‘മുപ്പതു ലക്ഷം ഒറ്റ ദിവസം കൊണ്ട് എൺപതു ലക്ഷമായി, മൂന്നു ദിവസം കൊണ്ട് ഒരു കോടി കടന്നു’

HIGHLIGHTS
  • പ്രശസ്ത സംവിധായകൻ രഞ്ജിത്ത് ശങ്കർ എഴുതുന്ന കഥ
story-renjith-sankar
SHARE

ഒരു ശതകോടീശ്വരൻ ഉണ്ടാവുന്നത് (കഥ)

അജ്ഞാതനും അദൃശ്യനായ സാകോഷി നാകോമോട്ടോ 2009 ൽ ബിറ്റ്‌കോയിൻ എന്ന ലോകത്തിലെ ആദ്യത്തെ ക്രിപ്റ്റോ കറൻസി സൃഷ്ടിക്കുമ്പോൾ കോട്ടയം പള്ളിക്കൂടം സ്കൂളിൽ ജോസ് പത്താം  ക്ലാസ്സിൽ പഠിക്കുകയാണ്. അടുത്ത രണ്ടു കൊല്ലം കൊണ്ട് നാകമോട്ടോ ലോകപ്രശസ്തനായി. ബിറ്റ്‌കോയിൻ ലോകത്തിന്റെ പുതിയ കറൻസി ആയി അറിയപ്പെട്ടു തുടങ്ങി. നാകോമോട്ടോയെ കണ്ടെത്താൻ ലോകത്തിലെ എല്ലാ ഏജൻസികളും  ശ്രമിച്ചു പരാജയപ്പെട്ടു. ഇതൊന്നും അറിയാതെ ജോസ് പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കി. ജീവിതത്തിൽ വിജയിക്കാൻ എഞ്ചിനീറും ഡോക്ടറും തന്നെ ആവേണ്ട കാര്യമില്ലെന്നു സ്കൂളിൽ പഠിപ്പിച്ചത് കൊണ്ട് കോളജിൽ ജോസ് ഇഷ്ട വിഷയമായ എക്കണോമിക്സ്ന് തന്നെ ചേർന്നു. അപ്പോഴേക്കും നാകമോട്ടോയുടെ ബിറ്റ്‌കോയിന്റെ വില ഏതാണ്ട് 15 ഡോളറായിരുന്നു. സുമാർ 700 ഇന്ത്യൻ റുപ്പീ .

മൂന്നാം വർഷ എക്കണോമിക്സ് പഠനത്തിനിടയിലാണ് ജോസ് ബിറ്റ്‌കോയിനെ കുറിച്ചും ക്രിപ്റ്റോ കറൻസിയെ കുറിച്ചും ആദ്യമായി കേൾക്കുന്നത്. ക്രിപ്റ്റോ എന്നാൽ ഏതോ കള്ളക്കടത്തു പണം ആണെന്നാണ് ജോസ് ആദ്യം കരുതിയത്. അന്നത്തെ ബിറ്റ്‌കോയിന്റെ വില ഏതാണ്ട് എഴുപതിനായിരം ഇന്ത്യൻ റുപ്പി. ലോകത്തെമ്പാടുമുള്ള മിടുക്കന്മാർ അപ്പോഴേക്കും നാകോമോട്ടോയുടെ പ്രോട്ടോകോൾ അനുസരിച്ചു മൈനിങ് നടത്തി ബിറ്റ്‌കോയിൻ സമ്പാദിച്ചു കൂട്ടി തുടങ്ങിയിരുന്നു. നാളത്തെ കറൻസി  ക്രിപ്റ്റോ ആണ് എന്ന വാചകം ഹോസ്റ്റൽ മുറിയിലിരുന്ന് ജോസ് പല ആവർത്തി വായിച്ചു. നാകോമോട്ടോ ആരായിരിക്കും എന്നും എന്ത് കൊണ്ട് അയാൾ അജ്ഞാതൻ ആയിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും ജോസിന് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല.

