ലാത്ത, സ്വസ്ഥത കെടുത്തുന്ന നോവ്. ഇപ്പോഴും ഉണങ്ങിയിട്ടില്ലാത്ത ആ നോവിൽനിന്നാണ് വൺ ഹൺഡ്രഡ് ഡേയ്സ് എന്ന നോവൽ ജനിക്കുന്നത്. പശ്ചാത്തലം 1980–കളിലെ ഓസ്ട്രേലിയ. 16 വയസ് മാത്രമുള്ള കരുണ എന്ന പെൺകുട്ടിയാണു നായിക. കമ്മ്യൂണിറ്റി സെന്ററിലെ ട്യൂട്ടറുമായുള്ള പ്രണയത്തിനൊടുവിൽ ഗർഭിണിയാകുന്ന പെൺകുട്ടി. 

 

നാണക്കേട് കരുണയുടെ അമ്മയെ തളർത്തുന്നു. പരമ്പരാഗത രീതിയനുസരിച്ച് മകളെ അടുത്ത 100 ദിവസത്തേക്ക് ഏകാന്തത്തടവിലാക്കുന്നു. ഗർഭിണികളാകുന്ന പെൺകുട്ടികളെ സമൂഹത്തിൽ നിന്നും പുറം ലോകത്തിൽ നിന്നും അകറ്റി ഇങ്ങനെ തടവിലാക്കുന്ന രീതി ചില രാജ്യങ്ങളിലെ പ്രത്യേക വിഭാഗങ്ങളിൽ  ഇപ്പോഴും നിലവിലുണ്ട്. 

 

കരുണ കവിതയിൽ ആശ്വാസം കണ്ടെത്തുകയാണ്. അമേരിക്കൻ കവി വാൾട്ട് വിറ്റ്മാന്റെ കവിതകൾ ആവർത്തിച്ചു വായിക്കുന്നു. മുറിയിൽ അടുക്കിവച്ചിരിക്കുന്ന റീഡേഴ്സ് ഡൈജസ്റ്റ് വീണ്ടും വീണ്ടും വായിക്കുന്നു. ബാക്കി സമയത്തു തനിക്കു പറയാനുള്ളതെല്ലാം ജനിക്കാനിരിക്കുന്ന കുട്ടിയോടു പറയുന്നു. കരുണയുടെ വാക്കുകളിലൂടെയാണു നോവൽ പുരോഗമിക്കുന്നത്. എന്റെ ലോകം തകരുകയാണ് കുഞ്ഞേ, നീ സൂക്ഷിക്കുക. കെണികളൊരുക്കി കാത്തിരിക്കുന്ന വ്യാജ പ്രണയത്തിന്റെ ചതിക്കുഴികളെ സൂക്ഷിക്കുക. അനാചാരങ്ങളുടെ ഇരുട്ട് നിന്നെ പൊതിയാതിരിക്കട്ടെ. എല്ലാവർക്കും അവകാശപ്പെട്ട വെളിച്ചം നിനക്കും ലഭിക്കട്ടെ ! 

 

വിവാഹം കഴിഞ്ഞു ഗർഭിണിയായപ്പോൾ ആലിസിനും 100 ദിവസത്തെ നിർബന്ധിത ഒറ്റപ്പെടൽ വിധിച്ചിരുന്നു അമ്മ. എന്നാൽ, ഇടയ്ക്കിടെ ആശുപത്രിയിൽ പോകേണ്ട സാഹചര്യമുണ്ടായതിനാൽ മാത്രമാണു രക്ഷപ്പെട്ടതെന്ന് എഴുത്തുകാരി പറയുന്നു. എല്ലാത്തരം ഭക്ഷണവും ഉണ്ടാക്കി അമ്മ എന്നെ തടവിലിടാൻ നോക്കി. ഭാഗ്യകരമെന്നേ പറയേണ്ടൂ  ഞാൻ രക്ഷപ്പെട്ടു: ആലീസ് പറയുന്നു. ഇപ്പോൾ കുട്ടിക്ക് ആറു മാസം പ്രായമുണ്ട്. 

 

നോവലിൽ ഒരു രംഗത്തിൽ പോലും വരുന്നില്ല കരുണയുടെ കുട്ടിയുടെ അച്ഛൻ. പുറത്തെ സ്വതന്ത്രമായ ലോകത്തിലാണ് അയാളുടെ ജീവിതം. തന്റെ കാമുകിക്കും ജനിക്കാനിരിക്കുന്ന കുട്ടിക്കും ലഭിച്ച തടവുജീവിതത്തെക്കുറിച്ചറിയാതെ. അതിനെക്കുറിച്ച് അന്വേഷിക്കാതെ. ഇത്തരം ബന്ധങ്ങളിൽ നിന്നു ജനിക്കുന്ന കുട്ടികളുടെ ഭാവിയും നോവലിലെ പ്രധാന പ്രമേയമാണ്. 

 

മൂന്നു കഥാപാത്രങ്ങളാണു പ്രധാനമായും 100 ദിവസത്തിലുള്ളത്. കരുണ. അമ്മ. കരുണയുടെ ജനിക്കാനിരിക്കുന്ന കുട്ടി. പരസ്പരം സംസാരിക്കുന്നതു കരുണയും അമ്മയും തമ്മിൽ മാത്രം. ഈ സംഭാഷണങ്ങളിലൂടെയാണു നോവൽ ജീവിതം പറയുന്നത്. 

 

കംബോഡിയയിൽ നിന്നുള്ള അഭയാർഥികളാണ് ആലിസിന്റെ മാതാപിതാക്കൾ. ജീവിച്ച ഓരോ രാജ്യത്തും നിരന്തരം അനുഭവിച്ച വിവേചനവും, വംശത്തിന്റെയും വർഗത്തിന്റെയും പേരിൽ നേരിടേണ്ടിവന്ന ഒറ്റപ്പെടുത്തലുകളും നൂറു ദിവസങ്ങളിൽ വിഷയമാക്കിയിട്ടുണ്ട്. ഒരർഥത്തിൽ 100 ദിവസങ്ങളുടെ മാത്രം കഥയല്ല ആലിസിന്റെ നോവൽ. നൂറ്റാണ്ടുകളായി സ്ത്രീകൾ ജീവിക്കുകയും ചിലർ അതിജീവിക്കുകയും മറ്റു ചിലർ പരാജയപ്പെടുകയും ചെയ്യുന്ന ജീവിതം. അതേ ജീവിതം ഇനിയും എത്ര നൂറ്റാണ്ടുകൾ കൂടി... ? 

 

English Summary: One Hundred Days book written by Alice Pung

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com