ADVERTISEMENT

യുഎസ് എഴുത്തുകാരി നവോമി വോൾഫിന് ട്വിറ്ററിൽ വിലക്ക്. കോവിഡ് വാക്സീനെക്കുറിച്ച് അന്ധവിശ്വാസങ്ങളും തെറ്റായ പ്രാചരണങ്ങളും നിരന്തരമായി നടത്തിയതിന്റെ പേരിലാണ് എഴുത്തുകാരിക്ക് സ്ഥിരമായ വിലക്ക് ഏർപ്പെടുത്താൻ ട്വിറ്റർ തീരുമാനിച്ചത്. കോവിഡിനെക്കുറിച്ച് വോൾഫ് പങ്കുവച്ച ആശയങ്ങൾ പൊതു സമൂഹത്തിന് അംഗീകരിക്കാനാവാത്തവയായിരുന്നു. ദ് ബ്യൂട്ടി മിത്ത് എന്ന പുസ്തകത്തിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയാണു വോൾഫ്. 

ചരിത്ര വിദ്യാർഥിയെന്ന നിലയിൽ വാക്സീൻ പാസ്പോർട് എനിക്ക് പരിചിതമാണ്. ഒട്ടേറെ വംശഹത്യകളുടെ തുടക്കം മാത്രമാണിത്: കഴിഞ്ഞയാഴ്ച വാക്സീനെക്കുറിച്ചുള്ള യുഎസ് കമ്മിറ്റിയിൽ നവോമി തുറന്നടിച്ചു. 

 

65 വയസ്സിൽ താഴെയുള്ള, ആരോഗ്യമുള്ള വ്യക്തിയാണെങ്കിൽ നിങ്ങളെ സംരക്ഷിക്കാൻ മറ്റൊന്നിന്റെയും ആവശ്യമില്ല എന്നായിരുന്നു മറ്റൊരു പ്രസ്താവന. വാക്സീൻ സ്വീകരിച്ചവരുടെ വിസർജ്യങ്ങൾ വേറിട്ടു സംസ്കരിക്കണമെന്ന് അഭിപ്രായപ്പെട്ടും വിവാദം സൃഷ്ടിച്ചിരുന്നു. 

ട്വിറ്ററിന്റെ വിലക്ക് വാർത്തയെ സ്വാഗതം ചെയ്ത് ഒട്ടേറെപ്പേർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടു. വൈകിയെങ്കിലും വോൾഫിനെതിരായ നടപടി അനിവാര്യമായിരുന്നു. ട്വിറ്ററിന് നന്ദി എന്നായിരുന്നു ഒരാളുടെ പ്രതികരണം. സസ്പെൻഷൻ കൂറച്ചുകൂടി നേരത്തേയായിരുന്നെങ്കിൽ അപകടകരമായ കുറച്ചു വാർത്തകൾ കൂടി വ്യാപിക്കുന്നതു തടയാമായിരുന്നു എന്നാണു മറ്റൊരാൾ അഭിപ്രായപ്പെട്ടത്. ഇത്രമാത്രം വിഡ്ഡിത്തം നിറഞ്ഞ അഭിപ്രായങ്ങളുടെ പേരിൽ സസ്പെൻഷൻ വാങ്ങിയ വോൾഫിന് അഭിനന്ദനം എന്നു പരിഹസിക്കാനും ചിലർ മറന്നില്ല. 

 

എന്നാൽ വോൾഫിനെ വിലക്കിയ നടപടി അമേരിക്കൻ സർക്കാരിന്റെ സമ്മർദം കൊണ്ടാണെന്ന് അപൂർവം ചിലർ പറയുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിൻമേലുള്ള കൈകടത്തലാണു ട്വിറ്റർ നടത്തുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. വോൾഫിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ, ഇപ്പോഴത്തെ വിലക്ക് എല്ലാക്കാലത്തേക്കുമുള്ളതാണെന്നും പുനഃപരിശോധിക്കാൻ ആലോചിക്കുന്നില്ലെന്നും ട്വിറ്റർ വ്യക്തമാക്കി. 

 

മുൻ യുഎസ് വൈസ് പ്രഡിസന്റ് അൽ ഗോറിന്റെ ഉപദേശകയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് വോൾഫ്. അടുത്തിടെ അവർ പ്രസിദ്ധീകരിച്ച ഔട്റേജസ് എന്ന പുസ്തകവും വിവാദം സൃഷ്ടിച്ചിരുന്നു. വിക്ടോറിയൻ കാലഘട്ടത്തിലെ സ്വവർഗ്ഗ വിവാഹങ്ങളെക്കുറിച്ചായിരുന്നു പുസ്തകം. സ്വവർഗ്ഗ വിവാഹത്തിൽ ഏർപ്പെടുന്നവർക്ക് നൽകിയിരുന്ന ശിക്ഷയെക്കുറിച്ച് തെറ്റായതും വസ്തുതകൾക്കു നിരക്കാത്തതുമായ കാര്യങ്ങളാണ് വോൾഫ് പുസ്തകത്തിൽ എഴുതിയതെന്ന വിമർശനവും വ്യാപകമായിരുന്നു. ഗവേഷണം നടത്തിയിട്ടാണു പുസ്തകം എഴുതിയതെന്ന വാദം തെറ്റാണെന്നും തെളിഞ്ഞിരുന്നു. 

English Summary: Twitter suspends Naomi Wolf after tweeting anti-vaccine misinformation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com