ജോസിന്റെ പഠിത്തം കഴിഞ്ഞപ്പോഴേക്കും ബിറ്റ്‌കോയിൻ കൂടാതെ നൂറു കണക്കിന് ക്രിപ്റ്റോ കറൻസികൾ മാർക്കറ്റിൽ ഇറങ്ങിയിരുന്നു. തന്റെ ആദ്യ ശമ്പളത്തിലെ 20000 രൂപ ജോസ് ഉപയോഗിച്ചത് ആയിടെ ഇറങ്ങിയ ethereum എന്ന ക്രിപ്റ്റോ കറൻസിയുടെ ഇരുപതു കോയിൻ വാങ്ങാൻ ആണ്. വട്ടാണെന്ന് പറഞ്ഞു കൂട്ടുകാരും വീട്ടുകാരും ജോസിനെ കളിയാക്കി. ജോസിന്റെ കണക്കു കൂട്ടൽ പക്ഷേ തെറ്റിയില്ല. അടുത്ത ആറു മാസത്തിനുള്ളിൽ ആ ഇരുപതു കോയിന്റെ വില മൂന്നര ലക്ഷമായി. ആ മൂന്നര ലക്ഷം കൊടുത്തു ജോസ് ആദ്യത്തെ ബിറ്റ്‌കോയിൻ വാങ്ങി.

ഏതാണ്ട് ഒരു വർഷത്തിനു ശേഷം ആ ബിറ്റ്‌കോയിന്റെ വില ഇരുപതു ലക്ഷം കടന്നപ്പോഴാണ് ജോസ് ജോലി രാജി വെക്കുന്നത്. അപ്പോഴേക്കും മാസാമാസം വാങ്ങിക്കൂട്ടിയ ക്രിപ്റ്റോ ലോകത്തിലെ മറ്റു ചെറുകിട കോയിനുകളെല്ലാം ചേർത്ത് 23 ആം വയസ്സിൽ ജോസിന്റെ മൂല്യം അമ്പതു ലക്ഷം കടന്നിരുന്നു. ജോസ് അഹങ്കരിച്ചില്ല. പകരം കല്യാണം കഴിക്കാൻ തീരുമാനിച്ചു.

ക്രിപ്റ്റോ ജോസ് എന്ന് അപ്പോഴേക്കും പേര് വീണത് കൊണ്ടും തീരെ ചെറുപ്പം ആയതു കൊണ്ടും പെണ്ണ് കിട്ടാൻ അന്ന് ജോസ് വല്ലാതെ ബുദ്ധിമുട്ടി. കണ്ട കുട്ടികളോടെല്ലാം ജോസ് പറഞ്ഞത് തന്റെ ഭാവി പദ്ധതി ബിറ്റ്‌കോയിൻ പോലെ  jos  inu എന്ന തന്റെ സ്വന്തം കോയിൻ ക്രിപ്റ്റോ ലോകത്ത് ഇറക്കണം എന്ന ആഗ്രഹം ആയിരുന്നു. josinu എന്നാൽ ജോസിന് വട്ടാണ് എന്ന് അന്ന് കണ്ട എല്ലാ പെണ്ണുങ്ങളും പൂരിപ്പിച്ചു. എന്നാ പിന്നെ ഉടനെ കെട്ടണ്ടെന്നു ജോസും തീരുമാനിച്ചു. നാകോമോട്ടോ ഒരു വ്യക്തി അല്ല ഒരു വലിയ കോർപ്പറേറ്റ് ആയിക്കൂടെ എന്ന് ജോസ് ആയിടെ ചിന്തിച്ചു. അരൂപി ആയിരിക്കുന്നതിന്റെ  സൗന്ദര്യം ജോസിന് പതിയെ മനസ്സിലായി തുടങ്ങി.

ജോസിന്റെ ആ തിരിച്ചറിവിന് പിറകെ ക്രിപ്റ്റോ ലോകം ചെറുതായി ഒന്ന് ആടി  ഉലഞ്ഞു. ജോസിന്റെ അമ്പതു ലക്ഷം ഒറ്റ ദിവസം കൊണ്ട് പത്തു ലക്ഷം ആയി. രണ്ടു ദിവസം കൊണ്ട് അഞ്ച് ലക്ഷമായി. ജോസ് തകർന്നില്ല. മൂന്നാം ദിവസം ജോസ് പുതിയ ജോലിക്കു അപ്ലൈ ചെയ്തു. മിടുക്കനായത് കൊണ്ട് അടുത്ത മാസം പുതിയ പണിക്കു കേറി.

അടുത്ത രണ്ടു കൊല്ലവും ജോസിന്റെ ആ അഞ്ചു ലക്ഷം ക്രിപ്റ്റോ രൂപ വളർന്നില്ല. അത് വിൽക്കാതെ, ക്ഷമയോടെ നാകോമോട്ടോയെ പോലെ ജോസ് പണി ചെയ്തു, ക്രിപ്റ്റോ ലോകത്തെ കൂടുതൽ ആഴത്തിൽ പഠിച്ചു. രണ്ടാമത്തെ ജോലിയിലെ ആദ്യത്തെ ശമ്പളം കൊണ്ട് ജോസ് വീണ്ടും ക്രിപ്റ്റോ വാങ്ങി കൂട്ടാൻ തുടങ്ങിയിരുന്നു.

2019 ൽ ക്രിപ്റ്റോ ലോകം ഒന്നുണർന്നു. അപ്പൊ ഏതാണ്ട് മുപ്പതു ലക്ഷത്തിന്റെ ജോസിന്റെ കോയിനുകളുടെ വില ഒറ്റ ദിവസം കൊണ്ട് എൺപതു ലക്ഷമായി. മൂന്നു ദിവസം കൊണ്ട് ഒരു കോടി കടന്നു. ആറു  മാസം കൊണ്ട് അത് ഒൻപതു കോടി ആയി. ജോസ് വീണ്ടും ജോലി രാജി വെച്ചു, വീണ്ടും പെണ്ണ് കെട്ടാൻ തീരുമാനിച്ചു.

ഇത്തവണ പക്ഷേ ജോസിന് പെണ്ണ് കിട്ടി. ബിറ്റ്‌കോയിൻ പരസ്യം ഒക്കെ കണ്ട് ആനി ജോസിന്റെ പരിപാടി കുറച്ചൊക്കെ മനസ്സിലാക്കിയിരുന്നു. സ്ത്രീധനം വേണ്ടെന്നു ജോസ് പ്രത്യേകം പറഞ്ഞു. കെട്ടു കഴിഞ്ഞു ഒരു മാസത്തിനുള്ളിൽ ജോസിന്റെ മൂല്യം പത്തു കോടി കവിഞ്ഞു. ഒരു ശതമാനം കോയിൻ എങ്കിലും സ്വന്തം ആയി കരുതിയെങ്കിൽ നാകോമോട്ടോയുടെ ഇന്നത്തെ മൂല്യം ജോസ് വെറുതെ കണക്കു കൂട്ടി. ലോകത്തിലെ ഏറ്റവും ധനികൻ തന്നെ നാകോമോട്ടോ ഇന്ന്. ലോകം അറിയാത്ത ഏറ്റവും വലിയ ധനികൻ. അത് ചിന്തിച്ചപ്പോൾ തന്നെ ജോസിന് രോമാഞ്ചം വന്നു.

കുറച്ചു പണം സേഫ് ആയി ഇൻവെസ്റ്റ് ചെയ്യാൻ ആനി പറഞ്ഞത് ജോസ് അക്ഷരം പ്രതി അനുസരിച്ചു. ജോസിന്റെ അന്നത്തെ മൂല്യമായ മുഴുവൻ പന്ത്രണ്ടു കോടിയും പിൻവലിച്ചു നല്ലൊരു വീടും, മാസം എട്ടു ലക്ഷം വാടക കിട്ടുന്ന ഒരു ഷൊപ്പ്പിങ് കോംപ്ലെക്സും വാങ്ങി. നാട്ടുകാർക്കിടയിൽ ജോസ് ഒരു ചെറിയ താരമായി.

തന്റെ ഷോപ്പിംഗ് കോംപ്ലെക്സിന്റെ ഒരു മുറിയിൽ ജോസ് ഒരു ചെറിയ സ്ഥിര നിക്ഷേപ സ്കീം തുടങ്ങി. 21 ശതമാനം പലിശ. ഒരു വർഷം കൊണ്ട് നിക്ഷേപം ഒരു കോടി കവിഞ്ഞു. ആ ഒരു കോടിയും ജോസ് ക്രിപ്റ്റോയിൽ മാത്രം ഇൻവെസ്റ്റ് ചെയ്തു. നിക്ഷേപകർക്ക് കൃത്യം ആയി പലിശ കൊടുത്തു, ജോസ് നാട്ടിൽ ഒരു വലിയ താരമായി. പക്ഷേ ജോസ് അതിൽ സന്തോഷിച്ചില്ല. അദൃശ്യൻ ആവുന്നതിന്റെ സൗന്ദര്യം ജോസിനെ അപ്പോഴും വല്ലാതെ ശല്യം ചെയ്തു.

jos inu പ്രോട്ടോകോൾ എഴുത്തും ജോസ് ഇതിനിടെ കൃത്യമായി നടത്തി കൊണ്ടിരുന്നു. 2021 ൽ ജോസിന്റെ ക്രിപ്റ്റോ മൂല്യം 168 കോടി ആയി. നാട്ടുകാരിൽ നിന്ന് പിരിച്ച തുക പതിനാറര കോടിയും. ഏതാണ്ട് 150 കോടിയുടെ ലാഭം. ജോസിന്റെ ശീലങ്ങളോട് ആനി അപ്പോഴേക്കും പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു. ക്രിപ്റ്റോ ലോകത്ത് ഉറക്കമില്ല. 24 മണിക്കൂറുമാണ് ഇടപാട്. പവർ നാപ്പുകൾക്കിടയിൽ  അലറം വെച്ച് എണീറ്റ് ക്രയവിക്രയ നടത്തി പോരുകയായിരുന്നു ജോസിന്റെ പതിവ്. നാകോമോട്ടോയുടെ മുന്നിൽ തന്റെ അധ്വാനം എത്ര ചെറുത് ആണെന്ന് ജോസ് എന്നും ഓർത്തു.

തന്റെ ക്രിപ്റ്റോ മൂല്യം 250 കോടി കഴിഞ്ഞപ്പോൾ josinu സത്യമാക്കാനുള്ള പണികൾ ജോസ് പൂർത്തിയായി കഴിഞ്ഞിരുന്നു. അന്ന് രാത്രി ക്രിപ്റ്റോ മൈനിങ് ചെയ്യാനുള്ള വൈദ്യുതി നഷ്ടത്തെ കുറിച്ചും അതുണ്ടാക്കുന്ന പാരിസ്ഥികാഘാതത്തേ കുറിച്ചും ഉള്ള തന്റെ കണ്ടെത്തലുകൾ ജോസ് എലോൺ മസ്കിനു ട്വീറ്റ് ചെയ്തു. നാകോമോട്ടോയോടു സംസാരിച്ച പോലെ അന്നാദ്യമായി ജോസിന് തോന്നി. അന്ന് രാത്രി തന്നെ 250 കോടിയുടെ ക്രിപ്റ്റോ ജോസ് വിറ്റു തീർത്തു.

ടെസ്ല കാറ് വാങ്ങാൻ ഇനി ബിറ്റ്‌കോയിൻ സ്വീകരിക്കില്ല എന്ന് എലോൺ മസ്ക് ഒരാഴ്ചക്ക് ശേഷം ട്വീറ്റ് ചെയ്തു. ക്രിപ്റ്റോ ലോകം അന്ന് തല കീഴെ മറിഞ്ഞു കൂപ്പു കുത്തി. ജോസ് വിറ്റ 250 കോടി ഒറ്റ ദിവസം കൊണ്ട് 78 കോടിയായി. ജോസ് ഒരു ദിവസം കൂടി കാത്തു. 78 കോടി രണ്ടാമത്തെ ദിവസത്തോടെ  40  കോടിയായി. 40 കോടിക്ക് അപ്പൊ തന്നെ വിറ്റ ക്രിപ്റ്റോ കോയിൻസ് ജോസ് തിരികെ വാങ്ങി. ബാക്കി 200 കോടിയുടെ കൃത്യം പ്ലാനുകൾ ജോസ് തയ്യാറാക്കിയിരുന്നു. മലമുകളിൽ ഒരു തീം പാർക്ക്, സിറ്റിയിൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ, നഗരാതിർത്തി കഴിഞ്ഞ് ഒരു മെഡിക്കൽ കോളേജ്.

പത്തു കോടി അപ്പോഴും ബാക്കി ഉണ്ടല്ലോ എന്ന് ആനി സംശയം ചോദിച്ചു. ചിരിച്ചു കൊണ്ട് ജോസ് പറഞ്ഞു. രണ്ടു വർഷത്തേക്ക് നമ്മൾ ലോകം കറങ്ങാൻ പോവുന്നു. ഒരു രാജ്യത്തു നിന്ന് വേറൊരു രാജ്യം, അവിടെ നിന്ന് അടുത്ത ഭൂഖണ്ഡം, അങ്ങിനെയങ്ങിനെ. .തീം പാർക്കിന്റെയും ഹോട്ടലിന്റേയും  കോളജിന്റെയും ഒക്കെ പണി തീരുന്നതു വരെ ചുമ്മാ ഒരു ഫൺ ട്രിപ്പ്. യാത്രയിലെ അവസാന രാജ്യത്തു വെച്ചു ആനി ഗർഭിണി ആവും. തിരിച്ചു വന്ന് ആനി പ്രസവിക്കുന്നത് നമ്മുടെ മെഡിക്കൽ കോളേജിൽ ആവണം. ജോസിന്റെ പുതിയ സ്വപ്‌നങ്ങൾ കേട്ട് പെണ്ണു കണ്ട ദിവസം തോന്നിയ അതേ  അത്ഭുതത്തോടെ ആനി ചിരിച്ചു.

യാത്ര പോവുന്നതിനു മുൻപ് josinu വൈറ്റ് പേപ്പർ ജോസ് ക്രിപ്റ്റോ ലോകത്തു അപ്‌ലോഡ് ചെയ്തു. ഒരു കോട്ടയംകാരന്റെ സ്വന്തം ക്രിപ്റ്റോ കറൻസി. ദുബായിലേക്കു  ആനിയോടൊപ്പം ഫ്ലൈറ്റ് കേറുമ്പോ എവിടെയോ ജീവിച്ചിരിക്കുന്ന നാക്കോമോട്ടമാരെ ജോസ് സ്മരിച്ചു. ആ ഫ്ലൈറ്റിനൊപ്പം താനും പതിയെ അദൃശ്യനായി തുടന്നുങ്ങാതായി ജോസിന് തോന്നി.

English Summary: Oru shathakodeeswaran undakunnath, Malayalam short story written by director Rejith Sankar 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബിരിയാണി കണ്ടാൽ മനസ് ചാഞ്ചാടും! എനിക്ക് അനുഭവമുണ്ട് | Vijay Babu with Chef Saji Alex | Manorama Online

MORE VIDEOS
FROM ONMANORAMA
;